Image

സ്ത്രീ സ്വാതന്ത്ര്യ പോരാളിയും എഴുത്തുകാരിയുമായ കമല ഭാസിന്‍ അന്തരിച്ചു

Published on 25 September, 2021
സ്ത്രീ സ്വാതന്ത്ര്യ പോരാളിയും എഴുത്തുകാരിയുമായ  കമല ഭാസിന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: സ്ത്രീകളുടെ അവകാശ പോരാട്ട പ്രവര്‍ത്തകയും എഴുത്തുകാരിയും കവയത്രിയുമായ കമല ഭാസിന്‍ അന്തരിച്ചു. 75 വയസായിരുന്നു. ദക്ഷിണേഷ്യയില്‍ ഉയര്‍ന്നുവന്ന 'വണ്‍ ബില്യന്‍ റൈസിംഗ്' കാംപയ്ന്‍ അടക്കം നിരവധി മുന്നേറ്റ പോരാട്ടങ്ങളുടെ നായികയായിരുന്നു. ലിംഗ സമത്വം, വികസനം, സമാധാനം, മനുഷ്യാവകാശം തുടങ്ങി നിരവധി വിഷയങ്ങളില്‍ മൂന്നു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലും ദക്ഷിണേഷ്യയിലെമ്പാടും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

പരിശീലനത്തിലുടെയുള്ള സാമൂഹിക ശാസ്ത്രജ്ഞ എന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. കവയത്രി, എഴുത്തുകാരി എന്നീ നിലകളില്‍ നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ഏറെയും വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സ്ത്രീ ്വാതന്ത്ര്യവുമാണ്. 1970കള്‍ മുതല്‍ വികസന വ്രിഷയങ്ങളിലും അവര്‍ ഇടപെടല്‍ നടത്തിയിരുന്നു. 

പ്രവര്‍ത്തനങ്ങള്‍ക്ക് 2017ല്‍ ലാദ്‌ലി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചിരുന്നു. ആദ്യകാലത്ത് യു.എന്നില്‍ ജോലി ചെയ്തിരുന്നുവെങ്കിലും സ്ത്രീ സ്വാതന്ത്ര്യ പോരാട്ടങള്‍ക്കായി ആ ജോലി അവര്‍ ഉപേക്ഷിക്കുകയായിരുന്നു. 

' കമല ഭാസിന്‍ സ്ത്രീ അവകാശ പ്രവര്‍ത്തക മാത്രമല്ല, മനുഷ്യസ്‌നേഹിയായിരുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ ജഗോരി, രാജസ്ഥാനിലെ സ്്കൂള്‍ ഫോര്‍ ഡെമോക്രസി അടക്കം ജനങ്ങള്‍ക്ക് വേണ്ടി നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും സ്ഥാപിക്കാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ- പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. 

കവിത ശ്രീവാസ്തവ, സുനിത കൃഷ്ണന്‍ തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ കമല ഭാസിന്റെ വിയോഗത്തില്‍ അനുശോചിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക