Image

ലീഗല്‍ ഫീസ് 8546 കോടി; ആമസോണിനെതിരെ കൈക്കൂലി ആരോപണം

Published on 21 September, 2021
ലീഗല്‍ ഫീസ് 8546 കോടി; ആമസോണിനെതിരെ കൈക്കൂലി ആരോപണം
അമേരിക്കന്‍ ഇ-കൊമേഴ്‌സ് കമ്ബനിയായ ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ലീഗല്‍ ഫീസ് ഇനത്തില്‍ 8546 കോടി രൂപ ചെലവഴിച്ചതായി റിപ്പോര്‍ട്ട്. 

ആമസോണ്‍ ലീഗല്‍ ഫീസായി നല്‍കിയ തുകയില്‍ ഒരുഭാഗം നിയമകാര്യപ്രതിനിധികള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിക്കായി നല്‍കിയെന്നാണ് പരാതി.

2018-19, 2019-20 വര്‍ഷങ്ങളില്‍ ലീഗല്‍ ഫീസ് ഇനത്തില്‍ ആമസോണ്‍ ഇന്ത്യ 8546 കോടി രൂപ ചെലവഴിച്ചെന്നാണ്, കമ്ബനിയുടെ ഔദ്യോഗിക ഫയല്‍ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ രണ്ടു വര്‍ഷങ്ങളില്‍ ആമസോണിന്റെ വരുമാനം 42,085 കോടി രൂപയാണ്. ഇതിന്റെ അഞ്ചിലൊന്നാണ് ലീഗല്‍ ഫീസ് ഇനത്തില്‍ ചെലവഴിച്ചത്.

ലീഗല്‍ ഫീസ് എന്നു കാണിച്ചിരിക്കുന്നത് പൂര്‍ണമായും വ്യവഹാരത്തിനോ    കോടതി നടപടികള്‍ക്കോ ഉള്ള തുക ആയിരിക്കില്ലെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ 'സുഗമമായി' മുന്നോട്ടുകൊണ്ടു പോവുന്നതിനുള്ള തുക ഉള്‍പ്പെടെയാവാണ് സാധ്യതയെന്ന് അവര്‍ പറയുന്നു.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് ആമസോണ്‍ ഉദ്യോഗസ്ഥര്‍ക്കു വന്‍തോതില്‍ കൈക്കൂലി നല്‍കിയതായ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കമ്ബനി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യം നേരിട്ടു സമ്മതിച്ചിട്ടില്ലെങ്കിലും നിയമപരമല്ലാത്ത ഏതു കാര്യത്തിനും എതിരെ നടപടിയുണ്ടാവും എന്നാണ് ആമസോണിന്റെ പ്രതികരണം.

ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കമ്ബനിയുടെ സീനിയര്‍ കോര്‍പ്പറേറ്റ് കോണ്‍സല്‍ അവധിയില്‍ പ്രവേശിച്ചു. വിദേശത്ത് സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് കൈക്കൂലിനല്‍കിയെന്ന തരത്തിലുള്ള ആരോപണം അമേരിക്കന്‍ കമ്ബനി വളരെ ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക