Image

മഹന്ദ് നരേന്ദ്ര ഗിരിയുടെ മരണം സിബിഐ കേസെടുത്തു

ജോബിന്‍സ് Published on 24 September, 2021
മഹന്ദ് നരേന്ദ്ര ഗിരിയുടെ മരണം സിബിഐ കേസെടുത്തു
അഖിലേന്ത്യ അഖാഡ പരിഷിത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്ര ഗിരിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് സംഭവം വിവാദമായിരുന്നു. ആറു പേരടങ്ങിയ സിബിഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘം പ്രയാഗ് രാജില്‍ എത്തി പ്രാഥമീക പരിശോധന നടത്തിയിരുന്നു. നരേന്ദ്ര ഗിരിയുടെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്കയക്കാനും തീരുമാനമായി.

കഴിഞ്ഞ ദിവസം ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി നരേന്ദ്ര ഗിരിയുടെ അടുത്ത അനുയായി ആനന്ദ് ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാക്കുറിപ്പിലും ഇയാള്‍ക്കെതിരെ പരാമര്‍ശമുണ്ടെന്നാണ് സൂചനകള്‍. ചൊവ്വാഴ്ചയായിരുന്നു നരേന്ദ്ര ഗിരിയെ ഉത്തര്‍പ്രദേശിലുള്ള പ്രയാഗ് രാജിലെ മഠത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

തന്റെ മരണത്തിന് കാരണം ഒരു സ്ത്രീക്കൊപ്പമുള്ള ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന ഭീഷണിയാണെന്നായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ കൂടുതല്‍ താത്പര്യമെടുത്തിരിക്കുന്നത്. 

ബിഎസ്പി, കോണ്‍ഗ്രസ് , സമാജ്‌വാദി പാര്‍ട്ടി എന്നീ കക്ഷികള്‍ ഇതിനകം തന്നെ നരേന്ദ്രഗിരിയുടെ ആത്മഹത്യ സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക