Image

നിര്‍വൃതി (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 14 July, 2021
 നിര്‍വൃതി  (കവിത: വേണുനമ്പ്യാര്‍)
1

കാറ്റാര്‍ക്കുവേണ്ടി വീശുന്നു
മഴയാര്‍ക്കുവേണ്ടി പെയ്യുന്നു
വെയിലാര്‍ക്കുവേണ്ടി വിരിയുന്നു  
നിലാവാര്‍ക്കുവേണ്ടി പൊഴിയുന്നു
മഞ്ഞുകണമാര്‍ക്കുവേണ്ടി തൂവുന്നു
പുഴയാര്‍ക്കുവേണ്ടിയൊഴുകുന്നു
ദീപശിഖയാര്‍ക്കുവേണ്ടിയാളുന്നു
പൂവാര്‍ക്കുവേണ്ടി വിടരുന്നു
കുഞ്ഞാര്‍ക്കുവേണ്ടി ചിരിക്കുന്നു
ഇമയാര്‍ക്കുവേണ്ടി പിടയ്ക്കുന്നു
കരളാര്‍ക്കുവേണ്ടി മിടിക്കുന്നു
കടലാര്‍ക്കുവേണ്ടി തിമിര്‍ക്കുന്നു
കരയാര്‍ക്കുവേണ്ടി കരയുന്നു

2

നിവൃത്തികേട് കൊണ്ട്
നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോഴും
പ്രകൃതിദേവി   മൂകമായി ഗ്രഹിക്കും  
നിവൃത്തിയാണ്
നിര്‍വൃതിയെന്ന
പരമസത്യം

3
 
പ്രവൃത്തിയില്‍
സമഗ്രമായി ലീനയാകും   പ്രകൃതിദേവി
നിവൃത്തിയില്‍
കുലീനയാകുന്നതെന്തൊരതിശയം

4  

പ്രകൃതിയ്ക്കായി ഒരു പ്രണയലേഖനം  അയക്കുമ്പോള്‍
മേല്‍വിലാസം കുറിക്കരുത്.   ഒരേ ഭോഗവിലാസത്തിന്റെ ഇരുധ്രുവങ്ങളാണല്ലോ 
അയക്കുന്നയാളും കൈപ്പറ്റുന്നയാളും.

5

വേദനയും നിര്‍വൃതിയും ആഴമുള്ളതാണെങ്കില്‍
ഞാനിപ്പോഴൊരു ആഴക്കടലിനുള്ളിലാണ്.
പായലിനും പവിഴപ്പുറ്റുകള്‍ക്കുമിടയില്‍
നീന്തിത്തുടിക്കുന്നു -
സ്വര്‍ണ്ണമീനുകള്‍ക്കൊപ്പം!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക