Image

പാകമല്ലാത്ത അരഞ്ഞാണങ്ങൾ ( രാഗമഥനങ്ങൾ -4: മായ കൃഷ്ണൻ)

Published on 14 July, 2021
 പാകമല്ലാത്ത അരഞ്ഞാണങ്ങൾ ( രാഗമഥനങ്ങൾ -4: മായ കൃഷ്ണൻ)
ചലച്ചിത്ര ത്തിന്റെ പരിമിതിയും പരിധിയും ഏറ്റവും കൂടുതലായി നമ്മെ ബോധ്യപ്പെടുത്തുന്നവയാണ് ഗാനരംഗങ്ങൾ. ഒരു വേള, സാഹിത്യവും ചലന പടവും വളരെ അകന്ന ബന്ധുക്കൾ ആണെന്നു വരുമോ? കൃതികൾ സിനിമകളായി മൊഴി മാറ്റപ്പെടുമ്പോൾ നഷ്ടപ്പെടുന്ന എന്തോ ഒന്നില്ലേ? അഗ്നിസാക്ഷി എന്ന നോവൽ വായിച്ച ശേഷം എത്ര ആകാംഷയോടെ ആണെന്നോ  ആ സിനിമ കണ്ടത്? എന്നാൽ സിനിമ എന്നെ തീർത്തും നിരാശയിൽ മുക്കിക്കളഞ്ഞു.
                        
കേട്ടു രുചിച്ചശേഷം ചില പാട്ടുകൾ നമ്മെ തിയേറ്ററിലെത്തിക്കാറില്ലേ? കഷ്ടം! കാണേണ്ടിയിരുന്നില്ല എന്ന് ചില പാട്ടുകൾ എങ്കിലും നമ്മെ മൗഢ്യത്തിൽ തള്ളിയിടാറുമില്ലേ  ? തീർച്ചയായും അത് സിനിമയുടെ പോരായ്മയല്ല. മറിച്ച് പരിമിതിയാണ്. എഴുപതുകളിലെ  സിനിമകളിൽ ഏറിയ പങ്കും അതിപ്രശസ്തങ്ങളായത് അവയിലെ പാട്ടുകളുടെ കാവ്യഭംഗിയും രാഗസുഖവും ആലാപനമഹിമയും കൊണ്ടു തന്നെയാണെന്ന് നിസ്സംശയം പറയാം. അതിനാൽ തന്നെയാണല്ലോ  പാട്ട്, സിനിമകളിൽ ഈയടുത്ത കാലംവരെ അവിഭാജ്യ ഘടകമായിരുന്നതും.
                      
സന്ധ്യ തൻ അമ്പലത്തിൽ ( വരികൾ: ശ്രീകുമാരൻ തമ്പി, സംഗീതം :ശ്യാം, ആലാപനം :യേശുദാസ്,ചിത്രം: അഭിനിവേശം),  കളഭത്തിൽ മുങ്ങി വരും വൈശാഖ രജനിയിൽ ( വരികൾ: പി ഭാസ്കരൻ, സംഗീതം: ജി ദേവരാജൻ,  ആലാപനം: യേശുദാസ്, എൽ ആർ അഞ്ജലി, ലതരാജ, ചിത്രം അയോധ്യ ), തങ്കത്തളികയിൽ പൊങ്കലുമായി വന്ന  (വരികൾ :വയലാർ, സംഗീതം :ദേവരാജൻ, ആലാപനം :യേശുദാസ്, ചിത്രം :ഗായത്രി )തുടങ്ങി അനവധി ഗാനങ്ങൾ പേർത്തും പേർത്തും കേട്ട്, അവ പെയ്ത ലഹരിക്കടിപ്പെട്ട്, ഈ സിനിമകൾ കാണാൻ കൊതിച്ച എന്റെ യൗവനാരംഭം!എങ്ങനെ കാണാതിരിക്കുമെന്നോർക്കൂ..'കിളിവാതിലിൻ വെളിയിൽനിന്നും 'അയാൾ, കേവലമൊരു പൂവിതൾ അകത്തേക്ക് എറിയുമ്പോൾ അവളിലെ അനുരാഗിണിയോ രാഗമൈനയോ ചിറകടിച്ചത് എന്ന് കവി സംശയിക്കുമ്പോൾ....'കടവിൽ വന്നൊരു നുള്ളു തരാനെന്റെ കൈ തരിച്ചു 'എന്ന്, വയലാർ വരികളിലെ സംഭോഗശ്റുംഗാരി ഉന്മത്തനാവുമ്പോൾ, സന്ധ്യയാകുന്ന അമ്പലത്തിൽ കുങ്കുമപ്പൂ പൊഴിഞ്ഞ കൽത്തറയിൽഅമ്പിളിയൊരു ദേവിയായി വിലസുമ്പോൾ... എങ്ങനെയാണ് സിനിമാപ്പെട്ടിക്കു മുന്നിൽ എത്താ തിരിക്കുക? എന്റെ യുള്ളം തന്നെയല്ലേ വരികളിൽ പതയുന്നതും തിളക്കുന്ന തും? എന്നാലോ.... വല്ലാത്തൊരു വികാര ശൈത്യം ആ തിരശ്ശീല കളിൽ നിന്ന് എന്നിലേക്ക് പടർന്നെന്ന് തോന്നി. എന്തു
ചെയ്യാം... നായികാനായക രുടെ ചുംബനാലിംഗനാദി പ്രകടനങ്ങളിൽ നിന്ന് സിനിമകളെ
പരിപൂർണ്ണ മുക്തരാക്കാൻ ആവില്ലല്ലോ..
                 
പഴയകാല സിനിമകൾ ഏറെയേറെ ഭേദമായിരുന്നു ഗാന ചിത്രീകരണത്തിൽ എന്ന് തോന്നിച്ച പല പുതു പടങ്ങളും ഉണ്ട് കേട്ടോ... "വെട്ടം" സിനിമയിലെ 'മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി' കേട്ട്
മോഹിച്ചാണ് ആ സിനിമ കണ്ടത്. അമ്പോ!! എന്തൊരു ദുരനുഭവം ആയിരുന്നു അത്!!
            
പാട്ടു കേൾക്കാൻ റേഡിയോ മാത്രം ആശ്രയം ഉണ്ടായിരുന്ന ഒരു കാലം - ടേപ്പ് റെക്കോർഡർ എന്നൊരു സാന്ത്വനം കൂടെച്ചേർന്ന ഒരു കാലം - പിന്നെ സീ ഡിക്കാലം - ഇന്നിപ്പോൾ കണ്ണടച്ചിരുന്ന് ചെവി കളിലേക്ക് നേരിട്ട് ഗാനങ്ങളെ കയറ്റി വിടാമല്ലോ! ചലന പടങ്ങളിൽ നിന്ന് കഴിയുന്നത്ര
മുക്തമാക്കി, പുറത്തു കൊണ്ടുവരുമ്പോൾ ത്തന്നെയാണ് പാട്ടുകൾക്ക് കാവ്യഭംഗിയും ആസ്വാദ്യതയും കൈവരുന്നത്..
 പാകമല്ലാത്ത അരഞ്ഞാണങ്ങൾ ( രാഗമഥനങ്ങൾ -4: മായ കൃഷ്ണൻ)
Join WhatsApp News
Sudhir Panikkaveetil 2021-07-17 13:06:00
"ആലില വയറിലെ താമരപൊക്കിളിൽ താഴെ പൊന്നരക്കെട്ടിൽ " പാകമല്ലാതെ കിടക്കുന്ന അരഞ്ഞാൺ പോലെ വരികളും ദൃശ്യാവിഷ്കാരവും എന്ന ഭാവന നന്നായി. നമുക്ക് സ്വന്തമായി മനസ്സിൽ കാണാമല്ലോ ഒരാൾ ആവിഷ്കരിച്ചത് കണ്ണടച്ചു മാറ്റിക്കൊണ്ട് നമ്മുടെതായ ആവിഷ്കാരം. ചലച്ചിത്ര ഗാനങ്ങൾ പ്രണയാതുരമായ മനസ്സുകളെ "തൊടുന്നു, മനസ്സ് കൊണ്ട് കെട്ടിപ്പിടിക്കുന്നു".
Babu Varughese 2021-07-18 03:01:33
Maya You expressed the feelings and hidden emotions of thousands of people in your writing. Your ability is very admirable. Thank You.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക