Image

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മമത

Published on 26 July, 2021
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മമത
കൊല്‍ക്കത്ത: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച്‌ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, കല്‍ക്കട്ട ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ജ്യോതിര്‍മയി ഭട്ടാചാര്യ എന്നിവരടങ്ങിയ കമ്മീഷനെ ഇതിനായി നിയോഗിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജിയുടെ പേരും ചോര്‍ത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. വിവാദത്തില്‍, മമത ബാനര്‍ജി കേന്ദ്രസര്‍ക്കാരിന് എതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഫോണ്‍ ചോര്‍ത്തലില്‍ ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ഔദ്യോഗിക അന്വേഷണമാണ് ഇത്. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അവര്‍ വെറുതെ ഇരിക്കുകയാണ്. അതുകൊണ്ട് തങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചതെന്ന് മമത ബാനര്‍ജി പ്രതികരിച്ചു. ഈ നീക്കം മറ്റുള്ളവരെയും ഉറക്കില്‍ നിന്ന് ഉണരാന്‍ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബംഗാളില്‍ നിന്നുള്ള നിരവധിയാളുകള്‍ ഫോണ്‍ ചോര്‍ത്തലിന്റെ ഇരയായിട്ടുണ്ടെന്ന് മമത കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇസ്രയേല്‍ ചാരസോഫ്റ്റുവെയറായ പെഗാസസ് ഫോണ്‍ ചോര്‍ത്തിയ പ്രമുഖരുടെ മറ്റൊരു പട്ടിക ഇന്നു പുറത്തുവന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്റെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഐഎഎസ് ഓഫീസറുടേയും ഫോണ്‍ ചോര്‍ത്തിയെന്നാണ് പുതിയ വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ഫോണ്‍ 2017ലാണ് ചോര്‍ത്തിയിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക