Image

എന്നാ പിന്നെ അനുഭവിച്ചോ! ട്ടോ! (രാജു മൈലപ്ര)

Published on 25 July, 2021
എന്നാ പിന്നെ അനുഭവിച്ചോ! ട്ടോ! (രാജു മൈലപ്ര)
"ഒരുങ്ങിക്കെട്ടി അതിരാവിലെ എങ്ങോട്ടാ?'
പുതപ്പിനടിയില്‍ നിന്നും തലനീട്ടിയുള്ള ആ ചോദ്യം എന്നോടാണു- എന്നോടു മാത്രം.

"വെറുതെയൊന്നു നടക്കാനിറങ്ങുവാ'
"ഇങ്ങേരുടെ ഒരു വേഷം കണ്ടില്ലയോ. ഒരു പറിഞ്ഞ ജീന്‍സും, സൂപ്പര്‍മാന്‍ ടീഷര്‍ട്ടും, ഒരു പാളത്തൊപ്പിയും...'
പുതപ്പിനടിയില്‍ കിടന്ന്, ഉറക്കച്ചടവ് മാറാത്ത കണ്ണുകളോടെ അവളെന്റെ കോസ്റ്റ്യും സെന്‍സിനെ ക്വസ്റ്റ്യന്‍ ചെയ്തു.

കിടപ്പുമുറിയിലെ കണ്ണാടിയില്‍ നോക്കി ഞാന്‍ തന്നെ എന്നെയൊന്നു വിലയിരുത്തി. അവളു പറഞ്ഞതില്‍ കാര്യമില്ലാതില്ല. പഴയകാല നടന്‍ ശങ്കരാടിയുടെ ഒരു കോമഡി വേഷം പോലെയുണ്ട് എന്റെ പ്രതിഛായ. പ്രതിരൂപം.

"പാര്‍ക്കില്‍ പോകുന്നതൊക്കെ കൊള്ളാം. കണ്ട പെണ്ണുങ്ങളുടെ തല്ലും വാങ്ങിച്ചോണ്ട് വരരുത്.'
"നീ എന്തുവാടീ ഈ പറേന്നത്?' ജന്മനാ മര്യാദ രാമനായ ഞാന്‍ വിനയത്തോടുകൂടി ചോദിച്ചു.

"ഓ, ഒരു പൊടിക്കുഞ്ഞ്. ഒന്നും അറിയാത്തതുപോലെ. എന്തൊക്കെയാ പത്രത്തില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. അല്ലേലും ഈ മലയാളി ആണുങ്ങള്‍ക്കൊക്കെ നേഴ്‌സുമാരെ ഒരുമാതി പുച്ഛമാ- അവരു കിടന്നു കഷ്ടപ്പെടുന്നതുകൊണ്ടാ, അവന്മാരൊക്കെ ഈ പത്രാസില്‍ നടക്കുന്നത്. വാലിയ മാലേം, വളേം, കല്ലുവെച്ച മോതിരവും...കുറെ പ്രാഞ്ചിയേട്ടന്മാര്‍- കണ്ടാലറപ്പ് തോന്നും. അവള്‍ മലയാളി മാമന്‍മാരെ മൊത്തത്തിലൊന്നു വിലയിരുത്തി.

ഏതായാലും വേഷം കെട്ടി- പാര്‍ക്കിലൊന്നു വരാമെന്നു തന്നെ വിചാരിച്ചു.
"ഞാന്‍ ഒന്നു കറങ്ങിയിട്ട് പെട്ടെന്നിങ്ങു വരാം'.
"അപ്പോള്‍ പോകാന്‍ തന്നെ തീരുമാനിച്ചു- അല്ലിയോ?
എന്നാ പിന്നെ അനുഭവിച്ചോ, ട്ടോ?'

അവളുടെ താക്കീതിനു മുന്‍ വനിതാ കമ്മീഷണറുടെ ശബ്ദവുമായി ഒരു സ്വരച്ചേര്‍ച്ച.
ഭാര്യ പറഞ്ഞതിലും കാര്യമുണ്ട്. പോക്രിത്തരമെഴുതിയതിന് ഒരു മഞ്ഞപ്പത്രക്കാരനെ അയാളുടെ ഓഫീസില്‍ കയറിച്ചെന്ന് കരണക്കുറ്റി അടിച്ചുപൊട്ടിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്റെ മുഖം എന്റെ മനസ്സില്‍ക്കൂടി  മിന്നിമറഞ്ഞു.

*************** ***************

പതിവുപോലെ പാര്‍ക്കിലെ ഒരു ഒഴിഞ്ഞ കോണില്‍ ബെഞ്ചിലിരുന്ന് ഇരുപ്പ് വ്യായാമം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ പിന്നില്‍ നിന്നും ഒരു കല്യാണ്‍ജി ആനന്ദ്ജി പശ്ചാത്തല സംഗീതമുയരുന്നതുകേട്ടു.
'മേരാ ജീവന്‍ കോരാ കാഗസ് ഹൈ രഹാഗയാ'
എന്റെ പഠനകാലത്തെ വളരെ പോപ്പുലറായ ഒരു ഗാനം. പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍ അതാ നില്‍ക്കുന്നു- ഒരു നോര്‍ത്തിന്ത്യന്‍ ഭായി- സാദാ ബനിയനും, ഇറക്കംകൂടിയ ഒരു വരയന്‍ അണ്ടര്‍വെയറും, വള്ളിച്ചെരുപ്പുമാണ് വേഷം. പാര്‍ക്കില്‍ നടക്കാന്‍ പറ്റിയ വേഷം. ഇന്ത്യക്കാരെ പേരുകേള്‍പ്പിക്കുവാന്‍ ഓരോ വേഷം കെട്ടി ഓരോരുത്തര്‍ ഇറങ്ങിക്കോളും. അല്ലെങ്കില്‍ തന്നെ സായിപ്പിനു നമ്മള് ഇച്ചീച്ചിയാ.

ഭായിയുടെ കൂട്ടത്തിലൊരു പട്ടിക്കുട്ടിയുമുണ്ട്. ചുണ്ടെലിക്ക് കരുംപൂച്ചയിലുണ്ടായ ജാരസന്തതിയാണെന്നു തോന്നും അതിന്റെ മോന്തായം കണ്ടാല്‍- ഒരു ജര്‍മ്മന്‍ ഷെപ്പേര്‍ഡിനെ കൊണ്ടു നടക്കുന്ന ഗൗരവമാണ് ആ പട്ടി മുതലാളിക്ക്.

മുതലാളിയുടെ കൈയ്യില്‍ പച്ച നിറത്തിലുള്ള ഒരു പരിസ്ഥിതി സൗഹൃദ ബാഗുണ്ട്. പട്ടി അപ്പിയിടുമ്പോള്‍ അതു കോരി ബാഗിലിട്ടു കളയേണ്ട ഉത്തരവാദിത്വം അങ്ങേര്‍ക്കാണ്.

അന്യഗ്രഹങ്ങളില്‍ ഭൂമിയെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ജീവികളുണ്ടെന്നാണ് പറയപ്പെടുന്നത്. സംഗതി ശരിയാണെങ്കില്‍, അവരെങ്ങാനം ഈ കാഴ്ച കണ്ടാല്‍, അമേരിക്കയില്‍ പട്ടികള്‍ രാജാക്കന്മാരും, അവരുടെ വിസര്‍ജ്ജനം പോലും കോരിക്കളയുന്ന മനുഷ്യര്‍ പട്ടികളുടെ അടിമകളാണെന്നും അവര്‍ക്ക് തോന്നും.

ഏഴു കടലും കടന്ന് പാലും തേനും ഒഴുകുന്ന കനാന്‍ ദേശത്തു വന്നപ്പോഴും ഇതാണ് ഗതി. ഈ നാണംകെട്ട ഇന്ത്യക്കാരെക്കൊണ്ട്, എന്നെപ്പോലെയുള്ള മാന്യന്മാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാതായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

ഏതായാലും പാര്‍ക്കിലെ നടപ്പ് ഞാന്‍ തത്കാലം നിര്‍ത്തുകയാണ്.
*************** ***************

ഇ-മലയാളിയുടെ സാഹിത്യ അവാര്‍ഡ് ജേതാക്കള്‍ക്ക് ഭാവുകങ്ങള്‍ നേരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക