Image

ഒമാന്‍ മൂന്നു വര്‍ഷം കൊണ്ട് 35% സ്വദേശിവല്‍ക്കരണം നടപ്പാക്കും, മലയാളികളെ ബാധിക്കും

Published on 14 September, 2021
ഒമാന്‍ മൂന്നു വര്‍ഷം കൊണ്ട് 35% സ്വദേശിവല്‍ക്കരണം നടപ്പാക്കും, മലയാളികളെ ബാധിക്കും
മസ്കറ്റ്: പ്രധാന തസ്തികകളിലടക്കം സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി ഒമാന്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള പരീക്ഷകള്‍ക്കു തുടക്കം കുറിച്ചു. ഭരണനിര്‍വഹണ കാര്യാലയങ്ങളില്‍ 1,000ല്‍ ഏറെ  സ്വദേശികളെ ഉടന്‍ നിയമിക്കും. 2024 ആകുമ്പോഴേയ്ക്കും 35% സ്വദേശിവല്‍ക്കരണത്തിനാണ് നീക്കം.

സ്വകാര്യ ആരോഗ്യമേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാനുള്ള  'ബാദിര്‍' ക്യാംപെയ്‌ന്റെ ആദ്യഘട്ടമായി  228 പേര്‍ ജോലിയില്‍ പ്രവേശിച്ചു. 185 നഴ്‌സുമാര്‍ക്കും 43 ഡന്റിസ്റ്റുകള്‍ക്കുമാണു നിയമനം. ആരോഗ്യ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ലൈസന്‍സ് നേടി, സര്‍ക്കാര്‍ ആശുപത്രികളില്‍ 3 മാസം പരിശീലനം പൂര്‍ത്തിയാക്കിയാണ് സ്വദേശികള്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നത്.

ഇവര്‍ക്കു തൊഴില്‍ മന്ത്രാലയം സാമ്പത്തിക സഹായം നല്‍കും. ഭിന്നശേഷിക്കാര്‍ക്കും സാമൂഹിക സുരക്ഷ ആവശ്യമുള്ള കുടുംബത്തിലെ കുട്ടികള്‍ക്കും തൊഴില്‍ ഉറപ്പാക്കും. ഫിനാന്‍സ്, അക്കൌണ്ടിങ്, മാനേജ്‌മെന്റ്, ഡ്രൈവര്‍ തസ്തികകളില്‍ ജനുവരി മുതല്‍ സ്വദേശികള്‍ക്കു മാത്രമാണ് നിയമനം.

മലയാളികളടക്കം ആയിരക്കണക്കിനു പ്രവാസികളെ ഇതു ബാധിച്ചു. ഹോം ഡെലിവറിയടക്കം നൂറിലേറെ തസ്തികകളിലെ  വീസ നിരോധനത്തിനു പുറമേയാണിത്. പല മേഖലകളിലെയും ഡ്രൈവര്‍ തസ്തികകളില്‍ നിന്നു പ്രവാസികളെ ഒഴിവാക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക