Image

ആരോപണ പെരുമഴ ; ഒന്നും ചെയ്യാനാവാതെ പ്രതിപക്ഷം

ജോബിന്‍സ് തോമസ് Published on 28 July, 2021
ആരോപണ പെരുമഴ ; ഒന്നും ചെയ്യാനാവാതെ പ്രതിപക്ഷം
കേരളത്തില്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഒരു വിധത്തില്‍ പറഞ്ഞാല്‍ സംഭവിക്കുന്നത് ഗുരുതരമായ ആരോപണങ്ങളുടെ പെരുമഴ തന്നെയാണ് എന്നാല്‍ പ്രതിപക്ഷം ദുര്‍ബലമായത് കൊണ്ടോ അല്ലെങ്കില്‍ സര്‍ക്കാരിന്റ കഴിവു കൊണ്ടോ ഇതൊന്നും പൊതുജന മധ്യത്തില്‍ പോലും ചര്‍ച്ച ചെയ്യാതെ കടന്നു പോവുകയാണ്. 

തെരഞ്ഞെടുപ്പിനു മുമ്പ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ആരോപണങ്ങളുടെ മുള്‍മുനയില്‍ നിന്ന നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് തെരഞ്ഞെടുപ്പില്‍ ജനം തള്ളി എന്ന പേരു പറഞ്ഞ് പിന്നീട് ചര്‍ച്ചയായില്ല. എന്നാല്‍ അതിനു ശേഷം സംഭവിച്ച അര്‍ജുന്‍ ആയങ്കി മുഖ്യപ്രതിയായുള്ള സ്വര്‍ണ്ണ തട്ടിപ്പും കള്ളക്കടത്തും ആരോപണങ്ങളുയര്‍ത്തിയത് സിപിഎമ്മിനെതിരെയായിരുന്നു എന്നാല്‍ വേണ്ട വിധത്തിലുള്ള പ്രതിഷേധങ്ങള്‍ പോലും ഈ വിഷയത്തില്‍ ഉണ്ടായില്ല. 

കടത്ത് സ്വര്‍ണ്ണത്തിന്റെ മൂന്നിലൊന്ന് പാര്‍ട്ടിക്കാണെന്ന് ശബ്ദരേഖ പുറത്തു വന്നിട്ടും ടിപി കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയുടെ സഹായം കടത്തുകാര്‍ക്കും തട്ടിപ്പുകാര്‍ക്കും ലഭിച്ചു എന്നും ആരോപണങ്ങള്‍ ഉയര്‍ന്നു ഒറ്റപ്പെട്ട ശബ്ദങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നതൊഴിച്ചാല്‍ ഒന്നും സംഭവിച്ചില്ല. സിപിഎം പാര്‍ട്ടിക്കുള്ളില്‍ സ്വീകരിച്ച നടപടികളില്‍ പ്രതിപക്ഷവും തൃപ്തരായി എന്നു വേണമെങ്കില്‍ പറയാം. 

കേരളത്തെ തന്നെ ഞെട്ടിച്ച മുട്ടില്‍ മരം മുറി. സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലത്തില്‍ കോടികളുടെ തടി വെട്ടി കടത്തിയെന്നായിരുന്നു കേസ് . കോടതി പോലും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ പ്രതികള്‍ ഇതുവരെ അറസ്റ്റിലായിട്ടില്ല. ഈ വിഷയത്തില്‍ വിവരാവകാശ നിയമപ്രകാരം രേഖകള്‍ നല്‍കിയ ഉദ്യോഗസ്ഥയോട് സര്‍ക്കാര്‍ സ്വീകരിച്ച പ്രതികാര നടപടി തന്നെ എന്തൊ മറയ്ക്കാനുണ്ടെന്നതിന്റെ സൂചനയായപ്പോളും വിവാദങ്ങള്‍ കെട്ടടങ്ങിയ സ്ഥിതിയിലാണ്. 

കോവിഡ് മരണക്കണക്കുകളില്‍ സര്‍ക്കാര്‍ രേഖകള്‍ പ്രകാരം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തു വിടുന്ന കണക്കുകള്‍ തെറ്റാണെന്ന് തെളിഞ്ഞു. മറുപടിയില്ലാതെ സര്‍ക്കാര് നില്‍ക്കുന്നു. ഈ വിഷയത്തില്‍ പ്രതിപക്ഷം നിയമനടപടികളിലേയ്ക്ക് നീങ്ങുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 

ലോകഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രിയമെന്ന് പൊതുജനവും പ്രതിപക്ഷവും ആരോഗ്യവിദഗ്ദരും പറയുമ്പോഴും ഇക്കാര്യത്തില്‍ ഒരു പുനര്‍ വിചിന്തനത്തിന് പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. 

മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഗുരുതരമായ ആരോപണമായിരുന്നു ഉയര്‍ന്നത്. പെണ്‍കുട്ടിയെ അപമാനിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു എന്ന് . എന്നാല്‍ നിയമസഭയിലെ ഒരു ഇറങ്ങിപ്പോക്കില്‍ എല്ലാം അവസാനിച്ചു. 

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ സാധാരണക്കാരനുള്ള വിശ്വാസം തകര്‍ക്കുന്ന രീതിയിലുള്ള കോടികളുടെ തട്ടിപ്പുകള്‍ പുറത്തു വരുന്നു. തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞിരുന്നു എന്നു പോലുമുള്ള വാര്‍ത്തകള്‍ വരുന്നു. കോട്ടയം ഇളങ്ങുളം സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിലവിലെ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ . വാസവെനെതിരെ പോലും ആരോപണമുയരുന്നു. 

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളെ സാക്ഷികളാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എത്രയൊക്കെ വിവാദങ്ങളുയര്‍ന്നാലും നിയമസഭാ പ്രസംഗങ്ങളിലും ഒപ്പം സോഷ്യല്‍ മീഡിയ പോസ്റ്റുകൡും പ്രതിഷേധങ്ങളൊതുങ്ങുന്നു. ക്രിയാത്മക പ്രതിപക്ഷമാകാന്‍ യുഡിഎഫിന് സാധിക്കുന്നില്ല എന്ന് വ്യക്തം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക