Image

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)

Published on 21 July, 2021
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -16 കാരൂര്‍ സോമന്‍)
ഒരു വേള, ഇനിയൊരു കാലം !

കിരണ്‍ യൂണിവേഴ്‌സിറ്റി അവധിക്കാലം ചെലവഴിക്കാന്‍ ലണ്ടനില്‍ നിന്ന് കേരളത്തിലെത്തിയപ്പോള്‍ നല്ല ചൂട്. ലണ്ടനില്‍ നല്ല തണുപ്പും. ജന്മനാട്ടിലെ നിര്‍മ്മലമായ വായു ശ്വസിച്ചപ്പോള്‍ കൊടും ചൂടിലും ഒരു കുളിര്‍മ. കാറ്റില്‍ പൊടിപടലങ്ങള്‍ ഉയര്‍ന്നുവന്നു. വിമാനത്തിലിരുന്നപ്പോള്‍ പൊടിപടലങ്ങളെ പേടിക്കേണ്ടതില്ലായിരുന്നു. നല്ല തണുത്ത എയര്‍കണ്ടീഷന്‍ ചെയ്ത വായുവാണ് ശ്വസിച്ചത്. എത്രയുംവേഗം പുറത്തിറങ്ങാന്‍ മനസ്സാകെ വെമ്പല്‍ കൊള്ളുകയാണ്. പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ കണ്ടിട്ട് എത്രനാളായി. പൂനിലാവിന്റെ മാറിലൂടെ വിമാനം ഒഴുകിക്കൊണ്ടിരുന്നപ്പോഴും മനസ് നിറയെ കരുണായിരുന്നു. കാര്‍മേഘങ്ങളിലിരുന്നുകൊണ്ടും താരും തളിരുമണിഞ്ഞ് നില്ക്കുന്ന മനോഹരദേശം കണ്ടപ്പോഴാണ് മനസ്സിന്റെ അങ്കലാപ്പ് മാറിയത്.
രാത്രിയുടെ മൂടുപടം പൂര്‍ണ്ണമായി. കിഴക്കേ മലമുകളിലിരുന്ന സൂര്യന്‍ വെള്ളപ്പുടവകൊണ്ട് മറച്ചു. യാത്രക്കാര്‍ വിമാനത്തില്‍ നിന്നുമിറങ്ങി അകത്തേക്ക് നടന്നു. എല്ലാവരുടെയും മുഖത്ത് യാത്രാക്ഷീണമുണ്ട്. കിരണ്‍ ചുറ്റും നോക്കി. എയര്‍പോര്‍ട്ടില്‍ കണ്ടത് ഒരു വിമാനം മാത്രം. ലണ്ടന്‍ ഹിത്ത്രോ എയര്‍പോര്‍ട്ടില്‍ എത്രയെത്ര വിമാനങ്ങളാണ് നിരനിരയായി കിടക്കുന്നത്. പറന്നിറങ്ങുകയും പറന്നുയരുകയും മിനിട്ടുകള്‍ക്കുള്ളില്‍ ചെയ്യുന്നു. അതെല്ലാം കണ്ടത് ആശ്ചര്യത്തോടെയാണ്. സ്വന്തം നാടും അവരെപ്പോലെയാകാന്‍ നൂറ്റാണ്ടുകള്‍ ഇനിയും കാത്തിരിക്കേണ്ടതായുണ്ടോ?
യാത്രക്കാര്‍ രേഖകളുമായി അധികൃതരുടെ മുന്നിലെ ക്യൂവില്‍ നിന്നു. അതിനടുത്തായി യാത്രക്കാരുടെ പെട്ടികള്‍ ഒരു കറങ്ങുന്ന കണ്‍വെയര്‍ ബെല്‍റ്റില്‍ പ്രദക്ഷിണം വെയ്ക്കുന്നുണ്ട്. കിരനും മറ്റു യാത്രക്കാരെപ്പോലെ പുറത്തുകടക്കാന്‍ വെമ്പല്‍ കൊള്ളുകയാണ്. പുറത്ത് കരുണ്‍ കാത്തുകാത്തുനിന്ന് മടുത്തു കാണുമോ? അടുത്തുനിന്ന ഒരു കുട്ടി സംഭ്രമത്തോടെ ചുറ്റും നോക്കുന്നുണ്ട്. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് കുട്ടിക്കറിയില്ല. ഇടയ്ക്കവളുടെ കളിപ്പാവയ്ക്കും പൊന്നുമ്മ നല്കുന്നുണ്ട്. കിരണ്‍ കയ്യുയര്‍ത്തി ഒന്നു പുഞ്ചിരിച്ചു കാണിച്ചു. അവള്‍ ആംഗ്യത്തിലൂടെ ചോദിച്ചു, മോടെ പാവക്കുട്ടിയെ എനിക്കു തരുമോ? ഇല്ലെന്നവള്‍ തലയാട്ടി കാണിച്ചു.
യാത്രക്കാര്‍ മൂകരായി ക്യാബിനിലേക്ക് നോക്കി നില്ക്കവേ ഒരു യൗവനക്കാരി തന്റെ ബാഗുരുട്ടി അവളുടെ മുന്നിലൂടെ മുന്നോട്ടു പോയി. പലരും അവളെ ശ്രദ്ധിച്ചു. മുടി അഴിഞ്ഞുലഞ്ഞു കിടക്കുന്നു. കിരണ്‍ ആദ്യം കരുതിയത് ഇവിടുത്തെ ജീവനക്കാരിയോ എയര്‍ഹോസ്റ്റസോ ആയിരിക്കുമെന്നാണ്. ഗര്‍ഭിണിയല്ലെന്ന് ആ അഭിനയനടപ്പു കണ്ടാല്‍ മനസ്സിലാകും. അവള്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ് പോയത്. സ്വന്തം നാട്ടില്‍ എന്തിനും ഏതിനും മലയാളികള്‍ പ്രതികരിക്കാറുണ്ട്. വിദേശത്ത് അവര്‍ പൂച്ചകളെപ്പോലെയാണ്. ഇത് വിദേശരാജ്യമല്ല. സ്വന്തം മണ്ണാണ്. എല്ലാവരും ക്യൂവില്‍ നില്ക്കുമ്പോള്‍ ഈ വ്യക്തിയെന്താണ് ഇങ്ങനെ ആരെയും കൂസാതെ മുന്നോട്ടു പോയത്. എന്താണ് ആരുമൊന്നും മിണ്ടാതെ മന്ദബുദ്ധികളെപ്പോലെ നോക്കുന്നത്. അവള്‍ ആരാണ്? ആരായാലെന്താ. ഇത് സമ്മതിച്ചുകൊടുക്കാന്‍ പറ്റില്ല. ഇത് മറ്റുള്ളവരെ അവഗണിക്കലാണ്. ഇത് ക്യൂവില്‍ നില്ക്കുന്ന എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്. ഒരു മാന്യതയോ ലജ്ജയോ ഇല്ലാതെയല്ലേ മുന്നിലേക്ക് പോയത്. കിരണ്‍ കൗതുകത്തോടെ നിമിഷങ്ങള്‍ നോക്കി നിന്നു. നീതി പാലനം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ അവളെ മടക്കി അയയ്‌ക്കേണ്ടതല്ലേ? അവിടെയും നിസ്വാര്‍ത്ഥതയല്ല കണ്ടത്. അവളുടെ മനസ് കൂടുതല്‍ സംഘര്‍ഷമായി.
തലയിലെ തൊപ്പിയൂരി കയ്യില്‍ പിടിച്ച് മുന്നോട്ടു വന്നു, ""ഹലോ മാഡം ഞങ്ങളും ഈ ക്യൂവില്‍ നില്ക്കുന്നവരാണ്. നിങ്ങളെക്കാള്‍ പരിഗണന കിട്ടേണ്ടത് കുട്ടികളുമായി നില്ക്കുന്നവര്‍ക്കാണ്. ദയവായി ക്യൂവില്‍ വന്നു നില്ക്കണം.''
മുന്നില്‍ നിന്ന സിനിമ-ടിവി-സീരിയല്‍ നടി രോഷത്തോടെ നോക്കി. ലക്ഷക്കണക്കിന് ജനങ്ങള്‍ ആരാധിക്കുന്ന സ്‌നേഹിക്കുന്ന തന്നോട് ഇത്ര കഠോരമായി പറയാന്‍ ഇവള്‍ക്ക് എങ്ങിനെ ധൈര്യം വന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാതൊരു സങ്കോചവും കൂടാതെ പറഞ്ഞു, ""അവര്‍ പൊക്കൊള്ളട്ടെ തിരക്കുള്ള ആളാണ്.''
കിരണ്‍ കടുത്ത രോഷത്തോടെ പറഞ്ഞു, ""അതു പറ്റില്ല മിസ്റ്റര്‍. ഞങ്ങളും തിരക്കുള്ളവരാണ്.''
നടി ഉടനടി പറഞ്ഞു, ""ഞാന്‍ അമേരിക്കയില്‍ നിന്ന് പതിനെട്ടു മണിക്കൂര്‍ യാത്രചെയ്ത് വന്നതാണ്. എനിക്ക് ഉടന്‍ പുറത്തുപോകണം.''
അവളുടെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകാന്‍ കിരണ്‍ തയ്യാറായില്ല. ഞാന്‍ പന്ത്രണ്ടു മണിക്കൂര്‍ ലണ്ടനില്‍ നിന്ന് യാത്ര ചെയ്തു വന്നതാണ്. സിനിമ നടി ഉടന്‍ പോലീസ് കമ്മീഷണറെ ഫോണില്‍ വിളിക്കുന്ന കാര്യം ധരിപ്പിച്ചു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടു പോലീസുകാര്‍ അവിടേക്ക് തിടുക്കത്തില്‍ വന്ന് കിരണിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
""തിരക്കുള്ള നടിയാണ്''.
ഉടന്‍ കിരണ്‍ പറഞ്ഞു, ""നടിക്ക് മാത്രമല്ല തിരക്കുള്ളത്. ഞാനും അവരെപ്പോലെ തിരക്കുള്ള ആളാണ്.''
മാനസികനില തെറ്റിയവളെപ്പോലെ സിനിമാനടി നിലകൊണ്ടു. കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും അവിടേക്ക് ഓടിയെത്തി. യാത്രക്കാര്‍ മൗനമായി കാഴ്ച കണ്ട് നിന്നു. കിരണിന് അവരോട് പുച്ഛമാണ് തോന്നിയത്. ഒരുത്തന്‍രെയും വായില്‍ നാവില്ല. ആണും പെണ്ണും കെട്ട വര്‍ഗ്ഗം. വന്നവരും കിരണിന്റെ വാദത്തെ ദുര്‍ബലപ്പെടുത്തുക മാത്രമല്ല ആ സ്ത്രീ ഒരു സെലിബ്രിറ്റി എന്നു കൂടി പറഞ്ഞപ്പോള്‍ അവളില്‍ വിദ്വേഷം വളര്‍ന്നു.
""അവള്‍ സെലിബ്രിറ്റിയോ എന്തു മണ്ണാങ്കട്ടയോ ആകട്ടെ. അതൊന്നും എന്റെ വിഷയമല്ല. മാന്യതയുള്ള വ്യക്തികള്‍ ഇത്തരത്തില്‍ മറ്റുള്ളവരെ അവഗണിക്കില്ല. ഈ കൂട്ടര്‍ക്ക് ഓശാന പാടുന്നത് ശരിയല്ല. നിങ്ങള്‍ക്ക് അധികാരമുള്ളതുകൊണ്ട് ഇത്തരക്കാര്‍ക്ക് കൂട്ടുനില്ക്കുന്നത് നീതിയാണോ? ഈ ക്യൂവില്‍ ദരിദ്രനും സമ്പന്നരുമുണ്ട്. അങ്ങനെയൊരു ക്യൂ ഇവിടെ ഇല്ലല്ലോ. അധികാരവും സെലിബ്രിറ്റിയും കൊണ്ട് എന്തും കാണിക്കാമെന്നാണോ. ഇതിന് എല്ലാവരും കൂട്ടുനില്ക്കുമെന്നാണോ?''
""ഇതൊന്നും എന്നോട് പറഞ്ഞിട്ട് ഒരു ഫലവുമില്ല'', ഒരു പോലീസുകാരന്‍ ഉടനടി പറഞ്ഞു. ""കമ്മീഷണറുടെ ഉത്തരവാണ് എത്രയുംവേഗം അവരെ പുറത്തുവിടാന്‍.'' അവള്‍ കര്‍ശന സ്വരത്തില്‍ അറിയിച്ചു, ""ഞാന്‍ കണ്ടു അവള്‍ ഫോണ്‍ ചെയ്തത്. അയാളെക്കാള്‍ വലിയ ഒരു കമ്മീഷണര്‍ എന്റെ വീട്ടിലുണ്ട്. ചാരുംമൂടന്‍.''
ആ പേര് കേട്ടപ്പോള്‍ അവരില്‍ ചിലര്‍ പരസ്പരം നോക്കി.
അവള്‍ വീണ്ടും ചോദിച്ചു, ""എന്താ ഇതൊക്കെ പത്രക്കാരെ അറിയിക്കണോ? അതോ എല്ലാവര്‍ക്കും കോടതിയില്‍ കയറിയിറങ്ങണോ? എന്നെയും മറ്റുള്ളവരെയും മാനസികമായാണ് നിങ്ങള്‍ പീഡിപ്പിക്കുന്നത്.''
അവര്‍ പരസ്പരം പിറുപിറുത്തു. ഇവിടെ നീതി നടപ്പാക്കുന്നതാണ് നല്ലത്. പ്രശ്‌നപരിഹാരം ഒന്നേയുള്ളൂ. നടി ക്യൂവില്‍ പോയി നില്ക്കട്ടെ. അവര്‍ അത് നടിയോട് പറഞ്ഞു. അവര്‍ തിരികെ നടക്കുമ്പോള്‍ കിരണിനെ അവജ്ഞയോടെ നോക്കി. ആ നോട്ടത്തില്‍ അമര്‍ഷമുണ്ടായിരുന്നു. ഞാന്‍ നീ കരുതുന്ന കഴുതയല്ല. നിന്റെ സെലിബ്രിറ്റി ഷോ ആ കൂട്ടരോട് മതി. ഉദ്യോഗസ്ഥര്‍ ആദരവോടെ നോക്കി. മനസ്സില്‍ പറഞ്ഞു മിക്കവരും മിണ്ടാപ്പൂച്ചകളായ സ്ത്രീകളാണ്.
കിരണ്‍ ഉച്ചത്തില്‍ ഉദ്യോഗസ്ഥരോടായി പറഞ്ഞു, ""ബ്രിട്ടനില്‍ ഒരു മന്ത്രിയായാലും ക്യൂവില്‍ വന്നു നില്ക്കാറുണ്ട്. അറിയാമോ? ഇവിടുത്തെ കുറെ മാന്യന്മാര്‍. ആകാശവും ഭൂമിയും അവരുടെ തലയിലാണെന്നാണ് ധാരണ.''
അവളുടെ വാക്കുകള്‍ ക്യൂവില്‍ നിന്നവര്‍ക്ക് മാത്രമല്ല ഉദ്യോഗസ്ഥര്‍ക്കും കൂടിയുള്ള ഒരു താക്കീതായിരുന്നു. ക്യൂവില്‍ നില്ക്കാന്‍ പറഞ്ഞത് ഒരു നാണക്കേടായി നടിക്ക് തോന്നി. അപമാനിതയായി അവര്‍ ക്യൂവില്‍ നിന്നു. ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി. ക്യൂവില്‍ നിന്ന പലര്‍ക്കും അവളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കണമെന്നുണ്ടായിരുന്നു. അധികാരത്തിലുള്ളവര്‍ തന്നെ കുറ്റം ചെയ്യാന്‍ പണവും പ്രശസ്തിയുമുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു. അതിനുള്ള ന്യായീകരണങ്ങളും അവര്‍ക്കുണ്ട്. ഇപ്പോള്‍ തന്നെ കണ്ടില്ലേ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ അവരെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്. അയാള്‍ ക്യൂവില്‍ പോയി നില്ക്കാന്‍ പറയേണ്ട ആളല്ലേ. പോലീസ് കമ്മീഷണര്‍ വരെ ഇതിനു കൂട്ടുനിന്നില്ലേ. ക്യൂവില്‍ വന്നു നിന്ന കിരണ്‍ അമര്‍ഷമടക്കി ഉദ്യോഗഗസ്ഥരെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. സത്യവും നീതിയും നടപ്പാക്കുന്ന അധികാരി കുറ്റപ്പെടുത്തുക്കൊണ്ടിരിക്കുന്നു. അധികാരത്തിന്റെ തുറുപ്പുചീട്ടുകൊണ്ടാണല്ലോ സാമൂഹ്യനീതി ചെവുട്ടി മെതിക്കുന്നത്. എങ്ങും കുരുടന്റെ വടിപോലെയാണ് സത്യവും നീതിയും നടപ്പാക്കുന്നത്. നിലാവെളിച്ചത്തില്‍ എലി ഓടുംപോലെയല്ലേ പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം പോലീസുകാര്‍ ഓടിയെത്തിയത്. ഇവളെപ്പോലുള്ളവള്‍ അവര്‍ക്ക് പ്രിയപ്പെട്ടവരായതുകൊണ്ട് ഞാനെന്തിന് അപ്രിയസത്യത്തിന് കൂട്ടുനില്ക്കണം.
ഞാനൊരു സിനിമാപ്രേമി അല്ലാത്തതുകൊണ്ട് എനിക്കവരെ അറിയില്ല. അവരെപ്പറ്റി ഗോസിപ്പുകള്‍ എഴുതി വിടുന്ന മാസികകളും വായിക്കാറില്ല. അല്ലെങ്കിലും അവരുടെ കിടപ്പറ രഹസ്യങ്ങളും മറ്റു കഥകളും വായിച്ചും കണ്ടും താനെന്തിന് തന്റെ വിലപ്പെട്ട സമയം കളയണം. അതിലൂടെ എനിക്കെന്ത് ഗുണം?  പ്രായത്തിന്റെ പക്വതക്കുറവും അറിവിന്റെ അപ്രാപ്യവും മൂലം കുറെ കുട്ടികളും യുവജനങ്ങളും ഇവരെ അറിയുമായിരിക്കു. സിനിമ രംഗത്തും ഇതരമേഖലകളിലും തൊഴില്‍ ചെയ്യുന്ന ജനകോടികള്‍ ഈ രാജ്യത്തുണ്ട്. അവരെയൊന്നും ഇവരറിയില്ല. മുഖം എത്ര മിനുക്കിയാലും കുടുമയും പൂണൂലും കെട്ടി അഭിനയിച്ചാലും പൊന്‍ഗുണം വരില്ല. പൂക്കുന്നതെല്ലാം മാങ്ങയുമാവില്ല. ഇതൊക്കെ വായനും ബുദ്ധിയുമുള്ള മനുഷ്യര്‍ക്കേ മനസ്സിലാകൂ. അല്ലാതെ മന്ദബുദ്ധികള്‍ക്ക് മനസ്സിലാകില്ല. സത്യത്തില്‍ സ്‌നേഹബഹുമാനങ്ങള്‍ ഏറ്റെടുക്കാന്‍ യോഗ്യര്‍ ഈ മണ്ണിലെ സൃഷ്ടികര്‍ത്താക്കളായ സാഹിത്യകാരന്മാരാണ്. നടീടന്മാര്‍ എന്തെങ്കിലും സൃഷ്ടികള്‍ നടത്തുന്നുണ്ടോ? ഈ എഴുത്തുകാരുടെ വിരല്‍ത്തുമ്പില്‍ വിരിഞ്ഞ വാക്കുകളനുസരിച്ച് ആടിപ്പാടാനല്ലാതെ മന്തെന്ത് നന്മകളാണ് ഇവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. കച്ചവടതാല്പര്യമുള്ള കുറെ മാധ്യമങ്ങള്‍ അറിവിന്റെ ലോകത്തേക്ക് മനുഷ്യനെ നയിക്കാതെ ഇവരുടെ നഗ്നതയും പ്രണയവും പ്രദര്‍ശിപ്പിച്ചും മറ്റും ഇവരെ ഒരു കച്ചവട ഉല്പന്നമാക്കി മാറ്റി ഏതോ അജ്ഞാതലോകത്തേക്കല്ലേ ഈ വിശക്കുന്ന വയറുമായി കഴിയുന്ന പാവങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്? അതിന്റെ അനന്തരഫലമെന്തെന്ന് മാധ്യമങ്ങളും ചാനലുകളും ഒരു പുനര്‍ചിന്തനം നടത്തേണ്ടതല്ലേ?
ക്യൂവില്‍ നിന്നവരൊക്കെ ബുദ്ധിമാന്ദ്യമുള്ളവരായിട്ടാണ് കിരണ്‍ കണ്ടത്. സ്വന്തം നാട്ടില്‍ മുദ്രാവാക്യങ്ങള്‍ വിളിക്കാനും ആമ്മീന്‍ എന്ന് ഏററു ചൊല്ലാനും മിടുക്കര്‍. എല്ലാവരും നിശബ്ദരായി നോക്കി നിന്നതല്ലാതെ ഒരക്ഷരം ഉരിയാടിയില്ല. ഞാനുന്നയിച്ചത് എന്റെ വ്യക്തിപരമായ കാര്യമല്ല. ആണുങ്ങളുടെ ശിരസ് ഇങ്ങനെയങ്ങ് കുനിയാന്‍ പാടില്ല. ഇപ്പോഴും ഉള്ളില്‍ വിദ്വേഷം ഊളിയിട്ട് സഞ്ചരിക്കയാണ്. അവളുടെ അഴകാര്‍ന്ന മുഖത്തേക്ക് നോക്കി ചിലര്‍ ഉള്ളാലെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. പാസ്‌പോര്‍ട്ട് കൊടുത്ത് സ്റ്റാമ്പടിച്ച് പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് നാട്ടുകാരുടെ പ്രിയംകരിയായ നടിയെ അവള്‍ ഒരിക്കല്‍ക്കൂടി പുച്ഛഭാവത്തില്‍ നോക്കുകയുണ്ടായി. ഇതവള്‍ക്ക് ഒരു പാഠമാണ്. ചൂടറിഞ്ഞ പൂച്ച അടുപ്പിനടുത്തേക്ക് പോകില്ല. ലണ്ടനിലേക്ക് പോകുന്ന സമയം ഒരു ബിഷപ്പ് ക്യൂവില്‍ നില്ക്കാതെ ഇങ്ങനെ പോകുന്നത് കണ്ടു. അന്നതിനേപ്പറ്റി കൂടുതലറിഞ്ഞില്ല. ഇന്നായിരുന്നെങ്കില്‍ ഇതുപോലുള്ള പ്രതികരണം തന്നെയാകുമായിരുന്നു. സമൂഹത്തിന് മാതൃകയും പ്രചോദനവുമാകേണ്ടവര്‍ ജീവിതനിയമങ്ങളും വിശുദ്ധിയും കൈവെടിഞ്ഞ് വിവേകമില്ലാത്തവരായി ഇരുണ്ടുപോകുന്നത് എന്താണ്? ഈ കൂട്ടരെ ഇത്രത്തോളം വളര്‍ത്തിയത് മറ്റുള്ളവരുടെ മനസ്സിനെ അസ്വസ്ഥമാക്കാനാണോ?
ഇവരെപ്പോലുള്ളവരുടെ ധാരണ വിശ്വാസവും ജനങ്ങള്‍ കിരീടം അണിയിച്ച്  രാജകീയ പദവി നല്കിയിരിക്കുന്നുവെന്നാണ്. ജീവിതത്തിന്റെ ദിശാബോധമില്ലാത്തവര്‍. ചുട്ടുപൊള്ളുന്ന ചൂടും മരുഭൂമിയാത്രയും വിശപ്പും പട്ടിണിയും തിരിച്ചറിയാത്തവരാണ്. ഇവര്‍ക്ക് എന്തും ചെയ്യാന്‍ അധികാരമുണ്ട്. ഒരു നിയമവും ബാധകമല്ല എന്ന് ചിന്തിക്കുന്നവര്‍ക്ക് ഇരുട്ടും വെളിച്ചവും ഒരുപോലെയാണ്. ഇവരെന്നും ജീവിതത്തില്‍ ഒളിഞ്ഞും തെളിഞ്ഞും തന്ത്രങ്ങള്‍ മെനഞ്ഞ് ജീവിക്കുന്നവരാണ്. കണ്‍വെയര്‍ ബെല്‍റ്റില്‍ ബാഗുകള്‍ വരുന്നതും നോക്കി നില്ക്കുമ്പോള്‍ അവളുടെ പെട്ടി അടുത്തേക്ക് വന്നു.
പെട്ടിയെടുത്ത് എന്തെന്നില്ലാത്ത സന്തോഷത്തുടിപ്പുമായി അവള്‍ പുറത്തുവന്നു. എല്ലാവരും പ്രിയപ്പെട്ടവരെ കാത്ത് തുറിച്ച കണ്ണുകളുമായി നില്ക്കുന്നതിനിടയില്‍ കൈകളുയര്‍ത്തി നില്ക്കുന്ന കരുണിനെ കണ്ടു. പുഞ്ചിരിയോടെ അവന്റെ അടുത്തേക്കു നടന്നു.
സന്തോഷത്താല്‍ വിടര്‍ന്ന മുഖത്തുനോക്കി സ്‌നേഹത്തോടെ ചോദിച്ചു, ""യാത്ര സുഖമായിരുന്നോ?''
അവള്‍ പുഞ്ചിരിയോടെ ഉന്മാദമുയര്‍ത്തുന്ന മിഴികളോടെ അവനെ നിമിഷങ്ങള്‍ നോക്കി നിന്നിട്ട് പറഞ്ഞു, ""സുഖമായിരുന്നു. ഖത്തര്‍ എയര്‍വെയ്‌സ് തെറ്റില്ല. ഖത്തറില്‍ രണ്ടു മണിക്കൂര്‍ ഇരിക്കേണ്ടി വന്നു.''
തിരക്കുകള്‍ക്കിടയിലൂടെ അവര്‍ മുന്നോട്ടു നടന്നു. കാര്‍ പാര്‍ക്കിലെത്തി പെട്ടി കാറിന്റെ പിന്‍സീറ്റില്‍ വച്ചിട്ട് അവനൊപ്പം മുന്‍സീറ്റിലിരുന്നു. അതവള്‍ക്ക് ആനന്ദം പകരുന്ന അനുഭവമായിരുന്നു. അവളുടെ കണ്ണുകള്‍ കൃതാര്‍ത്ഥങ്ങളായി. വിമാനം രാവിലെ നാലരയ്ക്ക് വന്നതിനാലാണ് മമ്മി വരാതിരുന്നത്. അര്‍ദ്ധരാത്രിയില്‍ വരേണ്ടെന്ന് താനാണ് പറഞ്ഞത്. കരുണിനൊപ്പം ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള കൊതിയാണ് അങ്ങനെയൊരു തീരുമാനമെടുപ്പിച്ചത്.
അവള്‍ ശംഖുമുഖം കടപ്പുറം കാണണമെന്ന് ആവശ്യപ്പെട്ടു. അവിടേക്ക് പോയി. എത്രകണ്ടാലും മതിവരാത്തതാണ് കടത്തിരികള്‍. അവര്‍ കടല്‍പ്പുറത്ത് വന്ന് നീലിമയാര്‍ന്നു കിടക്കുന്ന കടലിനെ നോക്കി. കടല്‍ക്കാറ്റ് കുളിര്‍മ പകര്‍ന്നു. അട്ടഹാസ ചിരിയോടെ കടല്‍ത്തിരകല്‍ തീരത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു. പ്രാണന്‍ വീണ്ടും നില നിര്‍ത്തുന്നതിനായി കടലമ്മയുടെ മടിത്തട്ടിലേക്ക് മടങ്ങിപ്പോയി. എങ്ങും കാക്കകള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.
ലണ്ടനിലെ വിശേഷങ്ങള്‍ ഇതിനിടയില്‍ അവന്‍ ചോദിച്ചു. എല്ലാറ്റിനും അവള്‍ മറുപടി കൊടുത്തു. നീണ്ട മാസങ്ങള്‍ പ്രിയപ്പെട്ടവരെ പിരിഞ്ഞിരുന്ന ഉത്കണ്ഠയും അവള്‍ പങ്കുവച്ചു. മനസ്സാകെ ഇവിടെയായതിനാല്‍ അധികമാനന്ദമൊന്നും തോന്നിയില്ല. എന്നാലും ലണ്ടന്‍കാഴ്ചകള്‍ എല്ലാം മനോവേദനകള്‍ മാറ്റുന്നതായിരുന്നു. അതൊരു വിശാലമായ ലോകം തന്നെയാണ്. അവിടെ പൗരസ്വാതന്ത്ര്യം ഇവിടുത്തെപ്പോലെ ബാലിശമല്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ വിപ്ലവകരമായ ഒരു മാറ്റം അവിടെ വന്നു കഴിഞ്ഞു. അതിനാല്‍ മനുഷ്യാവകാശങ്ങള്‍ അവര്‍ സംരക്ഷിക്കുന്നുണ്ട്.
ഇതിനിടയില്‍ അവന്‍ ചോദിച്ചു, ""അവിടുത്തെ ധനികരും പാവപ്പെട്ടവരും തമ്മില്‍ വലിയ അന്തരമുണ്ട്?''
അവന്റെ ആകാംക്ഷ നിറഞ്ഞ ചോദ്യം അവള്‍ക്ക് ഇഷ്ടപ്പെട്ടു. നിറപുഞ്ചിരിയോടെ അവനതിന് ഉത്തരം പറഞ്ഞു.
""ഞാനവിടെ ധനികനെയോ പാവപ്പെട്ടവനെയോ കണ്ടില്ല. സത്യത്തില്‍ ആരാണ് ധനികന്‍ ആരാണ് ദരിദ്രന്‍ എന്ന് ആര്‍ക്കുമറിയില്ല. എല്ലാ മനുഷ്യരും അദ്ധ്വാനിച്ചു ജീവിക്കുന്നു. അഥവാ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ജോലിയില്ലാത്തവര്‍ അംഗവൈകല്യമുള്ളവര്‍ ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ സഹായമെത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചകളിലും അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണമെത്താറുണ്ട്. പിന്നെ ഒരു കുറവ് വരുത്തിയിരിക്കുന്നത് എല്ലാ വര്‍ഷവും ഒരു ജോലിയും ചെയ്യാതെ വീട്ടിലിരുന്ന് പ്രസവിക്കുന്ന സ്ത്രീകള്‍ക്കാണ്.''
കരുണ്‍ ആകാംക്ഷയോടെ നോക്കിയിട്ട് ചോദിച്ചു, ""എല്ലാവര്‍ഷവും സ്ത്രീകള്‍ പ്രസവിക്കുമോ? മദാമ്മ പെണ്ണുങ്ങള്‍ അതിന് തയ്യാറാകുമോ?''
അവന്റെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. ""എടാ മണ്ടാ, വിവരവും വിദ്യാഭ്യാസവുമുള്ള ഏതെങ്കിലും മദാമ്മ അതിന് തയ്യാറാകുമോ? ഞാന്‍ പറഞ്ഞത് മറ്റു രാജ്യങ്ങളില്‍ നിന്ന് കുടിയേറി പാര്‍ത്ത ഒരു വിഭാഗത്തിന്റെ കാര്യമാ. കുട്ടികളുടെ എണ്ണം നോക്കിയല്ലേ കാശു വാങ്ങുന്നത്. സ്ത്രീകള്‍ ഇങ്ങനെയുള്ള രാജ്യത്ത് ജനിക്കണമെന്നാണ് എന്റെ പക്ഷം. നമ്മുടെ രാജ്യത്തെ സ്ത്രീകളുടെ ദുരവസ്ഥ എത്ര ദയനീയമാണെന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്. നമ്മുടെ കുട്ടികളെപ്പോലും കാമഭ്രാന്തന്മാര്‍ വെറുതെ വിടുന്നുണ്ടോ? നമ്മുടെ ഭരണഘടനയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യോക നിയമമുണ്ട്. അത് എത്രമാത്രം സ്ത്രീകള്‍ക്ക് ഗുണം ചെയ്യുന്നുണ്ട്. അവിടെ എനിക്ക് തീരെ ഇഷ്ടപ്പെടാതെപോയെ ഒരു കാര്യം പഠിച്ചുകൊണ്ടിരിക്കുന്ന പല പെണ്‍കുട്ടികളും ഗര്‍ഭിണികളാകുന്നു എന്നുള്ളതാണ്. ജീവിതത്തില്‍ ഒരു പെണ്‍കുട്ടി ത്യജിക്കപ്പെടേണ്ടത് പ്രേമത്തില്‍ കുടുങ്ങി  കാമത്തിലവസാനിക്കുന്നു. അവരെ തടയാന്‍ മാതാപിതാക്കള്‍ക്കുപോലും അവകാശമില്ല. അവളുടെ കാമുകന്‍ ഉപേക്ഷിച്ചുപോയാലും സര്‍ക്കാര്‍ അവളുടെ തുണയ്‌ക്കെത്തും. അവര്‍ക്ക് താമസിക്കാന്‍ ഫ്‌ളാറ്റും കുട്ടിക്ക് ചിലവിനുള്ള കാശും കൊടുക്കും. ഇങ്ങനെ സര്‍ക്കാര്‍ പോറ്റി വളര്‍ത്തുന്ന ആയിരക്കണക്കിന് കുട്ടികളുണ്ട്. ആ ഒരു കാര്യത്തില്‍ മാത്രമേ നമ്മുടെ സംസ്കാരവുമായി യോജിക്കാതിരിക്കാന്‍ കഴിയൂ. മറ്റ് ഏതുരംഗമെടുത്താലും അവര്‍ നമ്മളെക്കാള്‍ എത്രയെത്ര മുന്നിലാണ്.''
സൂര്യന്‍ തിളങ്ങിക്കൊണ്ടിരുന്നു. സമ്പന്ന രാജ്യങ്ങളെപ്പറ്റി കൂടുതലറിയണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോള്‍ എല്ലാം കേട്ടിരിക്കാനുള്ള സമയമില്ല. പപ്പയും മമ്മിയും മകളെ നോക്കിയിരിക്കയാണ്. അവനോട് കൂടുതല്‍ സംസാരിക്കാന്‍ മനസ്സുണ്ടെങ്കിലും കരുണ്‍ പോകാന്‍ തിടുക്കം കാട്ടിയിട്ട് പറഞ്ഞു. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് മടങ്ങിപ്പോകാം. അവന്റെയാവശ്യത്തെ തള്ളിക്കളയാന്‍ അവള്‍ക്ക് മനസ് വന്നില്ല. പപ്പയെ മമ്മിയെ കാണാന്‍ മനസ് വെമ്പല്‍കൊണ്ടു നിന്നു. കാര്‍ പൊടിപടലം പറത്തിക്കൊണ്ട് മുന്നോട്ട് പോയി. ഒരു ഹോട്ടലില്‍ കയറി ലഘുഭക്ഷണം കഴിച്ചിട്ട് അവര്‍ വീണ്ടും യാത്ര തിരിച്ചു. നീണ്ട മണിക്കൂറുകള്‍ അവനുമായി സൗഹൃദവും പ്രേമവും പങ്കിടാന്‍ അവസരം ലഭിച്ചതില്‍ മാരിവില്‍പോലെ അവളുടെ കണ്ണുകള്‍ വിവിധനിറങ്ങളില്‍ തിളങ്ങി. ഇടയ്ക്കവന്‍ കാര്‍ നിര്‍ത്തിയപ്പോള്‍ അവള്‍ സംശയത്തോടെ നോക്കി.
കൊല്ലത്ത് വഴിയോരങ്ങളില്‍ ധാരാളം കടകള്‍ തുറന്നിരുന്നു. റോഡരികിലൂടെ ധാരാളം മനുഷ്യര്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ട്. കരുണ്‍ പോയത് അവിടെയുള്ള ഒരു കടയിലേക്കാണ്. അവള്‍ തലയുയര്‍ത്തി നോക്കി. എവിടെയും തിരക്കാണ്. റോഡിലൂടെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോകുന്നുണ്ട്. കരുണ്‍ ഓരോരോ കടകളില്‍ കയറി എന്തോ പരതി നോക്കുന്നുണ്ട്. ചില കടകളില്‍ മുന്നില്‍ കണ്ടത് പരിശോധിക്കയും ചെയ്യുന്നു.
റോഡിലൂടെ സിഗററ്റും പുകച്ച് നടക്കുന്നവരെ അവള്‍ പുച്ഛഭാവത്തില്‍ നോക്കി. നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും യാതൊരു കൂസലുമില്ലാതെയല്ലേ മറ്റുള്ളവര്‍ക്ക് അസുഖങ്ങളുണ്ടാക്കുന്ന സിഗരറ്റ് വലിച്ച് നടക്കുന്നത്. ഈ ദുഷിച്ച പ്രവണത അവരിലുണ്ടാകുന്ന സര്‍വനാശത്തേപ്പറ്റി ബോധവാന്മാരുമല്ല. ഇത് ക്യാന്‍സര്‍ എന്ന മാരകമായ രോഗം നല്കി ഇവരുടെ ശരീരത്തെ മലിനപ്പെടുത്തുകയല്ലേ ചെയ്യുന്നത്. ഒരു ഭാഗത്ത് പുകവലി ശരീരത്തിന് ഹാനികരമെന്നറിയിക്കയും വ്യവസായികളുടെ പങ്ക് പറ്റി അതുല്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്യുന്നു. മദ്യത്തിലും ഇതെ നയം തുടര്‍ന്ന് എത്രയോ കുടുംബങ്ങളെയാണ് തകര്‍ത്തുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ ഇവരൊക്കെ നാടിന്റെയോ മനുഷ്യന്റെയോ നന്മ ആഗ്രഹിക്കുന്നവരാണോ? മനുഷ്യര്‍ എന്തുകൊണ്ട് ഇതിന്റെയൊക്കെ ചങ്ങാതിമാരാകുന്നു അതല്ലേ ചിന്തിക്കേണ്ടത്? ഇതിനെയൊക്കെ അടിച്ചമര്‍ത്താന്‍ കര്‍ശനവും വിശ്വസനീയവുമായ നിലപാടുകളാവശ്യം. അല്ലാതെ വാചാലമായിട്ട് എന്ത് ഫലം? കള്ളുകച്ചവടക്കാരെ പ്രീതിപ്പെടുത്തുന്ന ഭരണകൂടങ്ങള്‍. അവരെ അവരാല്‍ ദുരിതമനുഭവിക്കുന്നവര്‍ ധാരാളം. ജനങ്ങള്‍ എന്നും ഭീതിയുടെ നിഴലില്‍തന്നെ. സ്വര്‍ഗ്ഗത്തില്‍ സന്തുഷ്ടനായ ജീവിക്കുന്ന ദൈവത്തെപ്പോലെ മണ്ണിലും ഏദന്‍ തോട്ടങ്ങള്‍.
ഒരു വലിയ പ്ലാസ്റ്റിക് കവറില്‍ വിവിധ നിറത്തിലുള്ള തോരണങ്ങളുമായി വന്ന കരുണ്‍ ചോദിച്ചു, ""കിരണിന് ചായ കുടിക്കണോ?''
അവളൊന്നു മൂളി. കവര്‍ സീറ്റില്‍ വച്ചിട്ട് അവന്‍ മടങ്ങിപ്പോയി. അവളത് തുറന്നുനോക്കി. അവളുടെ കണ്ണുകളില്‍ നിഴലിച്ചത് ചോദ്യങ്ങളായിരുന്നു. ഇവനെ ഇപ്പോള്‍ രാഷ്ട്രീയപ്രേതം പിടികൂടിയിരിക്കയാണോ? അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയ്ക്ക് വേണ്ടി വീരചരമം പ്രാപിച്ച ധീരയോദ്ധാക്കള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായിരുന്നു. ഇന്ന് ആ സ്ഥാനത്ത് കുറ്റവാളികളുടെ എണ്ണമാണ് കൂടിക്കൊണ്ടിരിക്കുന്നത്. അതിനെതിരെ കുറെ ചാനല്‍ കാമറ കണ്ണുകള്‍ പതിയുന്നുണ്ടെങ്കിലും അവര്‍ക്ക് മുകളില്‍ ആകാശം വിടര്‍ത്തി നില്ക്കുന്ന ക്യാമറ കണ്ണുകള്‍ ഇല്ലെന്നുള്ളതാണ് സത്യം. അതിനാല്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന അഴിമതിയും വഞ്ചനയും പീഡനവും കൊലപാതകങ്ങളും അനാവരണം ചെയ്യാന്‍ ചാനല്‍ ക്യാമറകള്‍ക്കാവില്ല. നിത്യവും സത്യവും നീതിയും അടക്കം ചെയ്തുകൊണ്ടിരിക്കയാണ്. പാവങ്ങളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍ ആരുമില്ലാത്ത ഒരു വ്യവസ്ഥയിലൂടെയാണ് ജനങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. അവര്‍ക്ക് സ്വപ്നങ്ങളില്ല, മോഹങ്ങളില്ല വെറും ആവശ്യങ്ങള്‍ മാത്രം.
യൗവനത്തുടിപ്പുള്ള യുവാക്കള്‍ വെറും മടിയന്മാരായി അധികാരസ്ഥാനത്ത് എത്തുവാന്‍ വെമ്പല്‍കൊള്ളുമ്പോള്‍ അദ്ധ്വാനിക്കുന്ന കരുണിന്റെ ശരീരത്തു കാണുന്നത് വിയര്‍പ്പുതുള്ളികളാണ്. അതിനെ ആരാധനയോടെയാണ് വീക്ഷിക്കുന്നതെങ്കിലും ഉള്ളിന്റെയുള്ളില്‍ ഒരു ഭയമുണ്ട്. അവനില്‍ പലപ്പോഴും പപ്പയില്‍ കാണാറുള്ളതുപോലെ ഒരു വിപ്ലവവീര്യം ഉയരുന്നുണ്ട്. അത് ഇന്ന് പരമാധികാരത്തിലിരിക്കുന്ന കുറ്റവാളികള്‍ക്ക് ഇഷ്ടപ്പെടുമോ? അവനിപ്പോള്‍ ധാരാളം ആരാധകര്‍ ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്. എന്നാലും രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം ആപത്തുകള്‍ വരുത്തുമോ? സത്യസന്ധരായ മനുഷ്യരെ അവള്‍ ഉള്‍ക്കൊള്ളുമോ? എനിക്കവനെ പിന്തിരിപ്പിക്കാന്‍ കഴിയുമോ? സാമൂഹ്യപ്രവര്‍ത്തനത്തിലൂടെയാണ് ഒരു മനുഷ്യന്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വരേണ്ടത്. ആ നിസ്വാര്‍ത്ഥ സമര്‍പ്പണം അവനിലുണ്ട്. എന്നാല്‍ ഇന്നത് ധാരാളം നിഗൂഢതകള്‍ നിറഞ്ഞ ഒരു രംഗമാണ്. അവരുടെ മദ്ധ്യത്തില്‍ ഇവന് ഒറ്റയ്ക്ക് ജയിക്കാനാകുമോ? ഈ രംഗത്ത് അവന് തുണയായി ആരുമില്ല. പല രാഷ്ട്രീയ നേതാക്കളുടെയും മക്കള്‍ അവരുടെ ആവശ്യാനുസരണം സമൂഹത്തിന് ഒരു നന്മയും ചെയ്യാതെ പല സുപ്രധാനപദവികളും അലങ്കരിക്കാറുണ്ട്. അവര്‍ക്ക് കൂട്ടിന് സ്തുതിപാടകരുമുണ്ട്. ഇത്തരം അധാര്‍മ്മികതയെ ചോദ്യം ചെയ്യാന്‍ ആരും മുന്നോട്ട് വരാറില്ല.
കരുണിനെ സംബന്ധിച്ച്, അവന്‍ പോരാടുകതന്നെ ചെയ്യും. ആരുടെയും പിന്‍ബലം ആവശ്യമില്ലെങ്കിലും അവന്‍ ഒളിച്ചോടുന്നവന്‍ അല്ല. അവന്റെ പോരാട്ടം മണ്ണിനോടാണ്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും സഹകരണമില്ലാതെ കേരളദേശം എന്ന സംഘടന അവനുണ്ടാക്കിയതാണ്. അതില്‍ നിസ്വാര്‍ത്ഥരായ കുറെ പ്രവര്‍ത്തകര്‍. നാടിന്റെ നന്മ മാത്രം ആഗ്രഹിക്കുന്നവര്‍. സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടം. മതരാഷ്ട്രീയ നിറം നോക്കാതെ അവന്‍ പഞ്ചായത്ത് പ്രസിഡന്റ് ആകണമെന്ന് വാദിച്ചവരുണ്ട്. സാധാരണമനുഷ്യര്‍ അങ്ങിനെയൊരു അവസരം വന്നാല്‍ തള്ളിക്കളയില്ല. അവന്റെ മറുപടിയോ അങ്ങനെയൊരു അത്യാഗ്രഹമൊന്നും എനിക്കില്ലെന്നായിരുന്നു.
അവന്റെ അഭിപ്രായത്തില്‍ അത്ഭുതപ്പെട്ടവരുണ്ട്. അവന്റെ ലക്ഷ്യം ഒരു പദവിയല്ല മറിച്ച് മനുഷ്യരെ കൃഷി ചെയ്യാന്‍ താല്പര്യമുള്ളവരാക്കുക, മരങ്ങള്‍ നട്ടുവളര്‍ത്താന്‍ പ്രേരിപ്പിക്കുക, പ്രകൃതിയെ സംരക്ഷിക്കുക, നദികളെയും സംരക്ഷിക്കുക, അന്തരീക്ഷ മലിനീകരണം നടത്തുന്ന കാര്‍ബണ്‍ഡൈയോക്‌സൈഡിനെ പുറംതള്ളുക ഇങ്ങനെ പലതാണവന്‍ സ്വപ്നം കാണുന്നത്. മനുഷ്യര്‍ മണ്ണില്‍ നിന്ന് അകലുന്നതായി അവനറിയാം. അവന്റെ നിലപാടിനെ മറ്റുള്ളവര്‍ അംഗീകരിക്കുന്നതുകൊണ്ടാണല്ലോ കേരളദേശം സംഘടനയിലും കര്‍മ്മസേനയിലും യുവതീയുവാക്കളുടെ എണ്ണം കൂടുന്നത്. വളരെ അര്‍ത്ഥപൂര്‍ണ്ണമായ ഒരു പ്രവര്‍ത്തനമാണ് കര്‍മ്മസേന നടപ്പാക്കുന്നത്. പഞ്ചായത്തിലെ കൈക്കൂലിക്കാരുടെ മനോഭാവം മാറിയിട്ടുണ്ട്. ആ ഭാഗത്ത് അവര്‍ മഹത്തായ ഒരു യാത്രതന്നെയാണ് നടത്തുന്നത്. അത് ധീരവും ക്രിയാത്മകവുമായ നിലപാടെന്ന് അവള്‍ മനസ്സിലാക്കി.
അവന്‍ ചായ അവള്‍ക്ക് കൈമാറി. അതവള്‍ക്ക് സുഖകരമായ ഒരനുഭവമായിരുന്നു. എനിക്ക് വേണ്ടി എന്തും ചെയ്തുതരുമെന്നുള്ള സൂചനയാണത്. അവനും പുറത്തുനിന്ന് ചായ കുടിക്കുന്നുണ്ട്. ഇതിനിടയില്‍ മൊബൈലില്‍ ആരുമായോ സംസാരിക്കുന്നുണ്ട്. അവര്‍ കാറിലിരുന്ന് പലപല വിഷയങ്ങളെപ്പറ്റിയും സംസാരിക്കുന്നുണ്ട്. ആ കൂട്ടത്തില്‍ അവള്‍ ചോദിച്ചു, ""ഈ തോരണങ്ങള്‍ എന്തിനാണ്?''
""കര്‍മ്മസേന ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം നമ്മുടെ നമ്മുടെ നദിയും തോടും മാലിന്യമുക്തമാക്കുക എന്നുള്ളതാണ്. നമ്മുടെ ദേശത്ത് മനുഷ്യന് പുഴയും തോടും ഇങ്ങനെ മരിക്കാനനുവദിച്ചുകൂടാ. കഴിഞ്ഞ ചൂടില്‍ ദാഹജലത്തിനായി ജനങ്ങള്‍ ധാരാളം വലഞ്ഞു. നാല്പത്തിനാല് പുഴകളുടെ നാടായ കേരളത്തില്‍ ജനങ്ങള്‍ ദാഹിച്ചു വലയുക എത്ര കഠോരമാണ്. കുന്നുകളും മലകളും ഇടിച്ചു നിരത്തി മാഫിയ രാജാക്കന്മാര്‍ വാഴുകയാണ്. അതിന്റെ പങ്ക് അധികാരികള്‍ക്കുമുണ്ട്. അവര്‍ കണ്ണുതുറന്ന് കാണുന്നില്ല. ഇതൊക്കെ കണ്ടുകൊണ്ടിരിക്കാന്‍ ഇനിയും കര്‍മ്മസേനയ്ക്ക് ആവില്ല. ഇതിനെതിരെ ശക്തമായി പ്രതികരിക്കും. ഞങ്ങള്‍ അലസന്മാരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഗ്രാമത്തില്‍ നടമാടിയ പല വെല്ലുവിളികളെയും ഞങ്ങള്‍ തൂത്തെറിഞ്ഞിരിക്കുന്നു. മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനറിയാത്തവരുടെ മുന്നിലേക്ക് ഉപയോഗ്യശൂന്യമായ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ കൂമ്പാരമാണ് വരാനിരിക്കുന്നത്. നാം നേരിടാനിരിക്കുന്നത് ഭീകരമായ പരിസ്ഥിതി പ്രശ്‌നം തന്നെയാണ്. ഇത് മണ്ണില്‍ മാത്രമല്ല നമ്മുടെ ആകാശം പോലും മലിനപ്പെടുത്തും. അവിടെപോയി സമരം ചെയ്യാനാകില്ല. ഈ മണ്ണില്‍ ഞങ്ങള്‍ നിരാഹാര സമരത്തിന് അടുത്താഴ്ച തുടക്കം കുറിക്കയാണ്. ആദ്യത്തെ ആഴ്ച ഞാനാണ് നിരാഹാരമിരിക്കുന്നത്.''
കാറ്റിന്റെ കുളിരിളം തലോടല്‍പോലെ അവന്റെ വാക്കുകള്‍ കേട്ടുകൊണ്ടിരുന്ന കിരണിന്റെ മുഖം വാടുക മാത്രമല്ല ഹൃദയത്തിലേക്ക് മരണമണികളുടെ നാദവും കേട്ടുതുടങ്ങി. പ്രകൃതിയില്‍ കുമിഞ്ഞുകൂടുന്ന കറുത്ത പുക പുകപടലങ്ങള്‍ പോലെ അവളുടെ മനസ്സും കറുത്തിരുണ്ടു. നിരാഹാര സത്യാഗ്രഹം മറ്റുള്ള സത്യാഗ്രഹങ്ങളെപ്പോലെയല്ല. അത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ടുലള സമരമാണ്. ഇരുള്‍വീണ ഇടനാഴികളില്‍ കൂടിയുള്ള യാത്രയാണ്. അവിടെ നിറഞ്ഞുനില്ക്കുന്നത്  കൂരിരുട്ടാണ്. മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിക്ക് ജീവന്‍ നല്കാനുള്ള പോരാട്ടം. യാഥാര്‍ത്ഥ്യങ്ങള്‍ ഭരണചക്രങ്ങള്‍ തിരിക്കുന്നില്ലെങ്കില്‍ സാധാരണക്കാര്‍ പോരാളികളാകുക സ്വാഭാവികം. ആ പോരാളികളെ അടിച്ചമര്‍ത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. മരണംവരെ പോരാടുന്നവരാണ്. ഒരു നൊമ്പരംപോലെ നിരാഹാരസത്യാഗ്രഹം അവളില്‍ നിറഞ്ഞു നിന്നു. ചെറുപ്പം മുതലെ വിയര്‍പ്പില്‍ ജീവിച്ചവന്‍ ഇന്ന് വിപ്ലവത്തെ കൂട്ടുപിടിക്കുന്നതില്‍ തെറ്റു പറയാനാകില്ല. സമൂഹവുമായി സജീവബന്ധം അവനുണ്ടാക്കി കഴിഞ്ഞു. നാട്ടുകാര്‍ ഇന്ന് ആഗ്രഹിക്കുന്നത് അവരെ വഞ്ചിക്കാത്ത കരുത്തരായ ജനസേവകരെയാണ്. സാമൂഹ്യസേവനരംഗത്ത് മാതൃകയാക്കാന്‍ ആരുമില്ലാത്തൊരു കാലം.
സത്യത്തില്‍ മനസ്സിനെ കുത്തിനോവിച്ചത് ലണ്ടനിലേതുപോലെ ഇവിടെയും താന്‍ ഒറ്റപ്പെടുമോ എന്ന ചിന്തയാണ്. ഇങ്ങനെയൊരു സമരത്തെപ്പറ്റി അവന്‍ പറഞ്ഞതുമില്ല. പ്രത്യേകിച്ച് എന്നെ ഈ കാര്യമറിയിച്ചിട്ട് എന്തു കാര്യം. പകര്‍ച്ചവ്യാധികള്‍ മൂലം ധാരാളം ആളുകള്‍ മരിച്ചു വീഴുന്നുണ്ട്. അതുകൊണ്ടാണ് ആളുകള്‍ ഇത്തരമൊരു സമരമുറ തിരഞ്ഞെടുത്തത്. ശാസ്ത്രം ഇത്രയധികം മുന്നോട്ടു നീങ്ങിയിട്ടും ഭരണകര്‍ത്താക്കള്‍ ഇതിലൊന്നും ശ്രദ്ധിക്കാത്തത് അത്ഭുതംതന്നെ. ഇങ്ങോട്ടു തിരിച്ചു വന്നപ്പോള്‍ മനസ്സിന് എന്താഹ്ലാദമായിരുന്നു. ഉള്ളില്‍ പ്രണയവികാരമാണ് തുടിച്ചു നിന്നത്. പ്രണയം തുടിക്കുന്നതുകൊണ്ടാണല്ലോ അവനെ ഓരോ നിമിഷവും കാണാനാഗ്രഹിക്കുന്നത്. തന്റെ പ്രണയകൂട്ടിലേക്ക് ഒരു കിളിയായി അവന്‍ പറന്ന് വരുമെന്ന് പ്രതീക്ഷയോടെയാണ് അവള്‍ വന്നത്. അവനിപ്പോള്‍ പഴയ കരുണല്ല. പഞ്ചായത്ത് മെമ്പര്‍ കരുണാണ്. സാമൂഹ്യവിഷയങ്ങളില്‍ ധാരാളം തിരക്കുള്ളവന്‍. അവിടെ സ്വാര്‍ത്ഥത കാണരുത്.
സ്വന്തം പ്രണയത്തെ മലിനജലമാക്കാതെ അവന്‍ ഏറ്റെടുത്തിരിക്കുന്ന അഴുകി നാറിയ മാലിന്യത്തെ സംസ്കരിക്കാനുള്ള തയ്യാറെടുപ്പാണ് നടത്തേണ്ടത്. അതില്‍ പങ്കാളിയാകുക. അങ്ങനെയാകുമ്പോള്‍ മനുഷ്യര്‍ രോഗശയ്യയില്‍ നിന്ന് രക്ഷ പ്രാപിക്കും. ആശുപത്രി കിടക്കകള്‍ രോഗികളെകൊണ്ട് നിറയില്ല. ഡോക്ടര്‍മാര്‍ ക്ഷീണിതരാകില്ല. നഴ്‌സുമാര്‍ കിതച്ചോടി രോഗികളുടെ ബന്ധുക്കള്‍ ഹൃദയവ്യഥകളുമായി നോക്കി നിന്ന് നൊമ്പരമനുഭവിക്കയില്ല. അത് മാത്രമല്ല് ലണ്ടനില്‍ പഠിക്കാന്‍പോയ മകള്‍ അവധിക്കു വന്നപ്പോള്‍ ജനകീയ പ്രക്ഷോഭത്തില്‍ പങ്കാളിയായി അവരുടെ സേവനങ്ങളില്‍ പങ്കെടുത്തു എന്നുള്ള വാര്‍ത്തയും. സ്വന്തം അമ്മയ്ക്ക് തുല്യമാണ് ഭാഷയും പ്രകൃതിയുടമൊക്കെ മനുഷ്യരല്ലേ മനസ്സിലാക്കേണ്ടത്. അതിന്റെ സംരക്ഷണവും അവരല്ലേ ഏറ്റെടുക്കേണ്ടത്. മാലിന്യങ്ങള്‍ കൂനകൂട്ടിയിടുന്നത് സര്‍ക്കാരല്ലല്ലോ. എന്നാല്‍ ഇതിനൊക്കെ ഒരു ദീര്‍ഘകാലപരിഹാരമാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയേണഅടവരാണ് ഭരണത്തിലുള്ളവര്‍. അവര്‍ കണ്ടിട്ടും കാണാതിയിരിക്കുന്നത് എന്താണ്?
യാത്രയില്‍ യാതൊരു വിരസതയും രണ്ടുപേര്‍ക്കുമുണ്ടായില്ല. വാഹനം ദേശീയപാതയില്‍ നിന്നും ഗ്രാമീണ പാതയിലേക്ക് തിരിഞ്ഞു. ഇതിനിടയില്‍ മമ്മി ഫോണില്‍ വിളിച്ചു. ഒരു അര മണിക്കൂര്‍കൂടി കഴിഞ്ഞാല്‍ വീട്ടിലെത്തുമെന്നവളറിയിച്ചു. ഇതിനിടയില്‍ കര്‍മസേനയിലുള്ളവര്‍ കരുണിനെ വിളിച്ച് മണല്‍ ലോറിയെപ്പറ്റി പറഞ്ഞു. അവന്‍ ഫോണ്‍ വെച്ചപ്പോഴേക്കും കിരണിനെ മമ്മി വീണ്ടും വിളിച്ചു. ചോദ്യം ഒന്നുമാത്രം, എവിടെയെത്തി.
അമ്മമാര്‍ക്ക് പെണ്‍മക്കളെപ്പറ്റി എന്തൊരു ആശങ്കയാണ്. ഇന്ത്യയിലായതുകൊണ്ടായിരിക്കും ആശങ്ക വിട്ടൊഴിയാത്തത്. സത്യത്തില്‍ ലണ്ടനില്‍ എത്രയോ ദിവസങ്ങള്‍ കോളേജില്‍ നിന്ന് രാത്രി എട്ടുമണിക്കും പത്തുമണിക്കും ട്രെയിനിലും ബസിലും ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടുണ്ട്. എന്നെപ്പോലെ എത്രയെത്ര പെണ്‍കുട്ടികള്‍ അവിടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്നു. തുരുമ്പ് പിടിച്ച മനസ്സുമായി ജീവിക്കുന്ന മണ്ണിലാണ് ഭയക്കേണ്ടത്. വിശാലമായ മനസ്സും വിവേകവും സംസ്കാരവും ഉള്ള ഒരു സമൂഹം എന്തിന് ഈ കാര്യത്തില്‍ വേദനിക്കണം അല്ലെങ്കില്‍ കണ്ണീരൊപ്പണം.
പുഴയുടെ അടുത്തുകൂടി ഓടിക്കൊണ്ടിരിക്കുന്ന കാറിനെ മറികടന്ന് പോയ മോട്ടോര്‍സൈക്കിള്‍ വേഗത്തില്‍ തിരിക്കുന്നത് കണ്ട് കരുണും വേഗം കുറച്ചു കാര്‍ നിര്‍ത്തി. കര്‍മസേനയിലെ അംഗങ്ങളായ ജോസഫും രവിയുമായിരുന്നു. അവര്‍ ബൈക്കില്‍ നിന്നിറിങ്ങി തിടുക്കത്തോടെ കരുണിന്റെ അടുത്തെത്തി കാര്യമറിയിച്ചു.
കരുണ്‍ തിടുക്കത്തില്‍ കിരണിനോട് പറഞ്ഞു, ""കിരണ്‍ ഒന്നിറങ്ങ്, പ്ലീസ്....''
എന്തോ കുഴപ്പരുണ്ടെന്ന് അവരുടെ സംഭാഷണത്തില്‍ നിന്ന് മനസ്സിലാക്കിയ കിരണ്‍ വേഗത്തില്‍ പുറത്തിറങ്ങി ഒരു ഭാഗത്തായി മാറി നിന്നു. വളരെ അകലെനിന്ന് തീവണ്ടി ചൂളംവിളിച്ച് പോകുന്നത് അവര്‍ കേട്ടു.
കാറും ബൈക്കും റോഡിന് കുറുകെയിട്ട് അവര്‍ മണല്‍ലോറി കാത്തുനിന്നു. ബൈക്കില്‍ വന്നവര്‍ കഴിഞ്ഞ രണ്ട് ദിവസമായി ഉറക്കമിളച്ച് കാത്തിരുന്നിട്ടും പുഴയില്‍ നിന്ന് മണല്‍ വാരുന്നവരെ കണ്ടെത്താനായില്ല. തിളങ്ങുന്ന സൂര്യന് താഴെനിന്ന് മണല്‍ വാരാന്‍ ഇവിടെയാരും ധൈര്യം കാട്ടാറുമില്ല.
ഇതിനിടയില്‍ ആശ്ചര്യപ്പെട്ടു നിന്ന കിരണിന്റെ അടുത്തുചെന്ന് കരുണ്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. അപ്പോഴാണ് അവള്‍ക്ക് ആശ്വാസമായത്. എതിരഭിപ്രായമൊന്നും പറഞ്ഞില്ല. പുഴകളില്‍ നിന്ന് മണല്‍വാരി കിണറുകളെ വറ്റിക്കുന്ന ഈ ഭീകരന്മാരെ പിടികൂടുകതന്നെവേണം. പുഴകള്‍ മരുഭൂമിയാകുന്നതൊന്നും അവരുടെ വിഷയമല്ല. സ്വന്തം സുഖസൗകര്യങ്ങളാണ് അവരുടെ വിഷയം. ഇവിടെയെല്ലാം കര്‍ശനമായ നിയമങ്ങള്‍ ഉണ്ടായിട്ടും മുതലാളിമാരുടെ ആധിപത്യമാണ് ഇവിടെയെല്ലാം നടക്കുന്നത്. ഭരണാധികാരികള്‍ ആരെങ്കിലും മുന്നോട്ടുവന്നാല്‍ ഗുണ്ടകളെ വിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. അതല്ലെങ്കില്‍ പ്രതിഷേധിക്കുന്ന പൗരന്മാരെ കള്ളക്കേസുണ്ടാക്കി തുറുങ്കിലടയ്ക്കുന്നു.
അടുത്തൂകൂടി കുളമ്പടി ഒച്ചയുമായി രണ്ട് കാളകളെ തെളിയിച്ചുകൊണ്ട് ഒരാള്‍ മുന്നോട്ടുപോയി. മണല്‍ലോറി അവരുടെ കണ്ണില്‍പെട്ടു. അസാധാരണമായ ആത്മവിശ്വാസത്തോടെയാണവര്‍ വരുന്നത്. ലോറിഡ്രൈവര്‍ എന്തോ അപകടം മണത്തു. അടുത്തുവന്ന ഡ്രൈവര്‍ അത്ഭുതത്തോടെയാണ് ആ കാഴ്ച കണ്ടത്. മാര്‍ഗ്ഗതടസ്സമുണ്ടാക്കിയിരിക്കുന്നത് തടി കഷണങ്ങളോ കരിങ്കല്ലുകളോ കൊണ്ടല്ല വിലപിടിപ്പുള്ള വാഹനങ്ങള്‍ തന്നെയാണ്. ബൈക്കില്‍ വന്ന ജോസഫ് ഉടനടി പോലീസിനെയും പത്രക്കാരെയും വിവരമറിയിച്ചു. യാത്രാക്ഷീണം കിരണിന് തോന്നിയെങ്കിലും അവളത് കാര്യമാക്കിയില്ല. മമ്മിയെ ഫോണില്‍ വിളിച്ചിട്ട് പറഞ്ഞു, അര മണിക്കൂര്‍ കൂടി താമസിക്കും. അതിന്റെ കാരണവും കിരണ്‍ വിശദീകരിച്ചു.
ഇവിടുത്തെ യുവാക്കളെ അവള്‍ അഭിമാനത്തോടുകൂടി കണ്ടു. യാതൊരു പ്രതിഫലവുമില്ലാതെയാണ് ഓരോരോ വിഷയങ്ങളില്‍ ഇടപെടുന്നത്. ഒരു തൊഴില്‍ കിട്ടി പോകുന്നതുവരെ ഗ്രാമീണവിഷയങ്ങളില്‍ അവര്‍ പങ്കാളിയാകുന്നു. അവള്‍ ഒരു മരത്തണലിലേക്ക് മാറി നിന്നു.
മണല്‍ലോറിയുടെ ഡ്രൈവര്‍ തുരുമ്പിച്ച ലോറിയില്‍നിന്ന് പുറത്തേക്കിറങ്ങി ചോര തുടിക്കുന്ന കണ്ണുകളോടെ നോക്കിയിട്ട് പറഞ്ഞു, ""നിങ്ങള്‍ക്ക് രൂപ എത്ര വേണമെങ്കിലും തരാം. കിട്ടുന്നത് നമുക്ക് പങ്കു വയ്ക്കാം.''
ബൈക്കിലെത്തിയ ജോസഫ് ദേഷ്യത്തോടെ ചോദിച്ചു, ""ഇയാളോട് ലോറി നിര്‍ത്താന്‍ പറഞ്ഞിട്ട് കേട്ടോ. നിങ്ങളെ അയച്ച അരമനയിലിരിക്കുന്ന ഏമ്മാനോട് പറഞ്ഞേക്കുക, ഈ കടവില്‍നിന്ന് മണല്‍വാരല്‍ നടക്കത്തില്ലെന്ന്. എത്ര ഒളിച്ചാലും വേട്ടയാടി പിടിക്കുകതന്നെ ചെയ്യും.''
ഡ്രൈവര്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. ചോരത്തിളപ്പുള്ള പിള്ളാരാണ്. മൂടിക്കെട്ടിയ മുഖവുമായി നിന്ന ക്ലീനര്‍ ശബ്ദിച്ചില്ല. അവര്‍ പ്രതീക്ഷിച്ചതുപോലെ പോലീസ് ജീപ്പും പത്രക്കാരും അവിടേക്ക് പഞ്ഞുവന്നു. ഡ്രൈവറുടെ മുഖത്ത് ചുളിവുകള്‍ കാണപ്പെട്ടു. കരുണ്‍ ജോസഫിനോട് പറഞ്ഞിട്ട് ലോറിയുടെ മുന്നില്‍ നിന്ന് കാര്‍ എടുത്തുമാറ്റി കിരണിനെ വിളിച്ചിരുത്തി. കാറിലേക്ക് കയറിയ യുവസുന്ദരിയെ ഡ്രൈവര്‍ തറപ്പിച്ചുനോക്കി.
പോലീസ് വന്നതൊന്നും ഡ്രൈവര്‍ കാര്യമാക്കിയില്ല. അതൊക്കെ മുതലാളി കൈകാര്യം ചെയ്‌തോളും. ഇതുപോലെ പോലീസ് പിടിച്ച ലോറികള്‍ മുതലാളി പുഷ്പംപോലെ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അയാളുടെ ചിന്ത പോയത് കരുണിനൊപ്പം കാറില്‍ കയറിയ പെണ്‍കൊടിയെക്കുറിച്ചായിരുന്നു. പോലീസിന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ മനസ്സിലെ ചിന്തകള്‍ വിയര്‍പ്പുകണങ്ങളായി മാറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക