America

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

Published

on

'സദുവേട്ടാ.....'
 
രശ്മി എത്ര പ്രാവശ്യം തൊണ്ട കീറി വിളിച്ചിട്ടും സദാനന്ദൻ വിളി കേട്ടില്ല.
 
വിളിയുടെ കാഠിന്യം അനുസരിച്ച്, രശ്മി വീട്ടിലെ ഏതൊക്കെ മൂലയിൽ നിന്നായിരിക്കും വിളിച്ചിരിക്കുക എന്ന് സദാനന്ദന് നല്ല ബോധ്യമുണ്ടായിരുന്നു. അവസാനത്തെ വിളി ചെവിയുടെ തൊട്ടടുത്ത് കേട്ടിട്ടും അയാൾ വീടിന് മുന്നിലുള്ള കൈത്തോടിന്റെ കരയിൽ തുണി അലക്കാൻ കൊണ്ടിട്ടിരുന്ന പരന്ന കല്ലിൽ കുന്തുകാലിലുള്ള ഇരിപ്പിൽ നിന്ന് അനങ്ങിയതേയില്ല.
 
'സദുവേട്ടാ... എത്ര നേരാ വിളിക്കണെ.. ഇവിടെ വന്ന് ഇങ്ങനെ ഒളിച്ചിരിക്കണതെന്തിനാ? മൂന്നാല് ദിവസായി ഞാൻ ശ്രദ്ധിക്കുണു...'
 
ഇത്തവണ സദാനന്ദൻ തിരിഞ്ഞ് പുറകിലോട്ട് നോക്കി. എപ്പോഴത്തെയും പോലെ സദാനന്ദന്റെ നോട്ടം കണ്ണിൽ ഇടഞ്ഞപ്പോൾ രശ്മി നോട്ടം പിൻവലിച്ചു.
 
'സദുവേട്ടാ... ഇങ്ങനെ ഇരിക്കല്ലെ. എണീറ്റെ, ദേ.. ചായ'
 
നിർവികാരനായി അയാൾ വീണ്ടും പഴയ പോലെ തന്നെ ഇരുന്നതേയുള്ളൂ...
 
സദാനന്ദൻ ഒരു കള്ളനാണ്. സ്ഥലത്തെ പ്രധാന കള്ളൻ. ഓടിളക്കി ഇറങ്ങി മോഷ്ടിക്കുന്ന കള്ളൻ. ആൾക്കാരെ ഉപദ്രവിക്കാതെ മോഷണം മാത്രം നടത്തി തിരിച്ചു പോകുന്ന കള്ളൻ. കൊറോണയും ലോക്ക്ഡൗണും വന്നപ്പോൾ എല്ലാവരോടുമൊപ്പം സ്വന്തം വീട്ടിൽ തന്നെ ഇരുന്നു പോയ ഒരു കള്ളൻ. കൈയും മനസ്സും അനങ്ങാതെ മരവിച്ചു പോയ ഒരു കള്ളൻ.
 
സദുവേട്ടാ....
 
ഈ സ്ത്രീകൾ എപ്പോഴും ഇങ്ങനെയാണ്... സദാനന്ദൻ വിചാരിച്ചു. മനസ്സിൽ ഓരോന്ന് തോന്നും. പിന്നെ അത് നടന്നു കാണും വരെ ഇങ്ങനെ ഇളക്കിക്കൊണ്ടിരിക്കും... സ്വസ്ഥത തരില്ല....
 
അടുത്ത നിമിഷം സദാനന്ദന് ചിരിയും വന്നു.
 
ഇപ്പോഴെവിടെയാണ് സ്വസ്ഥത?
 
യാതൊരു വിധ ജോലിക്കും പോകുന്നില്ല. അറിയാവുന്ന പണി ആണെങ്കിൽ ഇപ്പൊ ചെയ്യാവുന്ന അവസ്ഥയുമല്ല. കാര്യം, ഭക്ഷണത്തിന് മുട്ടില്ല. റേഷനും കിറ്റും ഒക്കെയുണ്ട്. പക്ഷേ കൈയും കാലും തരിച്ചിട്ട് കക്കാനും പോകാൻ പറ്റുന്നില്ല. മൂന്ന് ദിവസായി ആകെ മരവിച്ച് ഇരിക്കുന്നു.. വെറുതെ ഇരുന്ന് തിന്നുന്ന പോലെ...
 
വാ ഏട്ടാ....
 
രശ്മിയുടെ കൈ തോളിൽ പിടിച്ചപ്പോൾ സദാനന്ദന്, സ്‌കൂളിൽ ഹോം വർക്ക് ചെയ്യാതെ എഴുന്നേൽപ്പിച്ച് നിർത്തിയിട്ട് ഒന്നും പറയാതെ തോളിൽ പിടിച്ച് ബെഞ്ചിലേക്ക് ഇരുത്തിയ ഏലിയാമ്മ ടീച്ചറുടെ കൈയുടെ തണുപ്പ് ഓർമ വന്നു..
 
ഓർമ വന്ന അതേ സമയത്ത് തന്നെ, ജോസഫ് സാർ മരിച്ച ശേഷം ആരും നോക്കാനില്ലാതെ നാലു വീട് അപ്പുറത്ത് ഒറ്റയ്ക്ക് ജീവിക്കുന്ന ഏലിയാമ്മ ടീച്ചറെയും ഓർമ വന്നു...
 
കുറച്ചു കാലം മുൻപ് വരെ പ്രായത്തിന്റെ അസ്വസ്ഥതകൾ ഏലിയാമ്മടീച്ചർ നന്നായി മറച്ചു വെച്ചിരുന്നു. എഴുപതോളം വയസ്സ് ആയെങ്കിലും മുടിയിഴകൾ ഒന്നും നരയ്ക്കാതെ, ഉള്ള് പോകാതെ നല്ല കട്ടിയിൽ കെട്ടി വെച്ച്, അൽപം കണ്ണെഴുതി, നല്ല വൃത്തിയിൽ ആകർഷകമായി സാരി ഉടുത്ത്, കഴുത്തിൽ അഞ്ചു പവനോളം തൂക്കം വരുന്ന ഒരു മാലയുമിട്ട്....
 
 
സദാനന്ദൻ തോട്ടിലേക്ക് വെറുതെ ഒന്ന് കണ്ണുപായിച്ചു...
 
ജോസഫ് സാർ മരിച്ചതിൽപ്പിന്നെ, ടീച്ചർ ആകെ ഉണങ്ങി വരണ്ടു.. തീരെ കിടപ്പായി.. സാരി, നൈറ്റിയിലേക്ക് രൂപം മാറി. കണ്ണുകൾ കുഴിഞ്ഞു.. തുടുത്തിരുന്ന കവിളുകൾ ചൊട്ടി....വിരലുകളിൽ വരമ്പുകൾ രൂപപ്പെട്ടു... മുഖത്തിനു താഴെ കഴുത്തിൽ വലിയ ചുളിവുകൾ പ്രത്യക്ഷപ്പെട്ടു.. ചുളിവുകൾ പകുതിയും മറച്ചുകൊണ്ട് കഴുത്തിൽ അഞ്ചു പവനോളം തൂക്കം വരുന്ന ഒരു മാലയുമിട്ട്....
 
ടീച്ചർക്ക് പ്രായമായി എന്ന് തോന്നിയ ആദ്യ നിമിഷം തന്നെ മകൻ ഭാര്യയെയും കൊണ്ട് ഗൾഫിലേക്ക് പോയി..വീടിനടുത്തുള്ള ഒരു സ്ത്രീയെ ടീച്ചറുടെ മേൽനോട്ടം ഏൽപ്പിച്ചു.. അവർ ഇടയ്ക്കു വന്ന് വീടു തുറന്ന് ടീച്ചറുടെ കാര്യങ്ങൾ നോക്കും.. സമയാസമയത്ത് ഭക്ഷണം കൊടുക്കും മുറി വൃത്തിയാക്കും. വീടു പൂട്ടിപ്പോകും മുൻപ് ടീച്ചറിനെ നല്ല ഉടുപ്പിടുവിച്ച്, മുടിയും ചീകി കഴുത്തിലെ അഞ്ചു പവനോളം വരുന്ന ആ മാല....
 
സദാനന്ദൻ തല ആഞ്ഞു കുടഞ്ഞു...
 
എന്താണ് എപ്പോഴും ആ മാല തന്നെ മനസ്സിൽ വരുന്നത്....
 
''സദുവേട്ടാ...''
 
രശ്മി പിന്നെയും വിളിക്കുകയാണ്... സദാനന്ദൻ യാന്ത്രികമായി കൈ നീട്ടി ചായ വാങ്ങി.. ചൂടാറിയിരിക്കുന്നു...
 
''ഇതൊന്നു കൂടി ചൂടാക്കിത്താടീ..''
 
ഒരു വല്ലാത്ത നോട്ടത്തോടെ രശ്മി ഗ്ലാസ് വാങ്ങി അകത്തേക്കു പോയി...
 
രാത്രി, വരാന്തയിലെ കയർ കട്ടിലിൽ ഉറങ്ങാൻ കിടന്നപ്പോഴും സദാനന്ദന്റെ മനസ്സിൽ ടീച്ചറുടെ മാല തിളങ്ങി നിന്നു. ഒന്നുകൂടി അയാൾ മനസ്സിൽ ആ മാല തൂക്കി നോക്കി.. ഉറപ്പ്. അഞ്ചു പവൻ എങ്കിലും കാണും..
 
പിന്നെ, പതിവായി പോകാറുള്ളതു പോലെ, വരാന്തയിലെ മൂന്നാമത്തെ തൂണിന്റെ മുകളിൽ ഉത്തരത്തിന്മേൽ വെച്ചിട്ടുള്ള സഞ്ചി വലിച്ചെടുത്ത് മുണ്ട് ഒന്നുകൂടി മുറുക്കിക്കുത്തി അയാൾ വീട്ടിൽ നിന്നിറങ്ങി.
 
ടീച്ചറുടെ വീടിന്റെ ചുറ്റും മരങ്ങളാണ്. വീടിനു മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന പേരമരത്തിൽ സദാനന്ദൻ നിമിഷനേരം കൊണ്ട് കയറി. ചെറുപ്പത്തിൽ എത്രയോ പ്രാവശ്യം കയറിയ മരമാണ്.. സദാനന്ദൻ കയറ്റം നിർത്തിയിട്ടും പല പ്രാവശ്യം കമ്പുകൾ ഇറക്കിയിട്ടും ഇപ്പോഴും നന്നായി പന്തലിച്ച് നിൽക്കുന്നു..
 
രണ്ടോ മൂന്നോ ഓടുകൾ ഇളക്കിയ ശേഷം കഴുക്കോലിൽ കെട്ടി ഉറപ്പിച്ച കയറിലൂടെ സദാനന്ദൻ വീടിനകത്തേക്കിറങ്ങി.. കനം തിങ്ങിയ ഇരുട്ടുമായി പൊരുത്തപ്പെടാനായി അയാൾ അൽപ നേരം കണ്ണടച്ചു നിന്നു. പിന്നെ ചുറ്റും കണ്ണോടിച്ചു..
 
ഇറങ്ങിയിരിക്കുന്നത് ഹാളിലാണ്. പഴയ ഒരു ചെറിയ കട്ടിൽ ഇട്ടിട്ടുണ്ട്. മരം കൊണ്ടുള്ള രണ്ടു സ്റ്റൂൾ. പഴയ ഒരു മേശ. തട്ടി വീഴത്തക്കതായി ഒന്നുമില്ല.
 
പണ്ടെപ്പോഴോ ടീച്ചറുടെ വീട്ടിൽ വന്നിട്ടുള്ളത് സദാനന്ദൻ ഓർത്തെടുക്കാൻ ശ്രമിച്ചു. ഹാളിൽ നിന്ന് അഞ്ചു വാതിലുകൾ ആണ്. ഒരു വാതിൽ തുറക്കുന്നത് ഒരു ചെറിയ മുറിയിലേക്കാണ്. അതിൽ ടോയ്‌ലറ്റ്‌ ഇല്ല. അപ്പോൾ ടീച്ചർ അവിടെയാകാൻ സാദ്ധ്യത ഇല്ല. പിന്നെ നടുക്കായി മൂന്നു വാതിലുകളും ഇടത്തു വശത്ത് ഒരു വാതിലും ഉണ്ട്. ആ വാതിൽ അടുക്കളയിലേക്കാണ് തുറക്കുന്നത്. മൂന്നു വാതിലുകളിൽ നടുക്കുള്ളത് പ്രാർഥനാമുറിയാണ്. വലതു വശത്തുള്ളത് വല്ലപ്പോഴും ടീച്ചറുടെ മകൻ വരുമ്പോൾ താമസിക്കുന്ന മുറിയാണ്. അപ്പോൾ മറ്റേ മുറിയിലായിരിക്കും ടീച്ചർ ഉണ്ടാകുക.
 
കാലിന്റെ പെരുവിരൽ നിലത്തൂന്നി സദാനന്ദൻ ടീച്ചറുടെ മുറി ലക്ഷ്യമാക്കി നീങ്ങി...
 
''സദാനന്ദാ...''
 
അപ്രതീക്ഷിതമായി സ്വന്തം പേര് കേട്ടപ്പോൾ സദാനന്ദൻ ശക്തിയായി തന്നെ ഞെട്ടി.
 
ക്ഷീണിതമെങ്കിലും ആജ്ഞാശക്തിയുള്ള വളരെ പരിചിതമായ ആ ശബ്ദം...
 
''ഇവിടെ വാടാ...''
 
സദാനന്ദൻ ശബ്ദം കേട്ട മുറിയിലേക്ക് സ്വയമറിയാതെ, ഹോംവർക്ക് ചെയ്യാത്തതിന് ശിക്ഷ വാങ്ങാൻ ചെല്ലുന്ന കുട്ടിയെപ്പോലെ നടന്നു ചെന്നു..
 
പുറത്തെവിടെയോ ആയിടയ്ക്ക് റിപ്പയർ ചെയ്യപ്പെട്ട സ്ടീറ്റ് ലൈറ്റിന്റെ, ജനലിലൂടെ അരിച്ചെത്തുന്ന അരണ്ട വെളിച്ചത്തിൽ ടീച്ചറുടെ കണ്ണുകളുമായി സദാനന്ദന്റെ കണ്ണുകൾ ഇടഞ്ഞു...
 
''ആ ജഗ്ഗീന്ന് ഇച്ചിരി വെള്ളം എടുത്ത് താടാ.... ഗ്ലാസ് താഴെ വീണു പോയി..''
 
ടീച്ചറുടെ ശബ്ദം കേട്ടപ്പോൾ സദാനന്ദന് മൂത്രം മുട്ടുന്ന പോലെ തോന്നി... ആദ്യത്തെ ഭയം കഴിഞ്ഞപ്പോൾ അയാൾ ചുറ്റും നോക്കി. ഗ്ലാസ് താഴെക്കിടപ്പുണ്ട്..പതിയെ കുനിഞ്ഞ് ഗ്ലാസ് കൈയിൽ എടുത്ത് ജഗ്ഗിൽ നിന്ന് അൽപം വെള്ളം പകർന്ന് അയാൾ ഗ്ലാസ് വട്ടത്തിൽ ചുറ്റിച്ച് മുറിയുടെ മൂലയിൽ ഒഴിച്ചു. പിന്നെ വെള്ളം നിറച്ച് ടീച്ചർക്ക് കൊടുക്കാനാഞ്ഞു...
 
''ഏതായാലും നീ വന്നതല്ലേ... എന്നെ ഒന്ന് പൊക്കിയിരുത്ത്... പിന്നെ ഇവിടെ എന്റെ അടുത്തിരി..''
 
ടീച്ചറിന്റെ മുഖത്ത് ഒരു കളിയാക്കിച്ചിരിയുണ്ടോ? സദാനന്ദൻ അറിയാത്ത മട്ടിൽ മുൻപിൽ തപ്പി നോക്കി. നനഞ്ഞിട്ടില്ല..
 
''നീയെന്താടാ നോക്കിനിക്കണേ..''
 
''ഇല്ല... ഒന്നൂല്ല...'' സദാനന്ദൻ ഗ്ലാസ് മേശപ്പുറത്തു വെച്ച് ടീച്ചറെ നിവർത്തിയിരുത്തി.. പിന്നെ ഗ്ലാസ് കൈയിൽ എടുത്ത് ടീച്ചറുടെ ചുണ്ടോട് ചേർത്തു...
 
''ഓ.. അത്ര കൊഴപ്പോന്നൂല്യടാ... തനിയെ കുടിക്കുകയൊക്കെ ചെയ്യാം... കൈ തട്ടി ഗ്ലാസ് മറിഞ്ഞു പോയല്ലോന്നോർത്തപ്പോഴാ നിന്നെ കണ്ടത്..ഇനീപ്പോ നീ തന്നതല്ലേ... ഇങ്ങനെ കുടിക്കാം''
 
ഗ്ലാസിലെ വെള്ളം ഒരിറക്ക് കുടിച്ച ശേഷം ടീച്ചർ തുടർന്നു..
 
''ഞാനെങ്ങനെ നിന്നെ വിളിച്ചൂന്നാവും നീ ഇപ്പൊ കരുതണേ ല്യേ?''
 
''അ...അതെ..'' ഇവരിതെങ്ങനെ കൃത്യമായി തന്റെ മനസ്സു വായിച്ചു എന്നോർത്ത് സദാനന്ദൻ ആകെ കുഴങ്ങി..
 
''അത് വല്യ പാടൊന്നൂല്യടാ... നീ ആ സ്‌ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം കണ്ടോ?''
 
''ഉം..''
 
''ജോസഫ് സാർ ജീവിച്ചിരുന്നപ്പോ ഇടീച്ചതാ.. ഇപ്പോ ഒറ്റയ്ക്കായപ്പോ അതിന്റെ വെളിച്ചം ജനലീക്കോടെ വരുന്ന കാണുമ്പോ അങ്ങേര് ഇവിടൊള്ളതു പോലെ തോന്നും...''
 
ഒരിറക്ക് വെള്ളം കൂടി കുടിച്ച ശേഷം ടീച്ചർ തുടർന്നു..
 
''കൊറച്ചു നാൾ അത് വർക്ക് ചെയ്യണില്യാരുന്നു. രണ്ടുമൂന്ന് ദിവസം മുൻപ് ആരോ അത് ശരിയാക്കി.. രാത്രീല് ഒറക്കൊന്നൂല്യടാ... പ്രായായില്ലേ... ആ ലൈറ്റും നോക്കി ഇരുന്നപ്പഴാ ആരോ അത് മറച്ച് കടന്ന പോലെ തോന്നിയത്..''
 
വീണ്ടും വെള്ളം കൊടുക്കാൻ ചുണ്ടിൽ മുട്ടിച്ച ഗ്ലാസ് കൈ കൊണ്ട് അൽപം നീക്കി ടീച്ചർ തുടർന്നു..
 
''ഇവിടാരും വരാനില്ലടാ... അങ്ങേര് എന്തായാലും ഇനി വരൂല്ല.. എന്നെ കൊല്ലാൻ നിവർത്തി ഇല്ലാത്ത കൊണ്ട് മാത്രം വെറുതെ വിട്ട മോനും വരൂല്ല. പണിക്കു വരുന്ന പെണ്ണിനും പ്രാരാബ്ധാ... അവളും വരൂല്ല.. പിന്നെ, ആകെ വരാനുള്ളത് ഒരു കള്ളനാ... ''
 
ടീച്ചർ സദാനന്ദന്റെ മുഖത്തു നോക്കി ചെറുതായി ഒന്നു ചിരിച്ചു.
 
''പൂട്ടിയ വാതിൽ തുറക്കുന്ന ഒച്ചയൊന്നും കേട്ടില്ല. അപ്പോ ഓടിളക്കുന്ന കള്ളൻ ആയിരിക്കും എന്ന് ഞാനങ്ങോർത്തു! ഇവിടിപ്പോ നീയല്ലാതെ ആരാ ഒള്ളത് ഓടിളക്കാൻ?''
 
ഇത്തവണ സദാനന്ദന്റെ മുഖത്തും ചിരി പൊട്ടി!
 
''നീ ചിരിക്ക്യൊന്നും വേണ്ട! എന്നും ഇജ്ജാതി സൂത്രപ്പണി തന്ന്യായിരുന്നു നീ.. നിനക്കോർമയുണ്ടോ പണ്ട് ഹോംവർക്ക് ചെയ്യാത്തേന് നിന്നെ ഞാൻ പൊക്കിയത്?''
 
സദാനന്ദന്റെ കണ്ണു മിഴിഞ്ഞു പോയി... ഇതെന്ത് മായാജാലമാണ്...
 
''ഞാൻ അന്ന് നിന്നെ ഒരു തല്ല് പോലും തരാതെ ഇരുത്തീത് ഓർമ്മേണ്ടോ?''
 
''ഉം'' സദാനന്ദൻ മുഖത്ത് നോക്കാനാവാതെ തലയാട്ടി...
 
''എനിക്കന്നേ അറ്യാരുന്നു... നിന്നെ വേദനിപ്പിക്കാന്നല്ലാതെ തല്ലീട്ടൊരു കാര്യോമില്ല എന്ന്...''
 
സദാനന്ദന് കരച്ചിൽ വന്നു..
 
''പക്ഷേണ്ടല്ലോ... ഒരു തമാശ പറയട്ടെ?''
 
സദാനന്ദൻ ടീച്ചറുടെ മുഖത്തേക്ക് നോക്കി..
 
''കള്ളനാണെങ്കിലും നിന്നെപ്പോലെ മിടുക്കനായ ഒരു കള്ളൻ വേറെ ഇല്ല്യാന്നാടാ ഈ നാട്ടുകാര് മൊത്തം പറയണേ..''
 
ചെറിയ ഒരു ചുമയോടു കൂടി ടീച്ചർ കുലുങ്ങിച്ചിരിച്ചു...
 
''എന്നെങ്കിലും നിന്നെ മാത്രായിട്ട് കണ്ടാ ഒരു കാര്യം തരാൻ വെച്ചിരുന്നു ഞാൻ...''
 
സദാനന്ദന്റെ കണ്ണുകൾ കുറുകി..
 
ടീച്ചർ കൈ മുകളിലേക്കുയർത്തി കഴുത്തിൽ നിന്നും മാല ഊരി.. പിന്നെ, പതിയെ വിറയ്ക്കുന്ന കൈകളോടെ അത് സദാനന്ദന്റെ നേർക്കു നീട്ടിക്കൊണ്ട് പറഞ്ഞു..
 
''ഇനി എന്റടുത്ത് ഇതേയുള്ളൂടാ.. രണ്ടു കണ്ണി പൊട്ടിപ്പോയത് ആ പെണ്ണ് നൂലു കൊണ്ട് കെട്ടിയിട്ടുണ്ട്... അതൊഴിച്ചാ തെകച്ചും അഞ്ചു പവനൊണ്ട്''
 
സദാനന്ദന്റെ കണ്ണുകൾ സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ മാലയുടെ സ്വർണപ്രഭയെ മുഴുവനും ആഗിരണം ചെയ്തു. കൈ നീട്ടി അയാൾ ആ മാല വാങ്ങി.. വലതു കൈയിൽ മാല പിടിച്ച് അയാൾ അൽപം അകത്തിപ്പിടിച്ചു നോക്കി...
 
പിന്നെ, പതിയെ മാല ടീച്ചറുടെ കഴുത്തിൽ തന്നെ അണിയിച്ചു.
 
''ഞാൻ ഇത് കക്കാൻ തന്നെയാ ടീച്ചറെ വന്നത്... പക്ഷെ, ഇത് ഇവിടെ കെടക്കുന്നത് തന്ന്യാ ഭംഗി!''
 
പിന്നെ പതിയെ തല താഴ്ത്തി അയാൾ ടീച്ചറുടെ നെറ്റിയിൽ ഉമ്മ വെച്ചു. ടീച്ചറെ പതിയെ ഇറക്കി കട്ടിലിൽ കിടത്തി. എഴുന്നേറ്റു....
 
കിടന്നു കൊണ്ട് ടീച്ചർ സദാനന്ദന്റെ കണ്ണുകളിലേക്ക് നോക്കി സ്നേഹം നിറഞ്ഞ ഒരു ചെറുചിരിയോടെ പറഞ്ഞു..
 
"നിയ്യ്‌ പോകുമ്പോ മോളീന്ന് ഇളക്കിയ ഓട്‌ തിരിച്ച് വെക്കണോട്ടോടാ... അല്ലെങ്കി അത് അങ്ങനന്നെ കെടക്കും.."
 
സദാനന്ദൻ ടീച്ചറിന്റെ നെറ്റിയിൽ പതിയെ തലോടിക്കൊണ്ട് പറഞ്ഞു..
 
''മ്മടെ ഹാളിലെ നാലാമത്തെ നെരയിലെ ഒരോടാ ഞാൻ ഇളക്കിയത്.. അത് വെച്ചേക്കാം... ആ നെരേൽ തന്നെ രണ്ടു മൂന്ന് ഓടുകള് പൊട്ടീട്ടുണ്ട്... അത് രാവിലെ എങ്ങാൻ കൊറച്ച് ഓട് സംഘടിപ്പിച്ച് മാറ്റേം ചെയ്യാം....''
 
''ഉം...''
 
ശക്തിയില്ലാത്ത ഒരു മൂളൽ കേട്ട് സദാനന്ദൻ ടീച്ചറെ ഒന്നുകൂടി നോക്കിയപ്പോഴേക്കും ടീച്ചർ ഉറക്കം പിടിച്ചിരുന്നു....
 
--------------------------------------------------------
 
രാജീവ് പണിക്കർ (പണിക്കത്തി)
 
ചിത്രകാരൻ ആണ്.
ഹോംലി മീൽസ് - പണിക്കത്തി അഥവാ പണിക്കരുടെ കത്തി എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
2010 മുതൽ പണിക്കത്തി അഥവാ പണിക്കരുടെ കത്തി എന്ന ബ്ലോഗ് കൈകാര്യം ചെയ്യുന്നു. 2015 മുതൽ ഫെയ്സ്ബുക്കിൽ പണിക്കത്തി എന്ന ഒരു പേജ് ആരംഭിച്ച് അതിലായി എഴുത്ത്.
മലയാള മനോരമ ഓവർസീസ് വാർഷിക പതിപ്പ്, മംഗളം വാർഷിക പതിപ്പ്, മെട്രോ മനോരമ, ജന്മഭൂമി പത്രം, ബഹറിൻ സാഹിത്യ സമാജം സ്മരണിക, മലയാളം പത്രിക, ഏഷ്യാ നെറ്റ് ഓൺലൈൻ, മനോരമ ഓൺലൈൻ, മാതൃഭൂമി ഓൺലൈൻ എന്നിവിടങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മെട്രോ മനോരമയിൽ ഒറിഗാമി വെക്കേഷൻ ക്രാഫ്റ്റുകൾ എന്നീ വിഷയങ്ങളിൽ കോളങ്ങൾ, ദ സൺഡേ ഇന്ത്യൻ വാരികയിൽ സിനിമാ കോളം എന്നിവ കൈകാര്യം ചെയ്തിരുന്നു.
 
ബാംഗ്ലൂരിലും നാട്ടിലുമായി ടാറ്റൂ ആർട്ടിസ്റ്റ് ആയി ജോലി ചെയ്യുന്നു. ഭാര്യ ശ്രീവിദ്യ, കുട്ടികൾ ആര്യൻ, കാശി.
പെരുമ്പാവൂരിൽ താമസം.
 
രാജീവ് പണിക്കർ
കൂവപ്പടി പി ഒ
പെരുമ്പാവൂർ
 

Facebook Comments

Comments

  1. Sreedhar.RN

    2021-07-27 07:08:35

    നല്ല കഥ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡോണം (ഇബ്രാഹിം മൂർക്കനാട്, കവിത)

മാനസം (ജാനി, കവിത)

തീർത്ഥയാത്ര..(കഥ: നൈന മണ്ണഞ്ചേരി)

പാമ്പും കോണിയും: നിർമ്മല - നോവൽ - 65

വി. അന്തോണീസ് പുണ്യാളന്റെ കൃപ [കഥ: സിസിൽ മാത്യു കുടിലിൽ]

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ -15

ഓർമ്മയിലെ ഓണം (നജാ ഹുസൈൻ, അഞ്ചൽ)

ഓണത്തിന്നോർമ്മകൾ കുമ്മിയടിക്കുമ്പോൾ (രജനി ഹരിദാസ്-കഥ)

ഓണപ്പൊട്ടൻ (മധു നായർ-കവിത)

മൃതിയുടെ ചിരി (കവിത: അശോക് കുമാര്‍.കെ)

മനസ്സറിയാതെ (കഥ : രമണി അമ്മാൾ)

യാത്രാന്ത്യം : (കവിത : സലാം കുറ്റിച്ചിറ )

വായിക്കാത്ത കത്ത്: (കഥ, നജാ ഹുസൈൻ)

ആകാശമെന്ന വാക്ക് (കവിത: സിന്ധു ഗാഥ)

കാലമിങ്ങനെ (കവിത: ഡോ.എസ്‌.രമ)

പ്രിന്റർ (കഥ: അജയ്)

മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ടകഥ- 5: ജോസഫ് ഏബ്രഹാം)

ഇരുട്ട് (കവിത : ജിത്തു ധർമ്മരാജ് )

കാത്തിരിപ്പ് (കവിത: ഇയാസ് ചുരല്‍മല)

പാമ്പും കോണിയും : നിർമ്മല - നോവൽ - 64

ജാലകചില്ല് (കവിത: സണ്ണി ചെറിയാൻ, വെണ്ണിക്കുളം)

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 14

സീതായനം (കഥ: സരിത സുനിൽ)

ഒരു പ്രണയം (ഇള പറഞ്ഞ കഥകൾ-7: ജിഷ.യു.സി)

പെങ്ങൾ (കഥ: പി. ടി. പൗലോസ്)

മരണം (കവിത-ബീന ബിനിൽ, തൃശൂർ)

ശബ്ദം ! (കവിത : മീര കൃഷ്ണൻകുട്ടി,ചെന്നൈ )

വെളിപാട് - കവിത: ജിത്തു ധർമ്മരാജ്

അതിജീവനത്തിന്റെ പ്രഥമരാത്രി: (കഥ, ചായു ആദൂർ)

പാഥേയം : (കഥ, മിനി സുരേഷ്)

View More