Image

റേസിസം പൊതുജനാരോഗ്യ പ്രതിസന്ധിയായി സോൾട്ട് ലേക്ക് സിറ്റി മേയർ പ്രഖ്യാപിച്ചു

Published on 22 July, 2021
റേസിസം  പൊതുജനാരോഗ്യ പ്രതിസന്ധിയായി സോൾട്ട്  ലേക്ക് സിറ്റി മേയർ പ്രഖ്യാപിച്ചു
വാഷിംഗ്ടൺ, ജൂലൈ 22:  യൂട്ടായിലെ  സോൾട്ട്  ലേക്ക് സിറ്റി മേയർ എറിൻ മെൻഡൻഹാൾ  വംശീയതയെ പൊതുജനാരോഗ്യ പ്രതിസന്ധിയായി പ്രഖ്യാപിച്ചു. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ്  മെൻഡൻഹാൾ ഇക്കാര്യം അറിയിച്ചത്.

വളരെക്കാലമായി കമ്മ്യൂണിറ്റിയിലെ പലരും അനുഭവിച്ചുവരുന്ന അസമത്വത്തിനെതിരെ വംശീയ വിരുദ്ധ നിയമങ്ങൾ കൊണ്ടുവരുന്നതിലും പുതിയ നയങ്ങൾ സൃഷ്ടിക്കുന്നതിലും നഗരം  പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് മേയർ കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച രാത്രി, സിറ്റി കൗൺസിലുമായി  സംയുക്ത പ്രമേയം അംഗീകരിച്ച് ഒരു ദിവസത്തിന് ശേഷമാണ് മേയർ മെൻഡൻഹാളിന്റെ ഈ  പ്രഖ്യാപനം.

'വംശീയത ഗുരുതരമായ പൊതുജനാരോഗ്യ ഭീഷണിയാണ്. ഇതുമൂലം ദോഷകരമായ പ്രത്യാഘാതങ്ങളുണ്ടാകും. വെള്ളക്കാരല്ലാത്ത  വിഭാഗത്തിന്റെ  മാനസികവും ശാരീരികവുമായ ആരോഗ്യം പലപ്പോഴും അർഹിക്കുന്ന പരിഗണന നേടുന്നില്ല '  വർഗ്ഗീയത  പൊതു ആരോഗ്യ പ്രതിസന്ധിയായി പ്രഖ്യാപിക്കപ്പെടുന്നതിന്റെ കാരണം മേയർ  വിശദീകരിച്ചു.

വീട്, വിദ്യാഭ്യാസം,സാമ്പത്തികം, തൊഴിൽ എന്നിങ്ങനെ  സാമൂഹികമായ പല അളവുകോലുകൾ കൊണ്ടുള്ള വേർതിരിവ് ആരോഗ്യപരിപാലനത്തിൽ തുല്യത ഉറപ്പാക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്നതായി പ്രമേയത്തിൽ സൂചനയുണ്ട്.

 രാജ്യത്തിനുള്ളിലും  സംസ്ഥാനങ്ങളിലും  മുനിസിപ്പാലിറ്റികളിലും എല്ലാം വ്യവസ്ഥാപിതമായി വംശീയത കടന്നുകൂടി ആരോഗ്യ അസമത്വം സൃഷ്ടിക്കുന്നുണ്ടെന്നും പ്രമേയത്തിൽ വ്യക്തമാക്കി.

നോൺ-വൈറ്റ് കമ്മ്യൂണിറ്റികളിൽ കോവിഡ് അടക്കമുള്ള എല്ലാ സാഹചര്യങ്ങളിലും  രോഗവ്യാപനം , മരണനിരക്ക് , സാമൂഹിക പ്രത്യാഘാതങ്ങൾ‌ എന്നിവയിൽ പ്രകടമായ വർദ്ധനവുണ്ടെന്നും യൂട്ടാ ആരോഗ്യ വകുപ്പിൽ നിന്നുള്ള  വിവരങ്ങൾ ഉദ്ധരിച്ച് പ്രമേയത്തിൽ  പറഞ്ഞു . ലാറ്റിനോ-നോൺ-വൈറ്റ് വിഭാഗങ്ങളിൽ, രോഗവ്യാപനവും മരണനിരക്കും സംസ്ഥാന ശരാശരിയേക്കാൾ  മൂന്നിരട്ടിയാണ്.

യൂട്ടായിൽ ജനസംഖ്യയുടെ  14.2 ശതമാനം ലാറ്റിനോ കമ്മ്യൂണിറ്റികളാണ്. സംസ്ഥാനത്തെ കോവിഡ്  കേസുകളിൽ 40 ശതമാനവും ഇക്കൂട്ടരെയാണ് ബാധിച്ചിരിക്കുന്നത്. വൻകുടൽ കാൻസർ ബാധിച്ചുള്ള മരണനിരക്കും കൂടുതലായി കണ്ടുവരുന്നു.
പലപ്പോഴും കൃത്യസമയത്ത് പരിശോധന നടത്താനോ ചികിത്സ തേടാനോ ഉള്ള സാഹചര്യം ഇവർക്ക് ലഭിക്കുന്നില്ല.

വംശീയതയെ ചെറുക്കുക എന്നത്  ധാർമ്മികമായി   അനിവാര്യതയാണെന്ന് വിശ്വസിക്കുന്നതായും സോൾട്ട് ലേക്ക് സിറ്റി മേയർ അറിയിച്ചു.
നഗരത്തിലുടനീളം തുല്യത  വികസിപ്പിക്കുന്നതിന് കൃത്യമായ ആസൂത്രണം നടത്തുമെന്നും പുതിയ 
നയങ്ങൾ  സ്വീകരിക്കുമെന്നും മേയർ ഉറപ്പ് നൽകി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക