Image

ആകാശമെന്ന വാക്ക് (കവിത: സിന്ധു ഗാഥ)

Published on 21 September, 2021
ആകാശമെന്ന വാക്ക് (കവിത: സിന്ധു ഗാഥ)
ആകാശം ആരുടെ ശബ്‌ദകോശമാണ് ?
പറവകളുടെ?
നക്ഷത്രങ്ങളുടെ?

ഓരോ പറവകളും നക്ഷത്രങ്ങളും
ഓരോ അക്ഷരങ്ങളും -
വാക്കുകളും വചനങ്ങളുമാണ്

ഓരോ പറവകളും നക്ഷത്രങ്ങളും
ഓരോ വാതിലുകളാണ്
കടലിന്നഗാധതയിലേക്കൂർന്നിറങ്ങിയ
അടിവേരുകൾ പോലെ  
ആകാശത്തിന്റെ പരപ്പുകൾക്കു മീതെ
ജ്വലിക്കുന്ന സൂര്യനെ പോലെ

ഓരോ പറവകളും
ഓരോ മനുഷ്യരുടേയുമുള്ളിൽ
മുളച്ചുപ്പൊന്തുന്ന സ്വപ്നങ്ങളുടെ
ചിറകുകളാണ്

ഓരോ നക്ഷത്രങ്ങളും
ഓരോ മനുഷ്യരൂപങ്ങളുടെയുമുള്ളിലെ
വേവാതെ കിടക്കുന്ന
നോവിൻ കിനാച്ചോറിലെ
അരിമണികളാണ്

മേഘമെന്നാൽ മറവിയിൽ
ഉറഞ്ഞുകൂടുന്ന നഷ്ടങ്ങളുടെ
സ്വപ്‌നക്കൂട്ടങ്ങളാണ്

ആകാശം അതാരുടെ വാക്കാണ് ?
എന്റെയോ? നിന്റെയോ?
നമ്മുടെയോ?
ഞങ്ങളുടെയോ? നിങ്ങളുടെയോ?
അല്ല...

ഉള്ളിൽ തിളയ്ക്കുന്ന
സ്വച്ഛന്ദവിഹാരത്തെ
ബന്ധങ്ങളുടെ ചങ്ങലയിൽ
പൂട്ടിയിടുമ്പോൾ
തുടിക്കുന്ന ജീവന്റെ
നാഡീഞരമ്പുകളുടെ  മിടിപ്പാണത്
അക്ഷിനീരിന്റെ പുഴയാണത്
ഉദരത്തിന്റെ വിശപ്പാണത്
ഹൃദയതാളമാണത്

സ്വേച്ഛാധിപത്യത്തിന്റെ
കടയ്ക്കൽ വയ്ക്കുന്ന
മൂർച്ചയേറിയ കഠാരയാണത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക