Image

ശ്രീ നാരായണ ഗുരുവിന്റ്റെ മഹാ സമാധി ദിനത്തില്‍ നമുക്ക് ഗുരുവിനെ സ്മരിക്കാം (വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ് Published on 21 September, 2021
 ശ്രീ നാരായണ ഗുരുവിന്റ്റെ മഹാ സമാധി ദിനത്തില്‍ നമുക്ക് ഗുരുവിനെ സ്മരിക്കാം (വെള്ളാശേരി ജോസഫ്)
കന്നി മാസം അഞ്ചാം തീയതി - ഇന്ന് ശ്രീ നാരായണ ഗുരുവിന്റ്റെ മഹാ സമാധി ദിനം. 'ശ്രീനാരായണ ഗുരു' എന്ന കുമാരനാശാന്‍ എഴുതിയ ഗുരുവിന്റ്റെ ജീവചരിത്രം, മൂര്‍ക്കോത്ത്കുമാരന്‍ എഴുതിയ ഗുരുവിന്റ്റെ ജീവചരിത്രം, കോട്ടുകോയിക്കല്‍ വേലായുധന്‍ എഴുതിയ ഗുരുവിന്റ്റെ ജീവചരിത്രം, 'ഗുരുവരുള്‍' എന്ന നടരാജ ഗുരു എഴുതിയ ഗുരുവിന്റ്റെ ജീവചരിത്രം - ഇങ്ങനെ അനേകം ജീവചരിത്രങ്ങള്‍ ശ്രീ നാരായണ ഗുരുവിന്റ്റേതായിട്ടുണ്ട്. പക്ഷെ അപ്പോഴും ഒരു ചോദ്യം വരും - ആരായിരുന്നു നാരായണ ഗുരു എന്നതാണ് ആ ചോദ്യം.

നാരായണ ഗുരുവിനെ കേവലം സാമൂഹ്യ പരിഷ്‌കര്‍ത്താവായിട്ടാണ് ഇടതുപക്ഷവും, ഭൗതിക വാദികളായ ഒരുപറ്റം ചരിത്രകാരന്മാരും കാണുന്നത്. ദൈവികാസ്തിത്വത്തെ വാഴ്ത്തിപ്പറഞ്ഞ ആത്മീയാചാര്യന്‍ എന്ന നിലയിലാണ് ഗുരു നിത്യ ചൈതന്യ യതിയും മറ്റ് പലരും ശ്രീ നാരായണ ഗുരുവിനെ കാണുന്നത്. നാരായണ ഗുരുവിന്റ്റെ നേര്‍ ശിഷ്യനായിരുന്ന നടരാജ ഗുരുവിന്റ്റെ ശിഷ്യനായ ഗുരു നിത്യ ചൈതന്യ യതി ദൈവം ഉണ്ടെന്നുള്ളത് സ്ഥാപിക്കാന്‍ വളരെ രസകരമായ ഒരു കഥയും പറഞ്ഞിട്ടുണ്ട്: മഹാരാഷ്ട്രയിലെ ഒരു ചെറിയ ടൗണിലൂടെ രാത്രിയില്‍ തന്റ്റെ ഭാരത പര്യടനത്തിന്റ്റെ ഭാഗമായി യതി സഞ്ചരിക്കുകയായിരുന്നു. രണ്ടു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്; തണുപ്പും അസഹ്യം. ഒരു കടത്തിണ്ണയില്‍ യതി കയറിക്കിടന്നു. തണുപ്പിലും, കാറ്റിലും, മഴയിലും മരിച്ചു പോകുമെന്ന് തന്നെ കരുതി. അപ്പോള്‍ ഒരാള്‍ ഓടി വന്ന് യതിയെ ചേര്‍ത്തു പിടിച്ചു കിടന്നു. വന്നയാളുടെ ശരീരത്തിന് നല്ല ചൂട്. ആ ചൂടില്‍ രാത്രി സുഖമായി ഉറങ്ങി. സൂര്യപ്രകാശം വീണപ്പോഴാണ് കൂടെ കിടക്കുന്നത് ഒരു പട്ടിയാണെന്നത് യതി തിരിച്ചറിയുന്നത്. പ്രകാശമടിച്ചപ്പോള്‍ പട്ടി കുരച്ചു കൊണ്ട് ഒന്നും സംഭവിക്കാത്തത് പോലെ പോയി. ദൈവമുണ്ടെന്ന് അന്നാണ് തനിക്കു ശരിക്കും മനസിലായെതെന്നാണ് ഗുരു നിത്യ ചൈതന്യ യതി ആ സംഭവത്തെ പറ്റി പിന്നീട് എഴുതിയത്! ക്രിസ്തുവിന് ശേഷം നാരായണ ഗുരുവാണ് ദൈവികാസ്തിത്വത്തെ ഏറ്റവും ഉന്നതമായ രീതിയില്‍ വാഴ്ത്തിയിട്ടുള്ളതെന്നും ഒരിക്കല്‍ ഗുരു നിത്യ ചൈതന്യ യതി പറഞ്ഞിട്ടുണ്ട്.

നടരാജ ഗുരുവും, ഗുരു നിത്യ ചൈതന്യ യതിയുമാണ് നാരായണ ഗുരുവിന്റ്റെ ആദര്‍ശങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റ്റെ ഉത്തരാര്‍ദ്ധത്തില്‍ കേരളീയ ജനതക്ക് പകര്‍ന്നു നല്‍കിയത്. ശ്രീ നാരായണ ഗുരുവിന്റ്റെ ആത്മോപദേശശതകം ഒന്നും സാധരണക്കാര്‍ക്ക് വായിച്ചു മനസിലാക്കാന്‍ എളുപ്പമല്ല. ഇരുന്നൂറോളം പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ഗുരു നിത്യ ചൈതന്യ യതിയാണ് നാരായണ ഗുരുവിനെ കൂടുതലും സാധാരണക്കാരിലേക്ക് ഇരുപതാം നൂറ്റാണ്ടിന്റ്റെ ഉത്തരാര്‍ദ്ധത്തില്‍ അടുപ്പിച്ചത്. സംസ്‌കൃതത്തിലും, തമിഴിലും, മലയാളത്തിലുമായി അറുപതില്‍ പരം കൃതികള്‍ രചിച്ചയാളാണ് നാരായണ ഗുരു. 1855 ചിങ്ങ മാസത്തിലെ ചതയം നാളില്‍ ജനിച്ച ഗുരു 1928 സെപ്തംബര്‍  20-ല്‍ (കന്നി മാസം അഞ്ചാം തീയതി) സമാധിയായി. ഇതിനിടയില്‍ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തി; പരവൂറില്‍ അനാചാരങ്ങള്‍ക്കെതിരെ മഹാസമ്മേളനം സംഘടിപ്പിച്ചു; ആലുവ അദ്വൈതാശ്രമം സ്ഥാപിച്ചു; സംസ്‌കൃത പാഠശാല സ്ഥാപിച്ചു; സമസ്ത കേരള സഹോദര സമ്മേളനം സംഘടിപ്പിച്ചു; സര്‍വ മത സമ്മേളനം ആലുവയില്‍ സംഘടിപ്പിച്ചു; ശിവഗിരി ബ്രഹ്മവിദ്യലയം തറ കല്ലിട്ടു - ഇങ്ങനെ പലതും ചെയ്തു. തികച്ചും സാര്‍ത്ഥകമായ ജീവിതം തന്നെയായിരുന്നു നാരായണ ഗുരുവിന്റ്റേത്.

നാരായണ ഗുരു പ്രതിനിധീകരിച്ച നവോത്ഥാന മൂല്യങ്ങളില്‍ സമീപ കാലത്തു കേരളത്തില്‍ വലിയ ഇടിവുണ്ടാതായിട്ടാണ് തോന്നുന്നത്. ജാതിയും, മതവും പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരുന്നു. ജാതിമത ഭേദമന്യേ എല്ലാവരും മനുഷ്യരാണെന്നതായിരുന്നു കേരളത്തിന്റ്റെ നവോത്ഥാന പ്രസ്ഥാനത്തിന്റ്റെ ചുക്കാന്‍ പിടിച്ച ശ്രീ നാരായണ അടിസ്ഥാനപരമായ വീക്ഷണം. ഗുരു വചനത്തിന്റ്റെ കാതല്‍ നോക്കൂ:  
'അവനവനാത്മ സുഖത്തിനാചരിപ്പതു
അപരന്നു സുഖത്തിനായ് വരേണം' - ഇതായിരുന്നു പ്രധാനമായ ഗുരു വചനം. തന്നെ പോലെ തന്റ്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന് ക്രിസ്തു വചനത്തിന് സമാനമായുള്ള ഒന്നാണിത്. ഈ ഭൂമിയില്‍ വെറുതെ ജീവിച്ചു മരിക്കുന്നതിലും ശ്രേഷ്ഠം അശരണര്‍ക്ക് നമ്മളെക്കൊണ്ട് കഴിയുന്ന സഹായം അല്ലെങ്കില്‍ ഉപകാരം ചെയ്യുക - ഇതാണ് ഇതിന്റ്റെ അര്‍ഥം. അവനവനിലും, മറ്റുള്ളവരിലും ഈശ്വരനെ ദര്‍ശിക്കുവാന്‍ സാധിക്കുക എന്നതാണ് ഗുരു ദര്‍ശനം. ശ്രീ നാരായണ ഗുരു കണ്ണാടി പൂജ നടത്തിയത് അതിനു വേണ്ടിയാണ്. പണ്ട് ബൈബിള്‍ വചനങ്ങള്‍ പോലെ കേരളത്തില്‍ അങ്ങോളമിങ്ങോളം എഴുതി വെച്ചിരുന്നതാണ് ഗുരു വചനങ്ങള്‍. നാരായണ ഗുരുവിനെ കുറിച്ച് പഠിക്കുവാന്‍ സ്വദേശീയരും, വിദേശീയരും ആയ പലരും വന്നു. ഇന്നിപ്പോള്‍ ഗുരു  ദര്‍ശനങ്ങള്‍ക്കൊന്നും ഒരു സ്ഥാനവുമില്ല എന്നത് സമാധാന പ്രിയരെ - അവര്‍ ഏതു മതത്തില്‍ ഉള്ളവര ആയിക്കോട്ടെ, ദുഖിപ്പിക്കുന്ന കാഴ്ചയാണ്.  

'ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന ഒരു മാതൃകാ സ്ഥാനമാണിത്' എന്ന മഹത്തായ മാനവിക ദര്‍ശനം ലോകത്തിനു സംഭാവന ചെയ്ത നവോത്ഥാന നായകന്‍ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് - ജാതി ചോദിക്കരുത്, പറയരുത്, മതമേതായാലും, മനുഷ്യന്‍ നന്നായാല്‍ മതി' എന്നും പറഞ്ഞു. 'ഹിംസയെക്കാള്‍ വലിയ പാപമില്ല; മനുഷ്യന്റ്റെ സ്‌നേഹ ഗുണത്തെ അത് അപഹരിച്ചു കളയും' - എന്നും ഗുരു പറഞ്ഞു.  

'വിദ്യകൊണ്ട് സ്വതന്ത്രരാകുക, സംഘടനകൊണ്ട് ശക്തരാകുക' എന്ന ഗുരുവിന്റ്റെ ഉല്‍ബോധനത്തെ സ്പര്‍ശിക്കുന്ന സാരവത്തായ ചര്‍ച്ചകളോ, പണ്ഡിതരുടെ പ്രഭാഷണങ്ങളോ ഇന്ന് നടക്കുന്നില്ല. പണ്ട് ചതയ ദിനാഘോഷത്തില്‍  എസ്. എന്‍. ഡി. പി. യോഗം നടത്തുന്ന ജാഥയില്‍ മുഴങ്ങി കേട്ടിരുന്ന ഒരു മുദ്രാവാക്യം ഇതാണ്:
''ജാതി വിചാരം പോകണമെങ്കില്‍
ആര്യ വിചാരം പോയെ തീരൂ
ആര്യ വിചാരം പോകണമെങ്കില്‍
ഗുരുവിന്‍ വഴിയെ പോയെ തീരൂ'' - അതൊന്നും ഇപ്പോള്‍ കേള്‍ക്കുന്നില്ല. കുറച്ചു നാള്‍ മുമ്പ് മാതൃഭൂമി ചാനെലില്‍ നടരാജ ഗുരുവിന്റ്റെ പ്രായമായ ഒരു ശിഷ്യനുമായി ഒരു ഇന്റ്റെര്‍വ്യൂ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് 'എനിക്ക് ജാതിയില്ല; മതമില്ല' എന്നാണ്. ശ്രീ നാരായണീയന്‍മാര്‍ ആകുമ്പോള്‍ അങ്ങനെ തന്നെയാണ് പറയേണ്ടതും. പക്ഷെ ഇന്നിപ്പോള്‍ നാരായണ ഗുരുവിനേയും വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റ്റെ ഭാഗമാക്കാന്‍ നോക്കുന്നവരോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. 'കള്ള് ചെത്തരുത്, കുടിക്കരുത്' എന്ന് നാരായണ ഗുരു ആഹ്വാനം ചെയ്തിരുന്നു. പക്ഷെ ഇന്നിപ്പോള്‍ എസ്. എന്‍. ഡി. പി. യോഗത്തിന്റ്റെ നെത്ര്വത്വം തന്നെ മദ്യ മുതലാളിമാരുടെ കയ്യില്‍ ആണല്ലോ., 'ജാതി ചോദിക്കണം; പറയണം' എന്നു പറഞ്ഞു വരുന്നവരാണവര്‍. സംവരണവും, സര്‍ക്കാര്‍ ജോലിയും, ബിസ്‌നെസും, കാശുണ്ടാക്കലും അല്ലാതെ വേറെ ഉന്നതമായ ലക്ഷ്യങ്ങളൊന്നനും അവര്‍ക്കില്ലാ. കലി കാലത്തിലുള്ളവര്‍ ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ക്ക് നെത്ര്വത്വം വഹിച്ചാലുള്ള ദുരവസ്ഥയാണത്.

(ലേഖകന്റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക