Image

ഓണം ബംബറില്‍ ട്വിസ്റ്റ്.... ആ ഭാഗ്യവാന്‍ സെയ്തലവിയല്ല, ജയപാലന്‍; ടിക്കറ്റ് ഹാജരാക്കി

Published on 20 September, 2021
ഓണം ബംബറില്‍ ട്വിസ്റ്റ്.... ആ ഭാഗ്യവാന്‍ സെയ്തലവിയല്ല, ജയപാലന്‍;  ടിക്കറ്റ് ഹാജരാക്കി

ഇത്തവണത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ അവകാശി കൊച്ചി മരട് സ്വദേശി ജയപാലനെന്ന് സ്ഥിരീകരണം. ഓട്ടോ ഡ്രൈവറാണ് ജയപാലന്‍. ടിക്കറ്റ് കാനറ ബാങ്കിന്റെ മരട് ശാഖയിലേക്ക് കൈമാറി. വയനാട് പനമരം സ്വദേശി സൈതലവിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന അവകാശവാദത്തിനിടയിലായിരുന്നു ഈ വമ്പന്‍ ട്വിസ്റ്റ്. തൃപ്പൂണിത്തുറയിലെ മീനാക്ഷി ഏജന്‍സിയില്‍ നിന്ന് തന്നെയാണ് മരട് സ്വദേശിയായ ജയപാലന്‍ ടിക്കറ്റെടുത്തത്. പത്താം തിയ്യതിയാണ് ടിക്കറ്റ് എടുത്തതെന്ന് ജയപാലന്‍ 
പറഞ്ഞു.

5000 രൂപ മറ്റൊരു ലോട്ടറി എടുത്തപ്പോള്‍ കിട്ടിയിരുന്നു. ഈ പണം ഉപയോഗിച്ച് അതേ ഏജന്‍സിയില്‍ നിന്ന് തന്നെ വീണ്ടും ലോട്ടറി എടുക്കുകയായിരുന്നു. മറ്റ് ടിക്കറ്റ് എടുത്തതിന്റെ കൂടെ ഫാന്‍സി നമ്പറായ ഈ ടിക്കറ്റും എടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് വാര്‍ത്ത കണ്ടതോടെ സമ്മാനം ലഭിച്ചതായി മനസ്സിലായി. പത്രം വരുന്നത് വരെ കാത്തിരുന്ന ശേഷമാണ് ബന്ധുക്കളോട് പറഞ്ഞത്. ടിക്കറ്റിന്റെ കോപ്പിയും ടിക്കറ്റ് കൈപ്പറ്റിക്കൊണ്ട് ബാങ്ക് നല്‍കിയ രസീതും ജയപാലന്‍ 
കാണിച്ചു. ലഭിക്കുന്ന പണം കൊണ്ട് കടം വീട്ടണമെന്നും ജയപാലന്‍ പറഞ്ഞു.

ടി.ഇ. 645465 നമ്പറിനാണ് ഒന്നാം സമ്മാനമെന്ന ഫലപ്രഖ്യാപനം വന്നത് ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ്. തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്ന് സ്ഥിരീകരിച്ചു. അതോടെ  ഭാഗ്യശാലിയെ തേടിയുള്ള അന്വേഷണമായി. തിങ്കളാഴ്ച ഉച്ചയോടെ തനിക്കാണ് ലോട്ടറി അടിച്ചതെന്ന അവകാശവാദവുമായി വയനാട് പനമരം സ്വദേശി സൈതലവി രംഗത്തെത്തി. 
അബു ഹെയിലില്‍ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനാണ് 44 കാരനായ സൈതലവി.

പാലക്കാടുകാരനായ സുഹൃത്തുവഴിയാണ് താന്‍ ടിക്കറ്റ് എടുത്തതെന്നായിരുന്നു സൈതലവി പറഞ്ഞത്. രണ്ട് ടിക്കറ്റ് എടുത്തെന്നും രണ്ടു ടിക്കറ്റിന്റെയും വിലയായ അറുന്നൂറുരൂപ സുഹൃത്തിന് ഗൂഗിള്‍ പേ വഴി അയച്ചു കൊടുത്തെന്നും പറഞ്ഞിരുന്നു. ടിക്കറ്റ് എടുത്തതിന് പിന്നാലെ അതിന്റെ ഫോട്ടോ സുഹൃത്ത് വാട്‌സാപ്പിലൂടെ തനിക്ക് അയച്ചുതന്നെന്നും സൈതലവി കൂട്ടിച്ചേര്‍ത്തിരുന്നു. ആറ് വര്‍ഷമായി ദുബായിലാണ് സൈതലവി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക