Image

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

Published on 26 July, 2021
ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)
ഇളയെ അറിയുമോ നിങ്ങൾ ?
ആ പത്തു വയസ്സുകാരി പാവാടക്കാരി ?
രണ്ടായിപിന്നിയിട്ട നീണ്ട എണ്ണതൊടാത്ത മുടിയിഴകൾ .നീട്ടി എഴുതിയ ഉണ്ടക്കണ്ണുകൾ കയ്യിൽ കലപില പറയുന്ന കുപ്പിവളകൾ ,രണ്ടു കൈ കൊണ്ടും നെഞ്ചോടു ചേർത്തു പിടിച്ച പാൽക്കൂജയുമായി താമരച്ചേരിയുടെ പുലർകാലത്തിൽ തെരുവിൽ വിരിയുന്ന ഒരു പൂ

അറിയില്ലേ അവളെ ?

താമരച്ചേര് ഗ്രാമത്തിൽ അവളെ അറിയാത്തവരായി ആരും ഉണ്ടാകില്ല പോരുന്നോ നിങ്ങൾ താമര ച്ചേരിലേക്ക്?
ഇള പറയും കഥകൾ കേൾക്കാൻ ...?

ദേ  ..അവൾ പറഞ്ഞു തുടങ്ങി

ഇന്ന് അവൾക്ക് ഒരു വിശേഷ ദിവസമാണത്രെ
എന്താണെന്നോ ?
അവളുതന്നെ പറയും

അവൾ കുട്ടപ്പൻ ചേട്ടൻ്റെ ഹോട്ടലിൽ പാലു കൊടുത്തിറങ്ങി .
അവൾ പറയുന്നതു കേട്ടോ

"കുട്ടപ്പ മാമാ
ന്ന് ൻ്റെ കുഞ്ച വരു ലോ"

"ആഹാ .. എപ്പഴാ വരാ
ആരുടെ കൂടെയാ വരണെ ?"

"നാണുമ്മായീൻ്റൊപ്പം
11 .ൻ്റെ തീവണ്ടില്"

പാലു പാത്രം തിരിച്ചു വാങ്ങിച്ചിരിച്ചു

ദേ അവൾ അടുത്ത കടയിൽ പാലു കൊടുക്കുമ്പോഴും ഇതു തന്നെ പറയുന്നു

"നാറാണേട്ടാ
ൻ്റെ കുഞ്ചവരും ന്ന്"

"ആണോടീ
നിനക്ക് സന്തോഷായി
ല്ലെ ?"

"ഉം "...
തലയാട്ടിപ്പറഞ്ഞ് അവൾ പാത്രം വാങ്ങിച്ചു അവൾ ഇനി നേരെ സു ദാമ്മയുടെ ഹോട്ടലിലേക്കാവും
പോകും വഴി റോഡിനരുകിൽ പൈപ്പുവെള്ളം നിറച്ചു നിൽക്കുന്ന കുട്ടമണിയും തങ്കയും അവളെ പിടിച്ചു നിർത്തി
"ടീ എന്താന്ന് നിനക്ക് ഇത്ര സന്തോഷം ?"

"ൻ്റെ കുഞ്ചവരും ന്ന്
കുട്ടമണ്യേടത്തി"

"അമ്പടി കോളടിച്ചു ലോ നീയ്"
"ഉം ."
. അവളുടെ നുണക്കുഴികൾ അവൾക്കൊപ്പം ചിരിച്ചു


ഒഴിഞ്ഞ പാൽക്കൂജയും കൊണ്ട് അവൾ നേരെ താമരക്കുളത്തിലേക്ക് ഇറങ്ങി. നാലുപാടും വിരിഞ്ഞു നിൽക്കുന്ന ചെന്താമരക്കൂട്ടങ്ങൾ ഓളം തള്ളി തലയാട്ടി .താമരക്കുളം എന്ന് ഇന്നാട്ടുകാർ പറയുന്ന ഈ കായൽ നിറയെ താമരകളാണ്. ഈ താമരകളാണ് താമരച്ചേരി എന്ന് ഈ ഗ്രാമത്തിന് പേരു വരാൻ കാരണം. താമര കൃഷിയാണ് ഇവിടെ ഒരു വിഭാഗം ആളുകളുടെ വരുമാനമാർഗം . താമരപ്പൂ ,താമരമൊട്ട് ,താമര വളയം ഇങ്ങനെയിങ്ങനെ..

താമരച്ചേരിക്ക് പൊതുവിൽ ഒരു താമര ഗന്ധമാണ് .നീണ്ട കായൽ തീരത്ത് ജനസംഖ്യ
കുറഞ്ഞ സുന്ദരമായ ഒരു തുരുത്ത് .അതാണ് താമരച്ചേരി ഗ്രാമം പരിഷ്ക്കാരങ്ങൾ അവിടത്തെ ജനങ്ങൾക്കിടയിൽ വരാൻ മടിച്ചു നിന്നു .അത്ര നിഷ്ക്കളങ്കരായ ആളുകൾ ആണ് അവിടത്തുകാർ

ഇള ആ ഗ്രാമത്തിൻ്റെ സ്വന്തം അവളുടെ കഥ താമരച്ചേരിയുടെ കഥ ഇവിടെ തുടങ്ങാം

താമരക്കുളത്തിലെ മീനുകൾ ഇളയുടെ പാൽപ്പാത്രം കഴുകിയ പാൽ മണത്തിൽ ഗ്ലും
ഗ്ലും എന്ന് വായ് തുറന്ന് ഒച്ചയുണ്ടാക്കി കടന്നു പോയി .

"കുഞ്ചവരും ഇന്ന്"

ഇള ഒരു താമരമൊട്ട് എടുത്തുയർത്തി അതിനോടും പറഞ്ഞു
'കുഞ്ച'
എന്ന 'കുഞ്ചാണൻ' ഇളയുടെ മുത്തശ്ശൻ വരുന്നു എന്നാണ് ഇള പറയുന്നത്

കുഞ്ചയുടെ കഥയിൽ തുടങ്ങാം


കുക്കുറാണ്ടൻ്റെ മകൻ
കുഞ്ചാണൻ ഇളയുടെ മുത്തശ്ശൻ ,പഴയ താമരച്ചേരിയിലെ അറിയപ്പെടുന്ന നാട്ടുവൈദ്യനാണ് .കുക്കു റാണ്ടൻ്റ കുടുംബ വൈദ്യ കൈപുണ്യം മകനായ കുഞ്ചാണനും കിട്ടി .
വൈദ്യത്തിനു പുറമേ അല്ലറ ചില്ലറ ബാധയൊഴിപ്പിക്കൽ ,മന്ത്രവാദ പരിപാടികളും ജ്യോത്സ്യവും  ആ കുടുംബം തുടർന്നു പോന്നു.

"കുഞ്ചാണൻ വൈദ്യൻ്റെ പൊടിക്കൈ അതാണിപ്പൊ സോക്കേട് മാറ്റിത്"

സ്ഥിരം താമരച്ചേരിഭാഷ്യം

എന്നാൽ ...കുഞ്ചാണൻ ഇപ്പോൾ അവിടെയില്ല .ദൂരെ പെങ്ങൾ
നാണിക്കുട്ടിയമ്മക്കൊപ്പം ആണ് .അതൊരു കഥ.

 'മറന്നു തുടങ്ങിയ കുഞ്ചാണചരിതം ഇളയുടെ വാക്കുകൾ കൊണ്ട് താമരച്ചേരിക്കാർ ഓർത്തെടുത്തു കൊണ്ടിരിക്കയാണ് അയാളുടെ വരവും കാത്ത് ഇളക്കൊപ്പം അവരും ..

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക