Image

പരിശുദ്ധ പിതാവ്: ഒരു വേറിട്ട വ്യക്തിത്വം (ബാബു പാറയ്ക്കൽ)

Published on 13 July, 2021
പരിശുദ്ധ പിതാവ്: ഒരു വേറിട്ട വ്യക്തിത്വം (ബാബു പാറയ്ക്കൽ)

മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവായുടെ വേർപാടിൽ ലോകം എമ്പാടുമുള്ള അനേകം പേർ അനുശോചിച്ചു. എന്നാൽ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ അപഹസിച്ചു ചിലർ പോസ്റ്റുകൾ നിരത്തി ഇടുന്നതു കണ്ടു. 2017 ജൂലൈ 3 നുണ്ടായ സുപ്രീംകോടതി വിധിയെ തുടർന്ന് സഭാനേതൃത്വം എടുത്ത ചില തീരുമാനങ്ങൾ മറുപക്ഷത്തിനു വിഷമം ഉണ്ടാക്കിയിട്ടുണ്ട്. അതിനു നേതൃത്വം കൊടുത്തതു പരിശുദ്ധ ബാവയായിരുന്നതിനാൽ അദ്ദേഹം പരിഹാസപാത്രമായി. എന്നാൽ അദ്ദേഹം അങ്ങനെ ഒരു കർശന നിലപാടെടുക്കാൻ തക്കതായ കാരണമുണ്ടായിരുന്നു. പല അവസരങ്ങളിൽ പരിശുദ്ധ ബാവയോട് അടുത്തിടപഴകുവാനും സംസാരിക്കാനും എനിക്കവസരമുണ്ടായിട്ടുണ്ട്. 

അദ്ദേഹം ചെയ്ത കാര്യങ്ങളെല്ലാം നല്ല ഉദ്ദേശത്തോടുകൂടി മാത്രമായിരുന്നു. 'വ്യവഹാരരഹിതമായ ഒരു മലങ്കര സഭ' അതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. സഭാ വഴക്കിൽ അദ്ദേഹം അതീവ ദുഖിതനായിരുനെങ്കിലും മലങ്കര സഭയുടെ സ്വാതന്ത്ര്യത്തിനും അതിന്റെ തനതായ മേൽവിലാസത്തിനും ഭീഷണി ഉയർത്തുന്ന ഒന്നിനോടും അദ്ദേഹത്തിനു വിട്ടുവീഴ്ച ഇല്ലായിരുന്നു. നാടിന്റെ നിയമം അനുസരിക്കാൻ ഓരോ പൗരനും ബാധ്യസ്ഥനാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. രാജ്യാന്തര തലത്തിൽ മറ്റു മതങ്ങളുമായും സഭകളുമായും വളരെ നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

അദ്ദേഹം കോട്ടയത്തിനു തെക്കുള്ളവർക്കു 'വടക്കൻ' ആയിരുന്നു. വടക്കർ പൊതുവെ  സൗമ്യശീലർ അല്ലെന്നായിരുന്നു തെക്കോട്ടുള്ളവരുടെ ധാരണ. എന്നാൽ  മറിച്ചായിരുന്നു എന്റെ അനുഭവം. അതീവ സൗമ്യശീലനായിരുന്നു അദ്ദേഹം. ഭൂമിയോളം താഴ്ന്ന വിനയം. കാര്യങ്ങൾ ദീർഘവീക്ഷണത്തോടു കൂടി കാണുവാനുള്ള കഴിവ്. സഭാ വഴക്കിനു സമാധാനപരമായ ശ്വാശ്വത പരിഹാരം അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ നടക്കാതെ പോയത് അദ്ദേഹത്തിന്റെ കടുംപിടുത്തം ആണെന്നു ധരിക്കുന്നവർ ധാരാളമുണ്ട്. അത് സംഘടിതമായ ഒരു കുപ്രചാരണത്തിന്റെ ഭാഗമാണ്. 

എന്തുവിലകൊടുത്തും ഒരു കാരണവശാലും സഭയിൽ സമാധാനം ഉണ്ടാകുകയോ സഭയിലെ രണ്ടു വിഭാഗങ്ങളും യോജിക്കുകയോ ചെയ്യരുത് എന്ന് നിർബന്ധമുള്ള കുറച്ചു പേർ രണ്ടു വിഭാഗങ്ങളിലുമുണ്ട്. ഇവർക്ക് അവരുടേതായ വ്യക്തി താല്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ വേണ്ടി മാത്രമാണ്. ശവങ്ങൾ വച്ചു വിലപേശി സമൂഹമനഃസാക്ഷിയെ സഭക്കെതിരാക്കാനും ഐക്യശ്രമങ്ങൾക്കു തുരങ്കം വയ്ക്കാനും ഇവർക്ക് കഴിഞ്ഞു. സുപ്രീംകോടതി വിധി പ്രകാരം സഭാനേതൃത്വം ദേവാലയത്തിന്റെ ഭരണം ഏറ്റെടുക്കുമ്പോൾ ആ ദേവാലയത്തിൽ നിന്നും ഒരു വിശ്വാസിപോലും നഷ്ടപ്പെടരുതെന്നായിരുന്നു പരിശുദ്ധ പിതാവിന്റെ ആഗ്രഹമെങ്കിലും എല്ലാ വിശ്വാസികളെയും പള്ളിയിൽ നിന്ന് അടിച്ചിറക്കും എന്നുള്ള കുപ്രചരണം വ്യാപകമാക്കുവാൻ ഈ തല്പരകക്ഷികൾക്കു സാധിച്ചു. 

ആത്മീയതയ്ക്ക് ആഡംബരത്തിന്റെ നിർവചനം നൽകുന്നവർക്ക് ഈ പിതാവിന്റെ ദർശനം ശിരസാവഹിക്കാൻ ബുദ്ധിമുട്ടുണ്ട്. 

അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്ക് ഉദാഹരണമായി 2015 ജൂലയ് 2 ന് ഫ്രാങ്ക്‌ളിൻ സ്‌ക്വയർ സെൻറ് ബേസിൽ ദേവാലയത്തിന്റെ രജത ജൂബിലി വേളയിൽ പരിശുദ്ധ പിതാവ് നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം കൂടി ഇവിടെ കുറിക്കട്ടെ. 

“ബൈബിളിൽ പറയുന്നത് 50 വര്ഷം ആകുമ്പോഴാണ് ജൂബിലി ആഘോഷിക്കേണ്ടത് എന്നാണ്. ഇതൊക്കെ നിയമസംഹിതയിൽ ഉൾപ്പെടുത്തി, അടിമയ്ക്കു സ്വാതന്ത്യം,  നഷ്ട്ടപ്പെട്ട സാധനങ്ങൾ ദരിദ്രനു തിരിച്ചു കിട്ടുന്നു തുടങ്ങിയ പ്രാധാന്യങ്ങളുണ്ട്. ആദിമകാലങ്ങളിൽ. അതായത്, സാമ്പത്തികം, സാമൂഹ്യം തുടങ്ങിയ പല കാര്യങ്ങളിലും ഒരു സന്തുലിതാവസ്ഥ നില നിർത്തണം. അങ്ങനെയുള്ള പല ദർശനങ്ങൾ ഈ ജൂബിലി എന്ന ആശയത്തിലുണ്ട്. ഈ അവസരത്തിൽ നാം ഒന്നു പുറകോട്ടു നോക്കുകയും ദൈവം നമ്മെ ഈ നിലയിൽ എത്തിച്ചതിനു പ്രത്യേകമായി ദൈവത്തോടു നന്ദി പറയുകയും അതുപോലെ മറ്റുള്ളവരെ ഉൾക്കൊള്ളുകയും കരുതുകയും ചെയ്യണമെന്നുള്ള ഒരു ദർശനവും ഈ ജൂബിലി ആഘോഷത്തിന്റെ ഒരു പ്രധാന ചിന്ത തന്നെയാണ്. ഇതെല്ലം ഉൾക്കൊണ്ടു വേണം നിങ്ങൾ ജൂബിലി ആഘോഷങ്ങൾ പൂർത്തീകരിക്കേണ്ടത്. അതു നമ്മുടെ ധർമമാണ് എന്ന് കൂടി ഞാൻ ഓർമിപ്പിക്കട്ടെ.”

പാവപ്പെട്ടവരെയും അശരണരെയും സഹായിക്കുന്നതിൽ അദ്ദേഹം എപ്പോഴും മുൻപിലായിരുന്നു. പക്ഷെ അതിൻറെ ഫോട്ടോ എടുത്തു പത്രത്തിൽ കൊടുക്കുന്ന ശീലമില്ലായിരുന്നു എന്നു മാത്രം. ആദിവാസി കുടിലിന്റെ മുകളിൽ ഒരു ടാർപോളിൻ വാങ്ങി ഇട്ടിട്ടു ഫോട്ടോ എടുത്തു പത്രത്തിന്റെ പതിനാറ് എഡീഷനിലും കൊടുക്കുന്നവരുടെ ഇടയിൽ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ എന്ന ഈ പരിശുദ്ധ പിതാവ് വേറിട്ട് നിൽക്കുന്നു. അദ്ദേഹത്തിന്റെ ദാർശനിക വീക്ഷണം ശരിയായിരുന്നുവെന്ന് കാലം തെളിയിക്കട്ടെ.
പരിശുദ്ധ പിതാവേ പ്രണാമം!

മനുഷ്യബന്ധങ്ങളെ രൂപപ്പെടുത്തിയ തേജസ്സ് (ഡോ. പോള്‍ മണലില്‍)

Join WhatsApp News
Mini 2021-07-13 19:55:35
Thank you for writing this about our Bava Thirumeni.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക