Image

ഒറ്റപ്പെട്ടവർ ( രാജൻ കിണറ്റിങ്കര)

Published on 14 July, 2021
ഒറ്റപ്പെട്ടവർ ( രാജൻ കിണറ്റിങ്കര)
ഒറ്റക്കിരിക്കുന്നതാണ്
എനിക്കിഷ്ടം
ഒറ്റപ്പെട്ടുപോയ പലരും
അപ്പോൾ നമ്മോട്
സംവദിക്കാനെത്തും.

കൂട്ടിലടയ്ക്കപ്പെട്ട
മൂന്ന് സൂചികൾ
ഭിത്തിയിലിരുന്ന്
ഓടിത്തീരാത്ത
യാത്രയുടെ
നിസ്സഹായതകൾ
പറയും....

മുഖത്ത്
ചുട്ടി കുത്തി
വേഷവും ഭാവവും
നഷ്ടപ്പെട്ട
ചുവരുകളുടെ
കരിങ്കൽ മനസ്സുകൾ
വിതുമ്പിക്കരയും..

മുതുക് കുനിച്ച്
വിനീതനായി നിൽക്കുന
ഒരിക്കലും ഉണ്ണാത്ത
ഊൺമേശ
അത്താഴ സംസാരത്തിലെ
അപ്രിയ രുചികളുടെ
കഥ പറയും..

ദേവനു മുന്നിൽ
കരിന്തിരി കത്തുന്ന
നിലവിളക്ക്
കാര്യസാധ്യത്തിനായ്
നെയ് പകരുന്ന
കപടഭക്തിയുടെ
കാഴ്ചകൾ പറയും....

വാതിലുകൾ
ഉള്ളിൽ നിന്നും
പുറത്തു നിന്നും
ബന്ധനസ്ഥനാക്കി
സ്വാതന്ത്ര്യം
ആഘോഷിക്കുന്ന
കാലത്തിൻ്റെ ഭീരുത്വം
പറയും..

ഒറ്റക്കിരിക്കുന്നവർക്ക്
മാത്രം
കേൾക്കാൻ കഴിയുന്ന
ഒറ്റപ്പെട്ടവരുടെ
രോദനങ്ങൾ....


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക