Image

വിദേശ രാജ്യങ്ങളിലേക്ക് പ്രവാസികളുടെ യാത്രാവിലക്ക് ; കേന്ദ്രo ഇടപെടുമെന്ന് വിദേശകാര്യ മന്ത്രിയുടെ ഉറപ്പ്

Published on 27 July, 2021
വിദേശ രാജ്യങ്ങളിലേക്ക് പ്രവാസികളുടെ യാത്രാവിലക്ക് ; കേന്ദ്രo ഇടപെടുമെന്ന്  വിദേശകാര്യ മന്ത്രിയുടെ ഉറപ്പ്
ഡല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വിവിധ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഉറപ്പ് നല്‍കി . യാത്രാവിലക്ക് പരിഹരിക്കാന്‍ കേന്ദ്രo നയതന്ത്ര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ച യു.ഡി.എഫ് എംപിമാരായ ടി.എന്‍ പ്രതാപന്‍, വി.കെ ശ്രീകണ്ഠന്‍, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ക്കാണ് മന്ത്രി എസ്. ജയശങ്കര്‍ ഉറപ്പ് നല്‍കിയത്.

കൊവിഡ് സുരക്ഷ നടപടികളുമായി ബന്ധപ്പെട്ട് വിവിധ വിദേശ രാജ്യങ്ങളില്‍, ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് യാത്രാ വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ട് .ഇക്കഴിഞ്ഞ ഏപ്രില്‍ 24 മുതല്‍ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ യാത്രാ വിലക്കുകള്‍ പ്രഖ്യാപിച്ചിരുന്നു. അത് യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ നീട്ടിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടില്‍ കുടുങ്ങിക്കിടക്കുന്നത്.

പലരുടെയും വിസ കാലാവധി കഴിഞ്ഞു. ജോലി നഷ്ടമായതോടെ അനേകം കുടുംബങ്ങളാണ് പട്ടിണിയിലേക്ക് പോയത്. ഈ സാഹചര്യം തുടര്‍ന്നാല്‍ അത് രാജ്യത്തിന്റെ സമ്ബദ്ഘടനയെയും ബാധിക്കുമെന്ന് എം.പിമാര്‍ അറിയിച്ചു .

അതെ സമയം ഇന്ത്യയില്‍ വിതരണം ചെയ്യുന്ന വാക്സിനുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ അംഗീകാരം ഉണ്ടാകാനുള്ള ഇടപെടലുകളും അനിവാര്യമാണെന്ന് എം.പിമാര്‍ അറിയിച്ചു . വാക്സിനേറ്റ് ചെയ്യപ്പെട്ടവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും വിദേശ യാത്രകള്‍ക്ക് സൗകര്യമുണ്ടാക്കുന്ന സാഹചര്യം അടിയന്തിരമായി ഉണ്ടാവണം എന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക