Image

സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ബിജെപി നേതാക്കളെ അനുവദിക്കില്ലെന്ന് കര്‍ഷകര്‍

Published on 25 July, 2021
സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ബിജെപി നേതാക്കളെ അനുവദിക്കില്ലെന്ന് കര്‍ഷകര്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ സ്വാതന്ത്ര്യ ദിനത്തില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. കര്‍ഷക യൂണിയനുകള്‍ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ബി.ജെ.പിക്ക് മുന്നറിയിപ്പും നല്‍കി. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ബിജെപി നേതാക്കളേയും മന്ത്രിമാരെയും അനുവദിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൂടാതെ ഹരിയാനയിലുടനീളം വന്‍ പ്രതിഷേധവും സംഘടിപ്പിക്കും. ഓഗസ്റ്റ് 15 ലെ പ്രക്ഷോഭം ആസൂത്രണം ചെയ്യാന്‍ യോഗം ചേരാനും കര്‍ഷക യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്.

ഹരിയാനയില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്നും ബിജെപി നേതാക്കള്‍ക്ക് കരിങ്കൊടി കാണിക്കുമെന്നും കര്‍ഷക നേതാവ് ടൈംസ് നൗ റിപ്പോര്‍ട്ടറോട് പറഞ്ഞു. 'അവര്‍ ഈ കൊടി അര്‍ഹിക്കുന്നില്ല'അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ വന്‍ പ്രതിഷേധമാണ് രാജ്യത്ത് സംഘടിപ്പിക്കപ്പെട്ടത്. കര്‍ഷകരുടെ പ്രതിഷേധത്തിനിടെ നിരവധി പേര്‍ പോലീസുമായി ഏറ്റുമുട്ടിയിരുന്നു. ചിലര്‍ ചെങ്കോട്ടയില്‍ പ്രവേശിക്കുകയും അവിടെ പതാക ഉയര്‍ത്തുകയും ചെയ്തു.

സ്വാതന്ത്ര്യ ദിനത്തില്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാന്‍ കര്‍ഷകരെ അനുവദിച്ചിട്ടുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) യില്‍ നിന്ന് 200 പേര്‍ക്കാണ് പ്രതിഷേധിക്കാന്‍ അനുമതിയുള്ളത്. കര്‍ഷക പ്രതിഷേധത്തിന്‍െറ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ആരംഭിച്ച പാര്‍ലമെന്‍റിന്‍െറ മണ്‍സൂണ്‍ സെഷനില്‍ ദേശീയ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സിങ്കു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളിലെ ഡല്‍ഹി അതിര്‍ത്തികള്‍ ഉള്‍പ്പെടെ പൊലീസ് ബന്തവസ്സിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക