Image

തൃക്കാക്കരയില്‍ തെരുവുനായ്ക്കളെ കൊന്നത് നഗരസഭ അധികൃതരുടെ അറിവോടെ; അമിക്കസ്‌ക്യൂറി

Published on 28 July, 2021
തൃക്കാക്കരയില്‍ തെരുവുനായ്ക്കളെ കൊന്നത് നഗരസഭ അധികൃതരുടെ അറിവോടെ; അമിക്കസ്‌ക്യൂറി
കൊച്ചി: തൃക്കാക്കരയില്‍ തെരുവുനായ്ക്കളെ കൊന്നത് നഗരസഭ അധികൃതരുടെ അറിവോടെയെന്ന് അമിക്കസ്ക്യൂറി. നായ്ക്കളെ കൊന്ന ജീവനക്കാരുടെ മൊഴികള്‍ നഗര സഭ ഉദ്യോഗസ്ഥര്‍ക്കെതിരെ ആണെന്നും അമിക്കസ്ക്യൂറി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ മൊഴി എടുക്കുമെന്ന് ഹൈക്കോടതി നിയമിച്ച അമിക്കസ്ക്യൂറി അഡ്വക്കേറ്റ് സുരേഷ് മേനോന്‍ പറഞ്ഞു.

 തിങ്കളാഴ്ച്ചക്കകം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അമിക്കസ്ക്യൂറി
 വ്യക്തമാക്കി.

തൃക്കാക്കര നഗരസഭാ അധികൃതരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് അമിക്കസ്ക്യൂറിക്ക് നായയെ കൊലപ്പെടുത്തിയവര്‍ നല്‍കിയ മൊഴി. നഗരസഭയിലെ ഉദ്യോഗസ്ഥരാണ് തെരുവുനായ്ക്കളെ കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതിനുവേണ്ട മരുന്ന് നഗരസഭ നല്‍കി. താമസിക്കുന്നതിന് സൗകര്യവും നഗരസഭ ഉദ്യോഗസ്ഥരാണ് ഏര്‍പ്പാടാക്കി നല്‍കിയതെന്നും അമിക്കസ്ക്യൂറിക്ക് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. 

ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ മൊഴി രേഖപ്പെടുത്താന്‍ അമിക്കസ്ക്യൂറി തീരുമാനിച്ചത്. 

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഇതുവരെ ഹാജരായിട്ടില്ല. മുന്‍കൂര്‍ ജാമ്യത്തിനായി സജികുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ളവരെ സഹായിക്കാനാണ് തനിക്കെതിരെയുള്ള മൊഴിയെന്ന് സജികുമാര്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

നായ്ക്കളെ കൊലപ്പെടുത്തിയ കോഴിക്കോട് മാറാട് സ്വദേശികളായ പ്രബീഷ്, രഘു , രഞ്ജിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക