Image

വാഷിംഗ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ച ട്രമ്പനുകൂല പ്രതിഷേധ റാലി പരാജയം

പി.പി.ചെറിയാന്‍ Published on 20 September, 2021
വാഷിംഗ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ച ട്രമ്പനുകൂല പ്രതിഷേധ റാലി പരാജയം
വാഷിംഗ്ടണ്‍ ഡി.സി.: പൊതു തിരഞ്ഞെടുപ്പില്‍ ട്രമ്പ് പരാജയപ്പെട്ടതിനെതുടര്‍ന്ന് ട്രമ്പനുകൂലികള്‍ ജനുവരി 6ന് നടത്തിയ കാപ്പിറ്റോള്‍ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ ബൈഡന്‍ ഭരണകൂടം പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്നും, നൂറുകണക്കിനാളുകളെ അറസ്റ്റു ചെയ്ത ജയിലിലടച്ചിരിക്കുന്നുവെന്നും ആരോപിച്ചു സെപ്റ്റംബര്‍ 18 ശനിയാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ ട്രമ്പനുകൂലികള്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം തീര്‍ത്തും പരാജയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വന്‍ പ്രതിഷേധന പ്രകടനം പ്രതീക്ഷിച്ചു കാപ്പിറ്റോളില്‍ വിന്യസിപ്പിച്ചിരുന്ന സൈനീകരുടെ ആകെ എണ്ണത്തിലും കുറവു പേര്‍ മാത്രമാണ് പ്രകടനത്തിനായി എത്തിച്ചേര്‍ന്നത്. ഇരുന്നൂറിനും മുന്നൂറിനും ഇടയില്‍ മാത്രമാണ് പ്രകടനത്തില്‍ പങ്കെടുത്തത്. മാധ്യമപ്രവര്‍ത്തകരും, സുരക്ഷാ പ്രവര്‍ത്തകരും കാപ്പിറ്റോളില്‍ ദിവസങ്ങളായി ക്യാമ്പടിച്ചിരുന്നു. ജന ആറിലെ സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഭരണകൂടം കര്‍ശന മുന്നറിയിപ്പും നല്‍കിയിരുന്നു.

പ്രസിഡന്റ് ട്രമ്പിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിന് നേതൃത്വം നല്‍കിയവര്‍ തന്നെയായിരുന്നു ഈ റാലിക്കും നേതൃത്വം നല്‍കിയത്. ഉച്ചക്കു ഒരു മണിയോടെ ആരംഭിച്ച പ്രകടനം ഒരു മണിക്കൂറിനുള്ളില്‍ പിരിച്ചുവിട്ടു. യാതൊരു അനിഷ്ഠ സംഭവങ്ങളും ഇല്ലാതെ റാലി പര്യവസാനിച്ചതു സൈനീകര്‍ക്കും, സുരക്ഷാ പ്രവര്‍ത്തകര്‍ക്കും വളരെ ആശ്വാസമായി. റാലിക്കെതിരെ ശക്തമായ പ്രചരണം അഴിച്ചുവിട്ടതും, അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടാകുമോ എന്ന ഭയമാണ് ആളുകളെ അകറ്റി നിര്‍ത്തിയതെന്ന് ട്രമ്പ് പക്ഷം ആരോപിക്കുമ്പോള്‍, ട്രമ്പിന്റെ പഴയ പ്രകടനം നഷ്ടപ്പെടുന്നുവോ എന്ന ചോദ്യചിഹ്നമാണ് സാധാരണ വോട്ടര്‍മാര്‍ ഉയര്‍ത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക