Image

വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ -ബുധനാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് തോമസ് Published on 28 July, 2021
വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ -ബുധനാഴ്ച (ജോബിന്‍സ്)
സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 ശതമാനമാണ് ഈ വര്‍ഷത്തെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 85.13 ആയിരുന്നു വിജയ ശതമാനം. നാലു മണി മുതല്‍ വെബ്സൈറ്റില്‍ ഫലം ലഭ്യമാവും. 3,73,778 പേരാണ് ആകെ പരീക്ഷ എഴുതിയത്. ഇതില്‍ 3,28,702 പേര്‍ ഉപരി പഠന യോഗ്യത നേടി. എറണാകുളം ജില്ലയിലാണ് വിജയശതമാനം കൂടുതല്‍. 91.11%. പത്തനംതിട്ട ജില്ലയിലാണ് വിജയ ശതമാനം കുറവ്. 48,383 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് നേടി.
**********************************************************
നിയമസഭാ കൈയ്യാങ്കളിക്കേസ് പിന്‍വലിക്കാനാവില്ലെന്ന് സുപ്രീം കോടതി. കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള കേസിലെ മുഴുവന്‍ പ്രതികളും വിചാരണ നേരിടണം. സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
***********************************************************
ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാഭായ് ചാനുവിന് വെള്ളി തന്നെ. സ്വര്‍ണം നേടിയ ചൈനയുടെ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ചൈനീസ് താരം മരുന്ന് ഉപയോഗിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര പരിശോധന ഏജന്‍സി വ്യക്തമാക്കി.
*************************************************************
വയനാട്ടിലെ മുട്ടില്‍ മരം കൊള്ളക്കേസില്‍ മൂന്നു പ്രതികളെ അറസ്റ്റു ചെയ്തതായി സര്‍ക്കാര്‍. ഹൈക്കോടതിയെ ആണ് ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്.കേസിലെ പ്രധാന പ്രതികളായ റോജി , ആന്റോ, ജോസ് കുട്ടി എന്നിവരാണ് അറസ്റ്റിലായത്. തിരൂര്‍ ഡിവൈഎസ്പിയാണ് കുറ്റിപ്പുറം പാലത്തില്‍ നിന്ന് ഇവരെ അറസ്റ്റു ചെയ്തത്. മൂന്‍കൂര്‍ ജാമ്യം തേടി മൂന്നു പേരും ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇവരുടെ ജാമ്യ ഹര്‍ജി തള്ളിയിരുന്നു.
*********************************************************
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം .പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ചത്.
**********************************************
നിയമസഭാ കയ്യാങ്കളിക്കേസിലെ സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ താന്‍ രാജിവയ്ക്കില്ലെന്ന് കേസിലെ പ്രതിയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുമായ വി.ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
************************************************
സ്വര്‍ണ്ണക്കടത്ത് തടയാന്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരും കസ്റ്റംസുമാണ് ഈ വിഷയത്തില്‍ നടപടി സ്വീകരിക്കേണ്ടെതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. എന്നാല്‍ കള്ളക്കടത്ത് സ്വര്‍ണ്ണം സംസ്ഥാനത്ത് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അര്‍ജുന്‍ ആയങ്കിയെ രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 
********************************
സംസ്ഥാനത്ത് വീണ്ടും വ്യാപാരികല്‍ സമരരംഗത്തേയ്ക്ക് . ബക്രീദിനു ശേഷം ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലാണ് വീണ്ടും സമരരംഗത്തേയ്ക്ക് കടക്കുന്നത്. ഒഗസ്റ്റ് രണ്ട് മുതല്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ ധര്‍ണ്ണയിരിക്കാനും ഓഗസ്റ്റ് 9 മുതല്‍ കടകള്‍ തുറക്കാനും വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക