Image

കൊച്ചിയില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തികൊന്നത് മൊബൈല്‍ഫോണില്‍ ചീത്തവിളിച്ചതിന്

Published on 27 July, 2021
കൊച്ചിയില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തികൊന്നത് മൊബൈല്‍ഫോണില്‍ ചീത്തവിളിച്ചതിന്

കൊച്ചിന്മ മുളന്തുരുത്തിയില്‍ കഴിഞ്ഞ ദിവസം യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൊബൈലില്‍ തെറി വിളിച്ചതിനാണ് കുത്തിയതെന്ന് പ്രതികള്‍. ആക്രമണത്തില്‍ കഴുത്തിലും നെഞ്ചിലും കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു കിടന്നിട്ടും യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാരാരും ഓടി വരാതിരുന്നതിനെ തുടര്‍ന്ന് പോലീസ് എത്തിയായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

സംഭവത്തില്‍ നാലുപേരാണ് പ്രതികള്‍. ഇവരില്‍  മൂന്ന് പേരെ പോലീസ് പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ലഹരി ഉപയോഗത്തെ തുടര്‍ന്നുള്ള തര്‍ക്കമായിരുന്നു കുറ്റകൃത്യത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ട  പെരുമ്പിള്ളി ഈച്ചിരവേലില്‍ ജോജി മത്തായിയും(22) ഉദയംപേരൂര്‍ പണ്ടാരപാട്ടത്തില്‍ ശരത് ചന്ദ്രശേഖരന്‍(27), മുളന്തുരുത്തി കോലഞ്ചേരിക്കടവ് ഇടപ്പാറമറ്റത്തില്‍ അതുല്‍ സുധാകരന്‍(23), നോര്‍ത്ത് പറവൂര്‍ തട്ടകത്ത്താണിപ്പാടം മിഥുന്‍ പുരുഷന്‍(25)  എരൂര്‍ പാമ്പാടിത്താഴം വിഷ്ണു(27)വും സുഹൃത്തുക്കളും  ഒരുമിച്ച് ലഹരി ഉപയോഗിക്കുന്നവരുമാണ്.

സംഭവത്തില്‍ വിഷ്ണുവിനെയാണ് ഇനി പിടികൂടാനുള്ളത്. മറ്റു മൂന്ന് പേരെയും പോലീസ് അര്‍ധരാത്രിയോടെ വടവുകോടുള്ള ഒരു സ്‌കൂളിനു സമീപത്തു നിന്ന് പിടികൂടി. കൊലപ്പെടുത്തിയത് എന്തിനാണെന്ന ചോദ്യത്തിന് പ്രതികള്‍ നല്‍കിയ മറുപടി മൊബൈല്‍ ഫോണില്‍ തെറിവിളിച്ചു എന്നായിരുന്നു. മൊബൈലിലൂടെ തെറി പറഞ്ഞതിന് നേരിട്ടു മറുപടി നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ വീട്ടിലെത്തിയത്. വീണ്ടും അസഭ്യവര്‍ഷം തുടര്‍ന്നതോടെയാണ് ? പ്രകോപിതരായി കത്തിയെടുത്തത്. തിങ്കളാഴ്ച വൈകിട്ടു നാലേമുക്കാലോടെ നടന്ന സംഭവത്തില്‍ അക്രമം തടയാന്‍ വന്ന ജോജിയുടെ പിതാവിനും കുത്തേറ്റു. 

ആക്രമിച്ചവരുടെ പേരുകള്‍ ജോജി മരിക്കുന്നതിനു മുന്‍പ് പൊലീസിനോടു പറഞ്ഞിരുന്നു. അഞ്ചു പേരുടെ വിവരമാണ് നല്‍കിയതെങ്കിലും നാലു പേര്‍ മാത്രമാണ് കൃത്യത്തില്‍ ഉണ്ടായിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ജോജിയുടെ നെഞ്ചിലും കഴുത്തിനും ഗുരുതരമായി കുത്തേറ്റിരുന്നു. എന്നാല്‍ സംഭവത്തില്‍ ഇടപെടാനോ ജോജിയെ രക്ഷപെടുത്താനോ നാട്ടുകാര്‍ മുതിര്‍ന്നില്ല. ഒടുവില്‍ മുളന്തുരുത്തി പൊലീസെത്തി ആംബുലന്‍സ് വരുത്തിയാണ് ഇരുവരെയും കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. കുത്താന്‍ ഉപയോഗിച്ച കത്തിയും പ്രതികള്‍ സഞ്ചരിച്ച ബൈക്കും പോലീസ് കണ്ടെത്തി. ഇവരില്‍ ഒരാള്‍ മറ്റൊരു കൊലപാതക കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക