Image

പഠിക്കാൻ എളുപ്പം: ടെക്ഫ്യൂണിക്സ് പഠന സഹായിയുമായി ആൻ ആൻഡ്രൂസ്

Published on 25 July, 2021
പഠിക്കാൻ എളുപ്പം: ടെക്ഫ്യൂണിക്സ്  പഠന സഹായിയുമായി  ആൻ  ആൻഡ്രൂസ്
കോവിഡ് പിടിമുറുക്കിയതോടെ സ്കൂളുകൾ അടയ്ക്കുകയും ഓൺലൈൻ പഠനത്തിലേക്ക് വിദ്യാർത്ഥികൾ കൂടുമാറുകയും ചെയ്തതാണ് ആൻ  ആൻഡ്രൂസിന്റെ കാഴ്ചപ്പാട്  മാറ്റിമറിച്ചത്. ഒൻപതിൽ പഠിക്കുന്ന മൂത്ത മകൾ കണക്കിൽ പിന്നോക്കം പോകുന്നത് എങ്ങെനെ ഒഴിവാക്കാമെന്നതായി ചിന്ത. എഞ്ചിനിയറെങ്കിലും രണ്ട് കുട്ടികളെ കൂടി നോക്കേണ്ടതും ജോലിയും മൂലം സ്വയം സഹായിക്കാൻ സമയമില്ല.
 
അതിനാൽ അമേരിക്കയിലെ ഓൺലൈൻ ട്യൂട്ടർമാരെ തിരഞ്ഞു. പക്ഷെ മാസം നല്ലൊരു തുക അതിനായി മാറ്റിവയ്‌ക്കണം. എന്നാലും പ്രതീക്ഷിച്ചത്ര യോഗ്യതയുള്ളവരെ കണ്ടെത്താനും കഴിയുന്നില്ല.
 
അങ്ങനെയാണ് ശ്രദ്ധ ഇന്ത്യയിലേക്ക് തിരിയുന്നത്. പഠിച്ച  തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജിൽ  സഹായം തേടി. അങ്ങനെ  ഒരാളെ കണ്ടെത്തി. ക്ലാസ് തുടങ്ങി ആഴ്ചകൾക്കുള്ളിൽ മകളുടെ ഗ്രേഡ് ഉയർന്നു.
 
പക്ഷെ സമയത്ത്  വിളിച്ചുണർത്തേണ്ട ചുമതലയൊക്കെ ആനിനു തന്നെ. അപ്പോഴാണ് ഏതാനും കുട്ടികളെ കൂടി ക്ലാസിൽ ചേർത്താലോ എന്ന ചിന്ത വരുന്നത്. മറ്റു കുട്ടികൾ കൂടി വന്നതോടെ ക്‌ളാസ് കൂടുതൽ സജീവമായി. ഒറ്റയ്ക്കുള്ള പഠനത്തിന്റെ വിരസത അവസാനിച്ചു.  മകൾ സ്വയം എഴുന്നേറ്റ ക്ലാസ് അറ്റൻഡ് ചെയ്യാൻ തുടങ്ങി. 
 
തന്നെപ്പോലെയുള്ള മറ്റു മാതാപിതാക്കളും ഉണ്ടാകുമല്ലോ എന്ന ചിന്തയാണ് ഈ സംരംഭം വിപുലപ്പെടുത്തുന്നതിനെപ്പറ്റി ചിന്തിക്കാൻ കാരണമായത്. 
 
ഇന്ത്യയിലുള്ള  ഏതാനും പേരെ സഹ-അധ്യാപകരാക്കി 'ടെക്ഫ്യൂണിക്' എന്ന പേരിൽ പഠന സെഷനുകൾ ആരംഭിച്ചു.  നിലവിൽ 8 മുതൽ 15  വയസ്സുവരെയുള്ള കുട്ടികളെ മാത്ത്, ടെക്‌നോളജി, കോഡിങ് എന്നീ വിഷയങ്ങളാണ്   ടെക്ഫ്യൂണിക്സിലൂടെ  പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൂടെ മലയാളം പഠിപ്പിക്കാൻ ഭാഷാഫിയുണിക്സ് കൂടി രൂപം കൊണ്ടു. എസ് .എസ്.എൽ.സിക്ക് കേരളത്തിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വ്യക്തി എന്ന നിലയിൽ ആനിന് മലയാളത്തോട് പ്രത്യേക സ്നേഹം ഉണ്ടെന്നു പറയേണ്ടതില്ലല്ലോ.
 
വളരെ വേഗത്തിൽ ആ സംരംഭം ശ്രദ്ധയാകർഷിച്ചു. കേട്ടറിഞ്ഞ് ഒരുപാടുപേർ തങ്ങളുടെ മക്കളെക്കൂടി പഠിപ്പിക്കണമെന്ന ആവശ്യവുമായി സമീപിച്ചപ്പോൾ ടെക്ഫ്യൂണിക് വലിയൊരു സംരംഭമായി  വളർന്നു. അപ്പോഴും, ഒരുകാര്യം ആൻഡ്രൂസ് മറന്നില്ല. മകളുടെ വിദ്യാഭ്യാസത്തിന് കൂടുതൽ പണം നീക്കിവയ്ക്കാനില്ലാതെ താൻ വിഷമിച്ചത്. അതുകൊണ്ടുതന്നെ,  സാധാരണക്കാരായ പ്രവാസികൾക്ക് മഹാമാരിക്കിടെ ഒരു സേവനം എന്ന നിലയിൽ മിതമായ ഫീസ് മാത്രമേ അവർ ഈടാക്കുന്നുള്ളു. കുട്ടികളുടെ താല്പര്യത്തിനും പഠനമികവ് അടിസ്ഥാനപ്പെടുത്തിയും ഗ്രൂപ്പ് തിരിച്ചാണ് ക്ലാസ്സുകൾ നടത്തുന്നത്. കൂടുതൽ ശ്രദ്ധ ആവശ്യമായ കുട്ടികളെ അപ്രകാരം പരിശീലിപ്പിക്കുന്നതാണ് ടെക്ഫ്യൂണിക്കിലെ രീതിയെന്ന് ആൻഡ്രൂസ് പറയുന്നു. 
 
 
ഒരു ക്‌ളാസിൽ മൂന്ന് വിദ്യാർത്ഥികൾ. അതിനാൽ കൃത്യമായി ശ്രദ്ധ ലഭിക്കുന്നു. സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ പ്ലാറ്റുഫോമുകളാണ് ഉപയോഗിക്കുന്നത്. വളരെ എളുപ്പം ഉപയോഗിക്കാവുന്നത്. മുൻ കാലത്ത്  ഓൺലൈൻ ട്യൂഷൻ  ക്ളാസുകൾ തുടങ്ങിയവർക്ക് അതിനു പ്രത്യേക സജീകരണം ഒക്കെ  വേണ്ടിയിരുന്നു.
 
ആൻഡ്രൂസ് തന്നെ നേരിൽ തിരഞ്ഞെടുക്കുന്ന ട്യൂട്ടർമാർക്ക് പ്രത്യേക പരിശീലനം നൽകിയാണ് അധ്യാപകരായി നിയമിക്കുന്നത്. അപേക്ഷകർക്ക് സ്ക്രീനിംഗ് ടെസ്റ്റ് നടത്തി, ഏത് ക്ലാസിലെ കുട്ടികളെയാണ് അവർക്ക് നന്നായി പഠിപ്പിക്കാൻ കഴിയുക എന്ന് തീരുമാനിക്കുന്നതു മുതൽ ഓരോ ഘട്ടത്തിലും സൂക്ഷ്മമായി വിശകലനം നടത്തിയാണ്  നിയമനം. യു എസിലെ വിദ്യാഭ്യാസ രീതി പരിചിതമാകുന്നതിന് ട്രെയിനിങ് സെഷനുകൾ സഹായിക്കും. പൂർണമായി ആ ട്രാക്കിൽ എത്തുമ്പോൾ മാത്രമേ  സ്വതന്ത്രമായി ക്ലാസ് എടുക്കാൻ അനുവദിക്കൂ.
 
നിലവിൽ 147 ഇന്ത്യൻ  കോളജുകളിൽ നിന്ന് പഠിച്ചിറങ്ങിയവർ ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. കോളജ് അധികൃതർ തന്നെ മികച്ച വിദ്യാർത്ഥികളെ ടെക്ഫ്യൂണിക്സിലേക്ക് അധ്യാപകരായി നിയമിക്കാൻ ശുപാർശ  ചെയ്യാറുണ്ട്. പിന്നോക്കാവസ്ഥയിലുള്ള സ്ത്രീകളുടെ ഉന്നമനത്തിനും ഈ സംരംഭം പ്രാധാന്യം നൽകുന്നു. 75 ശതമാനം അധ്യാപകരും സ്ത്രീകളാണെന്നത് മറ്റൊരു പ്രത്യേകത. നാട്ടിലെ വേതനത്തിന്റെ ഇരട്ടിയോളം ഇവർക്ക് വീട്ടിലിരുന്ന് തന്നെ നേടാനാകുന്നു എന്നതും എടുത്തുപറയാവുന്ന ഒന്നാണ്. ലാപ്ടോപ്- വൈഫൈ സൗകര്യങ്ങളുടെ അഭാവം കൊണ്ട് ഓൺലൈൻ ട്യൂട്ടറാകാൻ ബുദ്ധിമുട്ടുണ്ടെന്ന് കണ്ടാൽ, അതിനുള്ള സഹായവും ടെക്ഫ്യൂണിക് നൽകും.
 
ഇന്ത്യാക്കാർ മാത്രമല്ല മറ്റുള്ള വിദ്യാർത്ഥികളും ക്ളാസിലുണ്ട്. അമേരിക്കക്കു പുറമെ സ്വിട്സര്ലാന്ഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പഠിക്കുന്നു. പലതരം ആക്സന്റ് (ഉച്ചാരണം) കുട്ടികൾ മനസിലാക്കണമെന്ന പക്ഷക്കാരിയാണ് ആൻ.
 
മലയാളം ക്ളാസുകൾ ബഹുരസം. ഭാഷ മാത്രമല്ല സാംസ്കാരികമായ കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. ഉദാഹരണത്തിന് അരകല്ല്  (അമ്മിക്കല്ല്) എന്താണെന്ന് കുട്ടികളെ കാണിച്ച് കൊടുക്കാൻ ഒരു പ്രയാസവുമില്ലല്ലോ.
 
ആനിന്റെ മാതാപിതാക്കൾ സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥരായിരുന്നതു  കൊണ്ട് തിരുവന്തപുരത്താണ് വളർന്നതും പഠിച്ചതും.  2006-ൽ അമേരിക്കയിലെത്തി.  ബാങ്ക് ഓഫ് ന്യു യോർക്ക് മെലനിൻ ഉദ്യോഗസ്ഥ ആയിരുന്നു. ബാങ്ക് ഓഫ് അമേരിയ്ക്ക വൈസ് പ്രസിഡന്റ് ആയ ജെറാൾഡ് ആണ് ഭർത്താവ്. ഇപ്പോൾ പതിനൊന്നിൽ പഠിക്കുന്ന ടെസ, ടൈറ്റൻ, ആൻഡ്രിയ എന്നിവർ മക്കൾ. ന്യു ജേഴ്‌സിയിൽ ജേഴ്‌സി സിറ്റിയിൽ താമസം 
 
കൂടുതൽ വിവരങ്ങൾക്ക്: 732 -372 -3146 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക