Image

വളര്‍ത്തുപട്ടിക്കുവേണ്ടി വിമാനത്തിന്റെ ബിസിനസ് ക്ലാസ് ക്യാബിന്‍ മുഴുവന്‍ ബുക്ക് ചെയ്ത് യുവതി

Published on 21 September, 2021
വളര്‍ത്തുപട്ടിക്കുവേണ്ടി വിമാനത്തിന്റെ ബിസിനസ് ക്ലാസ് ക്യാബിന്‍ മുഴുവന്‍ ബുക്ക് ചെയ്ത് യുവതി


ന്യൂഡല്‍ഹി: വളര്‍ത്തുപട്ടിയോടൊപ്പം യാത്ര ചെയ്യാന്‍ വേണ്ടി എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസ് ക്യാബിന്‍ മുഴുവനായും ബുക്ക് ചെയ്ത് യുവതി. സെപ്റ്റംബര്‍ പതിനഞ്ചിന് മുബൈയില്‍ നിന്നും ചെന്നൈയിലേക്ക് എയര്‍ ഇന്ത്യയുടെ എഐ 671 വിമാനത്തിലായിരുന്നു വളര്‍ത്തു പട്ടിയെയും കൊണ്ടുള്ള യുവതിയുടെ യാത്ര. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം   റിപ്പോര്‍ട്ട് ചെയ്തത്.  സാധാരണനിലയില്‍ ഒരു ബിസിനസ് ക്ലാസ് ടിക്കറ്റിന് ഇരുപതിനായിരം രൂപയാണ് ചെലവ്. വിമാനത്തില്‍ ആകെയുള്ള 12 ബിസിനസ് ക്ലാസ്സ് സീറ്റുകളും യുവതി ബുക്ക് ചെയ്തു. അങ്ങനെ മൊത്തം 2.5 ലക്ഷം രൂപ ചെലവ് വന്നു. 

വളര്‍ത്തു മൃഗങ്ങളെ നിബന്ധനകളോടെ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന രാജ്യത്തെ ഏക ഇന്ത്യന്‍ വിമാന കമ്പനിയാണ് എയര്‍ ഇന്ത്യ. ഒരു വിമാനത്തില്‍ പരമാവധി രണ്ട് വളര്‍ത്തു മൃഗങ്ങളെ വരെ യാത്രയില്‍ കൂടെ കൊണ്ട് പോകാന്‍ സാധിക്കും. ബുക്ക് ചെയ്ത ക്ലാസിന്റെ അവസാന നിരയില്‍ 
വളര്‍ത്തു മൃഗങ്ങളെ ഇരുത്തുകയാണ് ചെയ്യുന്നത്. ഇതിനായി എയര്‍ ഇന്ത്യ ഫീസും ഈടാക്കിയിരുന്നു. 

എന്നാല്‍ ഇതാദ്യമായാണ് ഒരാള്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് വേണ്ടി മുഴുവന്‍ ബിസിനസ് ക്ലാസ് ക്യാബിനും ബുക്ക് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിനും സെപ്റ്റംബറിനും ഇടയില്‍ എയര്‍ ഇന്ത്യയില്‍ 2000 വളര്‍ത്തുമൃഗങ്ങളെ യാത്ര ചെയ്യാന അനുവദിച്ചതായാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക