Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതികളായ മാനേജരും സെക്രട്ടറിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍

Published on 23 July, 2021
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതികളായ മാനേജരും സെക്രട്ടറിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍


തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പില്‍ മുഖ്യപ്രതികള്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍. ബാങ്ക് സെക്രട്ടറി ടി.ആര്‍ സുനില്‍കുമാറും മാനേജര്‍ ബിജു കരീമുമാണ് പ്രതികള്‍. ൈക്രംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലാണ് ഇവരെ പ്രതിചേര്‍ത്തത്. 

ബിജു കരീം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയംഗമാണ്. സുനില്‍ കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവുമാണ്. കേസില്‍ പ്രതികളായതോടെ ഇിരുവരും ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്കായി ക്രൈംബ്രാഞ്ച് തിരച്ചില്‍ തുടരുന്നുണ്ട്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ എടുക്കുന്നവരുടെ ഭൂരേഖ പല തവണ വ്യാജ രേഖ ചമച്ച് പണയപ്പെടുത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഇടപാടുകാരുടെ ഒപ്പ് വ്യാജമായി ഇട്ടാണ് ഇവര്‍ രണ്ടു പേരും ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്.  100 കോടിയിലേറെ രൂപ ഇവര്‍ തട്ടിയെടുത്തുവെന്നാണ് പ്രാഥമിക വിവരം. 

തട്ടിപ്പിലുടെ സമ്പാദിച്ച പണം ഇരുവരും റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട് ബിസിനസുകളില്‍ മുടക്കിയെന്നാണ് വിവരം. റിയല്‍ എസ്റ്റേറ്റ് ഇടപാടിലൂടെ ലഭിക്കുന്ന ലാഭത്തിലൂടെ തട്ടിയെടുത്ത പണം ബാങ്കില്‍ തിരിച്ചടയ്ക്കാമെന്ന് ഇവര്‍ കണക്കുകൂട്ടി എന്നാല്‍. നോട്ട് നിരോധനവും കോവിഡ് ലോക്ഡൗണും ഇവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. തിരിച്ചടവ് മുടങ്ങിയതോടെ ഇടപാടുകാര്‍ക്ക് കോടികളുടെ വായ്പ തിരിച്ചടവിന് നോട്ടീസ് ലഭിക്കുകയായിരുന്നു.

തട്ടിയെടുത്ത പണം ഇവര്‍ മാത്രമാണോ പങ്കിട്ടെടുത്തതെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഭരണത്തിന്റെ ആനുകൂല്യം സിപിഎം ഭരണസമിതി ഉപയോഗിച്ചിട്ടുണ്ടെന്ന് ഇടപാടുകാര്‍ ആരോപിക്കുന്നു. പ്രതികളുമായി ബന്ധപ്പെട്ടവര്‍ക്ക് കോടികളുടെ വായ്പയാണ് നല്‍കിയിരിക്കുന്നത്. ബാങ്കിലെ ഒരു അക്കൗണ്ട് ഉടമയ്ക്ക് 18 വയസ്സ് തികയുന്ന അന്നുതന്നെ വായ്പ അനുവദിച്ചതും അന്വേഷണ സംഘം കണ്ടെത്തി.

തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവരെ സസ്പെന്റ് ചെയ്തിരുന്നു. സി.പി.എം ഭരണസമിതി കഴിഞ്ഞ ദിവസം പിരിച്ചുവിടുകയും ചെയ്തിരുന്നു. ബാങ്കിലെ നിക്ഷേപകരുടെ പണം നഷ്ടപ്പെട്ട സാഹചര്യത്തില്‍ പണം തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ടിവന്നേക്കും. എന്‍ഫോഴ്സ്മെന്റും കേസില്‍ അന്വേഷണത്തിന് സാധ്യത ഉയരുന്നുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക