Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 21 September, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)
വയോജന പരിപാലനാ രംഗത്തെ മികച്ച മാതൃകയ്ക്ക് കേരളത്തിന് പുരസ്‌കാരം കേന്ദ്ര സര്‍ക്കാരിന്റെ വയോശ്രേഷ്ഠാ പുരസ്‌കാരം കേരളത്തിന് ലഭിച്ചതായി മന്ത്രി ആര്‍.ബിന്ദുവാണ് അറിയിച്ചത്. ഭക്ഷ്യസുരക്ഷാ പദ്ധതിയിലും കേരളത്തിന് പുരസ്‌കാരം ലഭിച്ചു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സുചികയില്‍ രണ്ടാം സ്ഥാനം ലഭിച്ച കേരളത്തിന് ഫലകവും പ്രശസ്തി പത്രവും ലഭിക്കും. 
***********************
ക്രിസ്ത്യന്‍ മുസ്ലീം മതമേലധ്യക്ഷന്‍മാരെ ഒന്നിച്ചിരുത്തി സമാധാന യോഗം വിളിക്കാന്‍ കോണ്‍ഗ്രസ്. യോഗം എന്നാണ് നടത്തുന്നതെന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കം. 
************************
സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മന്ത്രി വി.എന്‍ വാസവന്‍ ഒരു വിഭാഗത്തെ മാത്രം പോയി കണ്ടത് ശരിയായില്ലെന്നും കാര്യങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുത്തില്ലെങ്കില്‍ അതിന് കരുത്തുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വേറെയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
**********************
ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പരുക്കേറ്റ രണ്ടു സൈനികരും മരിച്ചു. മേജര്‍ രോഹിത് കുമാര്‍, മേജര്‍ അനുജ് രാജ്പുത് എന്നിവരാണ് മരിച്ചത്. ഉദംപൂര്‍ ജില്ലയിലെ പത്നിടോപ്പ് പ്രദേശത്താണ് സംഭവം.
********************
ഇന്ത്യ ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി അമേരിക്ക. മുഴുവന്‍ ഡോസ് കൊവിഡ് വാക്സീന്‍ സ്വീകരിച്ചവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നവംബര്‍ മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക.
******************
സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഡിജിപി അനില്‍കാന്ത് പോലീസിന് നിര്‍ദ്ദേശം നല്‍കി. ആശുപത്രികളില്‍ എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ഇതുവരെയുള്ള കേസുകളുടെ സ്ഥിതി ഉടന്‍ അറിയിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. 
*****************
സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 14.90 ശതമാനമാണ് ഇന്നത്തെ ടിപിആര്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 214 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 1,05,513 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 
*********************
കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ബസുകള്‍ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മാലിന്യ നീക്കത്തിന് ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യൂണിയനുകളൊന്നും പ്രതിഷേധമറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധമെന്തിനാണെന്നും ഡ്രൈവര്‍മാര്‍ മാലിന്യമെടുക്കേണ്ടതില്ല വണ്ടി ഓടിച്ചാല്‍ മാത്രം മതിയെന്നും കട്ടപ്പുറത്തായ ബസുകള്‍ മീന്‍ വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു
***************
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സഭ നടത്തിയ ഭൂമിയിടപാടില്‍ സര്‍ക്കാര്‍ ഭൂമി ഉണ്ടോ ?  തണ്ടപ്പേര് തിരുത്തിയോ ? എന്നീ കാര്യങ്ങളിലാണ് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത്. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക