Image

കനവ് പൂക്കുന്ന കാവ്യം (പ്രവീൺ പാലക്കിൽ, കഥാമത്സരം -155)

Published on 24 July, 2021
കനവ് പൂക്കുന്ന കാവ്യം (പ്രവീൺ പാലക്കിൽ, കഥാമത്സരം -155)

കല്ലേൽ പൊക്കുട്ടൻ്റെ മരണം എന്നെ വല്ലാതെ ഉലച്ചു. കണ്ടൽകാടുകളോട് കഥ പറഞ്ഞും, പുഴയോട് കവിത ചൊല്ലിയും ജീവിച്ചയാൾ. ഫെയിസ് ബുക്കിൽ അദ്ദേഹത്തെക്കുറിച്ച് ഒരു കുറിപ്പെഴുതുകയായിരുന്നു

മെസഞ്ചറിൽ അപ്രതീക്ഷിതമായ് ഒര് ഹായ് പ്രത്യക്ഷപ്പെട്ടു

ശ്രദ്ധിച്ചില്ല

വീണ്ടും മെസ്സേജ്

തുറന്ന് നോക്കിയപ്പോൾ ഒര് സ്ത്രീയുടേതാണ്

എനിക്ക് പതിവുള്ളതല്ല മെസ്സെഞ്ചറിൽ മെസ്സേജ് വരുന്നത്. ചിലപ്പോൾ ഞാൻ നോക്കാത്തത് കൊണ്ടായിരിക്കാം

തിരിച്ച് എന്താ വേണ്ടതെന്ന് ചോദിക്കുന്ന ഒര് ഇമോജി അയച്ചു

പൊക്കുടൻ്റെ മരണം അസ്വസ്തപ്പെടുത്തുന്നതിന്  ഒര് ആശ്വാസമായ് മനസ് വ്യതിചലിപ്പിക്കാൻ ഞാൻ ശ്രമിച്ചു

"താങ്കൾ പഠിക്കുമ്പോൾ ജൂനിയർ ആയിരുന്നു. എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കണമായിരുന്നു . ഫ്രീയാണോ, ബുദ്ധിമുട്ടില്ലെങ്കിൽ” 

"കുഴപ്പമില്ല , ചോദിക്കാം"

 അപ്പാഴാണ് പേര് ശ്രദ്ധിക്കുന്നത്

സുജിത സുരേഷ്, ഞാൻ എഫ് ബി പ്രോഫൈൽ ചെക്ക് ചെയ്തു. വിവരങ്ങളും, ഫോട്ടോകളും വളരെ കുറവാണ്. അഞ്ഞൂറിൽ താഴെ മാത്രം സൗഹൃദങ്ങൾ. കോമൺ ഫ്രൻഡ്സ് രണ്ട് പേർ, കോളേജിൽ ഒരുമിച്ച് പഠിച്ചവർ.

എന്തിനായിരിക്കും ഇവളുടെ പുറപ്പാട്

"താങ്കൾ എം.എക്ക് പഠിക്കുമ്പോൾ ഞാൻ പ്രി ഡിഗ്രി ആയിരുന്നു"

"ഒകെ ഞാൻ ഓർക്കുന്നില്ല"

 പയ്യന്നൂർ കോളേജിൻ്റെ വിശാലമായ ക്യാമ്പസ്. ഒറ്റയ്ക്ക് നടക്കാനായിരുന്നു  ആഗ്രഹം. അദ്ധ്യാപകനായ അച്ഛൻ എൻ്റെ ചെറുപ്പത്തിൽ തന്നെ മരിച്ചു. പഞ്ചായത്തിൽ പ്യൂണായിരുന്ന അമ്മയുടെ ചെറീയ ശബളത്തിലായിരുന്നു രണ്ട് ചേച്ചിമാരടങ്ങുന്ന കുടുംബം മുന്നോട്ട് പോയിരുന്നത്. അതു കൊണ്ട് തന്നെ അനാവശ്യ ചിലവുകൾക്കോ കമ്പനി കൂടുവാനോ ശ്രമിച്ചിരുന്നില്ല. കോളേജ് ജീവിതം പഠനത്തിൽ മാത്രം ഒതുങ്ങി. വല്ലപ്പോഴും എഴുതുന്ന കവിതകളായിരുന്നു ഏക ആശ്വാസം

"സുജിതയ്ക്ക് എന്താണറിയേണ്ടത”

"കുറച്ചൊക്കെ കാര്യങ്ങൾ ഞാൻ എഫ് ബി വഴി അറിഞ്ഞു. നമ്മുടെ കോളേജിൽ തന്നെ പ്രഫസറാണല്ലേ. നന്നായ്"

"അതെ, പി എച്ഛ് ഡി കഴിഞ്ഞപ്പോൾ അതിന്നുള്ള അവസരം ലഭിച്ചു"

''കുടുംബത്തെ കുറിച്ചൊന്നും കണ്ടില്ല"

"അമ്മ മാത്രമാണിപ്പോ കൂടെ ഉള്ളത്. ജീവിതത്തിൻ്റെ ഓട്ടപ്പാച്ചലിൽ വിവാഹം കഴിക്കാൻ മറന്നെന്ന് വേണമെങ്കിൽ പറയാം, സഹോദരിമാർ വിവാഹം കഴിഞ്ഞ് വേറെയാണ് താമസം"

“ഹ ഹ ഓട്ടപ്പാച്ചിൽ… അത് തുടരാനാണോ ഉദ്ദേശം”

“അത് പറഞ്ഞാൽ ഇപ്പോ മനസിലാകണമെന്നില്ല. സുജിത കാര്യം പറഞ്ഞില്ല”

“ഞാൻ ഇപ്പോൾ കാനഡയിൽ നെഴ്സായ് ജോലി ചെയ്യുന്നു. ഭർത്താവും രണ്ട് കുട്ടികളും കൂടെയുണ്ട്”.

“ഒ കെ ഗുഡ്”

“കോളേജ് വിട്ടതിൽ പിന്നെ പ്രജിത്തേട്ടന്നെ ഞാൻ കണ്ടിട്ടില്ല. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ നേഴ്സിങ്ങിന് ബാഗ്ലൂരിലേക്ക് പോയി.  എഫ് ബി യിൽ തിരഞ്ഞെങ്കിലും ആളെ കണ്ടില്ല. 

"എന്നെയൊ? എന്നെ മുൻപ് പരിചയം ഉണ്ടായിരുന്നതാണോ. വർഷം കുറച്ചായില്ലെ നിന്നെ ഓർത്തെടുക്കാൻ പറ്റുന്നില്ല"

“തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് എന്ന് ഈ അടുത്താണ് അറിഞ്ഞത്. കോളേജ് മാഗസിന് വേണ്ടി എൻ്റെ കവിത തിരുത്തി തന്നത് ഏട്ടനായിരുന്നു. അന്ന് കവിത എഴുതേണ്ട രീതിയെ കുറിച്ചും, വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കായാണെന്നുമൊക്കെ പറഞ്ഞ് തരികയും, കവിത ചൊല്ലി തരികയും ചെയ്തിരുന്നു. അന്ന് തൊട്ടുള്ള.... എന്താ പറയുക.. ആരാധന ആയിരുന്നു.

“ഓ. . ചിലപ്പോൾ ഉണ്ടായിരിക്കാം. കവിതയുടെ ഭ്രാന്തുമായ് നടന്നിരുന്ന കാലമായിരുന്നു”

“ഞാൻ കണ്ടു എഫ് ബി യിൽ കവിതാ സമാഹാരങ്ങളുടെ കവർ പേജുകൾ. പോസ്റ്റ് ചെയ്തിരുന്ന കവിതകളൊക്കെ ഞാൻ വായിച്ചു. എന്തൊര് വശ്യതയാണ് ഓരോ കവിതയ്ക്കും. കാമ്പുള്ള കവിതകൾ”

”ആള് കൊള്ളാലോ, അനുവാദമില്ലാതെ തപ്പി നോക്കി അല്ലേ. നീ ഇപ്പോ കവിത എഴുത്തൊക്കെ ഉണ്ടോ”

“കവിതയല്ല ജീവിതം തന്നെ എഴുതി കൊണ്ടിരിക്കുകയാണ്”

“ ചിരിക്കുന്ന ഒര് ഇമോജി വന്നു”

അവൾക്ക് എന്തൊക്കെയോ എന്നോട് പറയാനുണ്ടെന്ന് എൻ്റെ മനസ് പറഞ്ഞു

“ഏട്ടനോട് എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട് ബുദ്ധിമുട്ടില്ലെങ്കിൽ മൊബൈൽ നമ്പർ തരാമോ”

“തരാല്ലോ, പുതിയ രചനകൾ വല്ലതും”

“ഞാൻ ഫ്രീയാകുമ്പോൾ വാട്സാപ്പ് ചെയ്തോളാം. ഇപ്പോളിവിടെ അർദ്ധരാത്രിയാണ്. ഈ മാസം നൈറ്റ് ഡ്യൂട്ടിയാണ്. രോഗികളെല്ലാം ഉറക്കത്തിലാണ്.  അപ്പോഴാണ് എഫ് ബി നോക്കാൻ സമയം കിട്ടുന്നത്. പഴയ കോളേജ് ഫ്രൻസിനെയൊക്കെ തപ്പി നോക്കും”

“ ഓ കെ ദെൻ സീയൂ”

“അവളും  ബൈയ് പറഞ്ഞ് പോയി”

  പൊക്കുടൻ വീണ്ടും എൻ്റെ മനസിനെ നൊമ്പരപ്പെടുത്തി. അദ്ദേഹത്തോടൊപ്പം ഉപ്പട്ടിയും, ചിള്ളിയും നിറഞ്ഞ കൈപ്പാട് പ്രദേശത്തുകൂടി പലവട്ടം കറങ്ങിയത് മാസിൽ നിറഞ്ഞു. പക്ഷെ കൂടുതലൊന്നും എഴുതാതെ ഞാൻ എഫ് ബി കുറിപ്പവസാനിപ്പിച്ച് പൊസ്റ്റു ചെയ്തു.

സുജിത എന്തിനായിരിക്കും ഇപ്പോൾ വന്നു കയറിയത്. മക്കളുടെ വല്ല കോളേജ് അഡ്മിഷനും, ഏയ് അതാകാൻ വഴിയില്ല. കുട്ടികൾ ചെറിയ ക്ലാസിലായിരിക്കും. ചിന്ത പല ഭാഗത്തേക്കും പോയ്. ഞാൻ എഫ് ബി പ്രൊഫൈൽ വീണ്ടും നോക്കി. കാര്യമായ അപ് ലോഡുകൾ ഒന്നുമില്ല. ഫോട്ടോകൾ പലതും മാറി മാറി നോക്കി. വലീയ മുഖപരിചയവും തോന്നുന്നില്ല.

അപ്പോഴാണ് രാവിലെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ചേച്ചിയെ വിളിച്ച് പറയാൻ മറന്നകാര്യം ഓർത്തത്. കോളേജിൽ നിന്ന് വന്നയുടൻ ലാപ്പിന് മുന്നിൽ ഇരുന്നതാണ്.

  രാവിലെ കോളേജിലേക്കുള്ള യാത്രക്കിടയിൽ പഴയ പഠനകാലം ഓർമ്മയിലേക്ക് വന്നു. കാൻ്റീന് പിറകിലുള്ള വാകമരച്ചുവട്ടിലിരുന്ന് കവിത കുറിച്ച് വെക്കുന്നതും, ഏകാകി ആയിട്ടും പെൺകുട്ടികളുടെ നോട്ടപ്പുള്ളി ആയതും. ലൈബ്രറിയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ സൗഹൃദത്തിനായ് വരുന്ന കുട്ടികൾ ആ മുഖങ്ങളൊക്കെ മനസിലൂടെ ഓടി മറയുമ്പോഴും സുജിത അതിലൊന്നും കടന്നു വന്നില്ല. അവളാരാണ്,  ഉദ്ദേശം എന്തായിരിക്കും.

റൂമിൽ സിലബസ് മറിച്ച് നോക്കുമ്പോഴാണ്, വാട്സാപ്പ് മെസ്സേജ് വന്നത്. നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒര് ഹായ്. സുജിതയായിരിക്കും എന്ന് കരുതി

“സുജിത ഹിയർ”

“ ഹായ് നമസ്ക്കാരം”

“ ഏട്ടൻ കോളേജിൽ എത്തിയൊ. ഫ്രീ ടൈം ആണോ”

“ആണോ എന്ന് ചോദിച്ചാൽ അല്ല. അടുത്ത അവർ ക്ലാസുണ്ട് അതിനുള്ള തയ്യാറെടുപ്പിലാണ്”

“ സോറി, സോറി ഞാൻ പിന്നെ വന്നോളാം”

“കുഴപ്പമില്ല പറയാനുള്ള കാര്യം പറയാം. പത്ത് മിനിട്ടുണ്ട്”

“വേണ്ട. ഞാൻ ഒര് മണിക്കൂർ കഴിഞ്ഞ് വന്നോളാം. ബായ്”

അവൾ പോയ്. മനസിൽ ഒര് വിങ്ങൽ. ഇതു വരെ അനുഭവിച്ചിട്ടില്ലാത്ത പ്രക്ഷുബ്ദത.
എന്താണിവൾക്ക് വേണ്ടത്. ഒരെത്തും പിടിയും കിട്ടുന്നില്ല.

ഞാൻ നമ്പർ സെയ് വ് ചെയ്തു. ഡിപി യിൽ അസ്തമന സൂര്യനെ നോക്കിയിരിക്കുന്ന  പെൺകുട്ടിയുടെ ചിത്രം.

ബെല്ലടിച്ചപ്പോൾ ക്ലാസിലേക്കോടി. കുട്ടികളെ പഠിപ്പിക്കുമ്പോഴും മനസിൽ അവളെക്കുറിച്ചുള്ള ചിന്തകൾ തികട്ടിവന്നു. ഒരു മണിക്കൂർ പെട്ടെന്ന് കഴിയണമെന്നാഗ്രഹിച്ചു.

വാകമരച്ചില്ലയിൽ നിന്നും കിളികൊഞ്ചൽ കേൾക്കാം. മുറ്റത്തെ ഓരോ മണൽ തരികൾക്കും വർഷങ്ങളായ് എൻ്റെ പാദസ്പർശം അറിയാം. വിദ്യാർത്ഥിയായിരിക്കുമ്പോൾ പ്രസ്ഥാനത്തിന് വേണ്ടി ഓരോ ക്ലാസ് മുറികളിലും കയറി കവിതകൾ ചൊല്ലിയിട്ടുണ്ട്. നല്ല ഓർമ്മകൾ

'അമ്മയ്ക്ക് തീരെ വയ്യ' ചേച്ചിയുടെ ഫോൺകാൾ. ഡിപ്പാർട്ട്മെൻ്റിൽ കയറിച്ചെല്ലുമ്പോൾ സ്റ്റാഫംഗങ്ങൾ സ്വറപറഞ്ഞിരിക്കുകയാണ്. പൊതുവെ എന്നെ ഒറ്റയാനായ് മുദ്രകുത്തിയെങ്കിലും എൻ്റെ അസ്വസ്തത കണ്ട് ജയറാം വിവരം അന്വേഷിച്ചു. വിവരം പറഞ്ഞപ്പോൾ പിന്നീട് നടക്കാനിരിക്കുന്ന ക്ലാസുകൾ അവർ മേനേജ് ചെയ്യാമെന്ന് പറഞ്ഞ് എന്നെ ഹോസ്പിറ്റലിലേക്ക് വിട്ടു.

അമ്മയ്ക്ക് എന്നെക്കുറിച്ചോർത്തുള്ള പ്രയാസമായിരുന്നു ഇപ്പൊഴുള്ള പ്രശ്നങ്ങളൊക്കെയും. എൻ്റെ ഒറ്റയ്ക്കുള്ള ജീവിതം. ഞാൻ വിവാഹിതനായെങ്കിൽ അമ്മയ്ക്ക് കൂട്ടിനൊരാളുണ്ടാകുമായിരുന്നു എന്ന ചിന്ത.

‘വരുന്നവൾ ഏത് തരക്കാരി ആയിരിക്കും, ആർക്കറിയാം അവളെ നോക്കലും അമ്മയ്ക്ക് പണി ആകില്ലെന്ന് ' എൻ്റെ സ്ഥിരം പല്ലവി.

അമ്മയുടെ അടുത്ത് കുറേ നേരം ഇരുന്നു. പ്രായാധിക്യം അമ്മയെ ഏറെ ക്ഷീണിതയാക്കിയിരിക്കുന്നു. ഡോക്ടർ വന്നപ്പോൾ ഞാൻ കാര്യങ്ങൾ അന്വേഷിച്ചു. ഒറ്റയ്ക്ക് താമസിപ്പിക്കുന്നത് മാനസികമായ് തളർത്തും എന്ന് ഡോക്ടർ മുന്നറീപ്പ് തന്നു.

ചേച്ചിമാരുടെ കല്യാണ ശേഷം ഞാനും അമ്മയും മാത്രമായുള്ള ജീവിതം വർഷങ്ങളായ്. ഞാൻ കോളേജിൽ വന്നാൽ തിരിച്ചെത്തുന്നതുരെ  അമ്മ ഒറ്റയ്ക്ക് തന്നെ. വിരുന്ന്കാരെപ്പോലെ വന്ന് പോകുന്ന ചേച്ചിമാർ. അവരെ കുറ്റം പറയാൻ പറ്റില്ല, അവർക്കും കുടുംബമായ്. അമ്മയ്ക്ക് കൂട്ടിനൊരാളെ വേണമെന്ന ആശയം അന്നാദ്യമായ് മനസിൽ ഉടക്കി.

വൈകുന്നേരം ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലെത്തിയപ്പോഴെ ചേച്ചി തിരിച്ച് പോകാൻ തിടുക്കം കൂട്ടി. മക്കൾക്ക് പരീക്ഷയടുത്തു, ഒറ്റയ്ക്കായാൽ പഠിക്കില്ലെന്ന സ്ഥിരം പല്ലവി.

"നീ പെട്ടെന്നൊന്ന് കല്യാണം കഴിക്കാൻ നോക്ക് "

“നാളെ തന്നെ കിട്ടും. കെട്ടാനായ് ആൾക്കാർ പിറകെ നടക്കുകയല്ലേ. നീ തൽക്കാലം ഒരാളെ ഏർപ്പാടാക്കീട്ട് പോകു”

“നീ പത്രം നോക്ക്, നിറയെ ഹൗസ് മേഡ്‌സിനെ സപ്ലെ ചെയ്യുന്ന കമ്പനിയുടെ പരസ്യം കാണും. ഒന്ന് വിളിച്ചാൽ നാളെ ആളിവിടെ എത്തും”.

ചേച്ചി പോയ്ക്കഴിഞ്ഞപ്പോൾ രണ്ട് ദിവസത്തെ അവധിക്കായ് ഡിപ്പാർട്ട്മെൻറ് ഹെഡിന് മെയിലയച്ചു.

മൊബൈൽ എടുത്ത് വാട്സാപ്പ് നോക്കി. നിറയെ മെസേജുകൾ. മിക്കതും കോളേജ് സ്റ്റാഫുകളുടേത്. ആർക്കും ഇപ്പോൾ വിളിച്ചന്വേഷിക്കാൻ പോലും സമയമില്ല. അടുക്കും തോറും അകലം കൂടുന്നു. ഞാൻ ഓരോരുത്തരെയായ് വിളിച്ച് വിവരം പറഞ്ഞു. സുജിതയും മെസ്സേജയച്ചിട്ടുണ്ട്. കാണാത്തപ്പോൾ പോയിക്കാണും. തിരിച്ച് ഞാനൊന്നും എഴുതിയില്ല.

രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കണം. നേരെ അടുക്കളയിലേക്ക്. പാചകം ഒര് കലയാണെന്ന് ഞാൻ പറയുന്നത് വെറുതെയാകരുതല്ലോ. ആ കല ആസ്വദിക്കുന്ന ഒരേ ഒരാൾ അമ്മ മാത്രമാണ്. അപൂർവ്വമായ് മാത്രമേ ആ അവസരം അമ്മയ്ക്ക് ലഭിക്കാറുള്ളൂ. ഏകാന്തതയെ ഞാൻ ഇഷ്ടപ്പെട്ട് തുടങ്ങീട്ട് കാലമേറെയായ്. കൂട്ടിന് കവിതകൾ മാത്രം.

അമ്മയ്ക്ക് ഭക്ഷണം കൊടുത്ത് മരുന്നു കൊടുത്ത് കഴിഞ്ഞപ്പോൾ പിന്നെ മനസിലേക്ക് സുജിത കടന്നു വന്നു

കൈ എത്താ ദൂരത്തൊരു കസ്തൂരിമാൻ
സുഗന്ധം കൊണ്ടുവന്ന്  കാറ്റെന്നെ തലോടി....

വരികൾ കുറിച്ചിട്ടപ്പോൾ ഒര് ചമ്മൽ. ഏയ് അത് വേണ്ട. കെട്ടിയവൻ എന്നെ പഞ്ഞിക്കിടും. അല്ലെങ്കിലും അവളെനിക്കാരാ. അവൾ മനസിൽ നിറഞ്ഞപ്പോൾ തന്നെ ഫോണിലൊരു മിന്നലാട്ടം.

“എവിടായിരുന്നു ഞാൻ നോക്കിയപ്പോൾ ഓഫ് ലൈൻ ആയിരുന്നല്ലോ. എൻ്റെ ശല്യം ഒഴിവാക്കാനായിരുന്നോ”

“പറയാൻ വിട്ടതാണ് . അമ്മയ്ക്ക് സുഖമില്ലായിരുന്നു. ഹോസ്പിറ്റലിൽ പോകേണ്ടി വന്നു”

“ അയ്യോ. സോറി. അമ്മയ്ക്കെന്തു പറ്റി “

“പ്രായാധിക്യത്തിൻ്റെ ചില പ്രശ്നങ്ങൾ. ഡോക്ടർ  മരുന്ന് കൊടുത്തിട്ടുണ്ട്. ഇപ്പോൾ കുഴപ്പമില്ല”

“ ഇപ്പൊൾ എന്താ, തിരക്ക് വല്ലതും”

“ ഏയ് ഫ്രീയാണ്. സത്യം പറഞ്ഞാൽ തന്നെ കുറിച്ച് ആലോചിച്ചതേ ഉള്ളു”

“ എന്നെ കുറിച്ചോ. കളവ് പറയല്ലേ. എന്താ ആലോചിച്ചത്”

“ അല്ല വൈകീട്ട് എന്തൊ പറയാനുണ്ടെന്ന് പറഞ്ഞ് കാത്തിരുന്നു കാണുമോ എന്നാലോചിച്ചു”

“ വെറുതെയല്ല എൻ്റെ മൂക്ക് ചൊറിഞ്ഞത്”

ചിരിക്കുന്ന ഇമോജി വന്നു

“ ഇന്ന് ഓഫ് ഡ്യൂട്ടി ആയിട്ടും നട്ടപാതിരാക്ക് ഉണർന്നത് ഈ മുക്ക് ചൊറിയൽ കൊണ്ടാ”

“ അമ്മയുടെ ക്ഷീണം  കാരണം രണ്ട് ദിവസം ഞാൻ അവധി എടുത്തു. അതാണ് രാത്രിയിൽ ഇങ്ങിനെ ഇരുന്നത്. അപ്പൊഴാ നിന്നെക്കുറിച്ചോർത്തത്”

“ഞാനോർത്തിരിക്കാൻ തുടങ്ങി പതിനഞ്ച് വർഷമായ്. എനിക്ക് അത്രയ്ക്കിഷ്ടമായിരുന്നു. നേരിട്ട് എൻ്റെ ഇഷ്ടം പറയാൻ ഭയമായിരുന്നു. എന്നെ തിരിച്ചിഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ ചിലപ്പോൾ ഇല്ലാതാകുമെന്ന ഭയം. ഇപ്പോ എനിക്ക് പറയാൻ ഭയക്കേണ്ടതില്ലല്ലോ”

ഞാൻ സ്തബ്ദനായ്. ആദ്യമായാണ് ഒരാൾ എന്നെ ഇഷ്ടപ്പെട്ടിരുന്നു എന്ന് പറയുന്നത്

“ലൈബ്രറിയിലും, വാകമരച്ചോട്ടിലും ഏട്ടന്നെ കാണാൻ മാത്രം ഞാൻ വരുമായിരുന്നു. ആ വലിയ കണ്ണിൽ പെടണേ എന്ന പ്രാർത്ഥനയുമായ്. അപൂർവ്വമായ് കിട്ടിയിരുന്ന പുഞ്ചിരികൾ എൻ്റെ ഹൃദയത്തിൽ സൂക്ഷിച്ചു”

“ നീ ആള് കൊള്ളാലോ. എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ ഈ പ്രണയരഹസ്യം. ഞാൻ ചിരി മാത്രമായിരുന്നു എല്ലാവർക്കും സമ്മാനിച്ചിരുന്നത്. നിനക്ക് പറയാമായിരുന്നില്ലെ.”

അവൾ മനസ് തുറന്ന് സംസാരിച്ചു. കുടുംബത്തെ കുറിച്ചും, അവൾ എഴുതുന്ന കവിതകളെ കുറിച്ചും.

“ ഇവിടെ പുലർന്നു”

“ ഇവിടെ അർദ്ധരാത്രിയും”

  പിന്നീടുള്ള ദിവസങ്ങളിൽ ഞാനുണരുന്നത് മൊബൈലിൽ സുജിതയുടെ മെസ്സേജ് വരുന്ന ശബ്ദം കേട്ടായിരുന്നു. കവിതയും ഒപ്പം ഒരു സുന്ദരൻ ഫോട്ടോയും പതിവായി. കൺമഷി എഴുതുന്ന വിടർന്ന കണ്ണുകളിൽ ഇപ്പോഴും അവൾ എന്നോടുള്ള പ്രണയം ഒളിപ്പിക്കുന്നതായ് തോന്നി. അവളുടെ കവിതകളും ഫോട്ടോയും  ലാപ്പിൽ ഫോൾഡറിൽ സൂക്ഷിക്കുന്നത് പതിവായി.

ഒഴിവ് കിട്ടുമ്പൊഴൊക്കെ അവൾ ബോട്ടിമിൽ  വരാൻ തുടങ്ങി. നേരിൽ കണ്ട് സംസാരിക്കുമ്പോൾ അവൾ എന്നിലേക്ക് കൂടുതൽ അടുക്കുന്നതായ് ഞാൻ ഭയന്നു.

അമ്മയ്ക്ക് സഹായിയായ് കിട്ടിയ സ്ത്രി അമ്മയെ കാര്യമായ് തന്നെ ശുശ്രൂഷിച്ചു. എൻ്റെ അടുക്കള ഭരണവും ഞാൻ അവരെ ഏൽപ്പിച്ചു. അമ്മയും അവർക്ക് കൂട്ടായ്.

സുജിതയുടെ ഭർത്താവ് കാനഡയിൽ നല്ല രീതിയിൽ ബിസിനസ് നടത്തിയതാണ്. അമിത മദ്യപാനം എല്ലാം നശിപ്പിച്ചു. ലിവർ സിറോസിസ് രോഗിയായി. മകളും, മകനും സ്കൂളിൽ പഠിക്കുന്നു. അവൾക്ക് കിട്ടുന്ന ശമ്പളം കൊണ്ടാണ് വീട്ട് വാടകയും കുട്ടികളുടെ സ്കൂൾ ഫീസും അദ്ദേഹത്തിൻ്റെ ചികിത്സയും നടക്കുന്നത്. അതുകൊണ്ട് തന്നെ നാലുവർഷമായ് നാട്ടിലേക്ക് വന്നിട്ട്.

 കോളേജിൽ കുട്ടികൾ കോളേജ് ഡേക്ക് വേണ്ട ഒരുക്കങ്ങൾ തുടങ്ങി. കഴിഞ്ഞ കുറച്ച് വർഷങ്ങളിലേത് പോലെ ഇത്തവണയും ചുമതല എന്നിലേക്ക് നീണ്ടു. കവി, സാഹിത്യ സാംസ്ക്കാരിക തൽപ്പരൻ, ഒറ്റാം തടി, വീട്ടിൽ ചെന്ന് പറയത്തക്ക  പണിയൊന്നും ഇല്ല, കോളേജിന് തൊട്ടടുത്ത് വീട്.  അവശ്യം വന്നാൽ ഓടിച്ചെല്ലാം. ഇതെല്ലാമായിരുന്നു ചുമതല എന്നിലേക്ക് വരാനുള്ള കാരണം.

കോളേജ് ഡേക്ക് സർപ്രയ്സായ് സുജിതയുടെ കവിതകളുടെ സമാഹാരം ഇറക്കിയാലോ എന്ന ചിന്ത എന്നിലെത്തി. ഹാർഡ് സിസ്ക്ക് തപ്പിയപ്പോൾ നാല് മാസത്തിനകം പഴയതും, പുതിയതുമായ് എഴുപതോളം കവിതകൾ അയച്ചിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ചത്. എങ്കിലും നാൽപ്പത് കവിതകൾ ഞാൻ തിരഞ്ഞെടുത്തു

 ആദ്യം സമീപിച്ചത് 'ബ്ലു ഇങ്ക് പബ്ലിഷേഴ്സ്'' ഉടമ ഷബീറിനെയാണ്.

'കവിതകളോ. സാറ് വല്ല കഥയോ, നോവലോ കൊണ്ട് വരൂ. കവിതാ സമാഹാരം അര് വായിക്കാനാ'

“നീ ഒര് കവിയെ ആണ് അപമാനിക്കുന്നത്”

 “അല്ല സാർ താങ്കളൊക്കെ അറിയപ്പെടുന്ന കവിയാണ്. കവിതയ്ക്ക് വായനക്കാരുണ്ട്. ഒര് കവിയെ പരിചയപ്പെടുത്തി പുസ്തകം ചിലവഴിക്കുവാൻ ബുദ്ധിമുട്ടാണ്. സാർ പറഞ്ഞ സ്തിതിക്കാണെങ്കിൽ പുറം ലോകം കാണാത്ത കവിതകൾ, കവി കാനഡയിലും. പ്രിൻ്റ് ചെയ്ത പൈസ പോലും കിട്ടില്ല”.

 “ഷബീർ പേടിക്കേണ്ട. സാധനം നീ വായിച്ച് നോക്ക്. ചിലവാകുന്ന കാശ് ഞാൻ തരാടോ. നീ നോക്കിക്കോളൂ രണ്ട് മാസത്തിനകം നീ രണ്ടാം പ്രതി തട്ടിൽ കയറ്റും. അതെൻ്റെ ഉറപ്പ്”

 “സാറിനത്ര കോൺഫിഡൻസാണെങ്കിൽ പിന്നെ എനിക്കൊന്നും നോക്കാനില്ല. കറക്ഷൻ കഴിഞ്ഞതാണെങ്കിൽ അയച്ചോളു. ഉടനെ ഞാൻ പ്രൂഫ് അയച്ച് തരാം. നമുക്ക് പ്രിൻ്റിങ്ങ് തുടങ്ങാം”

  കോളേജ് ഡേയുടെ തിരക്കിനിടയിൽ സുജിതയെ രണ്ട് ദിവസമായ് കാണാതായ്. വാട്ട്സാപ്പ് മെസ്സേജില്ല, ബോട്ടിം കാളില്ല. അവൾക്ക്  ഞാൻ മെസ്സേജ് അയച്ചുണർത്തുന്ന പതിവും എനിക്കില്ല. എങ്കിലും മനസ് അസ്വസ്തമാകുമ്പോൾ ഞാൻ മെസ്സേജിട്ടു. ഡെലിവറി കാണിക്കുന്നില്ല. ഒടുവിൽ ക്ഷമകെട്ട് വിളിച്ചു നോക്കി. കാൾ പോകുന്നില്ല.

അപ്പാഴാണ് ഞാനറിയുന്നത് അവൾ എത്രമാത്രം എന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഒരു ധൂമകേതുവേപ്പോലെ മനസിലേക്ക് ജ്വലിച്ച് വന്ന് കത്തി അമരുകയാണോ. മനസ് ചഞ്ചലപ്പെട്ടു കൊണ്ടേ ഇരുന്നു.

ക്ലാസിൽ പഠിപ്പിക്കുന്നതിനിടെ ശ്രദ്ധ പല വഴിക്ക് പോകുന്നു. ഫോണെടുക്കുമ്പോൾ സുജിതയുടെ മുഖം ബോട്ടിമിലൂടെ തെളിയുന്നതായ് തോന്നും. അവളോട് ഒര്പാട് സംസാരിക്കാൻ കൊതി തോന്നുന്നു

അവളോട് ദേഷ്യവും ഒപ്പം സങ്കടവും തോന്നി. അവൾ അയച്ചു തന്ന ഓരോ ഫോട്ടോയും മാറി മാറി നോക്കിയിരുന്നു. ഒരു പക്ഷെ എന്നോ എന്നിലലിയേണ്ടവളായിരുന്നു

ദിവസങ്ങൾ കടന്ന് പോയ്. സുജിതയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. കോളേജിലെ തിരക്കിനിടയിൽ ക്രമേണ അവളുടെ മെസ്സേജിനോടുള്ള ആസക്തി കുറഞ്ഞ് വന്നു തുടങ്ങി.

ഷബീർ കവിതാ സമാഹാരത്തിൻ്റെ ഫൈനൽ പ്രൂഫ് അയച്ച് തന്നു. അവന് കവിതകൾ വായിച്ചപ്പോൾ നല്ല മതിപ്പ് തോന്നി. എഡിറ്റോറിയൽ ബോഡ് നല്ല അഭിപ്രായം പറഞ്ഞതായും അവനറിയിച്ചു. കവർ തയ്യാറായപ്പോൾ സുജിതയുടെ മനോഹരമായ ഫോട്ടോ ഞാൻ അയച്ച് കൊടുത്തു. ഞാൻ തന്നെ അവതാരിക എഴുതി.

ആമുഖം ഇല്ലാതെ ഒരു കവിതാ സമാഹാരം എന്ന പ്രത്യേകതയും പുസ്തകത്തിനുണ്ടാകും

രാവിലെ സാംസ്ക്കാരിക സമ്മേളനത്തോടെ തുടക്കം. അതിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ. സാംസ്കാരിക സമ്മേളനത്തിൽ വെച്ച് കവിതാ സമാഹാരം പ്രകാശനം ചെയ്യും. കോളേജ് ഡേ യുവ സിനിമാ താരത്തെ കൊണ്ട് ഉൽഘാടനം ചെയ്യാനും, സാംസ്ക്കാരിക സമ്മേളനം പ്രമുഖ കവികളെ ആരെയെങ്കിലും കൊണ്ട് ഉൽഘാടനം ചെയ്യിക്കാനും കമ്മറ്റി മീറ്റിങ്ങിൽ തീരുമാനമായ്.

 ഷബീർ കവിതാ സമാഹാരത്തിൻ്റെ ആദ്യ പ്രതി എനിക്ക് എത്തിച്ച് തന്നു. അച്ചടിച്ച് കിട്ടിയപ്പൊൾ കവിതകളുടെ മട്ടും ഭാവവും മാറിയതായ് തോന്നി. കോളേജിലെ സാഹിത്യ കൂട്ടായ്മയിലെ കുട്ടികൾക്ക് ഞാൻ കോപ്പി കൊടുത്ത് വേണ്ടുന്ന പബ്ലിസിറ്റി കൊടുക്കാനുള്ള ഏർപ്പാട് ചെയ്യാൻ പറഞ്ഞു. കോളേജ് ഡേ ബ്രോഷറിൽ കവർ ഫോട്ടോ പ്രസിദ്ധീകരിക്കുവാനും തീരുമാനമായ്.

 "ആരാ സാറെ പഴയ ഗേൾഫ്രൺഡ് ആണോ" എന്ന കുട്ടികളുടെ കളിയാക്കിയുള്ള കമൻ്റ് വരാതിരുന്നില്ല. തലയൂരാൻ പല കളവും തട്ടി വിട്ടു.

 വാകമരങ്ങളും, കാറ്റാടി മരങ്ങളും ഉൻമാദത്തിലായിരുന്നു. പുത്തനുടുപ്പുകളുടെ  നിറങ്ങളിൽ കുട്ടികൾ പൂത്തു നിന്നു. തോരണങ്ങളും കലപില ശബ്ദവുമായ് കോളേജ് ഡേ ഉത്സവ പ്രതീതി സമ്മാനിച്ചു.

 യൂനിയൻ നേതാക്കളുടെയും, കൾച്ചറൽ കമ്മറ്റിയുടെയും വാട്സാപ്പ് കൂട്ടായ്മയിലൂടെ പരിപാടികളുടെ കോഡിനേഷനും, വിവരങ്ങൾ കൈമാറുന്നതും എളുപ്പം നടന്നു.

 സിനിമാ താരത്തിൻ്റെ സാന്നിദ്ധ്യമുള്ളതുകൊണ്ട് തന്നെ കോളേജ് ഓടിറ്റോറിയം നിറഞ്ഞ് കവിഞ്ഞു

 പത്ത് മണിയോടെ തന്നെ സാംസ്ക്കാരിക പരിപാടികൾക്ക് തുടക്കമായ്. കവയത്രി മീര സമ്മേളനം ഉൽഘാടനം ചെയ്തു. അദ്ധ്യക്ഷനായിരുന്ന കോളേജ് ചെയർമാൻ അടുത്ത പുസ്തക പ്രകാശനത്തിനെക്കുറിച്ച് പറഞ്ഞ് തുടങ്ങി. പൂർവ്വ വിദ്യർത്ഥിനിയുടെ പുസ്തകത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച എന്നെക്കുറിച്ചും സൂചിപ്പിച്ചു.

 കോളേജ് പ്രിൻസിപ്പൽ, പുസ്തക പ്രകാശനം ചെയ്യാനായ് കവി മീര, പ്രസാധകരുടെ ഭാഗത്തു നിന്നും ഷബീർ പിന്നെ എന്നെയും ചടങ്ങിലേക്ക് ക്ഷണിച്ചു. അവസാനം രചയിതാവ് സുജിതയേയും ക്ഷണിച്ചു. അപ്പോൾ ഞാൻ സ്റ്റേജിന് തൊട്ടടുത്തു നിന്ന് അവളിവിടെ ഇല്ലെന്ന് വിളിച്ച് പറഞ്ഞെങ്കിലും ആരും കേൾക്കുന്നുണ്ടായിരുന്നില്ല.

സദസ്സിൽ കുട്ടികളുടെ കരഘോഷത്തിനിടെ ഓഡിറ്റോറിയത്തിൻ്റെ മധ്യഭാഗത്തുനിന്നും സുജിത നടന്ന് വരുന്നതായ് എനിക്ക് തോന്നി.

തോന്നലല്ല അതവൾ തന്നെ. കൾച്ചറൽ കമ്മറ്റി സെക്രട്ടറി എൻ്റെ അടുത്ത് വന്ന് കാതിൽ പറഞ്ഞു. "സാർ ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്. ആളെ കാനഡയിലല്ല ഏത് ഉഗാണ്ടയിൽ ഒളിപ്പിച്ചാലും ഞങ്ങൾ കണ്ടെത്തും ". കുട്ടികൾ എന്നിൽ നിന്നും ഇത് വരെ മറച്ച് വെച്ചു ആ രഹസ്യം

എനിക്ക് എൻ്റെ കണ്ണുകളേയും കാതുകളേയും വിശ്വസിക്കാൻ പറ്റാതെയായ്.

സുജിത സ്റ്റേജിലേക്ക് കയറി വന്നു

മീര കവിതാ സമാഹാരം പ്രിൻസിപ്പലിനു നൽകി പ്രകാശനം ചെയ്തു. സുജിത വരിയുടെ മധ്യത്തിൽ നിറഞ്ഞ ചിരിയോടെ നിന്നു.

എല്ലാവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഞാൻ അവളുടെ കവിതകളെക്കുറിച്ച് മാത്രം പറഞ്ഞു. അവളെക്കുറിച്ച് പൂർവ്വ വിദ്യർത്ഥി എന്നരീതിയിൽ സംസാരിച്ചു. മറ്റെന്ത് പറയാന.

സുജിത മറുപടി പ്രസംഗത്തിനായ് എഴുന്നേറ്റു. എൻ്റെ ഹൃദയമിടിപ്പ് ആദ്യമായ് ഞാൻ വെളിയിൽ കേട്ടു

 “വേദിയിൽ ഉപവിഷ്ഠരായിരിക്കുന്ന ബഹുമാന്യരെ പ്രിയപ്പെട്ട വിദ്യാർത്ഥികളെ സുഹൃത്തുക്കളെ. ഈ വേദിയിൽ ഇങ്ങനെ ഒര് ചടങ്ങിൽ നിൽക്കാനുള്ള യോഗ്യത ഉണ്ടോ എന്നറിയില്ല. ഒര് കവി എന്ന നിലയിൽ എന്നെ അറിയപ്പെടാൻ യോഗ്യയാക്കിയത് നിങ്ങളുടെ പ്രഫസർ പ്രജിത്ത് എൻ്റെ പ്രജിത്തേട്ടന്നെ. പൂർവ്വ വിദ്യർത്ഥി എന്ന നിലയിൽ ഏറെ അഭിമാനം തോനുന്നു. വർഷങ്ങൾക്ക് മുൻപ് കവിത എഴുതി തിരുത്താൻ കൊടുത്ത് സൗഹൃദത്തിലായതാണ്. വർഷങ്ങൾക്കിപ്പുറം സോഷ്യൽ മീഡിയ എന്ന വലീയ പ്ലാറ്റ്ഫോമിലൂടെ ആ സൗഹൃദം ഞാൻ തിരിച്ചുപിടിച്ചു. എൻ്റെ ജീവിതത്തിലെ നിർണ്ണായക ദിവസങ്ങളിലൂടെ ആയിരുന്നു കഴിഞ്ഞ ഒരു മാസം കടന്ന് പോയത്. എൻ്റെ ഭർത്താവ് ലോകത്തോട് വിട പറഞ്ഞ് പോയി. അപ്പോൾ തന്നെ എൻ്റെ ജീവിതത്തിലെ എറ്റവും അവിസ്മരണിയ സംഭവം ഇന്നിവിടെ നടന്നു. കോളേജ് ഫേയ്സ്ബുക്ക് കൂട്ടായ്മയിലൂടെ ആരോ അയച്ച മെസ്സേജിലൂടെയാണ് ഞാനിവിടെ ഇന്ന് എത്തിപ്പെട്ടത്.  സൂദീപേട്ടനെ വരുന്ന വിവരം അറീക്കാതിരുന്നതും അവരുടെ കുസൃതിയാണ്. എങ്കിലും ഞാൻ മാപ്പ് ചോദിക്കുന്നു. തീർത്താൽ തീരാത്ത സ്നേഹവും കടപ്പാടും അറിയിക്കുന്നു”.

  സുജിത വാക്കുകൾ ചുരുക്കി അവളുടെ കണ്ഠമിടറി, കണ്ണുകൾ നിറഞ്ഞു. സദസ്സ് ദിശബ്ദമായ്. വേദിയിൽ നിന്നും സദസ്സിലേക്ക് തന്നെ അവൾ നടന്നകന്നു. കുട്ടികൾ എഴുന്നേറ്റ് കൈയ്യടിച്ചു. എനിക്കവളുടെ അടുത്തേക്ക് ഓടിച്ചെല്ലണമെന്നുണ്ടായിരുന്നു. പക്ഷെ വേദിയിൽ എന്നെ നോക്കുന്ന ആയിരം കണ്ണുകൾ ഉണ്ടായിരുന്നു. എങ്കിലും ഞാൻ അവളെ മാത്രമേ കണ്ടുള്ളു
----------------------------

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക