Image

ചരണ്‍ജിത് സിങ് ചന്നിപഞ്ചാബ് മുഖ്യമന്ത്രിയാകും

Published on 19 September, 2021
ചരണ്‍ജിത് സിങ് ചന്നിപഞ്ചാബ് മുഖ്യമന്ത്രിയാകും
ചണ്ഡിഗഡ് : ദലിത് സിഖ് നേതാവും അമരിന്ദര്‍ സിങ് മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുമുണ്ടായിരുന്ന ചരണ്‍ജിത് സിങ് ചന്നി (58) പഞ്ചാബ് മുഖ്യമന്ത്രിയാകും. സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രിയാണ്. ജയില്‍, സഹകരണ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സുഖ്ജിന്ദര്‍ സിങ് രണ്‍ധാവയെ മുഖ്യമന്ത്രിയാക്കുമെന്നാണ് കോണ്‍ഗ്രസ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഒരു വിഭാഗം എംഎല്‍എമാര്‍ രംഗത്തുവന്നതിനെ തുടര്‍ന്ന് ഒഴിവാക്കി.

ഗവര്‍ണര്‍ ബല്‍വരിലാല്‍ പുരോഹിതിനെ സന്ദര്‍ശിച്ച ചരണ്‍ജിത് സിങ്, മുഖ്യമന്ത്രിയാകാനുള്ള അവകാശവാദം  ഉന്നയിച്ചു. തിങ്കളാഴ്ച രാവിലെ 11ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. ചരണ്‍ജിത്തിനെ നിയമസഭാ കക്ഷിനേതാവായി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തതായി പഞ്ചാബ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിനുള്ള എതിര്‍പ്പാണ് രണ്‍ധാവയ്ക്കു പകരം ചരണ്‍ജിത്തിലേക്കെത്താന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

അടുത്ത വര്‍ഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പഞ്ചാബിലെ ജനസംഖ്യയുടെ 33 ശതമാനത്തോളം പേര്‍ ദലിതരെന്നതു കൂടി കണക്കിലെടുത്താണ് ചന്നിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ചരണ്‍ജിത്തിന് അഭിനന്ദനങ്ങളറിയിച്ച മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ്, പഞ്ചാബിനെ സുരക്ഷിതമായി നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

ഹൈക്കമാന്‍ഡിന്റെ തീരുമാനത്തില്‍ താന്‍ സന്തുഷ്ടനാണെന്നും പിന്തുണച്ച എല്ലാ എംഎല്‍എമാര്‍ക്കും നന്ദി അറിയിക്കുന്നതായും സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ പ്രതികരിച്ചു. ചാംകൗര്‍ സാഹിബ് മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ ചരണ്‍ജിത്ത് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2015– 16 കാലഘട്ടത്തില്‍ പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക