Image

സംഗീതമെ ജീവിതം (ലേഖനം: സാം നലമ്പളളില്‍)

Published on 23 September, 2021
സംഗീതമെ ജീവിതം (ലേഖനം: സാം നലമ്പളളില്‍)
പാട്ടുകള്‍ ആരെയാണ് സന്തോഷിപ്പിക്കാത്തത്? മനോഹരങ്ങളായ പാട്ടുകള്‍ കേട്ടാല്‍ ഏത് കഠിനഹൃദയന്റെയും ഹൃദയം അലിയാന്‍ തുടങ്ങും. സാധാരണ മനുഷ്യരായ നമ്മുടെയൊക്കെ ഹൃദയം പാട്ടിന്റെ താളത്തിനൊപ്പം  നൃത്തംചെയ്യും. ഏതുഭാഷയിലെ പാട്ടാണെങ്കിലും ആസ്വദിക്കാന്‍ എനിക്ക് സാധിക്കും, ചൈനീസുപോലും. ഭാഷ മനസിലായിട്ടല്ല നമ്മള്‍ തമിഴും ഹിന്ദിയും പാട്ടുകള്‍ ആസ്വദിക്കുന്നതും പാടുന്നതും. ചെറുപ്പത്തില്‍ ഞാനും ചില്ലറപാട്ടുകള്‍ പാടുമായിരുന്നു. ഞാനൊരു മോശംപാട്ടുകാരനായിരുന്നെന്ന് തോന്നിയിട്ടില്ല. ആരും പ്രോത്സാഹിപ്പിക്കാന്‍ ഇല്ലാതിരുന്നതുകൊണ്ട് ഇടക്കെപ്പോഴോ എന്റെ പാട്ടുപാടലും നിന്നുപോയി. ഒരു മൂളിപ്പാട്ടെങ്കിലും പാടാത്തവരായി വളരെ ചുരുക്കംപേരെ കാണൂ.

മലയാളികള്‍ ആയതുകൊണ്ട് മലയാളംപാട്ടുകള്‍ കേള്‍ക്കാനാണ് നമുക്കിഷ്ടം.  വയലാര്‍- ദേവരാജന്‍- യേശുദാസ് ടീമാണ് മലയാളത്തിലെ നല്ലപാട്ടുകള്‍ സമ്മാനിച്ചിട്ടുള്ളത്. നാടകഗാനങ്ങളായാലും സിനിമ പാട്ടുകളായാലും ഹൃദയഹാരികളായ പാട്ടുകളാണ് ഇവര്‍ നമ്മളെ കേള്‍പ്പിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഗാനങ്ങളാണ് ഇവരുടേത്. മലയാളി ഉള്ളടത്തോളംകാലം ഇവരുടെ പാട്ടുകള്‍ ജീവിച്ചിരിക്കും.

കാറ്റടിച്ചു, കൊടുംകാറ്റടിച്ചു
കായലിലെ വിളക്കുമരം കണ്ണടച്ചു.
സ്വര്‍ക്ഷവും നരകവും അക്കരയോ ഇക്കരയോ.

മനുഷ്യന്റെ വികാരങ്ങളെയെല്ലാം തുറന്നുവിടുന്ന പാട്ടുകളായിരുന്നു വയാലാര്‍ എഴുതി ദേവരാജന്‍ സംഗീതം നല്‍കിയത്.

കണ്ണുതുറക്കാത്ത ദൈവങ്ങളെ,
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കരിങ്കല്‍ പ്രതിമകളെ.

ദുഃഖക്കടലില്‍ അലയുന്നവന്റെ രോഷവും സങ്കടവും  പ്രകടിപ്പിക്കുന്നു ഈ പാട്ട്.
പി. ഭാസകരന്‍- ബാബുരാജ് ടീമും നല്ല പാട്ടുകള്‍ നമുക്ക് നല്‍കിയിട്ടുണ്ട്. ഇവരുടെ പാട്ടുകള്‍ വയലാര്‍ ദേവരാജന്‍ ടീമിന്റേതുപോലെ വീര്യമുള്ളവ ആയിരുന്നില്ലെങ്കിലും മാമ്പൂമണമുള്ള  ഇളംകാറ്റുപോലെവന്ന്  മനസിന് കുളിര്‍മയേകുന്നവ ആയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നീലക്കുയിലിലെ പാട്ടുകള്‍ ഇന്നും നമ്മള്‍ പാടാന്‍ ഇഷ്ട്ടപ്പെടുന്നു.

എല്ലാരും ചൊല്ലണു എല്ലാരും ചൊല്ലണു,
കല്ലാണ് നെഞ്ചിലെന്ന്, കരിങ്കല്ലാണ് നെഞ്ചിലെന്ന്.
പിന്നെ
മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല
മാടത്തിന്‍ മണിവിളക്കെ നിന്നെഞാന്‍..........

തുടങ്ങിയ പാട്ടുകള്‍ ആരാണ് ഇഷ്ടപ്പെടാത്തത്, പാടാത്തത്. കെ. രാഘവനാണ്  ഇത് സംഗീതം ചെയ്തിരിക്കുന്നത്.

പിന്നീടുവന്നത് ഗിരീഷ് പുത്തഞ്ചേരി -രവീന്ദ്രന്‍ ടീമാണ്.  ഒ എന്‍ വി കവിതകളും രവീന്ദ്രന്റെ സംഗീതത്തിലൂടെ മലയാളിക്ക് ആനന്ദം പകര്‍ന്നിട്ടുണ്ട്. ഗിരീഷിന്റെയും ഒ എന്‍വി യുടെയും പാട്ടുകള്‍ ശുദ്ധകവിതകളായിരുന്നു.  മണ്‍മറഞ്ഞ ജോണ്‍സണെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. ഇവരെല്ലാകൂടി  സംഗീതശാഖക്ക് നല്‍കിയ സംഭാവന മലയാളി നന്ദിയോടെ ഓര്‍ക്കുന്നു.

പുതിയ തലമുറയിലേക്ക് വരുമ്പോള്‍ വിദ്യാസാഗറിന്റെയും ദീപക് ദേവിന്റെയും  പേരുകളാണ് ഓര്‍മ്മയില്‍ തെളിയുന്നത്.  പാട്ടുകാരില്‍ മധു ബലകൃഷ്ണന്‍, വിജയ് യേശുദാസ് , എം ജി. ശ്രീകുമാര്‍ തുടങ്ങിയവരും ചിത്ര മുതല്‍ സുജാതവരെയുള്ളവരും അവരുടെ സ്വരമാധുരികൊണ്ട് മലയാളമനസിനെ തരളിതമാക്കുന്നു.
ന്യൂജെനറേഷന്‍ പിള്ളാരുടെ പാട്ടുകള്‍ എനിക്ക് ആസ്വദിക്കാന്‍ സാധിക്കാത്തത് എന്റെ കുഴപ്പംകൊണ്ടായിരിക്കാം. ഞാന്‍ പഴയ തലമുറയില്‍പെട്ടവനാണല്ലൊ. പിള്ളാര് എന്തോ പിറുപിറുക്കുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്.. ഹൃദയംതുറന്ന് പാടുന്ന പഴയ പാട്ടുകളില്‍നിന്ന് വ്യത്യസ്തമാണ് ഇവരുടേത്. മാനുഷിക വികാരങ്ങളെ ഇവര്‍ കടിഞ്ഞാണിട്ട് നിയന്ത്രിക്കുന്നു, പ്രകടിപ്പിക്കുന്നില്ല. മലയാള സംസ്കാരത്തില്‍നിന്നകന്ന് പാശ്ചാത്യമായതിനെ അനുകരിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് ഇവര്‍ക്ക് തെറ്റുപറ്റുന്നത്. ഇവരുടെ പാട്ടുകള്‍ നാളെയെ അതിജീവിക്കില്ലെന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്

. നല്ല ഗായകര്‍ വെളിയില്‍നില്‍കുമ്പോള്‍ താരസന്തതികള്‍ക്ക് അവസരം കൊടുക്കുന്നതുകൊണ്ട്  കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ടുകളും ഉണ്ടാകുന്നില്ല. പ്രശസ്തനായ ഒരുനടന്റെ മകന്‍ ഇപ്പോള്‍ മലയാളസിനിമയിലെ പാട്ടുകാരനാണ്. അദ്ദേഹത്തിന്റെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് എന്റെ വല്ല്യമ്മച്ചിയെയാണ് ഓര്‍മ്മവരുന്നത്. വല്ല്യമ്മച്ചി വയസുകാലത്ത് വാതവും മറ്റ് അസുഹങ്ങളുംകാരണം രാത്രിയില്‍കിടന്ന് ഞരങ്ങുമായിരുന്നു. ഈ ഗായകന്റെ പാട്ടുകളും ഒരതരം ഞരങ്ങലാണ്.

ടീവി ഷോകളില്‍ വരുന്ന കുട്ടികള്‍ എത്ര മനോഹരമായിട്ടാണ് പാടുന്നത്. ഈ കുട്ടികളുടെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ മലയാള ഗാനങ്ങള്‍ക്ക്  നല്ലഭാവിയുണ്ടെന്ന ശുഭാപ്തിവിശ്വാസം ഉണ്ടാകുന്നു. ഇവര്‍ക്ക് അവസരങ്ങള്‍ കൊടുക്കാന്‍ സിനിമ പ്രവര്‍ത്തകര്‍  ശ്രദ്ധിക്കേണ്ടതാണ്. ഒരു പഞ്ചായത്തില്‍പോലും പാടാന്‍ അര്‍ഘതയില്ലത്ത താരസന്തതികളെ ഒഴിവാക്കുകയല്ലെ ഭംഗി.

മലയാള മനസുകളെ ആനന്ദപുളകിതമാക്കിയ സംഗീതസാമ്രാട്ടുകള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി. നിങ്ങളെ മലയാളികള്‍ ഒരുകാലത്തും മറക്കുകയില്ല.

സാം നലമ്പളളില്‍
samnilampallil@gmail.com


Join WhatsApp News
Sudhir Panikkaveetil 2021-09-25 23:19:48
ടി വി ഷോകളിൽ കുട്ടികൾ പാടുന്നത് പഴയ പാട്ടാണ്. അവർക്ക് അവസരം കൊടുത്താൽ അവർ പാടുന്നത് ഇപ്പോഴത്തെ രചയിതാക്കളും സംഗീത സംവിധായകരും ഒരുക്കുന്ന പാട്ടായിരിക്കും. അത് കർണ്ണ കdoram ആയിരിക്കും. രചനയുടെ നിലവാരക്കുറവും അതിനു ട്യുണ് കൊടുക്കുന്നവരുടെ കഴിവുകേടും നല്ല ഗാനങ്ങൾ ജനിക്കാതിരിക്കാൻ കാരണക്കാരാണെന്നു എനിക്ക് തോന്നുന്നു,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക