Image

മടങ്ങാം നാട്ടിലേക്ക്... (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്16: ജിഷ.യു.സി)

Published on 14 July, 2021
മടങ്ങാം നാട്ടിലേക്ക്... (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്16: ജിഷ.യു.സി)
വേർപാട്  രണ്ടു പക്ഷത്തിൽ ചിന്തിച്ചാൽ ഒരു പക്ഷം  വിഷമം നൽകുന്നതും മറുപക്ഷം ആഹ്‌ളാദദായകവുമാവാം .

എന്നാൽ പകുതി സങ്കടവും പകുതി സന്തോഷവും നിറഞ്ഞ അവസ്ഥയിലായിരുന്നു അന്ന് ഞങ്ങൾ രണ്ടു സഹോദരിമാർ .സഹോദരിയെ പിരിയുന്ന ദുഃഖം പകുതി ,നാട്ടിലെ കുടുംബത്തിലെത്തുന്ന സന്തോഷം പകുതിയും

എന്നാൽ അനിയത്തി ദിവ്യക്ക് തീർത്തും വിഷമം മാത്രമേഉണ്ടായുള്ളൂ .കുറച്ചു കൂടി കഴിഞ്ഞിട്ട് പോയാ മതിയായിരുന്നു അല്ലെ ?ആറു മാസത്തെ വിസ എടുക്കായിരുന്നു ... എന്നൊക്കെ ഒരാഴ്ചയായി കൂടെക്കൂടെ പറയുന്നുമുണ്ട് .

ഈ യാത്രയുടെ പര്യവസാനരംഗങ്ങളാണ് പറഞ്ഞു വരുന്നത് .

രണ്ടു മാസക്കാലം എല്ലാം മറന്ന് ഇവിടെ ചെലവിട്ട ദിവസങ്ങൾ ..

"വിട്ടു പോരാൻ മടിയുണ്ടെന്നാകിലും
വേർപെടേണമെന്നറിവു"
പദ്യ രൂപേണ പറഞ്ഞാൽ ..

മൂടിക്കെട്ടിയ ആകാശം പോലെ കരച്ചിലടക്കി ദിവ്യയും ,മക്കളും കുട്ടേട്ടനും ഞങ്ങളെ യാത്രയാക്കാൻ ഗാബറോൺ എയർ പോർട്ടിൽ എത്തി .

ഏറെ നാൾ നാട്ടിൽ നിന്ന് വിട്ടുനിന്നതു കാരണം ഞങ്ങൾക്ക് തിരിച്ചു നാട്ടിലെത്താൻ വൈകി .

വിനീതയുടെ ഭർത്താവ് ഞങ്ങളുടെ കൂടെ ഞങ്ങളെ കൊണ്ടാക്കാൻ കൂടെ വന്നിരുന്നു .
 പതിനഞ്ചു ദിവസം കഴിഞ്ഞ് തിരിച്ച് പോയി .

മടക്ക സമയത്ത്  ഞാനും എൻ്റെ  രണ്ട് ആൺമക്കളും ,വിനീതയും മകളും മാത്രം .

യാത്ര പറച്ചിലിനിടയിൽ വെരിഫിക്കേഷൻ കൗണ്ടറിൽ പാസ്പോർട്ട് ,ലഗേജ് ഡിറ്റൈൽസ് പിന്നെ എന്നെയും മക്കളെയും ആഫ്രിക്കൻ യാത്രക്ക് സമ്മതിച്ചു കൊണ്ടുള്ള എൻ്റെ ഭർത്താവിൻ്റെ സമ്മതപത്രം ഇവ പരിശോധിച്ചു. എനിക്കും മക്കൾക്കും ബോഡിംഗ് പാസ് കിട്ടി.

അപ്പൊ ദേ .. അനിയത്തിക്ക് ഒരു പ്രശ്നം .ഇങ്ങോട്ട് പോരുമ്പോൾ ഭർത്താവുണ്ടായിരുന്നു കൂടെ .തിരിച്ച് പോരുമ്പോൾ ഇല്ല

"എൻ്റെ ഭാര്യയെയും മകളെയും ഇവിടെ ഒരു മാസം തങ്ങാൻ ഞാൻ സമ്മതിക്കുന്നു " എന്ന് എഴുതിയ ഒരു സമ്മതപത്രം അനിയത്തിയുടെ ഭർത്താവിനോട് എഴുതി വച്ച്
പോകാൻ ദിവ്യയുടെ ഭർത്താവ് പറഞ്ഞിരുന്നു. സാധാരണ ചോദിക്കാറില്ല . എന്നാലും കയ്യിൽ വയ്ക്കാം എന്നു കരുതി  കയ്യിൽ വച്ച അതും കാണിച്ചു

അപ്പോൾ ആ സ്ത്രീ

"വൈ ?"
 "അദ്ദേഹം എവിടെ ?"

"പോയി
തിരിച്ചുപോയി"

അല്ലാതെ അനിയത്തി എന്തു പറയും

അപ്പൊ പറയാ

കൂടെയുള്ളത് മകളല്ല ,അനിയത്തി ആ കുട്ടിയെ തട്ടിക്കൊണ്ടു പോവാണെന്ന്!!

 (കുട്ടിക്കടത്ത് അഥവാ  ചൈൽഡ് ട്രാഫിക്കിംഗ്! മനസാ വാചാ കർമ്മണാ ചിന്തിക്കുക കൂടിചെയ്യാത്ത  ഒരു ആരോപണം സ്വന്തം കുട്ടി തൻ്റെയാണെന്ന് എങ്ങനെ തെളിയിക്കണം.

അവരുടെ മറ്റൊരു കണ്ടുപിടുത്തം നോക്കണേ

അനിയത്തിയുടെ മകൾ അവിടത്തെ കുട്ടികളുടെ പോലെ ഹെയർ ഡ്രസ്സിംഗ് ചെയ്തിരുന്നത് നോക്കി

"ഇത് നിങ്ങളുടെ ഹെയർ സ്റ്റൈൽ അല്ലല്ലോ "നിങ്ങളെ വിടാൻ ഞങ്ങൾക്ക് പറ്റില്ല "

പേരൻ്റ് അഫിഡവിറ്റ് വേണം എന്ന്അല്ലെങ്കിൽ"യുവർ ഹസ്ബൻ്റ്  ഹാസ് ടു  കം ഏൻ്റ് ഗിവ് ഓതറൈസേഷൻ" എന്ന്

"ഈയമ്മക്ക് എന്താ വട്ടാ?അതാപ്പൊ നന്നായത് രണ്ടു ഭൂഖണ്ഡം അപ്പുറത്തു നിന്ന് ഭർത്താവ് വന്ന് പറഞ്ഞതു തന്നെ "

ഞങ്ങൾ മനസ്സിൽ പറഞ്ഞു. പല്ലു ഞെരിച്ചു

അവരും ഞങ്ങളും മാറി മാറിപ്പറഞ്ഞു നോക്കി ,ഫോണിലെ ഫോട്ടോകൾ കാണിച്ചു നോക്കി.
 അനിയത്തിയുടെ മകൾ
"ഇതെൻ്റെ അമ്മയാണ്" എന്നൊക്കെ കരഞ്ഞു പറഞ്ഞു നോക്കി

ഒരു രക്ഷേം ഇല്ല
അവർ കടുകിട ഇളകുന്നില്ലാ ...

ഇതിനിടയിൽ  ഞങ്ങളെ ചെക്കിൻ ചെയ്യാൻ പറഞ്ഞ് വിളി തുടങ്ങി .ഞങ്ങടെ ലഗേ
ജൊക്കെ നേരത്തെ ക്ലിയറായി വിമാനത്തിൽ എത്തി .

ത്രിശങ്കുഎന്നത് ഇതാണ്

ഞങ്ങളോട്  ഉദ്യോഗസ്ഥർ ..

"ത്രീ ഓഫ് യു കം ഇൻസൈഡ്"

ഞങ്ങൾ എങ്ങനെ കയറും ?

"ഇവരെ വിടാതെ ഞങ്ങൾ കയറില്ല "എന്ന് വാശിയിൽ  ഞങ്ങളും

അവർ..
"നിങ്ങൾക്ക് പാസ് കിട്ടിയതാനിങ്ങൾ കയറിയേ ഒക്കൂ"

അപ്പോഴും ,അനിയത്തിയുടെ കൗണ്ടറിലെ ആ സ്ത്രീ അയഞ്ഞിട്ടില്ല

കരച്ചിലായി ,ബഹളമായി ,പലരെയും വിളിച്ചു .പറഞ്ഞു ഒരു രക്ഷയുമില്ല. ആരു പറഞ്ഞിട്ടും ആയമ്മ  പാറപോലെ ഉറച്ചിരിക്കയാണ് .


അവസാനം പോലീസ് സ്റ്റേഷനിൽ നിന്ന് സമ്മതപത്രം എഴുതി വാങ്ങിക്കൊണ്ടു വന്നാൽഅടുത്ത വിമാനത്തിന് വിടാം എന്നായി.പാവം അനിയത്തിയും മകളും..

അവർ വീണ്ടും
"അതു വേണ്ട ,ഞങ്ങൾക്ക് ഇതിൽ തന്നെ പോകണം.
ഞങ്ങൾ തനിയെയാവും"
എന്നൊക്കെ പറഞ്ഞു നോക്കി ഒരു രക്ഷയും ഇല്ല

അവസാനം നേരെ പോലീസ് സ്റ്റേഷനിലേക്ക് .. അവിടെ ചെന്നപ്പോൾ അവിടെ  ഗംഭീര  ക്ലീനിംഗ്
ഇപ്പോൾ  ആരെയും കയറ്റിവിടില്ല എന്ന്

എല്ലാവരും കരഞ്ഞു പറഞ്ഞ് എങ്ങനെയൊക്കെയോ കാര്യം സാധിച്ചു. അങ്ങനെ പാരൻ്റ്
അഫിഡാവിറ്റ് അറ്റസ്റ്റ് ചെയ്തു കിട്ടി .

ഭാഷ പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ ഒരു പ്രശ്നമാണ്. പോരാത്തതിന് ഇവിടെ
റിയൽ ഇംഗ്ലീഷ് അല്ലല്ലോ സെറ്റ്സ്വാന എന്ന ഭാഷയാണ് .

എങ്ങനെയൊക്കെയോ പറഞ്ഞു  മനസ്സിലാക്കി കാര്യം സാധിച്ചു എന്ന് പറഞ്ഞാൽ മതീ ലൊ

വീണ്ടും എയർപോർട്ടിൽ ലെറ്ററുമായി ആ ലേഡിയുടെ അടുത്ത്

"സോറി"

"ഹിയർ ചൈൽഡ് ട്രാഫിക്കിംഗ് ഈസ് എ സീരിയസ് ഒഫെൻസ്.സൊ  വി  ടൈക് ആൾ കൈൻറ്
സ് ഓഫ് ചെക്കിംഗ്  ഓൺ ഈച്ച് ഏൻ്റ് എവരി വൺ"

അവർ ഒന്നു പുഞ്ചിരിച്ചു. ആ ചിരി അത്ര ഭംഗിയില്ലാത്ത പുഞ്ചിരിയായിട്ടേഅപ്പോൾ തോന്നിയുള്ളൂ

"ഉം .. സോറി" ..

"ഇത്ര നേരം വിഷമിച്ചതിന് ഒരു രണ്ട് വാക്ക് ."..

 മുറുമുറുത്ത് ഞങ്ങൾ ഓടി വിമാനത്തിൽ കയറി.

 അതെ ശരിക്കും ഞങ്ങളെ കാത്തുനിൽക്കുകയായിരുന്നു ആ യന്ത്രപ്പക്ഷിയും യാത്രക്കാരും.

നെടുവീർപ്പിനും ചിണുങ്ങിക്കരച്ചിലിനും അകമ്പടിയിൽ അങ്ങനെ ഞങ്ങൾ ആഫ്രിക്കൻ
ഭൂഖണ്ഡത്തിൽ നിന്നും പറന്നു തുടങ്ങി

കരച്ചിലടക്കി അനിയത്തിയും കുടുംബവും അപ്പോഴും താഴെ നിന്ന് കൈ വീശുന്നുണ്ടായിരുന്നു

നേരെ ജോഹനാസ്ബർഗ് , ജോബർഗ് എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന വജ്ര ഖനികളുടെ നാട് .. ഒന്ന് ആ നാടും കണ്ടാൽ കൊള്ളാമെന്നുണ്ടായി എനിക്ക് .പക്ഷേ ..എയർപ്പോർട്ട് വിട്ട് പുറത്തു പോകാനാവില്ലല്ലോ . അവിടെ എയർ പോർട്ടിൽ ആനക്കൊമ്പ് ,പുലി ,സീബ്ര ഇവയുടെ തോലുകൊണ്ടുള്ള
ഉല്പന്നങ്ങൾ ,സ്റ്റഫ്ഡ് അനിമൽസ് ,ഒട്ടകപ്പക്ഷിയുടെ മുട്ട ഇവയൊക്കെ ധാരാളമായി വിൽപ്പനക്കുണ്ട് .
ഒന്നുരണ്ട്  സാമ്പിൾസ് വാങ്ങിച്ചു ഞങ്ങളും. അവിടെ നിന്ന് നേരെ അറേബ്യൻ
മണ്ണിലേക്ക് ദുബായ് ലാൻറിംഗിനു ഏറെ മുൻപു തന്നെ ദുബായ് എന്ന സ്വപ്നനഗരിയുടെ നക്ഷത്രക്കണ്ണുകൾ
തെളിഞ്ഞു തുടങ്ങി ദീപാലംകൃതമായ നഗരം .. ഇരുട്ടിനെ തോൽപ്പിച്ച് തലയുയർത്തി നിൽക്കുന്നു
ആകാശക്കാഴ്ചക്കൊടുവിൽ വിമാനം താഴ്ന്നു പറന്നു തുടങ്ങി പ്രൗഢഗംഭീരമായ അറേബ്യൻ പെരുമ വിളിച്ചറിയിക്കുന്ന ദുബായ് എയർപോർട്ട് ... ജനസാഗരം എന്നു പറയുമ്പോലെ വിമാന സാഗരം തന്നെ
കണ്ണുകൾ അത്ഭുതം കൊണ്ട് വിടരാവുന്നതിൻ്റെ പരിധിയും പിന്നിട്ട് കൃഷ്ണമണികൾ
പുറത്തുചാടി പെറുക്കിയെടുക്കേണ്ടി വരുമെന്ന അവസ്ഥയിലായി ഞങ്ങൾ എയർപോർട്ടിൽ മെട്രോ ട്രെയിനിൽ കയറി ഞങ്ങളുടെ ഗേയ്റ്റിലേക്ക് ..

ജൊഹനാസ്ബർഗ് ടു ദുബായ് വരെ പാസ് കിട്ടി ദുബായ് നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വീണ്ടും ബോഡിംഗ് പാസ് എടുക്കണം

ഞങ്ങൾ ബോഡിംഗ്പാസ് എടുക്കാനായി നിന്നു ഇനിയും എന്തൊക്കെ പൊല്ലാപ്പാണോ എന്ന പേടിയോടെ ..

"മി. ശങ്കർ ധീരജ്"

എൻ്റെ  വലിയ  മകൻ്റെ പേരു വിളിച്ചു

(ധീരജ് ശങ്കർ  എന്ന പേര് ആദ്യം സർ നെയിം ചേർത്ത് )

"പ്ലീസ് ..കം"

അറേബ്യൻ സുന്ദരി ചായം പുരട്ടിയ ചുണ്ടുകൾക്കിടയിലെ അരിപ്പല്ലുകാട്ടി ചിരിച്ചു

ഓ .. പെട്ടു

 ഇനിയെന്താണാവോ ?

ആഫ്രിക്കയിലെ വെരിഫിക്കേഷൻ നടുക്കം മാറാത്ത ഞങ്ങൾ ഇത്തിരി ടെൻഷനിലായി

"യു ഹാവ് ബീൻ അപ്ഗ്രേഡഡ് ടു ബിസ്നസ് ക്ലാസ് വിത്ത് ദ ഫാമിലി"
സുന്ദരി ചിരിച്ചു കൊണ്ട് പറഞ്ഞു

"ഏ ?
ബിസിനസ്സ് ക്ലാസ്സ് ?"

അവരെ കെട്ടിപ്പിടിച്ച് ഉമ്മ വക്കാൻ തോന്നി .. സന്തോഷം നൽകുന്ന വാർത്ത നൽകുന്നയാൾ നമുക്ക് ഏറെ പ്രിയപ്പെട്ടവരായിപ്പോകുന്ന  നിമിഷം. അല്ലെങ്കിലേ സുന്ദരിയായ അവരെ അപ്സരസ്സായി വർണിക്കാനാണ് തോന്നുന്നത് .എന്നൊരു ഭംഗിയുള്ള ചിരി .

അങ്ങനെ ആ യാത്രയിൽ അപ്രതീക്ഷിതമായി അറബ് എമറേറ്റ്സ് വിമാനത്തിൽ തരമായ ആഡംബര യാത്ര ഞങ്ങളെ ആഫ്രിക്കൻ എയർപോർട്ടിലെ വിഷമം തുടച്ചു കളഞ്ഞു

ചന്ദ്രബിംബത്തെ അൽപ നേരം കാർമേഘം മറച്ചുവെങ്കിലും അൽപം കഴിഞ്ഞപ്പോൾ
വീണ്ടും പൂനിലാവ് പരന്നു. എന്ന് സാഹിത്യത്തിൽ പറയാം

"ശരിയാണ് ... ഒരു കുന്നിന് ഒരിറക്കം"
"ഒരു പകലിന് ഒരു രാവ്"
"ഒരു സങ്കടത്തിന് ഒരു സന്തോഷം" ...
വിപരീതങ്ങളിൽ വിസ്മയിച്ചു കൊണ്ട് ഞങ്ങൾ തമ്മിൽ പറഞ്ഞു . പിന്നെ നിറഞ്ഞു ചിരിച്ചു .

"എന്തായാലും നിന്നെ അവർആഫ്രിക്കക്കാരിയാണെന്ന് കരുതീലോ"

എൻ്റെ മക്കൾ അനിയത്തിക്കുട്ടിയെ കളിയാക്കിക്കൊണ്ട് പറഞ്ഞു

 രണ്ടു മാസത്തെ ആഫ്രിക്കൻ പര്യടന ശേഷം ഇന്ത്യൻ മണ്ണിലേക്ക്, മലയാള മണ്ണിലേക്ക് ഞങ്ങൾ തിരിച്ചു പറന്നിറങ്ങി .

 പിന്നെ കുറച്ചു ദിവസത്തേക്ക് ആ നാടിൻ്റെ വൃത്തിയും ,നാട്ടുകാരുടെ സ്നേഹവും ,ലാളിത്യവും കാഴ്ചകളിലെ കൗതുകങ്ങളും, ഭക്ഷണ വിശേഷങ്ങളും എല്ലാം ഞങ്ങൾ മറ്റുള്ളവർക്ക് മടുപ്പുണ്ടാക്കും വിധം പറഞ്ഞു നടന്നിരുന്നു.

തിരിച്ച് അവരിങ്ങോട്ട് കാര്യങ്ങൾ പറഞ്ഞു തന്നു തുടങ്ങിയപ്പോൾ  സാവകാശം നിർത്തി

അങ്ങനെ പതിനാറ് അധ്യായങ്ങളിലൂടെ നടത്തിയ എൻ്റെ ആഫ്രിക്കൻ സഞ്ചാരത്തിന്
ഇവിടെ തിരശ്ശീലയിടട്ടെ ...

മടങ്ങാം നാട്ടിലേക്ക്... (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്16: ജിഷ.യു.സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക