Image

തേനിൽ മുങ്ങട്ടെ വാക്കുകൾ (മൃദുമൊഴി -26: മൃദുല രാമചന്ദ്രൻ)

Published on 21 September, 2021
തേനിൽ മുങ്ങട്ടെ വാക്കുകൾ (മൃദുമൊഴി -26: മൃദുല രാമചന്ദ്രൻ)
തൃശ്ശൂരിലെ പേര് കേട്ട ഒരു വലിയ തുണിക്കടയുടെ സാരി ഫ്ലോർ...പകൽ നല്ല തിരക്കുള്ള സമയം.നവവധു ആണെന്ന് വേഷഭൂഷകളാൽ വെളിവാക്കുന്ന  ഒരു പെണ്കുട്ടി വിടർത്തി, വിതിർത്തിട്ട അനേകം സാരികൾക്കിടയിൽ നിന്ന് തനിക്ക് പ്രിയപ്പെട്ട സാരി തിരയുന്നു.തുടുത്ത വയലറ്റ് നിറത്തിൽ മഞ്ഞ കസവു വച്ച ഒരു സാരി പ്രിയത്തോടെ തന്റെ ദേഹത്തോട് ചേർത്ത് വച്ച് അടുത്തു നിൽക്കുന്ന ഭർത്താവിനോട്, നിറഞ്ഞ ചിരിയോടെ അവൾ എന്തോ ചോദിക്കുന്നു.

 പക്ഷെ പെട്ടെന്ന്, "ഏതെങ്കിലും ഒന്ന് എടുത്തിട്ട് വേഗം ഇറങ്ങുന്നുണ്ടോ, നാശം മനുഷ്യന്റെ സമയം മെനക്കെടുത്താൻ" എന്ന അയാളുടെ കുപിതമായ ഒച്ച വയ്ക്കലിൽ അവൾ മാത്രമല്ല,അടുത്ത് നിൽക്കുന്നവർ കൂടി നടുങ്ങുന്നു. മോഹത്തോടെ എടുത്ത് ,ഉടലോട് ചേർത്തു വച്ച സാരിയെ നടുക്കത്തോടെ അവിടെ ഉപേക്ഷിച്ച്, നിറഞ്ഞ കണ്ണുകൾ ആരും കാണാതെ മറക്കാൻ, ചിരിക്കാൻ  വ്യഥാ ശ്രമിച്ചു കൊണ്ട് അവൾ അവിടെ നിന്നും ഇറങ്ങി പോയി.

എത്ര അനായാസമായി, നിസാരമായി അയാൾ ആ പെണ്കുട്ടിയുടെ ജീവിതത്തിലെ ഒരു നിമിഷത്തെ, ഒരു വാക്ക് കൊണ്ട്, ഒരു നിമിഷത്തെ ക്രോധം കൊണ്ട് ഇല്ലാതാക്കി കളഞ്ഞു.

ആലോചിച്ചു നോക്കൂ, നമ്മുടെ ഒക്കെ ജീവിതത്തിൽ ഉണങ്ങാതെ നീറുന്നത് വാക്കുകൾ ഉണ്ടാക്കിയ മുറിവുകൾ ആണ്.കനിവറ്റ വാക്കുകളുടെ തീത്തുള്ളികൾ വീണ് പൊള്ളിയ ഇടങ്ങൾ എല്ലാവർക്കും ഉള്ളിൽ ഉണ്ട്.

പറ്റാവുന്നത്ര ഭംഗിയായി, ഉടുത്തും, ഒരുങ്ങിയും സന്തോഷത്തോടെ ഒരു നല്ല വിശേഷത്തിന് ചെല്ലുമ്പോൾ ,"വണ്ണം കൂടിയല്ലോ അല്ലെങ്കിൽ കുറഞ്ഞല്ലോ, മുടി നരച്ചല്ലോ അല്ലെങ്കിൽ പൊഴിഞ്ഞല്ലോ, സാരിയുടെ ഫ്‌ളീറ്റ് ഉലഞ്ഞല്ലോ" എന്നൊക്കെ എല്ലാവർക്കും മുൻപിൽ വച്ച് കണ്ടുപിടിക്കുന്നവർ ഒരു ദിവസത്തെ ആഹ്ലാദത്തെ കൊന്നുകളയുന്നവർ ആണ്.

ഈ ബോഡി ഷെയിമിങ്ങിന് സമാനമാണ് പരീക്ഷയിൽ മാർക്ക് കുറഞ്ഞോ, ജോലി കിട്ടിയില്ലേ, കല്യാണം ആയില്ലേ, വിശേഷം എന്താ ആവാത്തെ, സ്വന്തം വീട് എന്താ വയ്ക്കത്തെ, മക്കളെ എന്താ എൻട്രൻസ് എഴുതിക്കാത്തെ എന്നിങ്ങനെ മറ്റൊരാളുടെ സ്വന്തം ഇടത്തേക്ക് ( Personal space) ഒരു മാന്യതയും ഇല്ലാതെ കയറുന്നത്.

മറ്റുള്ളവരുടെ ജീവിതത്തിന് നേരെ നോക്കി ഒരു കാര്യവും ഇല്ലാതെ നമ്മൾ ഉൽസുകപ്പെടുന്നത് , ഒരു പ്രയോജനവും ഇല്ലാത്ത വാക്കുകൾ കൊണ്ട് മനുഷ്യരെ അസ്വസ്ഥരാക്കുന്നത്,അത് എന്തിനാണ് ആവോ ?

സിസേറിയൻ അനസ്‌തേഷ്യയുടെ അർദ്ധ മയക്കത്തിൽ ഡോക്ടർ എ. വി രാമചന്ദ്രൻ പറഞ്ഞതാണ് എന്റെ മകളെപ്പറ്റി ഞാൻ ആദ്യം കേൾക്കുന്ന വാക്കുകൾ: "മൃദുലാ, നല്ല മിടുക്കി ഒരു മോൾ ആണ്": എന്നാണ് ഡോക്ടർ പറഞ്ഞത്.അവളെ കുറിച്ച് എല്ലായ്പ്പോഴും ഞാൻ ഓർക്കുന്നത് ആ "മിടുക്കി" എന്ന വാക്ക് ആണ്.ഓപ്പറേഷൻ തിയേറ്ററിന്റെ തണുപ്പിൽ,പാതി ബോധത്തിൽ എന്റെ മകൾ മിടുക്കിയാണ് എന്ന് എന്നോട് പറഞ്ഞ ഡോക്ടർ എന്റെ എല്ലാ വേദനകളെയും, പേടിയേയും ആ ഒരൊറ്റ വാക്ക് കൊണ്ട് ഹരിച്ചു. ഇരുപത്തിയൊന്നുകാരി പെണ്കുട്ടി ആ ഒരൊറ്റ നിമിഷം കൊണ്ട് അമ്മയുടെ അഭിമാനം അറിഞ്ഞു.ആ വാക്കിന് ഞാൻ മരണത്തോളം കടപ്പെട്ടിരിക്കുന്നു പ്രിയപ്പെട്ട ഡോക്ടർ...
തേനിൽ മുങ്ങട്ടെ വാക്കുകൾ (മൃദുമൊഴി -26: മൃദുല രാമചന്ദ്രൻ)
Join WhatsApp News
American Mollakka 2021-09-27 22:47:07
അസ്സലാമു അലൈക്കും മൃദുല സാഹിബ..അള്ളാ ഇങ്ങടെ പേര് എത്ര സുന്ദരം. ഇങ്ങള് പേരുപോലെ മൃദുലയാണോ? തുണിക്കടയിൽ പുത്യാപ്ള പുത്തൻ പെണ്ണിന്റെ മേൽ ദ്വേഷ്യപ്പെട്ട് ചാടികയറിയതിൽ പൊല്ലാപ്പൊന്നുമില്ല. ആ പെണ്ണ് അതെ അപ്പഴേ മറന്നു. ഇതൊന്നും കാര്യമാക്കേണ്ട.ചില മനുസർക്ക് നല്ലോണം ബർത്തമാനം പറയാൻ അറിയില്ലല്ലോ? അമേരിക്കയിൽ ബന്നപ്പോൾ ഞമ്മളും ബീവിയെ ഹണി എന്നാണു ബിളിക്കുന്നത്. ദ്വേഷ്യം ബരുമ്പോൾ എടി ഖദീജ എന്ന് ബിളിക്കും. അള്ളാ, ബീവിടെ പേര് പരസ്യമാക്കി. സാഹിബാ മനസിൽ ബച്ചേക്കണം. ഞമ്മള് എയ്തിയതൊക്കെ മൃദുലമായിട്ടല്ലേ. ആണെന്ന് ബിശ്വസിക്കുന്നു. ബിശ്വാസം അല്ലേ എല്ലാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക