Image

ധോളാവീര യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍

Published on 28 July, 2021
ധോളാവീര യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍
ഹാരപ്പന്‍ നാഗരികതയുടെ ഭാഗമായ ധോളാവീര എന്ന ചരിത്ര നഗരം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ചൊവ്വാഴ്ച ഇടം നേടി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടുന്ന ഗുജറാത്തിലെ നാലാമത്തെയും ഇന്ത്യയിലെ നാല്‍പ്പതാമത്തെയും പൈതൃക കേന്ദ്രമാണ് ധോളാവീര. എന്നാല്‍, ഇന്ത്യയിലെ പ്രാചീനമായ സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന ഒരു പ്രദേശം ആദ്യമായാണ് ഈ പട്ടികയില്‍ സ്ഥാനം പിടിക്കുന്നത്.

ഗുജറാത്തിലെ കച്ച്‌ ജില്ലയില്‍ ഉള്‍പ്പെടുന്ന ധോളാവീര എന്ന ഗ്രാമത്തിനടുത്ത് ഒരു കുന്നിന്‍ മുകളിലായാണ് ഈ പ്രാചീന നഗരത്തിന്റെ സ്ഥാനം. ഈ ഗ്രാമത്തിന്റെ പേരില്‍ തന്നെയാണ് പൈതൃക കേന്ദ്രവും അറിയപ്പെടുന്നത്. ആര്‍ക്കിയോളജിസ്റ്റ് ആയിരുന്ന ജഗത് പതി ജോഷി 1968-ലാണ് ആദ്യമായി ഈ സ്ഥലം കണ്ടെത്തുന്നത്. 1990-നും 2005-നും ഇടയിലായി രവീന്ദ്ര സിങ് ബിഷ്ട് എന്ന ആര്‍ക്കിയോളജിസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ഉത്ഖനനത്തിനൊടുവിലാണ് ഈ പുരാതന നഗരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.

 പ്രാചീന ഇന്ത്യയില്‍ വളരെ പ്രധാനപ്പെട്ട ഒരു വാണിജ്യ, ഉത്പാദന കേന്ദ്രമായിരുന്നു ഈ നഗരം എന്നാണ് ആര്‍ക്കിയോളജിക്കല്‍ പഠനങ്ങള്‍ കണ്ടെത്തിയത്. പിന്നീട് ക്ഷയിച്ചു തുടങ്ങിയ നഗരം ബി സി 1500 ആകുമ്ബോഴേക്കും പൂര്‍ണമായ നാശത്തിന് വിധേയമാവുകയായിരുന്നു. 

പാക്കിസ്ഥാനിലെ മോഹന്‍ ജൊദാരോ, ഗാന്‍വെരിവാല, ഹാരപ്പ, ഇന്ത്യയിലെ ഹരിയാനയില്‍ സ്ഥിതി ചെയ്യുന്ന രാഖിഗിരി എന്നീ നഗരങ്ങള്‍ കഴിഞ്ഞാല്‍ സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗമായി നിലകൊണ്ട അഞ്ചാമത്തെ മഹാനഗരമാണ് ധോളാവീര. ഒരു പുരാതന കോട്ട, മറ്റ് ഹാരപ്പന്‍ നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെളിക്കട്ടകള്‍ക്ക് പകരം ചുണ്ണാമ്ബുകല്ല്, മണല്‍ക്കല്ല് എന്നിവ കൊണ്ട് നിര്‍മിച്ച മതിലുകളുള്ള പട്ടണങ്ങള്‍ എന്നിവയും ഈ നഗരത്തില്‍ ഉണ്ടായിരുന്നുഎന്ന് ആര്‍ക്കിയോളജിസ്റ്റ്  ബിഷ്ട് പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക