Image

പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ വ്യാജതെളിവുകള്‍ കയറ്റിയേക്കാമെന്ന് ആയിഷ സുല്‍ത്താന

Published on 28 July, 2021
പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ വ്യാജതെളിവുകള്‍ കയറ്റിയേക്കാമെന്ന് ആയിഷ സുല്‍ത്താന
കൊച്ചി: രാജ്യദ്രോഹക്കേസില്‍ അന്വേഷണ ഭാഗമായി പിടിച്ചെടുത്ത മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പിലും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യാജതെളിവുകള്‍ തിരുകിക്കയറ്റുമോ എന്നു ഭയമുണ്ടെന്ന് ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന ഹൈക്കോടതിയില്‍ ആരോപിച്ചു. കോവിഡ് വ്യാപനത്തെ സൂചിപ്പിച്ച് "ബയോ വെപ്പണ്‍' എന്ന ഇംഗ്ലിഷ് പദം പൊടുന്നനെ ഉപയോഗിച്ചതിനു പിന്നില്‍ ഗൂഢാലോചന ആരോപിക്കുന്നതു ശരിയല്ല. തന്റെ ഫോണും സഹോദരന്റെ ലാപ്‌ടോപ്പും പിടിച്ചെടുത്തത് ഇക്കഴിഞ്ഞ 15 വരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല.

ഇതു നടപടിക്രമങ്ങളുടെ ലംഘനമാണ്. അവ പരിശോധനയ്ക്കു ഹൈദരാബാദിലോ ചെന്നൈയിലോ കേരളത്തിലോ ഉള്ള ലാബുകളില്‍ അയയ്ക്കാതെ ഗുജറാത്തിലെ ലാബില്‍ അയച്ചതു സംശയകരമാണെന്നും ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപുകാര്‍ക്കു നേരെ ജൈവായുധം പ്രയോഗിച്ചതായി 2021 ജൂണ്‍ 7ലെ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതിന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ പൊലീസ് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ടാണു ആയിഷയുടെ മറുപടി.

അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മൊബൈലില്‍ നിന്നു മെസേജുകളും ചാറ്റുകളും ഡിലീറ്റ് ചെയ്തുവെന്നും പറയുന്നതു ശരിയല്ല. ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഓഫ് ആയിരുന്നതിനാല്‍ അതില്‍ നോക്കി വായിച്ചുവെന്നു പറയുന്നതും തെറ്റാണ്. ഫോണ്‍, ലാപ്‌ടോപ്, സാമ്പത്തിക ഇടപാടുകള്‍ എന്നെല്ലാം പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കി തന്നെ സംശയനിഴലില്‍ നിര്‍ത്താനാണു ശ്രമം. സമൂഹത്തിനും രാജ്യത്തിനും വിരുദ്ധമായ ക്രിമിനല്‍ നടപടികളൊന്നും താന്‍ ചെയ്തിട്ടില്ല.

മരിച്ചു പോയ പിതാവിന്റെ പെന്‍ഷനും തന്റെ വരുമാനവുമാണു കുടുംബത്തിന് ആശ്രയം. അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കി. ചെല്ലാനത്ത് ദുരിതം അനുഭവിച്ചവര്‍ക്കു സഹായം എത്തിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദേശത്തുള്ള സുഹൃത്തുക്കളുടെ സഹായം ഉണ്ടായിരുന്നു. മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളാണു ചെയ്തതെന്നും ഹര്‍ജിക്കാരി അറിയിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക