Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ -ചൊവ്വാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് തോമസ് Published on 27 July, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ -ചൊവ്വാഴ്ച (ജോബിന്‍സ്)
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പെഗാസസ് വിവാദത്തിലും കോവിഡ് പ്രതിരോധത്തില്‍ ബംഗാളിനെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചതിലും മമത ബാനര്‍ജി പ്രധാനമന്ത്രിയെ നേരിട്ട് പ്രതിഷേധം അറിയിച്ചു. പെഗാസസ് വിഷയത്തില്‍ സര്‍വ്വ കക്ഷിയോഗം വിളിക്കണമെന്നും മമത ബാനര്‍ജി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
*******************************************
സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്നു. ഇന്ന് 22129 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 12.35 ആണ് ടെസ്റ്റ് പോസിറ്റിവിററി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 179130 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
************************************************
രാജ്യത്ത് കോവിഡ് വ്യാപനം കൂടുതലുള്ള 22 ജില്ലകളില്‍ 7 എണ്ണവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെ 10 ജില്ലകളില്‍ 10 ശതമാനത്തിന് മേലെയാണ് ടിപിആറെന്നും മഴക്കാലരോഗങ്ങള്‍ കൂടി പടരുന്ന സാഹചര്യത്തില്‍ കര്‍ശന ജാഗ്രത വേണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
****************************
രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പൊതുസ്ഥലങ്ങളില്‍ നിന്നും ട്രാഫിക് പോയിന്റുകളില്‍ നിന്നും ഭിക്ഷാടകരെ ഒഴിപ്പിക്കാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു. ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം. ദാരിദ്ര്യമില്ലാത്തവര്‍ ഭിക്ഷ യാചിക്കില്ലെന്നും സുപ്രീംകോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
*****************************
വെള്ളിമെഡലുമായി ടോക്കിയോയില്‍ നിന്നും മടങ്ങിയെത്തിയ മീരാബായ് ചാനുവിന് മണിപ്പൂരില്‍ ഉജ്ജ്വല സ്വീകരണം. ഇംഫാല്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചാനുവിനെ സ്വീകരിച്ചത്. സ്വീകരിക്കാനെത്തിയ അമ്മയെ കണ്ട ചാനു കണ്ണീരണിഞ്ഞത് വികാരനിര്‍ഭരമായ നിമിഷങ്ങള്‍ സൃഷ്ടിച്ചു.
****************************
ശ്രീലങ്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടിമിലെ അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. ക്രുണാല്‍ പാണ്ഡ്യക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം ബുധനാഴ്ചത്തേയ്ക്ക് മാറ്റിവച്ചു. മത്സരത്തിനു മുന്നോടിയായുള്ള റാപിഡ് ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 
******************************
കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയില്‍ വീണ്ടും ഉദ്യോഗസ്ഥ പരിശോധന. ഭൂഗര്‍ഭ ജല അതോറിറ്റിയിലെ നാല് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. ജില്ലാ വികസന സമിതി യോഗത്തില്‍ പിടി തോമസ് എംഎല്‍എ ഉന്നയിച്ച പരാതിയെ തുടര്‍ന്നാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി എംഡി സാബു ജേക്കബ് പറഞ്ഞു. 
******************************
ജൂലൈ അവസാനത്തോടെ 50 കോടി ഡോസ് വാക്‌സിന്‍ കൊടുക്കാന്‍ കഴിയില്ലെന്ന രീതിയിലുള്ള മാധ്യമ വാര്‍ത്തകള്‍ കേന്ദ്രം തള്ളി. ജൂലൈ 31 വരെ 50 കോടിക്ക് മുകളില്‍ ഡോസ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.  മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താക്കള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക