Image

ബി.ജെ.പിയിലെ തമ്മിലടി; രണ്ടാം വര്‍ഷത്തില്‍ രാജിവെച്ച്‌ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ

Published on 26 July, 2021
ബി.ജെ.പിയിലെ തമ്മിലടി; രണ്ടാം വര്‍ഷത്തില്‍ രാജിവെച്ച്‌ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് യെഡിയൂരപ്പ അറിയിച്ചു.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടിക്കായി സംഘടിപ്പിച്ച വേദിയിലാണ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചത്. വികാരാധീനനായി വിതുമ്ബിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രാജിപ്രഖ്യാപനം. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.

യെഡിയൂരപ്പയെ മാറ്റുമെന്ന് നേരത്തെ തന്നെ സൂചനകള്‍ വന്നിരുന്നെങ്കിലും ഇതു ശക്തമായി നിഷേധിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ കഴിഞ്ഞ ദിവസം സ്ഥാനമൊഴിയുന്നതിന്റെ സൂചനകള്‍ മുഖ്യമന്ത്രിയില്‍നിന്നു തന്നെ പുറത്തുവന്നു. സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പിന്നീടുള്ള കാര്യം ബിജെപി കേന്ദ്ര നേതൃത്വമാവും തീരുമാനിക്കുക എന്നാണ് യെഡിയൂരപ്പ പറഞ്ഞത്. കേന്ദ്ര നേതൃത്വം എന്തു തീരുമാനമെടുത്താലും അത് അനുസരിക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി.

ഭരണത്തിലിരിക്കെ ബി.ജെ.പിക്കകത്തെ അധികാര വടംവലിയാണ്​ യെദിയൂരപ്പക്ക്​  തലവേദന സൃഷ്​ടിച്ചത്​. ബസനഗൗഡ പാട്ടീല്‍ യത്​നാല്‍ അടക്കമുള്ള നേതാക്കള്‍ നിരന്തരം വിമര്‍ശനമുന്നയിച്ചു. മകന്‍ ബി.വൈ. വിജയേന്ദ്രയുടെ ഭരണതലത്തിലെ ഇടപെടലും വിവാദമായി. 

കോവിഡ്​ വ്യാപനത്തിന്‍റെ ഒന്നാം ഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ കോടികളുടെ അഴിമതി വിവരം കോണ്‍ഗ്രസ്​ പുറത്തു കൊണ്ടുവന്നു. അനധികൃത ഭൂമി ഇടപാട്​ കേസില്‍ മുഖ്യമന്ത്രി വിചാരണ നേരിടണമെന്ന്​ കര്‍ണാടക ഹൈക്കോടതിക്ക്​ പറയേണ്ട സാഹചര്യവുമുണ്ടായി. 

ബി.​ജെ.പി നേതാക്കളായ കെ.എസ്​. ഈശ്വരപ്പ, നളിന്‍കുമാര്‍ കട്ടീല്‍ തുടങ്ങിയവര്‍ ഒളിഞ്ഞും യത്​നാല്‍, എ.എച്ച്‌​. വിശ്വനാഥ്​, അരവിന്ദ്​ ബല്ലാഡ്​, സി.പി. യോഗേശ്വര്‍ തുടങ്ങിയവര്‍ തെളിഞ്ഞും യെദിയൂരപ്പക്കെതിരെ പട നയിച്ചു.

2019 ജൂലൈ 26നായിരുന്നു കര്‍ണാടകയുടെ 25ാം മുഖ്യമന്ത്രിയായി യെദിയൂരപ്പ അധികാരമേറ്റത്​. തുടക്കം മുതല്‍ വിവാദങ്ങളുടെ അകമ്ബടിയോടെയായിരുന്നു ഭരണം. ഒടുവില്‍ രണ്ടു വര്‍ഷം തികക്കുന്നതോടെ മുഖ്യമന്ത്രി പദത്തില്‍നിന്നിറക്കാന്‍ നിര്ബന്ധിതനാ യി. 

യെഡിയൂരപ്പയെ മാറ്റുന്നതിന് എതിരായി, സംസ്ഥാനത്തെ പ്രമുഖരായ ലിംഗായത്ത് സമുദായം മുന്നോട്ടുവന്നിരുന്നു. സമുദായ നേതാക്കള്‍ പരസ്യമായി രംഗത്തുവരികയും പാര്‍ട്ടിക്കു മുന്നറിയിപ്പു നല്‍കിയിട്ടും നേതൃമാറ്റത്തിന്റെ കാര്യത്തില്‍ ബിജെപി നേതൃത്വം പിന്നോട്ടുപോവാന്‍ തയാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക