Image

രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)

Published on 22 July, 2021
രണ്ടു മഴത്തുള്ളികൾ(കവിത: ഡോ. ഓമന ഗംഗാധരൻ , ലണ്ടൻ)
മഴമേഘം ഒരു പെരുമഴയായ് പെയ്തിറങ്ങി
മാനത്തെ മഴവില്ല് മാഞ്ഞു പോയി
ഒരു നെടുവീർപ്പിൽ രണ്ടു ജലകണങ്ങളായ്
നാം ഭൂമിതൻ മാറിലേയ്ക്കടർന്നു വീണു
വേർപിരിയാൻ കഴിയാത്ത മനസ്സിന്റെ വിങ്ങൽ
പെരുമ്പറകൊട്ടി പൃഥ്വിയിൽ അലിഞ്ഞുപോയി
എൻ കണ്ണീർചെപ്പിൽ
കദനം നിറഞ്ഞു
ഓർമ്മതൻ വാതായനങ്ങൾ മെല്ലെ ചാരി
വിടപറയാതെ എൻ മൗനം നടന്നകന്നു
ഒരു നൂറുജന്മം ഒരുമിയ്ക്കാമെന്നത്
നമ്മൾ തൻ സ്വപ്നം
അതിൻ സാക്ഷി
ഓർമ്മിച്ചിടാമെന്ന വാക്കുമാത്രം
കടലോടു ചേരുന്ന പുഴകൾ പോലെ
പിരിയുമ്പോൾ
എൻ മനം ചൊല്ലി
ഓർമ്മിച്ചിടാമെന്ന വാക്കു മാത്രം
ശാരികേ, ഞാനെന്റെ ഓർമ്മപ്പുസ്തകത്താളിൽ
നിന്നോർമ്മകൾ താളലയങ്ങളാൽ കോറിയിട്ടു
കാലമത് കാറ്റിൽ പറത്തി കളിപ്പന്താക്കി
എൻമനമൊരു ശിലയായ് തീർത്തുവല്ലോ
എനിക്കറിയില്ല , പിന്നെയും
സംക്രമസന്ധ്യകൾ വന്നുപോയി
രാവുകളേറെ ഇരുണ്ടു വെളുത്തു -
ശിശിരവും വസന്തവും
എന്നെത്തഴുകി
ഗ്രീഷ്മമെന്നെ ഹിമത്താൽ പൊതിഞ്ഞു
ഞാൻ , മഞ്ഞുറഞ്ഞൊരു
വെൺകൂനയായി -
എന്നിട്ടും എന്നോർമ്മകൾ മാറാല ചാർത്തിയില്ല
നീയെന്റെ ഹൃദയത്തുടിപ്പിൽ
നിന്നൊരുമാത്ര നേരം അകന്നതില്ല
ഒരിക്കൽ ഞാനൊരു പട്ടുനൂലിഴയിൽ നിനക്കായ്
ഒരു കോടി സ്വപ്നങ്ങൾ
കൊരുത്തുവച്ചു
അതിൽ എന്നോർമ്മകൾ ചാലിച്ച
ഗന്ധം നിറഞ്ഞിരുന്നു
അതുമായ് ഞാൻ കാത്തിരിപ്പൂ
നിനക്കായ് മാത്രം
വീണ്ടുമൊരിക്കൽ
മാനത്ത് മേഘത്തുരുത്തുകളായ്
നമുക്കൊന്നിച്ചു പെയ്തിറങ്ങാം
ഒരു പുതുമഴയായ് ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക