Image

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

Published on 17 July, 2021
കിറ്റെക്സ് പ്രശ്നം:  പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച
കിറ്റെക്സ് ഗ്രൂപ്പിന്റെ എം.ഡിയും ചെയർമാനുമായ  സാബു എം.ജേക്കബ്, കേരളത്തിൽ നിന്ന് 3500 കോടിയുടെ നിക്ഷേപം തെലുങ്കാനയിലേക്ക് പറിച്ചുനടാനായി എടുത്ത തീരുമാനം ആകസ്മികമായിരുന്നു, അതുപോലെ അപ്രതീക്ഷിതവും. ഈ സാഹചര്യത്തിലാണ്, ഫോമ  പൊളിറ്റിക്കൽ ഫോറം സൂം മീറ്റിലൂടെ ഇതേപ്പറ്റി ചർച്ച  സംഘടിപ്പിച്ചത്.
 
പൊളിറ്റിക്കൽ ഫോറം ചെയർ സജി കരിമ്പന്നൂർ സ്വാഗതം ആശംസിക്കുകയും ഇത്തരമൊരു  ചർച്ചക്ക് വഴിയാക്കിയ സാഹചര്യങ്ങൾ വിവരിക്കുകയും ചെയ്തു. 
 
 
 ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവരും  പങ്കെടുത്തവരിൽ പെടുന്നു.
 
"പിറന്ന നാടിന് സഹായഹസ്തം ആവശ്യമുള്ളപ്പോൾ ഓടിയെത്തുന്ന പ്രവാസി സമൂഹം, ആനുകാലിക വിഷയങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടും നിലപാടും പുലർത്തുന്നവരാണ്. വ്യവസായ സംരംഭങ്ങൾ കേരളം വിട്ട് പോകുമെന്ന ആശങ്കാഭരിതമായ വാർത്ത വന്നപ്പോൾ, പ്രവാസി സമൂഹത്തോടൊപ്പം ഫോമയും അതിന്റെ സത്യാവസ്ഥ തേടിയുള്ള അന്വേഷണം ആരംഭിച്ചു. ആ  അന്വേഷണത്തിന് മുന്നോടിയാണ് ഈ ചർച്ചാസമ്മേളനം "-ഫോമാ ട്രഷറർ തോമസ് ടി.ഉമ്മൻ പറഞ്ഞു.
 
 
കേരള സർക്കാർ വേട്ടയാടുന്നു എന്നും മനസ്സമാധാനം ഇല്ലാതാക്കുന്നു എന്നുമാണ് സാബു എം.ജേക്കബ് പറയുന്നത്. എന്നാൽ, അദ്ദേഹം സർക്കാരിനെ അപമാനിക്കുന്നു എന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഭാഷ്യം. 20-20 എന്ന പേരിൽ ഒരു പാർട്ടി സാബു.എം.ജേക്കബ് തുടങ്ങിയതുകൊണ്ട് തന്നെ ഈ തീരുമാനത്തിന് രാഷ്ട്രീയ മാനങ്ങൾ ഏറെയുണ്ടെന്ന് മനസ്സിലാക്കാം. വ്യവസായ കേരളം ഇപ്പോൾ വലിയൊരു ഞെട്ടലിലാണ്. നാട്ടിലെ കോരിച്ചൊരിയുന്ന മഴയിലും ആഘാതത്തിന്റെ തീവ്രത ഒട്ടും ചോർന്നു പോയിട്ടില്ല എന്ന ആമുഖത്തോടെ സംവാദത്തിന്റെ മോഡറേറ്റർ ജിനേഷ്  തമ്പി, യുഡിഎഫ്, എൽഡിഎഫ്, ബിജെപി പ്രതിനിധികളെ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ ക്ഷണിച്ചു.
 
മൂന്നരക്കോടി ജനസംഖ്യയുള്ള കൊച്ചുകേരളത്തിൽ 26 ശതമാനം തൊഴിലില്ലായ്മയുള്ള സാഹചര്യത്തിൽ വലിയ നിക്ഷേപം മറ്റൊരു സംസ്ഥാനത്തേക്ക് ഒഴുകുമ്പോൾ അത് ചർച്ചചെയ്യപ്പെടേണ്ടതുണ്ട്.
ഷിക്കാഗോയിൽ നിന്ന് യുഡിഎഫിനെ പ്രതിനിധീകരിച്ച്  ഇന്ത്യൻ  ഓവർസീസ് കോൺഗ്രസ് (കേരള) ചെയർമാൻ തോമസ് മാത്യു ,എൽ ഡി എഫിനെ പ്രതിനിധീകരിച്ച് വത്സൻ മഠത്തിപ്പറമ്പിൽ, ബി ജെ പി യെ പ്രതിനിധീകരിച്ച് ഡോ. ജയശ്രീ നായർ  എന്നിവർ സംസാരിച്ചു.
 
തോമസ് മാത്യു: 
 
കേരളം ഒരു തൊഴിൽ സൗഹൃദ സംസ്ഥാനമാണോ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ പ്രയാസമാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ഒരു മൊട്ടുസൂചി പോലും നിർമ്മിക്കാൻ കഴിയാത്തത്ര പരിതാപകരമായ അവസ്ഥയിലായിരുന്നു. അവിടെ നിന്നാണ്  വമ്പൻ  രാജ്യങ്ങളോടും ഒപ്പം നിൽക്കാനുള്ള കഴിവ് നമ്മൾ നേടിയെടുത്തത്. കേരളത്തെ സംബന്ധിച്ച് കാർഷികരംഗത്തുനിന്ന് വിദ്യാഭ്യാസമേഖലയിലേക്കും ഒരു കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. എന്നാൽ, അതിനെ ഫലപ്രദമായി ഉപയോഗിക്കാൻ ഒരു രാഷ്ട്രീയപ്പാർട്ടിയിലെ നേതാക്കൾക്കും കഴിഞ്ഞില്ല. ഉയർന്ന വിദ്യാഭ്യാസം ലഭിച്ചവർപോലും നാട്ടിൽ  കവലയ്ക്കലും പാലത്തിലും കറങ്ങിത്തിരിയുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
 
 
തൊഴിൽ നേടാനുള്ള അവസരമായി അവരുടെ വിദ്യാഭ്യാസ യോഗ്യത ഉതകുന്ന സാഹചര്യം ഇല്ലെന്ന് തന്നെ പറയാം. നഴ്സിംഗ് പോലുള്ള ചില പ്രൊഫഷണൽ മേഖലകൾ വിദേശ കുടിയേറ്റത്തിന് വഴിയൊരുക്കിയതാണ് സംസ്ഥാനത്തെ പിടിച്ചുനിർത്തുന്നത്. എന്നാൽ, മറുനാട്ടിൽ ചോര നീരാക്കി പ്രവാസികൾ സമ്പാദിക്കുന്ന പണം കൊണ്ട് കേരളത്തിലെ വ്യവസായ മേഖലയ്ക്ക് പുതുജീവൻ പകരുന്നതിന് ഒരു രാഷ്ട്രീയ കക്ഷിയും മുൻകൈ എടുക്കുന്നില്ല. വിദേശ സാമ്പത്തിക സംസ്കാരം വിപ്ലവരാജ്യങ്ങൾക്ക് ഭൂഷണമല്ലെന്ന നിലപാടാണ് നാടിനെ പിന്നോട്ട് വലിക്കുന്നത്. ഒരു സംരംഭകന്റെ ആവശ്യങ്ങൾ എന്തൊക്കെയാണെന്നും അയാൾക്ക് അനുകൂല സാഹചര്യങ്ങൾ എങ്ങനെ ഒരുക്കണമെന്നും നമ്മുടെ സംസ്ഥാനം ഇനിയും പഠിച്ചിട്ടില്ല. വ്യവസായ സംരംഭങ്ങളിലൂടെ പ്രാദേശികമായി കൈവരിക്കാനാകുന്ന നേട്ടങ്ങളെക്കുറിച്ചും സത്യസന്ധമായി വിലയിരുത്തുന്നതിൽ നമ്മുടെ ഗവണ്മെന്റ് തികഞ്ഞ പരാജയമാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കഴുകൻ കണ്ണുകൾ ഇരയെ മാത്രമേ കാണുന്നുള്ളൂ.
 
പ്രാദേശിക പ്രശ്നങ്ങൾ ധാരാളമായി ഉണ്ടാകാം. അവയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. ആവശ്യമായ തൊഴിലധിഷ്ഠിത പരിശീലനങ്ങൾ വിദ്യാഭ്യാസവകുപ്പിന് കീഴിൽ നൽകാൻ കഴിയണം. ഹ്രസ്വകാല കോഴ്‌സുകളും തൊഴിൽ സൗഹൃദ പെരുമാറ്റ രീതികളും പഠനഭാഗമാക്കാം. ഏതുതൊഴിൽ ചെയ്യുന്നതിലും  ദുരഭിമാനം ഒഴിവാക്കണം. തൊഴിലാളിക്കും തൊഴിലുടമയ്ക്കും വേണ്ട പരിശീലനവും നിയമങ്ങളോടുള്ള ബഹുമാനവും വളർത്തണം. നിയമങ്ങളുടെ അനാവശ്യ പഴുതുകൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർ നടത്തുന്ന  ഇടപെടലുകളും പണപ്പിരിവും  ഒഴിവാക്കണം.
 
ഒരു വ്യവസായം ഉയരുമ്പോൾ, സർക്കാരിന്റെ റവന്യു  വർദ്ധിക്കും. പ്രാദേശികമായ വികസനം ഇതിലൂടെ സാധ്യമാകും. സംരംഭം വിജയിക്കുന്നതോടൊപ്പം പ്രദേശത്തെ ഗതാഗതം, വൈദ്യുതി തുടങ്ങിയ എല്ലാ സൗകര്യങ്ങളും മെച്ചപ്പെടും. സമീപവാസികളുടെ ജീവിത സാഹചര്യവും ഇതിലൂടെ മെച്ചപ്പെടും. വികസനത്തിന്റെ ഫലമായി പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ആശങ്കയുണ്ടെങ്കിൽ, അതിനുള്ള പരിഹാരം സർക്കാർ ഇടപെട്ട് നടപ്പാക്കുകയാണ് വേണ്ടത്, സംരംഭം വേണ്ടെന്നുവയ്ക്കുന്നത് പോംവഴിയല്ല. 
 
മാലിന്യ നിർമ്മാർജ്ജനത്തിന് പ്രത്യേക നികുതി ഈടാക്കിക്കൊണ്ട് അത്യാധുനിക മാര്ഗങ്ങള് സർക്കാർ പ്രയോജനപ്പെടുത്തണം. വിദഗ്ദ്ധ സംഘങ്ങളെ വിദേശത്തയച്ച്, അതാത് രംഗത്ത് വേണ്ട പരിശീലനം നൽകാം. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പ്രാദേശിക നേതാക്കളെ വെള്ളാനകളായി നിയമിച്ച് ഉപദേശകരെന്ന പേരും കൊടുത്ത് കൂടെ കൊണ്ടുനടക്കുന്നതിൽ സഹതപിക്കാതെ നിവൃത്തിയില്ല. ആധുനിക സാങ്കേതിക വിദ്യ കൈകാര്യം ചെയ്യാൻ വിദഗ്ദ്ധരെ കണ്ടുപിടിച്ച് നിയമിക്കണം. 
 
ലോകത്തിന്റെ നാനാമേഖലകളിലും ഉന്നതസ്ഥാനങ്ങൾ വഹിക്കുന്ന മലയാളികൾ ഉണ്ടെന്ന് മറക്കരുത്. നമ്മുടെ ലക്‌ഷ്യം നാടിന്റെ വികസനമാണ്. അതിന് പണം മുടക്കുന്നവരുടെ തുണിയഴിച്ച് നഗ്നരാക്കുകയല്ല വേണ്ടത്. ഇനിയൊരു വരവേൽപ്പിനായി എന്നുപറഞ്ഞ് നാട്ടിൽ നിന്ന് തിരികെ പോകുന്ന മോഹൻലാൽ സിനിമ ഒരു  മലയാളിയുടെയും മനസ്സിൽ നിന്ന് മായില്ല. പ്രത്യേകിച്ച്, എന്നെപ്പോലെ കേരളത്തിൽ പരീക്ഷണം നടത്തി പിന്തിരിഞ്ഞ് പോരേണ്ടി വന്ന വിദേശമലയാളികൾക്ക്. ഈ സംവിധാനം അഴിച്ചുപണിയണം. 
 
വത്സൻ മഠത്തിപ്പറമ്പിൽ: 
 
കിറ്റെക്സ് ഗ്രൂപ്പിന്റെ നിക്ഷേപം മറ്റൊരു സംസ്ഥാനത്തിലേക്ക് പോകുന്നത് കേരളത്തെ അത്രകണ്ട് ബാധിക്കുമെന്ന് തോന്നുന്നില്ല. എന്നാൽ,  പുതിയ സംരംഭകർക്കിടയിൽ ഒരു ആശയകുഴപ്പം  ഉണ്ടാക്കാൻ സാബുവിന്റെ പ്രസ്താവനയിലൂടെ സാധിച്ചിട്ടുണ്ട്. സംരംഭകരല്ലാത്ത സാധാരണക്കാരിലേക്ക് പോലും ഇതിന്റെയൊരു പ്രഭാവം അലയടിച്ചിട്ടുണ്ടാകാം. ഫോമാ ഈ അവസരത്തിൽ ഇങ്ങനൊരു സംവാദം ഏർപ്പെടുത്തിയത്, ഇപ്പോൾ നിലനിൽക്കുന്ന കൺഫ്യൂഷൻ ഇല്ലാതാക്കാനുള്ള അവസരമായി വിനിയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 
 
 
എറണാകുളം ജില്ലയിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച വ്യക്തി എന്ന നിലയിൽ, കിറ്റെക്സ് ഗ്രൂപ്പിനെ ജേക്കബ് ചേട്ടൻ  'അന്ന അലൂമിനിയം'  നടത്തിയിരുന്ന സമയം മുതൽ എനിക്ക് അടുത്തറിയാം.  കിഴക്കമ്പലം ടെക്സ്റ്റൈൽസ്  എന്ന സ്റ്റാർട്ടപ്പ് സാബു ആരംഭിക്കുന്നതിന്റെ കാരണം തന്നെ അന്നത്തെ കേരള ഗവണ്മെന്റിന്റെ പദ്ധതിയുമായി സഹകരിച്ചാണ്. 
 
തൊഴിലില്ലാത്ത അന്നത്തെ ചെറുപ്പക്കാർക്ക് തൊഴിൽ കൊടുക്കാൻ ഓരോ സംരംഭകന്റെയും പേരിൽ ഓരോ പവർ ലൂം കൊടുത്തുകൊണ്ട്, അതിനുവേണ്ട ധനസഹായം കേരള സർക്കാർ ചെയ്തു കൊടുക്കുകയാണുണ്ടായത്. നാമമാത്രമായ ഓഹരിയായിരുന്നു  അവരുടേതായി ഉണ്ടായിരുന്നത്. ലുങ്കി ആയിരുന്നു ആദ്യത്തെ ഉത്പന്നം. ലൂം ഓണർമാർക്ക് ഓരോ പീസിന് നിശ്ചിത തുക നൽകുന്ന  ഫെസിലിറ്റേറ്റിങ് കമ്പനിയായി നിന്നുകൊണ്ട് മാർക്കറ്റിംഗ് നടത്തുക എന്ന ദൗത്യമാണ് അവർ ചെയ്തത്. അശരണരും അവശതകളുള്ളവരുമായിരുന്നു ഈ ലൂം ഓണർമാർ. അവരുടെ പേരിൽ ലോൺ എടുത്താണ് ഇത് നടപ്പാക്കിയത്. ക്രമേണ ഇത് കിറ്റെക്സ് കയ്യാളുകയായിരുന്നു.
 
ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ നിർമ്മിച്ചത് കേരളത്തിലെ കെൽട്രോൺ എന്ന കമ്പനിയാണ്. 1968 ൽ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രിയാണ് വിദേശത്തുനിന്ന് കെ.പി.പി.നായരെ കേരളത്തിലെത്തിച്ച് കെൽട്രോണിന്റെ ചെയർമാനാക്കിയത്. ട്രാക്ടറിനെതിരെ സമരം ചെയ്തതായി പ്രായപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിൽ ആദ്യമായി ട്രാക്ടർ നിർമ്മിച്ചതും കേരളത്തിലാണ്. അതുകൊണ്ട് ഉദാഹരണസഹിതം പറയാൻ ഒരുപാട് വ്യവസായ സംരംഭങ്ങൾക്ക് നമ്മുടെ നാട് ഒപ്പം നിന്നിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായൊരു ഐ ടി പാർക്ക് തുടങ്ങുന്നത് ഇ.കെ.നായനാരുടെ കാലത്താണ്. വിവിധ ജില്ലകളിലായി ഇത്തരം സംരംഭങ്ങൾ ഇപ്പോഴത്തെ സർക്കാരും നടപ്പാക്കിവരുന്നുണ്ട്. 
 
സാബു ജേക്കബ് ഇന്നൊരു വ്യവസായി മാത്രമല്ലെന്നും രാഷ്ട്രീയ പാർട്ടിയുടെ നേതാവാണെന്നും നമ്മൾ ചേർത്ത് വായിക്കണം. ഇത്തരം ഒരു പ്രചാരണത്തിലൂടെ ഒരു രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. അതേസമയം, സാബുവും അദ്ദേഹത്തിന്റെ മുൻ തലമുറയും ഇപ്പോഴത്തെയും മുൻ കാലങ്ങളിലെയും കേരള സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ പിൻപറ്റി തന്നെയാണ് ഇതുവരെ എത്തിയതെന്ന് മറക്കരുത്. മിനിമം കൂലി ഏർപ്പെടുത്തിയ നിയമത്തിനെതിരെ സ്റ്റേ വാങ്ങിച്ച കിറ്റെക്സ് പോലൊരു കമ്പനിയെ ജനങ്ങൾ മനസ്സിലാക്കട്ടെ. പിന്നെ, പരാതികളുടെ അടിസ്ഥാനത്തിൽ മിന്നൽ പരിശോധനകൾ എല്ലാ വികസിത-വികസ്വര രാജ്യങ്ങളിലും പതിവുള്ളതാണ്. അത് ഓഡിറ്റിംഗിന്റെ ഭാഗമാണ്, വേട്ടയാടലല്ല. ഇതൊന്നും പാടില്ല, എന്റെ കമ്പനിയിൽ തോന്നിയതുപോലെ ഞാൻ ചെയ്യുമെന്ന് ഒരാൾ പറയുന്നത് ശരിയാണോ?
 
ഡോ.ജയശ്രീ നായർ:
 
നമ്മൾ കണ്ണടച്ച് ഇരുട്ടാക്കുന്നതായാണ് എനിക്ക് തോന്നുന്നത്. എൽ.ഡി.എഫിന്റെയും യുഡിഎഫിന്റെയും പ്രതിനിധികൾ പലകാര്യങ്ങളും വ്യക്തമാക്കിയിട്ടില്ല. 1972 ലാണ് കിറ്റെക്സ് ഗ്രൂപ്പ് തുടങ്ങുന്നത്. ആദ്യം മുതലേ കേരളത്തിൽ തന്നെ തുടർന്നുപോകുന്ന ഉദ്യമമാണ് അവരുടേത്. 
 
കണ്ണൂർ ഒരു പ്രവാസി അയാളുടെ ജീവിതസമ്പാദ്യം മുഴുവൻ ഉപയോഗിച്ച് കൺവൻഷൻ സെന്റർ തുടങ്ങിയതും കടംകൊണ്ട് ആത്മഹത്യ ചെയ്യേണ്ടി വന്നതും പോലുള്ള സംഭവങ്ങൾ, കേരളത്തെക്കുറിച്ച് നമ്മൾ ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിൽ വരച്ചുകാട്ടുന്ന ചിത്രമെന്താണ്? മലയാളികൾ എപ്പോഴും പിറന്നമണ്ണിലേക്ക് തിരികെ പോകാനും സമ്പാദ്യം അവിടെ നിക്ഷേപിക്കാനും അദമ്യമായി ആഗ്രഹിക്കുന്നവരാണ്.
 
 
നരേന്ദ്ര മോദി സർക്കാർ 'ഫോറിൻ ഡയറക്ട് ഇൻവെസ്റ്മെന്റിന് ' മികച്ച അവസരം ഒരുക്കിയിട്ടുണ്ട്. തടസ്സങ്ങൾ നീക്കി, സംവിധാനങ്ങൾ സുഗമമാക്കുകയും ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങൾ മത്സര ബുദ്ധിയോടെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സംരംഭകരെ ആകര്ഷിക്കുമ്പോൾ, ഇന്ത്യയിൽ ഇരുപത്തിയെട്ടാം സ്ഥാനമേ നിക്ഷേപകരെ ആകർഷിക്കുന്നതിൽ കേരളം നേടിയിട്ടുള്ളു. സാക്ഷരതനിരക്ക് ഉയർന്ന ഒരു സംസ്ഥാനത്ത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
 
 
പാരിസ്ഥിതികമായ ദോഷങ്ങൾ മുൻനിർത്തി പല സംരംഭങ്ങളും വേണ്ടെന്ന് വയ്ക്കുന്നു എന്ന് പറയുന്നവരോട് കേരളത്തിൽ റിസോർട്ടുകൾ നടത്തിക്കൊണ്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന ദോഷങ്ങൾ എന്തേ കാണുന്നില്ലെന്ന് ചോദിക്കുകയാണ്. കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവന്ന സിംഗിൾ വിൻഡോ ക്ലിയറൻസ് സിസ്റ്റം പോലുള്ള പദ്ധതി കേരളം നടപ്പാക്കുന്നില്ല. തെലുങ്കാന പോലെയുള്ള സംസ്ഥാനങ്ങൾ, വ്യാവസായികരംഗത്ത് പുതിയ സംരംഭങ്ങൾക്ക് അവസരം ഒരുക്കുന്നതിൽ നമ്മളെക്കാൾ ബഹുദൂരം മുന്നിലാണ്. നമ്മുടെ നാട്ടിൽ തന്നെ ജോലി ചെയ്ത് ജീവിക്കാനുള്ള സാഹചര്യം എന്തേ ജനങ്ങൾക്ക് ലഭിക്കുന്നില്ല? യൂണിയന്റെ പേരും പറഞ്ഞ് ജോലി ചെയ്യാൻ മടികാണിക്കുന്നവരെ പിരിച്ചുവിടുന്നതിൽ എന്താണ് തെറ്റ്? സ്വന്തം നാട്ടിൽ പണിചെയ്യാതെ ജീവിക്കുന്നവർക്ക്, അന്യനാട്ടിൽ പോയി കഷ്ടപ്പെടാൻ ഒരു മടിയും പരാതിയും ഇല്ലെന്നും മനസ്സിലാക്കണം. സാബുവിന് മേൽ പഴി ചാരുന്നതിൽ അർത്ഥമില്ല. അയാൾ ഒരു വ്യവസായി എന്ന നിലയിൽ സ്വന്തം ഉന്നമനം ലക്ഷ്യംവയ്ക്കും. നാടിന്റെ വികസനമാണ് നമ്മുടെ വിഷയം.
 
 
എ.സി. ജോർജ്, റെജി വർഗീസ് അടക്കം ഒട്ടേറെ പേര് ചർച്ചയിൽ പങ്കെടുത്തു 
കിറ്റെക്സ് പ്രശ്നം:  പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച
Join WhatsApp News
കൊച്ചുമുതലാളി 2021-07-18 22:47:17
സാബു മുതലാളിയെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ ഫോമായുടെ സഹായം നിരാകരിച്ചുകൊണ്ട് മുതലാളി ഈ മീറ്റിങ്ങ് ബഹിഷ്കരിച്ചു എന്ന് പിന്നാമ്പുറം. കേരളത്തിൽ "കോടികളുടെ ബിസിനസ്സ്" എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ഫോമയ്‌ക്ക്‌ ഇനിയെങ്കിലും ഇത്തരം കലാപരിപാടികൾ ഒഴിവാക്കിക്കൂടെ.
Ravi Nair 2021-07-21 00:35:27
Apparently Kerala has a reputation of not friendly to conduct business. Perhaps when there are lot of businesses available in Kerala,, more people will earning money in ones own native place and the standard of living for the people will rise. Then political corruption or cheating government employees and politicians will not be tolerated. That won’t be for the advantage of the civil servants and politicians. You draw your conclusion why opportunities are not created and if created not sustained… that’s I called my own people, myself included, educated idiots. We don’t know how to use common sense
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക