Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍-ഞായറാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് തോമസ് Published on 25 July, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍-ഞായറാഴ്ച (ജോബിന്‍സ്)
ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ഇന്ത്യന്‍ നാഷണല്‍ ലീഗ് പിളര്‍ന്നു. ഇന്ന് കൊച്ചിയില്‍ നടന്ന യോഗത്തിനിടെ പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലടിച്ചിരുന്നു. ഇതിനു ശേഷം ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി പ്രസിഡന്റ് അബ്ദുള്‍ വഹാബ് അറിയിച്ചു.  എന്നാല്‍ അബ്ദുള്‍ വഹാബിനെ പുറത്താക്കിയതായി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു. അഹമ്മദ് ദേവര്‍ കോവില്‍ ഇടതുമുന്നണി സര്‍ക്കാരില്‍ മന്ത്രിസ്ഥാനമേറ്റെടുത്തശേഷം പാര്‍ട്ടിയില്‍ വിവിധ വിഷയങ്ങളെ ചൊല്ലി ഉള്‍പ്പോര് ശക്തമായിരുന്നു. 
*****************************************
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ നാല് പ്രതികള്‍ പിടിയിലായി. ബിജു കരീം, ബിജോയ്, സുനില്‍ കുമാര്‍, ജില്‍സ് എന്നിവരെയാണ് പിടികൂടിയത്. ഇവരുള്‍പ്പെടെ ആറ് പ്രതികളുടെ വീടുകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 29 അനധികൃത വായ്പാ രേഖകള്‍ കണ്ടെത്തി. 29 വായ്പകളില്‍ നിന്നായി 14.5 കോടി രൂപയാണ് വകമാറ്റിയത്. 
*************************************************
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലീംലീഗ് , സര്‍ക്കാരിനെതിരായ സമരം ശക്തമാക്കുന്നു. ലീഗിന്റെ നേതൃത്വത്തില്‍ വിവിധ മുസ്ലീംസംഘടനകളെ ഒന്നിപ്പിച്ച് സച്ചാര്‍ സംരക്ഷണ സമിതി രൂപീകരിച്ചു. എപി സുന്നി വിഭാഗം ഒഴികെയുള്ള 13 സംഘടനകളണ് സംരക്ഷണ സമിതിയില്‍ ഉള്ളത്. അടുത്ത മാസം മൂന്നിന് സെക്രട്ടേറിയറ്റ് സമരം നടത്താനും തീരുമാനമായി.
******************
ഒളിംമ്പിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം മേരികോം പ്രീ ക്വാര്‍ട്ടറില്‍.  വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തിലാണ് മേരികോം വിജയിച്ചത്.  ഡൊമനിക് റിപ്പബ്ലിക്കിന്റെ മിഗൂലീന ഹെര്‍ണാണ്ടസ് ഗാര്‍ഷ്യയെ പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരം വലന്‍സിയയെയാണ് മേരികോം നേരിടുക. 2016 റിയോ ഒളിമ്ബിക്‌സിലെ വെങ്കല ജേതാവാണ് വലന്‍സിയ. 2012 ലെ വെങ്കല മെഡലാണ് മേരിയുടെ ഒളിമ്ബിക്‌സിലെ മികച്ച നേട്ടം. എന്നാല്‍ പുരുഷന്‍മാരുടെ 63 കിലോഗ്രാം ലെയ്റ്റ് വെയ്റ്റ് വിഭാഗത്തില്‍ മനീഷ് കൗശിക് പുറത്തായി ബ്രിട്ടീഷ് താരം ലൂക്ക് മാക്രോമാകിനോടാണ് പരാജയപ്പെട്ടത്. 
*****************************************
ചേര്‍ത്തല കടക്കരപ്പള്ളിയില്‍ ഹരികൃഷ്ണ എന്ന യുവതിയെ സഹോദരിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരി ഭര്‍ത്താവ് രതീഷ് കുറ്റം സമ്മതിച്ചു. ഹരികൃഷ്ണയ്ക്ക് മറ്റൊരാളുമായി ഉണ്ടായിരുന്ന അടുപ്പം ചോദ്യം ചെയ്യുകയും തര്‍ക്കത്തിനിടയില്‍ കൊല്ലുകയുമായിരുന്നെന്ന് രതീഷ് പോലീസ്‌നോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
******************************************
പണം നല്‍കി വോട്ടു വാങ്ങിയെന്ന പരാതിയില്‍ തെലങ്കാനയില്‍ നിന്നുള്ള എംപി കവിത മാലോത് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. കവിതയ്ക്ക് ആറുമാസം തടവും 10000 രൂപ പിഴയുമാണ് ശിക്ഷയും കോടതി വിധിച്ചു. സിറ്റിംഗ് എംപിയ്ക്കെതിരെ അത്യപൂര്‍വ്വമായാണ് ഇത്തരമൊരു നടപടിയുണ്ടാവുന്നത്.
********************************************** 
ദേവികുളത്തെ സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ ആരോപണം. തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും പിളര്‍പ്പുണ്ടാക്കി അതിന്റെ പേരില്‍ വോട്ട് കുറച്ച് എ.രാജയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇതേക്കുറിച്ചന്വേഷിക്കാന്‍ പാര്‍ട്ടി രണംഗ കമ്മീഷനെ നിയോഗിച്ചു.
*******************
മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 112 ആയി. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. നൂറോളംപേരെ കാണാതായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്.
സാംഗ്ളി ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്. ഇവിടുത്തെ റോഡുകളില്‍ വലുതും ചെറുതുമായ നിരവധി വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവയ്ക്കുള്ളില്‍ ആളുകള്‍ ഉണ്ടോ എന്ന് വ്യക്തമല്ല. നിരവധി വീടുകളും തകര്‍ന്നു. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക