Image

ഡെല്‍റ്റ വകഭേദം അപകടകാരി; രണ്ട് ഡോസ് വാക്സിനെടുത്താലും വൈറസ് ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍

Published on 26 July, 2021
ഡെല്‍റ്റ വകഭേദം അപകടകാരി; രണ്ട് ഡോസ് വാക്സിനെടുത്താലും വൈറസ് ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍


ന്യൂഡല്‍ഹി: കോവിഡിന്റെ അതിവേഗം പടരുന്ന ഡെല്‍റ്റ വകഭേദം രണ്ട് ഡോസ് വാക്‌സിനെടുത്തവരെയും ബാധിക്കാന്‍ സാധ്യത കൂടുതലെന്ന് വിദഗ്ധര്‍. വിവിധ രാജ്യങ്ങളില്‍ ചികിത്സയിലുള്ളവരില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും അപകടകാരിയായ വകഭേദം ഡെല്‍റ്റയാണെന്നാണ് ബ്രിട്ടനിലെ മൈക്രോ ബയോളജിസ്റ്റ് ഷാരോണ്‍ പീകോക്ക് പറയുന്നത്. ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ആദ്യത്തേതിനെക്കാള്‍ അപകടകാരിയായി മാറാറുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ച് 3692 പേര്‍ ആശുപത്രിയിലുള്ളതില്‍ 58.3 ശതമാനം പേര്‍ വാക്‌സിനെടുക്കാത്തവരും 22.8 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവരുമാണ്. അതേസമയം വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ ഡെല്‍റ്റ വകഭേദമുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വാക്‌സിനെടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്.

വാക്‌സിനെടുക്കുന്നതിലൂടെ കൊവിഡിന്റെ ഏത് വകഭേദമാണെങ്കിലും അതുവഴിയുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്തുമെന്നാണ് വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. യു.കെയില്‍ കണ്ടെത്തിയ ആല്‍ഫ വകഭേദത്തെക്കാള്‍ 50 ശതമാനം വ്യാപനതോത് കൂടുതലാണ് ഡെല്‍റ്റയ്ക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക