Image

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 28 July, 2021
എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)
ഇപ്രപഞ്ച നിയന്താവേ, സഹ-
യാത്രികനായിട്ടാരിവിടെ?
സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ,
ചരിത്രമായിട്ടാരിവിടെ?
സര്‍വചരാചര ചിത്രങ്ങല്‍ക്ക്,
സംവിധായകനാരാവിടെ
ആദിയുമന്തവുമെന്യേ നീണാള്‍,
പാതയൊരുക്കാനാരിവിടെ?
എണ്ണമറ്റ നിഗൂഢതകള്‍ക്ക്,
സാക്ഷിയാകുവതാരിവിടെ?
ആദ്യന്തങ്ങളനിശ്ചിതമായ,
ആയുസളക്കാനാരിവിടെ?
മാത്രകള്‍...മാത്രകള്‍...കോര്‍ത്തിണക്കി,
രാപ്പകലാക്കും മാന്ത്രികനായ്,
എന്തൊരു വിസ്മയ പ്രതിഭാസം!
കാലം മാത്രം, മറ്റാരിവിടെ?
ഋതുചക്രങ്ങള്‍ക്കൊത്ത് കറങ്ങി,
കാഴ്ചകള്‍ കാണാപ്പുറമാക്കി,
ജീവിത വാതില്‍ കൊട്ടിയടയ്ക്കാന്‍,
കാലനെ മാടിവിളിക്കുന്നു;
"ഇന്നലെ'കള്‍ വിസ്മൃതിയാക്കുന്ന,
'ഇന്ന്' നല്‍ക്കണിയാക്കുന്ന,
"നാളെ'കള്‍ സ്വപ്നരഥം പൂകുന്ന,
കാലം മാത്രം, മറ്റാരിവിടെ.
ഏതോ നിശ്ചിതമായ നിയോഗം
എല്ലാറ്റിനുമുണ്ടൊരു സമയം,
ചിരിക്കാന്‍, മര്‍ത്യന് കരയാനും,
ഉയരാ,നൊരിക്കല്‍ താവാനും;
അമര്‍ത്യനായ നിര്‍മാതാവിന്,
പരസ്യമാധ്യമമാകുന്ന,
സമര്‍ത്ഥനായ കലാകാരന്‍,
കാലം മാത്രം, മറ്റാരിവിടെ?
ജന്മം ജന്മാന്തരമായൊഴുകി,
അതിരില്ലാത്ത സാഗരമേ,
നിന്നാഴങ്ങളിലടിയുന്നെല്ലാം,
ഓര്‍ക്കുകിലമ്പേ, ജലരേഖ.


Join WhatsApp News
jyothylakshmy Nambiar 2021-07-29 04:39:42
മാർഗരറ്റ് മാഡത്തിന്റെ കവിതകൾ എപ്പോഴും എന്നിലെ ചിന്തകളെ ഉണർത്തുന്നു. ദൈവികമായ, തത്വശാസ്ത്രപരമായ, മാനുഷികമായ വിഷയങ്ങൾ മാഡം എത്ര സുന്ദരമായി ആവിഷ്കരിക്കുന്നു. കാലവും മരണവും ബന്ധപ്പെട്ടുകിടക്കുന്നു. ഈ പ്രപഞ്ചം ഇങ്ങനെ ചലിച്ചുകൊണ്ടേയിരിക്കുന്നു. കാലം അല്ലെങ്കിൽ സമയം അതിനു സാക്ഷിയാകുന്നു. ഓർക്കുമ്പോൾ ഒരു മഹാസാഗരത്തിനാഴങ്ങളിൽ അടിഞ്ഞുപോകുന്ന ജലരേഖപോലെയെല്ലാം എന്ന വരിയിൽ മുഴുവൻ കവിതയുടെ സാരാംശം അടങ്ങുന്നു. അഭിനന്ദനം
Raju Thomas 2021-07-29 14:30:59
എത്ര ശ്രീമത്തായ ചിന്തകൾ! ആ താളവും കവിയുടെ ഉള്ളിൽനിന്നു വന്നതാണ്. "...മറ്റാരിവിടെ?... കാലംമാത്രം--മറ്റാരിവിടെ?"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക