Image

സ്ത്രീക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടത്തി; നരേന്ദ്ര ഗിരിയുടെ ആത്മഹത്യാക്കുറിപ്പ്

Published on 22 September, 2021
സ്ത്രീക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടത്തി; നരേന്ദ്ര ഗിരിയുടെ ആത്മഹത്യാക്കുറിപ്പ്
ലഖ്‌നോ: മരിച്ച നിലയില്‍ കണ്ടെത്തിയ അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. നരേന്ദ്ര ഗിരിയുടെ പ്രധാന ശിഷ്യനായ ആനന്ദ് ഗിരിയും മറ്റ് രണ്ടുപേരുമാണ് തന്‍റെ ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പില്‍ പറയുന്നതായി പ്രയാഗ്‌രാജ് പൊലീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പില്‍ നരേന്ദ്ര ഗിരി പേര് പരാമര്‍ശിച്ചിരിക്കുന്ന മൂന്നുപേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒരു സ്ത്രീക്കൊപ്പമുള്ള തന്‍റെ ചിത്രം ആനന്ദ് ഗിരി കമ്പ്യൂട്ടറിന്‍റെ സഹായത്താല്‍ സൃഷ്ടിച്ചെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ അത് പ്രചരിപ്പിക്കുമെന്നുമാണ് നരേന്ദ്ര ഗിരി കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അഖില ഭാരതീയ അഖാഡ പരിഷത്തിന്‍റെ ലെറ്റര്‍ഹെഡില്‍ കൈ കൊണ്ട് എഴുതിയ ആത്മഹത്യ കുറിപ്പാണ് പൊലീസ് കണ്ടെത്തിയത്.

'ആനന്ദ് ഗിരി കാരണം എന്‍റെ മനസ്സ് ഏറെ അസ്വസ്ഥമാണ്. 2021 സെപ്റ്റംബര്‍ 13ന് ഞാന്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, അതിനുള്ള ധൈര്യം കിട്ടിയില്ല. ഇന്ന് എനിക്ക് ഒരു വിവരം കിട്ടി, ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഒരു സ്ത്രീക്കൊപ്പമുള്ള എന്‍റെ ഫോട്ടോ കമ്പ്യൂട്ടര്‍ സഹായത്തോടെ ആനന്ദ് ഗിരി സൃഷ്ടിക്കുമെന്നും എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ അത് പ്രചരിപ്പിക്കുമെന്നും. എന്‍റെ ഭാഗം ന്യായീകരിക്കാന്‍ എനിക്ക് കഴീയും പക്ഷേ, അതുണ്ടാക്കുന്ന അപമാനം ഞാനെങ്ങിനെ സഹിക്കും ഇത്രകാലം അന്തസ്സോടെയാണ് ജീവിച്ചത്. അപമാനിതനായി ജീവിക്കാന്‍ എനിക്ക് കഴിയില്ല. ഫോട്ടോ വൈറലായി കഴിഞ്ഞാല്‍ എന്തൊക്കെ വിശദീകരണങ്ങളാണ് നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുക എന്ന് ആനന്ദ് ഗിരി ചോദിച്ചിരുന്നു. ഇതെന്നെ അസ്വസ്ഥനാക്കുകയാണ്. അതുകൊണ്ട് ഞാന്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചു' ആത്മഹത്യ കുറിപ്പില്‍ നരേന്ദ്ര ഗിരി എഴുതിയിരിക്കുന്നു.

ആനന്ദ് ഗിരിക്ക് പുറമേ ആധ്യ തിവാരി, മകന്‍ സന്ദീപ് തിവാരി എന്നിവരുടെ പേരുകളും അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. 'ഇവര്‍ മൂന്നുപേരുമാണ് എന്‍റെ മരണത്തിന് കാരണക്കാര്‍. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രയാഗ്‌രാജ് പൊലീസിനോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഇവര്‍ ശിക്ഷിക്കപ്പെട്ടാലേ എന്‍റെ ആത്മാവിന് ശാന്തി ലഭിക്കൂ' കുറിപ്പില്‍ പറയുന്നു. ഇതുപ്രകാരമാണ് മൂന്നുപേരെയും പ്രയാഗ്‌രാജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകീട്ടാണ് നരേന്ദ്ര ഗിരിയ ആശ്രമത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാധാരണയായി നടന്നുവരാറുള്ള പ്രഭാഷണത്തിന് നരേന്ദ്ര ഗിരി എത്താതിനാല്‍ അന്വേഷിച്ചെത്തിയ ശിഷ്യര്‍ മുറിയുടെ വാതില്‍ അകത്തുനിന്നും കുറ്റിയിട്ടതാണ് കണ്ടത്.

വാതില്‍ പൊളിച്ചു അകത്തുകടന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള ആരോപണത്തെ തുടര്‍ന്ന് മേയില്‍ ആശ്രമത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് ആനന്ദ് ഗിരി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക