Image

പ്രണവോപാസന (ലേഖനം: വാസുദേവ് പുളിക്കല്‍)

Published on 22 September, 2021
 പ്രണവോപാസന (ലേഖനം: വാസുദേവ് പുളിക്കല്‍)
മനുഷ്യര്‍ക്ക് ബന്ധങ്ങള്‍ മൂലം എപ്പോഴും ബദ്ധരാണ് എന്ന തോന്നലുണ്ട്. ബന്ധങ്ങള്‍ എങ്ങനെയുണ്ടായി? കുടുംബം, കൂട്ടുകാര്‍, മതം, പ്രത്യശാസ്ര്തം തുടങ്ങിയവയോടുള്ള മമത ബന്ധങ്ങളായി അനുഭപ്പെടാനുള്ള കാരണമെന്ത്? ഇതിനെല്ലാം മൗലികമായ കാരണം ഇവയില്‍ നിന്നെല്ലാം വ്യത്യസ്തനായി വര്‍ത്തിക്കുന്ന വ്യക്തിസത്ത എന്ന ബോധമാണ്. "ഞാന്‍'' എന്ന ബോധമാണ് ഒരാള്‍ക്ക് ബദ്ധനാണെന്നുള്ള തോന്നലുണ്ടാക്കുന്നത്. സകലതിന്റേയും ഉല്‍പത്തിക്ക് നിദാനമായ പരമാത്മാവിന്റെ സ്ഫുരണമാണ് താന്‍ എന്ന ആത്മസ്വരൂപദര്‍ശനം ഉണ്ടാകുമ്പോള്‍ നേരത്തെ തോന്നിയ ബന്ധങ്ങളില്‍ നിന്നെല്ലാം "ഞാന്‍'' വിമുക്തനായിത്തിര്‍ന്നു എന്നു കാണാം. അവര്‍ പ്രണവ (ഓങ്കാര) രഹസ്യം എന്തെന്നറിയുന്നു. ബന്ധങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കുന്നതിനുള്ള ഉല്‍ക്കടമായ ആഗ്രഹം ഉണ്ടായിരിക്കുന്നവരെ മുക്തികാമന്മാര്‍ എന്നു വിളിക്കുന്നു. മുക്തികാമന്മാരില്‍ അപൂര്‍വ്വം ചിലര്‍ ദൈവാനുഗ്രഹത്താല്‍ ആത്മരഹസ്യം സ്വയം കണ്ടെത്തി മുക്തന്മാരായിത്തീരാറുണ്ട്. നാരായണഗുരു അത്തരത്തിലുള്ള ഒരു മഹാപുരുഷനായിരുന്നു. മുക്തികാമന്മാര്‍ക്കെല്ലാം ആത്മസ്വരൂപം സ്വയം കണ്ടെത്താനുള്ള യോഗ്യത ഉണ്ടായിരിക്കണമെന്നില്ല. അങ്ങനെയുള്ളവര്‍, പരമമായ സത്യത്തെ കണ്ടെത്തി ജനനമരണങ്ങള്‍ അനസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ സംസാരസാഗരത്തില്‍ നിന്നും കരകയറിയവാരായ ഗുരുക്കന്മാരെ ആശ്രയിക്കണം. ഗീതയില്‍ പറഞ്ഞിരിക്കുന്നതുപോലെ ആത്മാവിന്റെ ഉദ്ധാരണമാണ് ഇവിടെ നടക്കുന്നത്.

ഉദ്ധരേദാത്മാനാത്മാനം നാത്മാനമവസാദേയേല്‍
ആത്മൈവ ഹൃാത്മനോബന്ധുരാത്‌മൈവ രി പുരാത്മനഃ     (ഗീത 6-5)

ആത്മാവിനാല്‍ ആത്മാവിനെ ഉദ്ധരിക്കണം. ആത്മാവിനെ സ്വയമേ അധഃപതിപ്പിക്കരുത്. എന്തെന്നാല്‍ ആത്മാവിന്റെ ഏറ്റവും വലിയ ബന്ധു ആത്മാവാണ്. അപ്രകാരം ചെയ്യാത്ത പക്ഷം ആത്മാവ് ആത്മാവിനു ശത്രുവായിത്തീരും എന്നു പറഞ്ഞിരിക്കുന്നു. ഇവിടെ ഉദ്ധാരകനെ മുനിയിലും ഉദ്ധരിക്കപ്പെടേണ്ടവനെ മുനിയുടെ സേവയില്‍ കഴിയുന്ന സത്യാന്വേഷിയിലും കാണുന്നു.

നാരായണഗുരുവിന്റെ ആത്മോപദേശശതകത്തില്‍ ഇത്തരത്തിലുള്ള മുക്തികാമന്മാരെ  പ്രണവരഹസ്യത്തിലേക്ക് ആകര്‍ഷിക്കുന്നതായ ഒരു ഉപദേശശ്ശോകമുണ്ട്.

"ഉണരരുതിന്നിയുറങ്ങാതിരുന്നീ-
ടണമറിവായ് ഇതിന്നയോഗ്യനെന്നാല്‍
പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം''

നിരുപാധികമായ അറിവില്‍ പൂര്‍ണ്ണമായി ആമഗ്നനരായിരിക്കാന്‍ കഴിയാത്തവര്‍ ആത്മജ്ഞാനത്തിനായി ദാഹിക്കുന്നുവെങ്കില്‍, അവരുടെ അറിവിനുവേണ്ടിയാണ് ഈ ശ്ശോകം എഴുതിയിരിക്കുന്നത്. സ്വയം പരമാര്‍ത്ഥത്തില്‍ അധിഷ്ഠിതമാകുന്നതുവരെ സംസാരത്തില്‍ കഴിയുന്നവര്‍ക്ക് ആത്മോപദേശം ലഭിക്കുന്നതിന് ഉത്തമ ഗുരുക്കന്മാരെ സേവിച്ചു കഴിയേണ്ടി വരും. ഗുരു തന്റെ ശിഷ്യനോട് ഒരു സേവനവും തനിക്കുവേണ്ടി ചെയ്യാന്‍ ആവശ്യപ്പെടുന്നിക്ല. ആവശ്യങ്ങളെക്ലാം ഒഴിഞ്ഞ സച്ചിദാനന്ദമൂര്‍ത്തിയാണ് ഗുരു. ശരീരം ആത്മാവിനെപ്പോലെ നിത്യമല്ല. അതിനു പലതരത്തിലുള്ള ആവശ്യങ്ങളുണ്ട്. അതുകൊണ്ട് ഗുരുവിന്റെ സേവയില്‍ കഴിയുന്ന ശിഷ്യന്‍ ഗുരുവിന് സേവയെ നല്കിക്കൊണ്ടിരിക്കുന്നു. അപ്രകാരമുള്ള ജീവിതശൈലിയില്‍ പാരസ്പര്യംകൊണ്ട് ഗുരുവിന്റെ വിചാരത്തേയും വാക്കിനേയും പ്രവൃത്തിയേയും തന്റേതുപോലെ നിരന്തരമായി അറിയാന്‍ ശിഷ്യനു സാധിക്കുന്നു. ഇങ്ങനെ ശിഷ്യന്‍ ഗുരുവിനോട്' പാരസ്പര്യപ്പെട്ട് സേവാനിരതനായി വര്‍ത്തിക്കുമ്പോള്‍ ഗുരുവിന്റെ ചര്യതന്നെ താദത്മ്യംകൊണ്ട് ശിഷ്യനില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കി സ്ഥുലസൂക്ഷ്മകാരണത്തെ ഉച്ചംഘിച്ച് ശിഷ്യനും പൂര്‍ണ്ണതയില്‍ ഉണര്‍ന്നിരിക്കാന്‍ സംഗതിയാകും. ഈശ്വരന്‍ പ്രണവമാണ്. ഗുരുവും പ്രണവവും വേറെ വേറെയല്ല. പ്രണവത്തോടു പാരസ്പര്യമുണ്ടാക്കുക എന്നു തന്നെയാണ് പ്രണവരഹസ്യമറിഞ്ഞ ഗുരുവിന്റെ സേവിക്കുക എന്നതും. പ്രണവത്തെ ഉപാസിക്കണമെന്ന് ഉപനിഷത്തുക്കളില്‍ പറയുന്നു. ഉപാസന, ഉപാസന ഇതു ധന്യമമൊരുപസാന. ഉപാസന ധന്യമായിരിക്കണമെന്ന് കവി വ്യക്തമാക്കുന്നു. ഉദ്ഗീതമെന്ന് പ്രസിദ്ധമായ "ഓം'' എന്ന അക്ഷരത്തെ ഉപാസിക്കണം. "ഓമിത്യേതദക്ഷരമുദ്ഗീതമുപാസിതേ',  "ഓം'' എന്ന മന്ത്രത്തിന് രക്ഷിക്കപ്പെടുന്നത് എന്നര്‍ത്ഥം (അവരക്ഷണേ മത്). ഗീതാസന്ദര്‍ഭത്തില്‍ അര്‍ജ്ജുനന്‍ കൃഷ്ണനെ ഉപാസിക്കുന്നു. യജ്ഞം നടക്കുമ്പോള്‍ ഓംകാരത്തെ ഉദ്ഗീതമായി ഉറക്കെ ചൊല്ലി പ്രണവത്തിനു ഉപാസന നല്‍കുന്നു. അപ്രകാരം അടുത്തു നിന്ന് ഭക്തിയോടെ സേവ അനുഷ്ഠിക്കുന്നതിനാണ്, പ്രണവരഹസ്യം അറിഞ്ഞ മുനിക്ക് അറിയാനാഗ്രഹിക്കുന്ന സത്യന്വേഷി സേവ നല്‍കണം എന്നു നാരായണഗുരു ആത്മോപദേശശതകത്തില്‍ അനുശാസിച്ചിരിക്കുന്നത്.

"ഓമിത്യേതദക്ഷരമുദ്ഗീഥമുപാസീതേ'' എന്ന മന്ത്രംകൊണ്ട് ഉപാസിക്കേണ്ടത് ഇവിടെ അനുഭവമാകുന്ന എല്ലാറ്റിനേയും അധിഷ്ഠാനസത്യമായിരിക്കുന്ന പരമാര്‍ത്ഥത്തെ ആണെന്ന് മനസ്സിലാക്കേണ്ടതാണ്. ഇഹലോകജീവിതം അഗ്നിഹോത്രം പോലെ ഒരു യജ്ഞമാണ്. അഗ്നിയിലേക്ക് അറിയുന്ന യജ്യവസ്തുക്കള്‍ എരിഞ്ഞ് പ്രകാശവും സൗരഭ്യവുമായി മാറുന്നതുപോലെ, നമ്മുടെ ജീവാഗ്നിയിലും കരണേന്ദ്രിയ കളേബരാദികള്‍ എരിഞ്ഞ് അറിവും ആനന്ദവുമായി മാറിക്കൊണ്ടിരിക്കുന്നു. ഓംകാരത്തെ ബ്രഹ്മത്തിന്റെ സമൃദ്ധിയായിട്ടറിയുമ്പോള്‍ അതിലൊരിക്കലും കുറവു വരുന്നില്ല. കടലിലെ വെള്ളം ആവിയായി ആകാശത്തില്‍ മേഘമായി പോകുന്നതുകൊണ്ട് കടല് വറ്റിപ്പോകുന്നില്ല. ഏറ്റവും ധന്യത്യുള്ളവന് ഒന്നിനെക്കുറിച്ചും നഷ്ടബോധമുണ്ടാകുന്നില്ല. അതുകൊണ്ട് ആര്‍ക്കും എന്തും കൊടുക്കുന്നതിന് അവന് മടിയുണ്ടാവുകയില്ല. ഇങ്ങനെയുള്ള  സമൃദ്ധിയുടെ ലക്ഷണം ഓംകാരത്തില്‍ ഇരിക്കുന്നു. ക്രിസ്തീയ പ്രാര്‍ത്ഥനകളിലും ഖുര്‍-ആനിനിലെ പ്രാര്‍ത്ഥനകളിലും "ആമേന്‍'' എന്നോ "ആമീന്‍'' എന്നോ പറയുന്നു. അതും ഓങ്കാരം പോലെയാണ്. ഓംകാരം എന്ന മന്ത്രത്തില്‍ ഉച്ചരിക്കാവുന്ന മൂന്നു മാത്രകളും നിശബ്ദമായിരിക്കുന്ന ഒരു മാത്രയുമുണ്ട്. ഉക്ലരിക്കാവുന്ന "അ'' കാര "ഉ'' കാര "മ'' കാരങ്ങള്‍ കൊണ്ട് സൃഷ്ടിസ്ഥിലയങ്ങളേയും,നിശബ്ദ മാത്രകൊണ്ട് സര്‍വ്വാധിഷ്ടാനത്തേയുംകുറിക്കുന്നു. ഓംകാരനാദം അനുഭവമാകുന്നതിനെപ്പറ്റി നാരായണഗുരു പറയുന്നു:

അധികവിശാല മരുപ്രദേശമൊന്നായ്
നദിപെരുകുന്നതു പോലെ വന്നു നാദം
ശ്രുതികളില്‍ വീണു തുറക്കുമക്ഷയെന്നും
 യതമിയലും യതിവര്യനായിടേണം

വളരെ വിശാലമായ മരുഭൂമിയില്‍ ആകവേ നദി കരകവിഞ്ഞൊഴുകുന്നതുപോലെ പ്രണവധ്വനി ഉറപൊട്ടി വന്ന് കാതില്‍ വീണ് അകക്കണ്ണു തുറപ്പിക്കുന്നു. മരുഭൂമിയുടെ തപ്തഹൃദയത്തില്‍ നദിയുടെ നനവ് പടര്‍ന്ന് സുഖശീതളിതമ പകരുന്ന അനുഭൂതി പോലെയാണ് അന്തരാത്മാവില്‍ ഓങ്കാരനാദം ഉതിര്‍ന്നു വന്ന് ഉള്‍ക്കാതുകളില്‍ വീണ് ജ്ഞാനചക്ഷുസ്സിനെ തുറക്കുന്നത്. ആത്മസംയമനം ശീലമാക്കിയ ഒരാള്‍ക്ക് മാത്രമേ അവാച്യസുന്ദരമായ ഈ ബ്രഹ്മാനുഭൂതി കൈവരികയുള്ളൂ.

ബ്രഹ്മം എന്നതിനു കൊടുക്കാവുന്ന ഏറ്റവും നല്ല വിവരണം "എല്ലാം'' എന്നതാണ്. അതുകൊണ്ട് മാണ്ഡൂക്യോപനിഷത്ത് ആരംഭിക്കുന്നത് "ഇദം സര്‍വ്വം'' എന്നു സൂചിപ്പിച്ചുകൊണ്ടാണ്. ഓമിതേതദക്ഷരവിദം സര്‍വ്വം. "ഇദം സര്‍വ്വം'' എന്നു പറയുമ്പോള്‍ വര്‍ത്തമാനത്തില്‍ കാണുന്നതെല്ലാം നമ്മുടെ മനോമുകുരത്തില്‍ വരുന്നു. അതിന്റെ കൂടെ ഭൂതത്തിനേയും ഭവിഷ്യത്തിനേയും സംബന്ധിപ്പിക്കുന്നു. യേശുദേവന്‍ പറഞ്ഞു, "ഞാനാണ് ലക്ഷ്യവും, മാര്‍ഗ്ഗവും, വെളിച്ചവും'' എന്ന്. യേശുദേവന്‍ ചൂണ്ടിക്കാണിച്ച ലക്ഷ്യം ദൈവരാജ്യമാണ്. ആ ദൈവരാജ്യത്തെ അവസാനം കാണേണ്ടത് ആദ്യമേ തന്നെയുള്ള ഹൃദയത്തിലാണ്. അങ്ങനെ അവസാനം എത്തിച്ചേരുന്നത് ആദിയിലാണ്. ഒരുവന്‍ ഓംകാരത്തെ ഉപാസിക്കാനിരിക്കുമ്പോള്‍ മൗനത്തിന്‍ ആമഗ്നനായിരിക്കുന്നു. ഈ മൗനത്തിന്റെ ആഴം അളക്കാവുന്നതല്ല, അതിന്റെ ഔന്നത്യം നിശ്ചയിക്കാന്‍ കഴിയുന്നതല്ല. അങ്ങനെയുള്ള മൗനത്തില്‍ ഇരുന്നുകൊണ്ട് ഓംകാരത്തെ ഉക്ലരിക്കുന്നു. ഉച്ചരിക്കപ്പെട്ട ഓങ്കാരം (പ്രണവം) ഒരു തരംഗം പോലെയാണ്. അതിന് ആരോഹണവും അവരോഹണവുമുണ്ട്. ബോധത്തില്‍ അങ്കുരിക്കുന്ന ഓരോ സ്പന്ദനവും ജലപ്പരപ്പിലുണ്ടാകുന്ന അലകള്‍ പോലെയാണ്. അത് തുടങ്ങുന്ന ബിന്ദുവില്‍ നിന്ന് എല്ലാ വശത്തേക്കും വിസ്ര്തതമായി പോകുന്നു. മനുഷ്യമനസ്സ് വിഗ്രഹങ്ങളെ ആരാധിക്കുന്ന പ്രവണതയുള്ളതാണ്. അതുകൊണ്ട് ഇന്‍ഡ്യാക്കാര്‍ സംസ്കൃതത്തിലോ തമിഴിലോ ചുറ്റിക്കെട്ടി എഴുതുന്ന ഒരക്ഷരമാണ് "ഓം'' എന്നു ധരച്ച്  അതിനെ ഉപാസിക്കുന്നു. അത്യൂദാത്തമായതിനെ ഏറ്റവും നികൃഷ്ടമാക്കുന്ന ഈ മനോഭാവം വെടിഞ്ഞതിനു ശേഷമേ ഓങ്കാരത്തിന്റെ അക്ഷരസ്വരൂപത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. കാണപ്പെടുന്നതെല്ലാം എന്നുമാത്രമല്ല മനുഷ്യമനസ്സില്‍ മിന്നിമറയുന്ന സങ്കല്‍പങ്ങളും എല്ലാം ചേര്‍ന്നാലെ മാണ്ഡൂക്യോപനിഷത്തില്‍ പറയുന്ന "ഇദം സര്‍വ്വം'' എന്നത് ആവുകയുള്ളൂ. അതിനെ കടലാസ്സില്‍ വരച്ചു വക്ലിരിക്കുന്ന ഓങ്കാരത്തോട് സദൃശ്യപ്പെടുത്താന്‍ ഒരു ഭാവനാശാലിക്കും കഴിയുകയില്ല.

നിത്യാനിത്യ വസ്തുവിവേകം ചെയ്യാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ഓങ്കാരത്തെ എന്തുകൊണ്ടാണ് അക്ഷരമെന്ന് വിളിക്കുന്നതെന്ന് തെറ്റുകൂടാതെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. "ഒമിതി എതദക്ഷരം'' എന്നു പറഞ്ഞിരിക്കുന്നത് ഏതു പൊരുളിനെ ലക്ഷ്യമാക്കിയാണെന്നറിയേണ്ടിയിരിക്കുന്നു. വിശുദ്ധ യോഹാന്നാന്റെ സുവിശേഷം തുടങ്ങുന്നത് "ആദിയില്‍ ദൈവമുണ്ടായിരുന്നു, വചനം ദൈവത്തോടു കൂടിയായിരുന്നു, വചനം ദൈവമായിരുന്നു'' എന്നു പറഞ്ഞുകൊണ്ടാണ്. വചനം എന്നു പറയുന്നത് മാണ്ഡൂക്യോപനിഷത്തില്‍ അക്ഷരമെന്നു പറയുന്നതു പോലെയുള്ള ഒരു പരാമര്‍ശമാണ്. ഇവിടെ വചനം എന്നു പറയുന്നത് സ്രഷ്ടാവിന്റെ സൃഷ്ടിസങ്കല്‍പമാണ്. ധ്യാനിച്ചറിയേണ്ടതായ ഒരക്ഷരമാണ് "ഓം'' എന്ന പ്രണവം. അതുകൊണ്ടു പറയുന്നു, "ഭൂതം ഭവത് ഭവിഷ്യദിതി സര്‍വ്വമോങ്കാര ഏവ'' എന്ന്. ഭൂതകാലത്തിലും വര്‍ത്തമാനകാലത്തിലും ഭാവികാലത്തിലും ഉള്ളതെല്ലാം ഓങ്കാരത്തിന്റെ ഉപവ്യാഖ്യാനം മാത്രമാണ്. ആത്മസ്വരൂപവും ബ്രഹ്മസ്വരൂപവും രണ്ടക്ല. അതുകൊണ്ട് ബ്രഹ്മം തന്നെയായ പ്രണവത്തെ അറിയാന്‍ വേണ്ടി ഉള്‍ക്കാഴ്ച വളര്‍ത്തുമ്പോള്‍ ആത്മസ്വരൂപം മനസ്സിലാക്കുന്നു. മുക്തനായിത്തിരണമെങ്കില്‍ ഇപ്പോള്‍ ബദ്ധനെന്ന അവസ്ഥ അനുഭവിക്കുന്ന "ഞാന്‍'' എന്നതിന്റെ പൊരുള്‍ എന്താണെന്നറിയണം. അതുകൊണ്ട് അയാളുടെ മുന്നിലുള്ളത് പ്രധാനമായും "ഞാന്‍' ആരെന്ന പ്രശ്‌നമാണ്. ഈ പ്രശ്‌നം മുന്നില്‍ കണ്ടുകൊണ്ടുള്ള തത്ത്വോപദേശങ്ങളാണ് ഗുരു നല്‍കുന്നത്. ഗുരു ഉപദേശം തുടങ്ങുന്നതു തന്നെ "ത്വം ബ്ര്ഹ്മ ഹി' (നീ ബ്ര്ഹമം തന്നെയാണ്) എന്നു പറഞ്ഞു കൊണ്ടാണ്. താന്‍ ബ്രഹ്മമാകുമ്പോള്‍ ഒരിക്കലും ബദ്ധനാകുന്നില്ല എന്ന് ശിഷ്യന്‍ മനസ്സിലാക്കുന്നു.  ബ്രഹ്മാനുഭവം മുമ്പ് ഉണ്ടായിട്ടിക്ലാത്തതിനാല്‍ ഗുരുമുഖത്തുനിന്നും മറ്റും കേള്‍ക്കുന്ന സ്വരൂപലക്ഷണത്തെ മനസ്സില്‍ വെക്ലുകൊണ്ടു വേണം പ്രണവത്തെ ഉപാസിക്കാന്‍. പ്രണവുമുണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴുന്ന മുനിജനത്തോട് ശ്രദ്ധാവാനായ ഒരു ശിഷ്യന്‍ പാരസ്പര്യം പുലര്‍ത്തി പ്രണവോപാസനയുടെ അഗാധതയില്‍ സ്ഥൂലം, സുക്ഷ്മം കാരണം എന്നിവയുടെ രഹസ്യം മനസ്സിലാക്കുന്നു.

അതുമിതുമല്ല സദര്‍ത്ഥമല്ലഹം സ-   
ച്ചിതമൃതമെന്നു തെളിഞ്ഞു ധീരനായി
സദസഭിതി പ്രതിപതിയറ്റു സത്തോ-
മിതി മൃദുവായ് മൃദുവായമര്‍ന്നിടേണം

ദൈവരാജ്യം ആ മലയിലൊ ഈ മലയിലൊ അല്ലെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് യേശുദേവന്‍ അത് നിന്റെ ഹൃദയത്തിലാണ് എന്നു പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കി ശിഷ്യന്‍ താന്‍ സത്തും ചിത്തും അമൃതവും കലര്‍ന്നിക്കുന്ന രസാനുഭൂതിയാണെന്ന് മനസ്സിലാക്കുമ്പോള്‍ ശിഷ്യന് ഒന്നിനോടും ആസക്തി തോന്നുന്നില്ലെന്നും തന്റെ സത്ത കാരുണ്യസാഗരം പോലെ മൃദുലമാണെന്നും സുഗന്ധമേറിയ പൂവില്‍നിന്നെന്നപോലെ തന്നില്‍ നിന്ന് പരിമളം പ്രസരിച്ചുകൊണ്ടിരിക്കുന്നു എന്നും തന്നിലെ ആത്മപ്രകാശം പ്രണവത്തില്‍ മൃദുവായി മൃദുവായി വിലയിച്ച് വിലയിച്ച് ഒന്നായി മാറിയിരിക്കുന്നു എന്നും ശിഷ്യന്‍ മനസ്സിലാക്കുന്നു. പ്രണവോപാസനയിലൂടെ സംസാരക്കടല്‍ കടന്ന് ഈശ്വരീയതയില്‍ ആമഗ്നരാകാന്‍ ഏവര്‍ക്കും സാധിക്കട്ടെ.
*****

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക