Image

ഛത്തീസ്ഗഢ് കോണ്‍ഗ്രസ് പുകയുന്നു; എംഎല്‍എയുടെ വാഹനത്തിനു നേരെ ആക്രമണം: പിന്നില്‍ മന്ത്രിയെന്ന് ആരോപണം

Published on 26 July, 2021
ഛത്തീസ്ഗഢ് കോണ്‍ഗ്രസ് പുകയുന്നു; എംഎല്‍എയുടെ വാഹനത്തിനു നേരെ ആക്രമണം: പിന്നില്‍ മന്ത്രിയെന്ന് ആരോപണം


റായ്പുര്‍: എംഎല്‍എയും മന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഛത്തീസ്ഗഢ് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാക്കുന്നതായി റിപ്പോര്‍ട്ട്. റോഡ് അപകടവുമായി ബന്ധപ്പെട്ട് എംഎല്‍എ ബൃഹസ്പതി സിങ്ങും ആരോഗ്യമന്ത്രി ടി.എസ് സിങ് ഡിയോയും തമ്മിലാണ് ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുന്നത്. തനിക്കുനേരെ നടന്നത് വധശ്രമമാണെന്ന് ആരോപിച്ചാണ് എംഎല്‍എ ബൃഹസ്പതി സിങ് രംഗത്തെത്തിയിരിക്കുന്നത്. ബൃഹസ്പതി സിങ്ങിന്റെ വാഹനത്തിനു ആരോഗ്യമന്ത്രി ടി.എസ് സിങ് ഡിയോയുടെ ബന്ധു ആക്രമണം നടത്തി എന്നാണ് പരാതി. 

ശനിയാഴ്ച ബ്യഹസ്പതി സിങ് അമ്പികാപുരി വഴി വഹനത്തില്‍ സഞ്ചരിക്കുന്നതിനിടയിലാണ് മന്ത്രിയുടെ ബന്ധു സച്ചിന്‍ സിങ് ഡിയോ എംഎല്‍എയുടെ വാഹനത്തിനു നേരെ ആക്രമണം നടത്തിയത്. മന്ത്രിയുടെ വാഹനം തന്റെ വാഹനത്തെ മറികടന്ന ദേഷ്യത്തില്‍ ഇയാള്‍ എംഎല്‍എയുടെ എക്സകോര്‍ട്ട് വാഹനത്തില്‍ ഇടിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് സച്ചിന്‍ സിങ് ഡിയോയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും  വാഹനം പിടിച്ചെടുക്കുകയും ചെയ്തു. 

സംഭവം കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. തന്നെ കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്നും ആരോഗ്യമന്ത്രി ടി.എസ് സിങ് ഡിയോയാണ് അതിനു പിന്നിലെന്നും ബ്യഹസ്പതി സിങ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തന്റെയും തന്റെ ഒപ്പമുണ്ടായിരുന്ന മറ്റ് നാല് എം.എല്‍.എമാരുടെയും ജീവന്‍ അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പമായിരുന്നു പത്രസമ്മേളനം.  പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും സംഭവത്തേപ്പറ്റി കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യംവെച്ചാണ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയാകാനോ മന്ത്രിയാകാനോ താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ ആരുമായും മത്സരത്തിനില്ല. ഒരു ആദിവാസി എം.എല്‍.എ ആയ തനിക്ക് സമുദായത്തിന്റെ വികസനം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.  ഭൂപേഷിന്റെയോ  ടി.എസ് ബാബയുടെയോ പിന്തുണക്കാരനല്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ മാത്രമാണ് താന്‍ 
പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, സംഭവം പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമാണെന്നും വികാരപരമായ പ്രതികരണം മാത്രമാണ് എം.എല്‍.എയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും ആരോഗ്യമന്ത്രി ടി.എസ് സിങ് ഡിയോ പ്രതികരിച്ചു. .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക