Image

വി. അന്തോണീസ് പുണ്യാളന്റെ കൃപ [കഥ: സിസിൽ മാത്യു കുടിലിൽ]

Published on 25 September, 2021
വി. അന്തോണീസ് പുണ്യാളന്റെ കൃപ [കഥ: സിസിൽ മാത്യു കുടിലിൽ]
അരിയുടെയും ഗോതമ്പിന്റെയും ചാക്കുകൾക്കിടയിലായി കസേരയിട്ടിരുന്ന് പൈലി കണക്കുകൾ എഴുതുമ്പോൾ നേരം ഉച്ചയോടടുത്തിരുന്നു. ലോറിയിൽ നിന്ന് ചാക്കുകെട്ടുകൾ ഇറക്കുമ്പോൾ അതിൽനിന്ന് വീണ അരിമണികൾ കൊത്തിപ്പെറുക്കാൻ പ്രാവുകൾ വരുന്നതൊഴിച്ചാൽ ഉച്ചനേരമായതുകൊണ്ട് കടയിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല. മെയ് മാസത്തെ ചൂടിൽ ഊഷരമായ ഭൂമിക്ക് മേലെ ഉണങ്ങിയ മൺതരികൾ. റോഡിന്റെ വശങ്ങളിൽ വലിയ വാഹനങ്ങളുടെ ടയറമർന്നുണങ്ങിയ പുല്ലുകൾ, അങ്ങിങ്ങായി പച്ചപുല്ലുകൾ, ചിറകടിച്ച് പറന്നു വരുന്ന പ്രാവിൻകൂട്ടങ്ങൾ, ഇടയ്ക്കൊക്കെ റോഡിലൂടെ പൊടിപറത്തി പോകുന്ന വാഹനങ്ങൾ, സൈക്കിൾ ടയർ ഉരുട്ടി റോഡിലൂടെ കളിക്കുന്ന കുട്ടികൾ അങ്ങനെ പലതും കാണാം. അരിയുടെയും ഗോതമ്പിന്റെയും ഗന്ധം അവിടെമാകെ നിറഞ്ഞു നിന്നു. പ്രാവുകൾ വീണ്ടും വരാനായി പൈലി അരിമണികൾ ഇട്ടു കൊടുത്തുകൊണ്ടിരുന്നു. വാഹനങ്ങളുടെ ഇരമ്പലിൽ ചിറകടിച്ചു പറന്നു പോകുന്ന പ്രാവുകൾ. ഇടവകപ്പള്ളിയായ സെന്റ്. ആന്റണീസ്  ദേവാലയത്തിന്റെ തട്ടിൻപ്പുറത്ത് പ്രാവിന്റെ ഒരു കൂട്ടം തന്നെയുണ്ട്. ഇടവകവികാരി ഫാദർ വർഗ്ഗീസ് കുന്നേക്കാട്ടിലച്ചൻ രണ്ടു വർഷം മുമ്പേ പ്രാവുകൾ കേറാതിരിക്കാൻ പള്ളി മേൽക്കൂരയിലെല്ലാം വല അടിച്ചതായിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ കുറെയൊക്കെ ദ്രവിച്ച് വീണ്ടും പഴയതുപോലെയായി.പഞ്ഞിക്കുന്നിലെ നിവാസികൾക്ക് ഇതുപോലെ പ്രാവിൻ കൂട്ടങ്ങളെ കാണുന്ന മറ്റൊരിടം കൂടിയുണ്ട്. എൺപത് വർഷത്തോളം പഴക്കമുള്ള ഏക സർക്കാർ വക യു. പി സ്കൂൾ. കുന്നിൻചരുവിലുള്ള സ്കൂളിന്റെ തട്ടിൽപുറത്ത് നിറയെ പ്രാവുകളുണ്ട്. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വരുന്നതിന് മുമ്പേ പഞ്ഞിക്കുന്നിലെ  എല്ലാവരും പഠിച്ചിരുന്നത് ഈ സർക്കാർ സ്കൂളിലായിരുന്നു. കുട്ടികളൊക്കെ കുറവാണെങ്കിലും പഞ്ഞിക്കുന്നുകാർക്ക് അഭിമാനമെന്നവണ്ണം ഈ സ്കൂൾ ഇന്നും തലയുയർത്തി നിൽക്കുന്നു.


പൈലിയുടെ അപ്പൻ വറീത് മാപ്പിള മുതൽ പാലപ്പുരയ്ക്കലെ വീട്ടുകാർ റേഷൻ വ്യാപാരികളായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോഴെ പഠിത്തം നിർത്തി അപ്പന്റെ കൂടെ കൂടിയതാ. എല്ലാ നാട്ടിലെയും റേഷൻകടക്കാരെ കാണുന്ന പോലെയായിരുന്നു  പഞ്ഞിക്കുന്നുകാരും പൈലിയെ കണ്ടിരുന്നത്.

ധാന്യങ്ങൾ തൂക്കുന്ന ത്രാസിലെ പൊടിതട്ടി മേശയെല്ലാം തൂത്ത്തൊടച്ച് വൃത്തിയാക്കി വച്ചു. വെള്ളപ്പൊടി വീണ് നരച്ചപോലെ തോന്നിക്കുന്ന ചുവന്ന മേശവിരി പൊക്കിയൊരു കുറുപ്പടിയെടുത്ത് പൈലി അതിൽ തന്നെ നോക്കിയിരുന്നു. ഒരാഴ്ചയായത് മേശവിരിക്കിടയിൽ തന്നെ ഇരിക്കുകയായിരുന്നു. റേഷൻകടയിൽ തിരക്കൊഴിഞ്ഞ നേരത്തെല്ലാം അതെടുത്തു നോക്കും. പിന്നെ കുറേനേരം ചിന്തിച്ചിരിക്കും. ജൂബിമോളെ  പെണ്ണുകാണാൻ വരുന്നവരുടെ അഡ്രസ്സും ഫോൺ നമ്പരുമാ അതിൽ.


ആയിരമേക്കറിലെ കുര്യച്ചന്റെ മകൻ ബെന്നിയുമായുള്ള ആലോചന കൊണ്ടുവന്നത് ഔന്നുകൽപാറയിൽ ബ്രോക്കർ ഔതക്കുട്ടിയായിരുന്നു.കുര്യച്ചന്റെ ഏകമകനായിരുന്നു ബെന്നി, വിദ്ദേശത്ത് എൻജിനീയർ ഉദ്യോഗം.എന്തുകൊണ്ടും നല്ലൊരാലോചന, സമ്പത്തും പാരമ്പര്യം കൊണ്ടുമെല്ലാം പാലപ്പുരയ്ക്കലെ പൈലിയെക്കാൾ ഉയർന്നു തന്നെ നിൽക്കും. ഈ ആലോചന വന്ന അന്നുമുതൽ റേഷൻകടക്കാരൻ പൈലിയാകെഅസ്വസ്ഥനാണ്. ഇതെങ്കിലും അവളൊന്ന് സമ്മതിച്ചാമതിയായിരുന്നു. ഇടയ്ക്കൊക്കെ മനസ്സിൽ പറയും. അത്രമേൽ ആകുലപ്പെടാൻ മറ്റൊരു കാരണമുണ്ട്. കപ്യാര് അന്തോണിച്ചന്റെ മകൻ ജോമോനുമായി ജൂബിമോള് ഇഷ്ടത്തിലാ. അതീനാട്ടിലൊക്കെ മിക്കവർക്കും രഹസ്യമായി അറിയാം. സിനിമാക്കമ്പം തലയ്ക്ക് പിടിച്ച് നടക്കുന്ന ജോമോൻ, ഇടയ്ക്കൊക്കെ  സിനിമായുടെ ചെറിയ വർക്കുകളൊഴിച്ചാൽ വർഷത്തിൽ പകുതിയോളം നാട്ടിൽ തന്നെ കാണും.


പഞ്ഞിക്കുന്നിൽ ടാറിട്ട റോഡ് അവസാനിക്കുന്ന ചരുവിൽ പള്ളിവക ഓടിട്ട പീടികയുടെ മുകളിലാണ് യുവാക്കളുടെ സംഗമമായ വിക്ടറി ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തിക്കുന്നത്. ക്ലബിൽ നിന്ന് നോക്കിയാൽ കൈതതോട്ടങ്ങൾക്കിടയിലൂടെ നീണ്ടു കിടക്കുന്ന ചെമ്മൺപാത കാണാം.ക്ലബ് സ്ഥിതി ചെയ്യുന്ന മൂന്നും കൂടുന്ന കവലയിൽ നിന്നും പിന്നീട് ആ പാത നീളുന്നത് ഇടവകപ്പള്ളിയുംകഴിഞ്ഞ് പള്ളിമുക്കിലേക്കാണ്. പണിയില്ലാത്ത ദിവസങ്ങളിൽ ജോമോൻ അവിടെ തന്നെ കാണും. ക്ലബിന്റെ ജനാലവഴി നീണ്ടു കിടക്കുന്ന ചെമ്മൺ പാതയിലേക്ക് നോക്കി ജൂബിമോളെയും പ്രതീക്ഷിച്ച് നിൽക്കും. ജൂബിമോള് നഴ്സിങ് കഴിഞ്ഞ് വീട്ടിൽ നിൽക്കുമ്പോഴാണ് അവരുടെ പ്രണയം കത്തിക്കയറിയത്.


ഭാര്യസെലിനാമ്മാ, അവള്സാധനങ്ങൾ വാങ്ങാനായി കുറച്ച് ലിസ്റ്റ് തന്നായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് അവരു വരുമ്പോൾ സൽകരിക്കാൻ വേണ്ടിയുള്ള സാധനങ്ങളുടെ ലിസ്റ്റ്. താറാവും പോർക്കും വാങ്ങാൻ സന്ധ്യയ്ക്ക് ടൗണിൽ പോകണം. ഉച്ച മുതൽ പൈലിയുടെ ചിന്തകൾ ഇതൊക്കെയായിരുന്നു. കടയിൽ തിരക്കില്ലാത്തതുകൊണ്ട് അരിച്ചാക്കിലെ നൂല് പൊട്ടിക്കുന്ന പിച്ചാത്തിയെടുത്ത് കാലേലെ നഖം ചെരണ്ടിക്കൊണ്ടിരുന്നു. നാലു മണിയായപ്പോൾ പിള്ളച്ചേട്ടന്റെ ചായക്കടയിൽ നിന്ന് കാപ്പിയും കടിയും കഴിച്ച് പള്ളിമുക്കിൽ താമസിക്കുന്ന കുഴിയാംപ്ലാക്കലെ തോമാച്ചൻ, കടയുടെ അരികിലിട്ടിരിക്കുന്ന കസേരയിൽ ഇരിപ്പ് തുടങ്ങി. റേഷൻകട പൈലിയുടെ അടുത്ത കൂട്ടുകാരനാണ് കുഴിയാംപ്ലാക്കലെ തോമാച്ചൻ. അവര് സുഹൃത്തുക്കളാകാൻ ചില കാരണമുണ്ട്. പഞ്ഞിക്കുന്നിലെ സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസ്സ്‌ മുതല് പൈലിയും തോമാച്ചനും ഒരേ ക്ലാസ്സിലാപഠിച്ചത്. പിന്നീടങ്ങോട്ടുള്ള ഒരോ ഏർപ്പാടും അവരൊന്നിച്ചായിരുന്നു.


ഇറച്ചിവെട്ടുകാരൻ അവറാച്ചന്റെ കണ്ണുവെട്ടിച്ച് സെലിനാമ്മയെ പ്രേമിച്ച് നടന്ന  കാലത്തൊക്കെ എല്ലാറ്റിനുമൊരു കൂട്ട് തോമാച്ചനായിരുന്നു. അതൊന്നും പൈലിക്ക് പെട്ടെന്നങ്ങനെ മറക്കാൻ പറ്റുമായിരുന്നില്ല. അന്നൊക്കെ അപ്പൻ വറീതിന്റെ കൂടെ റേഷൻകടയിൽ സാധനങ്ങൾ തൂക്കി കൊടുക്കുവായിരുന്നു പൈലി. ആ കാലത്തൊക്കെ  സെലിനാമ്മയും കടയിൽ ഇടയ്ക്കൊക്കെ വരുമായിരുന്നു. അരിയും ഗോതമ്പും സഞ്ചിയിലേക്ക് ഇടുമ്പോൾ അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കുമായിരുന്നു. അവിടുന്നങ്ങോട്ട് പ്രേമത്തോട് പ്രേമം. അങ്ങനെ സെലിനാമ്മ പൈലിയുടെ ജീവിത സഖിയായി. ഓരോ കാലങ്ങളായി എത്രയോ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതായിരുന്നു ഈ റേഷൻക്കട. ഇവിടുത്തെ വായുവിൽ പോലും അന്നത്തെ പ്രേമത്തിന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്നതായി പൈലിക്ക് തോന്നാറുണ്ട്. ചില ദിവസങ്ങളിൽ തോമാച്ചനുമായത് പങ്കുവെക്കാറുമുണ്ട്‌.വർഷങ്ങളേറെ കഴിഞ്ഞിട്ടും, വളർന്നുവലുതായഒരു മകളുണ്ടായിട്ടും കുരിവിക്കാട്ടെ അവറാച്ചനെ കാണുമ്പോൾ ഇപ്പോഴും പൈലിയുടെ മനസ്സിൽ ആ പഴയ പേടി തന്നെയാണ്. പക്ഷെ അവറാച്ചന് പഴയപോലെ ഉശിരൊന്നുമില്ല. പ്രായാധിക്യത്താൽ തീർത്തും അവശനായിരിക്കുന്നു.


അവരുടെ ഒത്തുചേരലുകൾ റേഷൻകടയിൽ മാത്രം ഒതുങ്ങുന്നതല്ല.ചില രഹസ്യ കൂടിച്ചേരലുകൾ ഇടയ്ക്കൊക്കെ നടക്കുന്നുണ്ട്. വ്യത്യസ്ഥമായ ചില ഭക്ഷണ രീതികളായിരുന്നു ഇവരുടെ പ്രത്യേകത. ഉടയോൻ ഇല്ലാത്ത കണ്ടൻപൂച്ചയെ ഒത്തു കിട്ടിയാൽ തല്ലിക്കൊന്ന് പാകം ചെയ്ത് കരിമ്പാറക്കുന്നിന്റെ മുകളിൽ വേലായുധന്റെ വാറ്റുചാരായവും അടിച്ച് രാത്രികൾ വെളിപ്പിക്കും. പൂച്ചയെ പിടിച്ച് ഒരുളുമ്പുപോലും മണക്കാതെകറിപാത്രത്തിലാക്കാനുള്ള വിദ്യയൊക്കെ ഇരുവർക്കും അറിയാം.പഞ്ഞിക്കുന്നിലെ ഒട്ടുമിക്ക ആൾക്കാർക്കും അറിയാവുന്ന രഹസ്യമാണ് ഇവരുടെയീ ഏർപ്പാട്. അതുകൊണ്ട് തന്നെ ആ നാട്ടിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പൂച്ചകൾ ഇല്ലെന്നു തന്നെ പറയാം.

അടുത്തടുത്തവീടുകളാണെങ്കിലും റേഷൻകടയിൽ പോയിരുന്നായിരിക്കും പൈലിയുമായുള്ള വർത്തമാനം. വീട്ടിലെ ദീർഘനേരമുള്ള സംസാരം ഇരുവരുടെയും ഭാര്യമാർക്കിഷ്ടമല്ല, അതു തന്നെ കാരണം. രാഷ്ട്രീയവും പള്ളിയും നാടുമെല്ലാം അവരുടെ സംസാരങ്ങളിലെ മുഖ്യവിഷയങ്ങളാണ്.

“പൈലിയെ... നാളെയല്ലെ ആയിരമേക്കറിലെ ബെന്നിയും വീട്ടുകാരും ജൂബിമോളെ കാണാൻ വരുന്നത്...?” തോമച്ചന്റെ ആ ചോദ്യത്തിൽ മറ്റെല്ലാകാര്യവും മാറ്റിവെച്ച് പൈലി പറഞ്ഞു.


“അതെ...നാളെത്തന്നെയാ… പക്ഷെ അവളിതൊക്കെ സമ്മതിക്കുമോന്നാ അറിയാൻ മേലാത്തത്.... കപ്യാര് അന്തോണിച്ചന്റെ തല തെറിച്ച ഒരു സന്തതിയുണ്ടല്ലോ, സിനിമാ കമ്പക്കാരനായ ജോമോൻ, അവനെ മാത്രം കെട്ടുകയുള്ളന്ന് പറഞ്ഞിരിക്കുവാ...” അത് പറയുമ്പോൾ പൈലിയുടെ മുഖത്ത് മറ്റൊരിക്കലും കാണാത്ത ഉത്കണ്ഠ നിറഞ്ഞിരുന്നു.


"സെലിനാമ്മ അവൾടെ മനസ്സു മാറ്റാൻ എന്തൊക്കെ ശ്രമം നടത്തിയെന്ന്അറിയാവോ തോമാച്ചാ...കുറവലങ്ങാട്ടുള്ള വെട്ടുക്കുഴിയച്ചന്റെ കരിസ്മാറ്റിക്കിന് ഒരാഴ്ച അവളെ കൊണ്ടുപോയി. അതു കൂടാതെ കാഞ്ഞിരപ്പള്ളിയിൽ പോയി ധ്യാനം കൂടി, ഒരിക്കൽ പോലും അവളുടെ മനസ്സ് ചാഞ്ചല്യപ്പെട്ടില്ല. ഒരു പണിയുമില്ലാതെ എപ്പോഴും സിനിമയും കണ്ടു നടക്കുന്ന അവനാര് പെണ്ണ് കൊടുക്കും. ആ ക്ലബിനകത്താ അവന്റെ വാസം, അവിടെ ഒരു പണിയുമില്ലാത്ത കുറെ പിള്ളേരുണ്ട്, അവരുടെകൂടെ ചീട്ടും ക്യാരംസും കളിച്ചവടെത്തന്നെ ഇരിപ്പാ… കൈയും തലയും കാട്ടി എന്റെ മകളെ അവൻ മയക്കി വെച്ചേക്കുവാ തോമാച്ചാ... അവര് വളരെ താൽപര്യത്തോടെയാണ് നാളെ കാണാൻ വരുന്നത്, അവളുവല്ലോ വേണ്ടതീനം പറയുമോന്നാ ഇപ്പോഴെന്റെ പേടി...“ പൈലി അല്പനേരം മേശമേൽ ചാഞ്ഞ് മൗനമായിട്ടിരുന്നു.


ജൂബിമോളെപ്പറ്റി എല്ലാവർക്കും നല്ല അഭിപ്രായമേയുള്ളു. പത്താം ക്ലാസിൽ റാങ്കിനോടടുത്ത് മാർക്ക് വാങ്ങിയതിന് രൂപതയിലെ പിതാവിന്റെ കൈയിൽ നിന്ന് സ്വർണ്ണ മെഡൽ വാങ്ങിച്ചതായിരുന്നു. പ്ലസ്ടു കഴിഞ്ഞ് എൻട്രൻസ് എഴുതി മെഡിസിന് പഠിക്കാമായിരുന്നെങ്കിലും അതെല്ലാം മാറ്റി നഴ്സിംഗിന് പോയത് സഹാനുഭൂതിയും കാരുണ്യവും സേവന തല്പരതയുമായാ മനസ്സുള്ളതുകൊണ്ടായിരുന്നു. അങ്ങനെയൊക്കെയിരിക്കെ എങ്ങനവളുടെ മനസ്സുമാറി, പൈലിയ്ക്കും ഭാര്യയ്ക്കും ജൂബിമോളെ അത്രയങ്ങ് നിർബന്ധിക്കാനും പറ്റില്ല. എന്തെങ്കിലും പറഞ്ഞാൽ അവളിപ്പം നൂറെരട്ടി തിരികെ പറയും. ചാച്ചനും അമ്മയും പ്രേമിച്ചു നടന്നതൊക്കെ അവളു വിളിച്ചു പറയും. ഒരു ബെല്ലും ബ്രേക്കും ഇല്ലാത് അവളു സംസാരിക്കുമ്പോൾ പൈലി പിന്നൊന്നും മിണ്ടത്തില്ല. പണ്ടൊക്കെ അവൾക്കിങ്ങനെയൊരു സ്വഭാവമില്ലാത്തതായിരുന്നു.

സെലിനാമ്മ പലപ്പോഴും പറയും, “എടീ ചാച്ചൻ നിന്നെപ്പറ്റിയോർത്ത് ആകെ സങ്കടത്തിലാ... നീ ചാച്ചനെപ്പറ്റിയും ഓർക്കണം. നീ ഇങ്ങനൊന്നും ആയിരുന്നില്ലോടി... ചാച്ചനെ ധിക്കരിച്ച് അവന്റെ കൂടെ ജീവിക്കാൻ പറ്റുമോന്ന് തോന്നുന്നുണ്ടോ...?”


ആദ്യമൊക്കെ എന്തെങ്കിലും പറയുമെങ്കിലും കുറെ പറയുമ്പോൾ ജൂബിമോള് മാറിപ്പോയി കരയും. അവളെ ചില മാർഗ്ഗങ്ങളിലൂടെ മനസ്സ് മാറ്റുകയല്ലാതെ വേറെ വഴികളില്ലായിരുന്നുപൈലിടെ മുമ്പിൽ. അങ്ങനൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് തോമാച്ചന്റെ വാക്കുകൾ ശ്രദ്ധയിൽപ്പെട്ടത്.


“പൈലി... പെണ്ണിന്റെ മനസ്സു മാറണമെങ്കിൽ കപ്യാര് അന്തോണിച്ചന്റെ മകൻ ജോമോന്റെ ചില കാര്യങ്ങൾ ജൂബിമോള് നേരിൽ കാണണം. എങ്കിലേ മനസ്സുമാറു. അവനത്ര വെടിപ്പല്ലന്നാണ് ഞാനന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.”

തോമാച്ചന്റെ ആ വാക്കുകളിൽ കാര്യഗൗരവമുള്ളതായി പൈലിക്കും തോന്നി... പൈലിയുടെ മനസ്സിൽ ചില പദ്ധതികൾ വന്നു. വൈകുന്നേരം അവർ പിരിയുമ്പോൾ ചില കാര്യങ്ങൾ ഉറപ്പിച്ചിരുന്നു.


നേരം സന്ധ്യയോടടുത്തിരുന്നു. ചന്ദ്രകിരണങ്ങൾ ഭൂമിക്കുമേൽ പതിച്ചു തുടങ്ങി. കടയടച്ച് ടോർച്ചിന്റെ വെട്ടത്തിൽ വീട്ടിലേക്ക് നടക്കുമ്പോൾ ജംഗ്ഷനിലെ ക്ലബ്ബിൽനിന്ന്  ഉച്ചത്തിലുള്ള വർത്തമാനവും അട്ടഹാസവും പൈലിയെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഇലക്ട്രിക് പോസ്റ്റിലെ ബൾബിന്റെ പ്രകാശത്ത് ഈയലുകൾ പറന്നു നടക്കുന്നത് എന്തെന്നില്ലാതെ നോക്കിനിന്ന അയാളിൽ പൊടുന്നനെ ചിന്തകളുണർന്നു. അല്പായുസ്സുള്ള ജീവികൾ, ചെറുകാറ്റത്ത് പറന്നു പോകുന്ന ചിറകുകളുടെ ശക്തിയിൽ ആർത്തുല്ലസിക്കുന്നവർ, നാളെ പ്രഭാതത്തിൽ ഈയൽ ചിറകുകളുടെ കൂമ്പാരമാകും ഇവിടെ. വീടടുക്കാറയപ്പോഴും ക്ലബിലെ ശബ്ദങ്ങൾ  ഉച്ചത്തിൽ കേൾക്കാമായിരുന്നു. എല്ലാ ചൊവ്വാഴ്ചയും നാഗമ്പടത്ത് അന്തോണീസ് പുണ്യാളന്റെ പള്ളിയിൽ പോയി വിഷയം വെച്ച് പ്രാർത്ഥിക്കുന്ന സെലിനാമ്മ അന്ന് സന്ധ്യയ്ക്കും കുരിശുവരച്ചപ്പോൾ അന്തോണീസ് പുണ്യാളനോട് ഈ വിഷയം വെച്ച് പ്രാർത്ഥിച്ചു.

ഞായറാഴ്ച രാവിലെ പള്ളിയിൽ ഒന്നാംമണി മുഴങ്ങുന്നതിന് മുമ്പേ തന്നെ എല്ലാവരും ഉണർന്നിരുന്നു. ഉച്ചയ്ക്കുള്ള ഒരുക്കങ്ങൾക്കായി സെലിനാമ്മ രാവിലെ മുതൽ അടുക്കളയിലാണ്. ബൈബിൾ വായന കഴിഞ്ഞ് കുളിച്ചൊരുങ്ങി ജൂബിമോള് ഒന്നാം കൂർബാനയ്ക്കായി പള്ളിയിൽ പോകാൻ തയാറായി. അലമാരിയിൽ നിന്ന് ചുവന്ന ഷാളിന്റെ തുമ്പെടുത്ത് തലയിലോട്ടിട്ട് മേശപ്പുറത്തുള്ള ബൈബിൾ എടുത്തു.

"അമ്മേ ഞാൻ പള്ളീലേക്ക് പോവാ..."

അടുക്കളയിലെ തിരക്കിട്ട പണിക്കൾക്കിടയിൽ സെലിനാമ്മ കേട്ടില്ലായിരുന്നു. ജൂബിമോള് വീണ്ടും പറഞ്ഞു.

“അമ്മേ... ഞാൻ പള്ളീലേക്ക് പോവാണ്..”

അടുക്കളയിൽ നിന്ന് സെലിനാമ്മ പണികൾ ഒതുക്കി വച്ച് ഓടി വന്നു.

“മോളെ ഇന്ന് നേരത്തെ വരണേ… പള്ളിമുറ്റത്ത് ഒത്തിരി നേരം സംസാരിച്ചോണ്ട് നിക്കരുത്… ഉച്ചയാമ്പോ അവരെല്ലാം വരും, നീ കൂടി സഹായിച്ചാലെ തീരുകയുള്ളു, വേഗം വരണേ...”

അതു കേട്ടപ്പോൾ ജൂബിമോളുടെ മുഖം പെട്ടെന്ന് വാടിയിരുന്നു.

“എന്തിനാമ്മെ ഇതൊക്കെ... അമ്മയ്ക്കെല്ലാം അറിയാവുന്നതല്ലേ... എല്ലാം അറിഞ്ഞോണ്ടു തന്നെ എങ്ങനെ എന്നോട് പറയും.“

ജൂബിമോടെ മുഖത്ത് പതിവിലും കൂടുതൽ വിഷാദം കാണാമായിരുന്നു.

“എന്റെ മോളെ ആ തല തെറിച്ചവൻ മയക്കി വച്ചേക്കുകാ... അവനെപ്പറ്റി നാട്ടിൽ പലതും
പറയുന്നുണ്ട്. എല്ലാം വൃത്തികെട്ട കാര്യങ്ങളാ... നീ ഇതുവല്ലോ അറിയുന്നുണ്ടോ…?”

വളരെ വ്യസനത്തോട് സെലിനാമ്മ പറഞ്ഞു.

“കേൾക്കുന്നതൊന്നും സത്യമല്ല. എനിക്ക് വിശ്വാസമുണ്ട്, ജോമോന് അങ്ങനൊന്നും ചെയ്യാൻ കഴിയില്ലന്ന്. വേണ്ടാതീനം പറഞ്ഞ് എന്റെ മനസ്സ് മാറ്റാൻ നോക്കേണ്ട. ചാച്ചനോട് പറഞ്ഞേര്...”

ഇതെല്ലാം കേട്ടോണ്ട് അകത്തെ മുറിയിൽ പൈലിയിരിക്കുന്നുണ്ടായിരുന്നു. നാട്ടിലുള്ള ഏതു കാര്യത്തിലും പെട്ടെന്ന് പ്രതികരിക്കുന്ന പൈലി, മകളുടെ മുന്നിൽ മാത്രം ഒരു ഭീരുവിനെ പോലെയാകും. അതിൽ തന്നോട് തന്നെ അമർഷവും തോന്നാറുണ്ട്. പൈലീടെ അമ്മ മറിയക്കുട്ടി കിടപ്പിലായതു മുതൽ അമ്മയും ചാച്ചനുമില്ലെങ്കിൽ അയലത്തെ തോമാച്ചന്റെ ഭാര്യ ജെസിയാന്റിയോടൊപ്പമായിരിക്കും ജൂബിമോള് പള്ളിയിൽ പോകാ.

മഞ്ഞുമൂടിയ പ്രഭാതത്തിൽ കുത്തിറക്കത്തിലുള്ള ചെമ്മൺ പാതയിലൂടെ നടന്നു നീങ്ങുമ്പോൾ ഒന്നാം കൂർബാനയ്ക്കുള്ള പള്ളിമണികൾ മുഴങ്ങി കേൾക്കാമായിരുന്നു.   ചുറ്റും കാണാത്ത പോലെ നിറയെ മഞ്ഞുതരികൾ പറന്നു നടക്കുന്നു. പ്രഭാതത്തിലെ മഞ്ഞുകണങ്ങൾ പറ്റിപ്പിടിച്ച ചിലന്തിവലകൾ... ഒരോന്നിലും ഇരകളെ കാത്തു കിടക്കുന്ന ചിലന്തികൾ. കാൻവാസിൽ വരച്ച ചിത്രം പോലെ മലമുകളിൽ ചെം ചായം ചാർത്തിയ ആകാശ മേഘങ്ങൾക്കിടയിൽ നിന്ന് സൂര്യ കിരണങ്ങൾ ഭൂമിക്കു മീതെ സൂചിമുനകളായി പതിച്ചു തുടങ്ങി. ആലസ്യത്തിലായ ഭൂമിക്ക് മേൽ ഉണർത്തുപാട്ടായവ പരിണമിച്ചു. പുൽച്ചെടികളും പായലുകളും നിറഞ്ഞ ഒരാൾപൊക്കമുള്ള കയ്യാലയുടെ നടുവിലൂടെ പോകുന്ന ചെമ്മൺപാതയുടെ വലതുവശം കിഴക്കാംതൂക്കായി കിടക്കുന്ന റബ്ബർ തോട്ടമാണ്. മുന്നോട്ട് പോകുംതോറും കൂവച്ചെടികളും കമ്യൂണിസ്റ്റ്പച്ചയും പലയിടത്തായി കാണാം. മലമുകളിൽ നോക്കെത്താദൂരത്ത് കൈത കൃഷികൾ.


കൈതത്തോട്ടങ്ങൾക്കിടയിലുള്ള ചെമ്മൺ പാത അവസാനിക്കുന്നത് ക്ലബിന്റെ ജംഗ്ഷനും കഴിഞ്ഞ് സെന്റ്. ആന്റണീസ് ദേവാലയ മുറ്റത്താണ്. ഇടവക ജനങ്ങളുടെ ആത്മീയ വളർച്ചയിൽ ഏറെ പങ്കുവഹിച്ച സെൻറ്. ആന്റണീസ് ദേവാലയത്തിൽ ദിവ്യബലിയ്ക്കായി തിരശ്ശീല മാറിയപ്പോൾ അന്തരീക്ഷത്തിൽ ഒരു ഗാനം നിറഞ്ഞുനിന്നു.



"അത്യുന്നതങ്ങളിൽ ആകാശവീഥിയിൽ
സ്വർഗ്ഗീയ ഗീതം മുഴങ്ങി…
അഗ്നി ചിറകുള്ള മാലാഖമാർ നിൽക്കെ
യേശുദേവൻ ഉയർത്തു…
വിശ്വസിക്കുന്നു ഞങ്ങൾ….
നിന്നിൽ ആശ്വസിക്കുന്നു ഞങ്ങൾ…"

കുർബാനയിൽ പങ്കെടുത്തില്ലെങ്കിൽകൂടി ജോമോൻ രാവിലെ തന്നെ പള്ളിയിൽ കാണും.  ജൂബിമോള് ക്വയറിന്റെ മുന്നിൽ നിന്ന് പാടുന്നതു കേൾക്കാൻ... പിന്നെ കുറെ നേരം പള്ളി മുറ്റത്തും കുരിശടിയിലുമായി കറങ്ങി നടക്കും. കുർബാന കഴിഞ്ഞ് കൽപപ്പടവിലൂടെ  കുരിശിന്റെ വഴിയും കണ്ടിറങ്ങുമ്പോൾ കുരിശടിയിൽ കൂട്ടുകാരുമൊത്ത് സംസാരിച്ചു നിൽക്കുകയായിരുന്നു ജോമോൻ. ജൂബിമോളെ കണ്ടപ്പോൾ ഒന്നു മിണ്ടണമെന്നുണ്ടങ്കിലും ജെസിയാന്റി അടുത്തു നിന്നതുകൊണ്ട് സാധിച്ചില്ല. പള്ളിയിൽ നിന്ന് തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ ഒരു പ്രാർത്ഥന മാത്രമേ ജൂബിമോൾടെ മനസ്സിലുണ്ടായിരുന്നുള്ളു. ഇന്നു വരുന്നവർക്കാർക്കും ഇഷ്ടപ്പെടരുതെയെന്ന്.

പൈലി ദിവസങ്ങളായി ആകാംഷയോടെ കാത്തിരുന്ന ദിവസമായിരുന്നു അന്ന്. ആദ്യമായാണ് മകളെ കാണാനായി ഒരു കൂട്ടര് വരുന്നത്. ആയിരമേക്കറീന്ന് ഒരു ബന്ധം വരുക എന്നതുതന്നെ അവൾടെ ഭാഗ്യമായി കരുതിയാ മതി. അത്രയും നല്ല ഒരു ബന്ധത്തെയാണ് പുറംകാലു കൊണ്ട് തട്ടുന്നത്. പ്രകൃതിയിൽ ഒരോ ദിവസങ്ങളും കഴിയുന്ന പോലെ ആ പകലും അവസാനിച്ചു.

ആ രാത്രിയിൽ കരിമ്പാറക്കുന്നിന്റെ മുകളിൽ എവിടെ നിന്നോ കിട്ടിയ മരപ്പട്ടിയിറച്ചിയും വേലായുധന്റെ വാറ്റുചാരായവും അടിച്ച് ഇരിക്കുമ്പോൾ പൈലി എന്തെന്നില്ലാത്ത സന്തോഷത്തിലായിരുന്നു. കഴിഞ്ഞാഴ്ച പല കാര്യങ്ങളുമോർത്ത് സദാസമയവും ഒരു സ്വസ്തതയുമില്ലായിരുന്നു. അവരുടെ മുമ്പിൽ ഒരേനക്കേടും ജൂബിമോള് പറഞ്ഞില്ലല്ലോ. കാര്യങ്ങളെല്ലാം ഭംഗിയായി, അവർക്ക് എല്ലാം ഇഷ്ടപെടുകയും ചെയ്തു. പുതിയ കമ്പനിയിലെ ജോലിയ്ക്ക് കേറിയതു കൊണ്ട് തിരികെ പോയി ആറുമാസം കഴിഞ്ഞേ നാട്ടിലേക്കുള്ളൂന്നാ കുര്യച്ചൻ പറഞ്ഞത്. എതായാലും അവർക്കു വളരെ ഇഷ്ടമായി. കഴിഞ്ഞ വർഷം അക്കരെപ്പള്ളിയിലെ പെരുന്നാളിന് ബെന്നിച്ചൻ ജൂബിമോളെ പല പ്രാവശ്യം കണ്ടിട്ടുണ്ട്. അന്നു മുതലെ ബെന്നിച്ചന്റെ മനസ്സിൽ കയറിക്കൂടിയതാ... കല്യാണം കഴിഞ്ഞ് ദുബായിലെ ഹോസ്പിറ്റലിൽ ജോലിയും കിട്ടുമെന്നാണ് ബെന്നിച്ചൻ പറയുന്നത്. “എല്ലാം അന്തോണീസ് പുണ്യാളന്റെ കൃപ…”

ചെറിയ അരുവി കഴിഞ്ഞ് കരിമ്പാറക്കുന്നിന്റെ മുകളിലെത്താൻ ഒരിടന്നാഴി മാത്രമേയുള്ളു. ഉരുളൻ കല്ലുകൾ നിറഞ്ഞ ദുർഘടമായ പാതകൾ. പാതയുടെ ഇരുവശത്തും ചുറ്റും കാണാത്ത പോലെ വള്ളിപ്പടർപ്പുകൾ. പിന്നീട് നിരപ്പായ പ്രദ്ദേശം. വീണ്ടും കുറെ നടക്കണം അവിടെയെത്താൻ. വൻ മരങ്ങൾക്കും കാടുകൾക്കുമിടയിലായി വേലായുധന്റെ കുടിൽ. പഴകിയ നീല ടാർപ്പോളിൻ കെട്ടി അതിനുള്ളിനാണ് വാറ്റിനായുള്ള സാമഗ്രിഹികൾ. മഴ പെയ്താൽ ടാർപോളിന്റെ ഇടയിലൂടെ അങ്ങിങ്ങായി വെള്ളം വീഴും. കനത്ത മഴയായാൽ അവിടമാകെ വെള്ളം നിറയും.


കവലയിൽ നിന്ന് കിഴക്കോട്ട് വളഞ്ഞു കിടക്കുന്ന വഴിയെ പോയാൽ ഇവടെത്താം. ഇടുങ്ങിയ വഴിയിൽ കഷ്ടിച്ച് ഒരു ബൈക്കു മാത്രം പോകും, അതും നല്ല പരിചയമുള്ളവർക്കു മാത്രമേ ഓടിച്ചു വരാൻ പറ്റുകയുള്ളു. വേലായുധനു വേണ്ടപ്പെട്ടവർക്കു മാത്രമേ ഇവിടെ നിന്നും സാധനങ്ങൾ കൊടുക്കു. മലമുകളിൽ താമസിക്കുന്ന വേലായുധൻ എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്കായി മാത്രമേ പഞ്ഞിക്കുന്നിലേക്ക് വരാറുള്ളു. പൈലിയും തോമാച്ചനും ആയകാലത്തൊക്കെ വേലായുധന്റെ കയ്യിൽ നിന്ന് ഒരുപാട് വാറ്റടിക്കുമായിരുന്നു. അക്കാലത്തൊക്കെ നിത്യ സന്ദർശകരായിരുന്നു ഇവർ. ഇപ്പോൾ പ്രായം കാരണം ഇടക്കൊക്കെ വരാറുള്ളു. വിരലിലെണ്ണാവുന്ന വീട്ടുകാർ മാത്രമേയുള്ളു ഇവിടെ.


കാടിനുള്ളിൽ ഏകനായി കഴിയുന്ന വേലായുധൻ നല്ലൊരു വേട്ടക്കാരനും കൂടിയാണ്. ചിലപ്പോഴൊക്കെ ഇവിടെ വന്നാൽ വെടിയെറച്ചി കിട്ടും. അതും അത്ര വേണ്ടപ്പെട്ടവർക്കു മാത്രം. വർഷങ്ങൾക്കു മുമ്പേ ഏറെ ജനവാസമുള്ള സ്ഥലമായിരുന്നു ഇവിടമൊക്കെ. ഉരുളുപൊട്ടി കുടുലികളൊക്കെ ഒലിച്ചു പോയ കാരണം അവരെല്ലാം പഞ്ഞിക്കുന്നിലെ സർക്കാർ വക പുറംമ്പോക്കിലേക്ക് മാറി...വേലായുധന്റെയും പിന്നെ ഒന്നു രണ്ടു കുടിലുകളും മാത്രം ബാക്കിയായി. കൂരിരുട്ട് നിറഞ്ഞ കാടിന്റെ നിശ്ശബ്ദതയിൽ അകലെ അരുവിയിലെ ചെറുപാറക്കൂട്ടങ്ങളിൽ തല്ലിവീഴുന്ന വെള്ളത്തിന്റെ ശബ്ദം മധുരമായ സംഗീതം പോലെ കേൾക്കാം.


“മതി പൈലിച്ചാ… ഇപ്പംതന്നെ രാത്രി ഒരുപാട് ഇരുട്ടി, അവളിപ്പം തെരക്കുന്നുണ്ടാവും.”


“ഇല്ല തോമാച്ചാ, ഇന്ന് എന്റെ ദിവസമാണ്. നമ്മുക്ക് കുറെ നേരം കൂടി ഇരിക്കാം. നീ വിളിച്ച് പറഞ്ഞേക്ക് അവളോട്…”


പിന്നെയും ഏറെ സമയം കഴിഞ്ഞിരുന്നു. പൈലിയും തോമാച്ചനും കുറെ കൂടി കഴിച്ചിരുന്നപ്പോഴാണ് അങ്ങകലെ കുന്നിന്റെ മുകളിൽ ബൈക്കിന്റെ ഇരമ്പലും വെട്ടവും കണ്ടത്. പെട്ടെന്ന് അതിൽലൊരാള് കയറി പോകുന്നു. ഇരുവരും അങ്ങോട്ടു തന്നെ നോക്കി നിന്നു.

“ആരാ വേലായുധാ അവിടെ താമസിക്കുന്നത്...?” തോമാച്ചനായിരുന്നു അതു ചോദിച്ചത്.


“വർഷങ്ങൾക്കു മുമ്പേ ഏതോ നാട്ടീന്ന് വന്നതാ ശാന്തയും ഭർത്താവും,ശാന്തയുടെ ഭർത്താവ് മരിച്ച ശേഷം അവരുടെ കൂട്ടായി കരിമ്പാറക്കുന്നിൽ എത്തിയതായിരുന്നു ചന്ദ്രിക. ശാന്ത മരിച്ചതിൽ പിന്നെ ഒറ്റയ്ക്കായി, അങ്ങേക്കരയിയിലെ വീടുകളിൽ പണിക്കു പോയാ ഇപ്പം ജീവിക്കുന്നത്.”


“ഇവർക്ക് വേറെ ബന്ധുക്കളാരുമില്ലേ...?”


“അങ്ങേക്കരയിൽ ആരാണ്ടൊക്കെ ഉണ്ടെന്ന് പറയുന്നു. പക്ഷെ ആരും തിരിഞ്ഞു നോക്കാറില്ല. രാത്രി കാലങ്ങളിൽ ഇങ്ങനെയുള്ള ചില രഹസ്യ ഏർപ്പാടുകളുണ്ട്. കവലേലെ ക്ലബിൽ സ്ഥിരം കാണുന്ന ഒരുത്തനുണ്ടല്ലോ. കപ്യാര് അന്തോണിച്ചന്റെ മോൻ, അവനിടയ്ക്കിടെ വരാറുണ്ട്.”

അതു കേട്ടപ്പോൾ പൈലീടെ മനസ്സിൽ ചൂണ്ടയിൽ കൊളുത്താൻ നല്ലൊരു ഇരയെ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു.

“ഓഹോ അവനും വരാറുണ്ടല്ലേ... എന്റെ തോമാച്ചാ ജോമോനെപ്പറ്റി നാട്ടിൽ പലരും പറഞ്ഞിട്ടുണ്ടെങ്കിലും ഏഷണി പറയുന്നതാണെന്നാണ് ഞാൻ ഇതുവരെ വിചാരിച്ചത്. കപ്യാര്, പള്ളിയും പുണ്യാളന്റെ അടുത്താളാണെങ്കിലും ജോമോൻ തല തെറിച്ചൊരുത്തനാ…”


“ഒരിക്കൽ വഴിയിൽവെച്ചു ജോമോനെ കണ്ടപ്പോൾ ഞാൻ പറഞ്ഞതാ... ജൂബിമോളെ മേലാൽ ശല്യപ്പെടുത്താൻ വന്നേക്കരുതെന്ന്. അപ്പഴേക്കും അവൻ എന്റെ നേരെ ചാടി വന്നില്ലേ... അഹങ്കാരം പിടിച്ച ഒരുത്തൻ. പിന്നെ ജൂബിമോൾടെ കാര്യമായതു കൊണ്ട് ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല. കൂടുതൽ ഒച്ചയും സംസാരവുമായി നാട്ടുകാരറിയണ്ടല്ലോ എന്നു വിചാരിച്ച് വേണ്ടന്നു വച്ചു.


അതൊരിക്കൽ, ആ സംഭവത്തിന് ശേഷം പിന്നൊരിക്കൽ ഊറിയ ചിരിയും ചിരിച്ച് കടേൽ വന്ന് ഭരണീന്ന് കൽകണ്ടവുമെടുത്ത് വായിലിട്ട് ചോദിക്കുവാ...”

 “പൈലിച്ചായ സുഖം താന്നെയല്ലേ...? “
“എന്റെ ദേഹം മൊത്തം പെരുത്തുകേറി വന്നതായിരുന്നു. അവന്റെയൊരു സുഖാന്വേഷണം, അവന്റെ വീട്ടീന്ന് കൊണ്ടുവച്ചതല്ലേ ഇതൊക്കെ... അവനു തോന്നിയ പോലെ പെറുക്കി തിന്നാൻ.” പൈലി മനസ്സിൽ പറഞ്ഞിരുന്നു.


“നിനക്കിപ്പം പണിയൊന്നുമില്ലേടാ ജോമോനെ...?”


“ഞാനെന്തിന് പണിക്ക് പോണം, നാട്ടിൽതന്നെ നിന്നാ മതിയല്ലോ, വേണ്ടപ്പെട്ടവരെല്ലാം ഇവിടല്ലേ, പിന്നെ ഇവിടൊരു സ്വർഗ്ഗം തന്നെയല്ലേ പൈലിച്ചായാ...''
അതും പറഞ്ഞ് ബൈക്കും സ്റ്റാർട്ടാക്കി ഇരമ്പിച്ച് കടന്നുപോയി.


“അവന്റെ അർത്ഥം വച്ചൊരു സംസാരം, അന്നേ അവനെ ഞാൻ നോട്ടമിട്ടതാ... ഇതു പുണ്യാളനായിട്ട് കൊണ്ടുവന്നതാ തോമാച്ചാ.”

ആ രാത്രിയിൽ കരിമ്പാറക്കുന്നിന്റെ മുകളിൽ നിന്ന് താഴെക്ക് ഇറങ്ങുമ്പോൾ ചില പദ്ധതികളൊക്കെ ഇട്ടിരുന്നു. പിന്നീടുള്ള ഒരോ ദിവസങ്ങളിലും ജോമോന്റെ നീക്കങ്ങൾ ഇരുവരും നിരീക്ഷിച്ചു.


പഠിച്ച കോളജിൽ നഴ്സിംഗ് സർട്ടിഫിക്കറ്റിന്റെ ഒന്നുരണ്ടു പേപ്പറുകൾ ശരിയാക്കാൻ  ബാംഗ്ലൂരിലേക്ക് പോകാനായി ബാഗിലേക്ക് ഡ്രസ്സുകൾ അടുക്കിവെയ്ക്കുകയായിരുന്നു  ജൂബിമോള്. വർഷങ്ങൾക്ക് ശേഷം ഇത്രയും നാളുകൾ വീട്ടിൽ നിന്നിട്ട് തിരിച്ചു പോകുന്നതിന്റെ പരിഭവം മുഖത്ത് കാണാമായിരുന്നു. രണ്ടു വർഷം മുമ്പൊരു അവധിക്കാലത്തായിരുന്നു ജോമോനുമായി കൂടുതൽ അടുത്തത്. ക്രമേണ ആ അടുപ്പം മറ്റൊരു തലത്തിലേക്കാകുകയായിരുന്നു. നേരിൽ കാണാത്ത നേരങ്ങളിൽ ഫോണിൽ മെസേജയച്ചും സംസാരിച്ചും അവരുടെ പ്രണയത്തിന് കൂടുതൽ ഇതളുകൾ വിടർന്നു.


എങ്കിലും പലതും ജൂബിമോളെ അലട്ടുന്നുണ്ടായിരുന്നു. ഈ ബന്ധം ചാച്ചന് ഉൾകൊള്ളാൻ കഴിയുമോ...? ഞങ്ങളുടെ വിവാഹം എല്ലാവരുടെയും സമ്മതത്തോട് നടക്കുമോ...? അങ്ങനെ പലകാര്യങ്ങളും ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് സെലിനാമ്മ മുറിയിലേക്ക് വന്നത്.

"മോളെ ഇനിയെങ്കിലും നീ ആലോചിക്കണം. ചാച്ചൻ നിന്റെ നന്മയ്ക്കായി അല്ലാതെ എന്തെങ്കിലും ഇതുവരെ പറഞ്ഞിട്ടുണ്ടോ...? ആയിരമേക്കറിന്ന് ഒരു ബന്ധംതന്നെ നിന്റെ ഭാഗ്യമെന്ന് കരുതിയാ മതി. അല്ലാതെ ചാച്ചനെ ധിക്കരിച്ച് ജീവിതകാലം മുഴുവനും ഈ പഞ്ഞിക്കുന്നിൽ, പള്ളിയും വീടുമായിട്ട് കഴിഞ്ഞാമതിയെങ്കിൽ ആയിക്കോ...”

ദേഷ്യവും വിഷാദവും കലർന്ന സ്വരത്തിൽ സെലിനാമ്മ പറയുമ്പോഴൊക്കെ ജനാലയിൽക്കൂടി പുറത്ത് ഇരുട്ടിലേക്ക് നോക്കി മൗനമായി നിൽക്കുന്നുണ്ടാവും. നീണ്ട മൗനത്തിനൊടുവിൽ പലപ്പോഴും കണ്ണുകൾ സജലങ്ങളാകും.

"ചാച്ചന്റെയും അമ്മടെയും മനസ്സ് വേദനിപ്പിച്ചിട്ട് എനിക്കൊന്നും നേടേണ്ട. പക്ഷെ ജോമോൻചേട്ടനെ മറക്കാൻ ഒരിക്കലും ആവില്ല, അതു മാത്രം എന്നോട് പറയരുത്."

കടുത്തദുഃഖം വരുമ്പോൾ അമ്മയോട് പറഞ്ഞു കരയും. ജുബിമോൾടെ കരച്ചിൽ കാണുമ്പോൾ സെലിനാമ്മ ആകെ സങ്കടത്തിലാകും. പിന്നെയൊന്നും അവളോട് പറയാൻ തോന്നുകയില്ല. ജൂബിമോള് പോയശേഷം കുറേനാൾ ജോമോനെ പഞ്ഞിക്കുന്നിലൊന്നും കണ്ടില്ല. ജൂബിമോള് നാട്ടിലില്ലെങ്കിൽ മലബാറിലുള്ള പെങ്ങടെ വീട്ടിലോ...സിനിമാക്കാരുടെ കൂടെ എറണാകുളത്തോ മറ്റുമായിരിക്കും.

ദിവസങ്ങൾ കഴിയും തോറും പൈലീടെ മനസ്സിൽ ആധി കൂടി വന്നു. ആറുമാസം കഴിയുമ്പോൾ ബൈന്നിച്ചനിങ്ങ് നാട്ടിൽ വരും. അവളുടെ മനസ്സു മാറിയില്ലെങ്കിൽ എല്ലാം തകരും. സെലിനാമ്മ മുടക്കം കൂടാതെ എല്ലാ ചൊവ്വാഴ്ചയും നാഗമ്പടത്തുള്ള അന്തോണീസ് പുണ്യാളന്റെ പള്ളിയിൽ പോയി ഈ വിഷയംവെച്ച് പ്രാർത്ഥിച്ചു.

ഞായറാഴ്ച കുർബാനയ്ക്ക് ശേഷം വർഗ്ഗീസ് കുന്നേക്കാട്ടിലച്ചന്റെ കാർമ്മീകത്തിൽ പെരുന്നാളിനുള്ള കൊടിയേറി. ഒരാഴ്ച നീളുന്ന പെരുന്നാളിന് പല നാട്ടിൽ നിന്നുള്ള കച്ചവടക്കാർ എത്തി തുടങ്ങി. പെരുന്നാള് ആരംഭിച്ച മുതൽ ജോമോനും കൂട്ടുകാരും
പള്ളിയിലും പരിസരത്തുമായി എപ്പോഴും കാണും.

സന്ധ്യാനേരം, ഭക്തിനിർഭരമായ സന്ധ്യാനമസ്ക്കാര ചടങ്ങുകൾ. പ്രകാശവർണ്ണങ്ങളിൽ നിറഞ്ഞുനിന്ന പള്ളിയിലേക്ക് കണ്ണെടുക്കാതെ വിസ്മയത്തോടെ നിന്ന ജൂബിമോളുടെ മനസ്സിൽ തെളിഞ്ഞത് ആയിരം പ്രണയവർണ്ണങ്ങളായിരുന്നു…! ആകാശവീഥിയിൽ നക്ഷത്രങ്ങൾ മിന്നി തെളിയുന്നപോലെ ജോമോനുമൊത്തുള്ള പ്രണയാർദ്രമായ നിമിഷങ്ങൾ മനതാരിൽ മിന്നിമറഞ്ഞു…! സ്വർഗ്ഗീയവിശുദ്ധി നിറഞ്ഞ ജൂബിമോൾടെ പ്രണയസ്വപ്നങ്ങൾ അൾത്താരയിൽ നിന്നുയരുന്ന കുന്തിരിക്ക സുഗന്ധംപോലെ ഹൃദയത്തിൽ പരന്നു.

പള്ളിയ്ക്കുള്ളിൽ സംസാരിച്ചു പ്രണയലോകത്തായ ഇരുവരും കതിനയുടെ വെടിയൊച്ചയിൽ നിന്നാണ് ഉണർന്നത്. വെടിക്കെട്ടുകാരൻ ചാക്കുണ്ണി വീണ്ടും കതിനയ്ക്ക് തിരികൊളുത്തി. വി.അന്തോണ്ണീസ് പുണ്യാള്ളന്റെ തിരുസ്വരൂപം വഹിച്ചുള്ള വിശുദ്ധ റാസ. പൈലിയും സെലിനാമ്മയും കുഴിയാംപ്ലാക്കലെ തോമാച്ചനും ജെസിയാന്റിയുമെല്ലാം കത്തിച്ച മെഴുകുതിരിയുമായി റാസയെ അനുഗമിക്കുന്നുണ്ടായിരുന്നു. പള്ളിയ്ക്കുള്ളിൽ നിന്ന് ജൂബിമോള് പാടുകയാണ് ...

"കർത്താവേ കനിയണമേ…
മിശിഹായെ കനിയണമേ…
കർത്താവേ ഞങ്ങളണയ്ക്കും…
പ്രാർത്ഥന സദയം കേൾകണമേ…

സ്വർഗ്ഗപിതാവാം സകലേശാ…
ദിവ്യാനുഗ്രഹമേകണമേ…
നരരക്ഷകനാം മിശിഹായെ…
ദിവ്യാനുഗ്രഹമേകണമേ..."

ഈ നേരത്ത് റാസയിലൊന്നും സംബന്ധിക്കാതെ ജൂബിമോടെ പാട്ടുകേട്ട് പള്ളിയ്ക്കുള്ളിൽ തന്നെ ജോമോൻ ഇരിക്കുന്നുണ്ടാവും. എല്ലാവരുടെയും ശ്രദ്ധ റാസയിലും പെരുന്നാൾ ആഘോഷങ്ങളിലും മുഴുകുമ്പോൾ ഇടവേളകളിൽ വാതിലിന്റെ വശങ്ങളിൽ ഇരുവരും സ്വകാര്യ സംഭാഷണങ്ങളിലായിരിക്കും. പിന്നെ കൂട്ടുകാരുമായി വെടിക്കെട്ടിന്റെ അടുത്തു പോയി നിൽക്കും.

സുന്ദരങ്ങളായ മൂഹൂർത്തങ്ങളായിരുന്നു ഈ പെരുന്നാളെനിക്ക് സമ്മാനിച്ചത്. ജൂബിമോളോർത്തു. അൾത്താരയ്ക്ക് മുമ്പിൽ നിൽക്കുമ്പോഴും പെരുന്നാളപ്പം കഴിക്കുമ്പോഴും ജോമോനുമായി സംസാരിക്കുമ്പോഴുമെല്ലാം മറ്റൊരു ലോകത്തായ പോലെ...

പെരുന്നാള് കഴിഞ്ഞതു മുതൽ പൈലിയാകെ സംഭ്രമത്തിലായിരുന്നു. അടുത്ത മാസം ബെന്നിച്ചൻ നാട്ടിൽ വരും, അവളുടെ മനസ്സു മാറിയില്ലെങ്കിൽ ആയിരമേക്കറിലെ കുര്യച്ചനോട് എന്ത് സമാധാനം പറയും. പൈലി അങ്ങനെ പലതും ചിന്തിച്ചുകൊണ്ടിരുന്നു.

പുലർച്ചെ മരത്തിന്റെ മുകളിൽ ഏണിവെച്ച് കൊടിമൊളകു പറിക്കുകയായിരുന്ന പൈലി, വഴിയിലോട്ട് നോക്കിയപ്പോഴാണ് ഓടിവരുന്ന തോമാച്ചനെ കണ്ടത്. പതിവില്ലാത്ത ആ വരവിൽ എന്തോ പന്തികേട് തോന്നി.

“പൈലി ഇറങ്ങി വാ...”

“എന്നതാ തോമാച്ചാ...?”

“ഒരു മുണ്ടുടുത്തോണ്ട് വേഗം കവലേലോട്ട് വാ...”

ഏണിയിൽ നിന്നിറങ്ങി വന്ന പൈലി അയേൽ കിടന്ന മുണ്ടുടുത്ത് കവലേലോട്ട്   തോമാച്ചനുമൊത്ത് ധൃതിയിൽ നടന്നു.

പഞ്ഞിക്കുന്നിൽ കവലയിൽ അന്നേ ദിവസം ആ ഒരു കാര്യം മാത്രമേ സംസാരിക്കാനുണ്ടായിരുന്നുള്ളു. നിറയെ തിങ്ങിക്കൂടിയ ആളുകൾക്കിടയിൽ നിന്ന് ആ സംസാരം മുഴങ്ങി കേട്ടു.


‘കരിമ്പാറക്കുന്നിലെ ചന്ദ്രികയുടെ വീട്ടിൽ നിന്ന് ജോമോനെ നാട്ടുകാർ പിടികൂടിയെന്ന് ’
കവലയിൽ ഒരോ കൂട്ടം കൂടി മൊബൈലിൽ കാണുകയും എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്. “മുമ്പ് പല പ്രാവശ്യം അവനെ നോട്ടമിട്ടിരുന്നതാ...” എന്ന് പലരും അടക്കം പറഞ്ഞു. സിനിമായിൽ മാത്രം കണ്ടിട്ടുള്ള ഇങ്ങനെയുള്ള കാഴചകൾ പഞ്ഞിക്കുന്നുകാർ ആവോളം ആസ്വദിച്ചു.

മുമ്പെങ്ങും കാണാത്ത പോലെ, ഏതോ മത്സരത്തിൽ ജയിച്ച ഭാവത്തിലായിരുന്നു കവലയിൽ നിന്നും പൈലി എത്തിയത്.

“അവളെന്തിയേ…? എടീ അവളെന്തിയേന്ന്….?”

കോഴിക്കൂടിനടുത്തു നിന്ന് ഓലമടല് വെട്ടിക്കീറികൊണ്ടിരുന്ന സെലിനാമ്മ പൈലിയുടെ ധൃതിയിലുള്ള വിളി കേട്ടാണ് ഓടിയെത്തിയത്.

“നീ അറിഞ്ഞോ…?”

“എന്നാ… എന്നാ പറ്റി...! ”

“കപ്യാര് അന്തോണിച്ചന്റെ മോനെ ഇന്നലെ രാത്രിയിൽ കുന്നിൻമുകളിലെ ചന്ദ്രികയുടെ വീട്ടീന്ന് പിടിച്ചെന്ന്. കവലയിൽ ആള് കൂട്ടിയിട്ടുണ്ട്. ഇതു മാത്രമേ അവിടെ പറയുന്നുള്ളു. ചന്ദ്രികയുടെ വീട്ടിൽ നിന്ന് ഇറങ്ങി വരുന്നത് ആരൊക്കെയോ മൊബൈലിൽ പിടിച്ചിട്ടുണ്ട്. ഏതായാലും പുണ്യാളൻ നമ്മുടെ പ്രാർത്ഥന കേട്ടടീ…”

“അവളറിഞ്ഞോ…?”

“അറിഞ്ഞറിഞ്ഞു, അതറിഞ്ഞമൊതലേ കതകടച്ചു മുറിയ്ക്കത്തുകേറി കരച്ചിലോട് കരച്ചിലാ...”

“കരയട്ടേ... നന്നായി കരഞ്ഞോട്ടേ... ഇപ്പോ അവൾക്ക് ബോധ്യമായെല്ലോ… ഇനി അതങ്ങ് മറന്നു കളഞ്ഞേക്കാൻ പറ.” പൈലി പറഞ്ഞു.

ജൂബിമോൾക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല ആ വാർത്ത. ഇത്രത്തോളം ആത്മാർത്ഥമായി സ്നേഹിച്ചിട്ട് ജോമോൻ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നങ്ങളിൽ പോലും ചിന്തിച്ചിട്ടില്ലായിരുന്നു. അമ്മയും ചാച്ചനുമെല്ലാം പറഞ്ഞപ്പോഴും അതൊന്നും സത്യമാകരുതേയെന്നു പ്രാർത്ഥിച്ചു, എന്നിട്ടും... എന്നിട്ടും ഇങ്ങനെയുള്ള ഒരാളെയാണോ ഞാനിത്രയും നാളും മനസ്സിൽ കൊണ്ട് നടന്നതെന്നോർക്കുമ്പോൾ തന്നോട് തന്നേ വെറുപ്പ് തോന്നി. ജൂബിമോൾടെ ചിന്തയിൽ ആഴമേറിയ അസന്തുഷ്ടി പടർന്നിരുന്നു. പുണ്യാളനാ എനിക്കിത് കാണിച്ചു തന്നത്. കർത്താവിന്റെ ഹിതം ഇതാണെങ്കിൽ ഇതുതന്നെ നടക്കട്ടെ. ഏതോ അദൃശ്യശക്തി തന്നോടു പറയുന്നതായി തോന്നി.


ആ സംഭവത്തിന് ശേഷം മലബാറിലുള്ള പെങ്ങടെ വീട്ടിൽപോയ ജോമോനെ പിന്നെ പഞ്ഞിക്കുന്നിൽ ആരും കണ്ടിട്ടില്ല. പ്രേമാഭംഗത്താൽ അത്യന്തം ദുഃഖിതയായിരുന്നു അവൾ. വിഷാദം വലംകെട്ടിയ മനസ്സുമായി പല രാത്രികളും കടന്നുപോയി. യാഥാർത്യത്തെ  ഉൾക്കൊണ്ടപ്പോൾ ജൂബിമോളുടെ ചിന്തകൾക്ക് പരിണാമം വന്ന്, മനസ്സിലെ ആകുലതകൾ പതിയെ അകന്നു തുടങ്ങി.

“എടീ, എന്നാലും ഇത്ര പെട്ടെന്ന് അവളുടെ മനസ്സ് മാറുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. അടുത്താഴ്ച ബെന്നിച്ചനിങ്ങ് നാട്ടിൽ വരുമ്പോൾ എല്ലാം നേരയാകണമെന്ന് ഒരു പ്രാർത്ഥനമാത്രമേയുള്ളായിരുന്നു.”

സെലിനാമ്മയോട് കാര്യങ്ങൾ വിവരിക്കുമ്പോഴെല്ലാം തന്റെ ഉദ്യമം വിജയിച്ച ഭാവത്തിലായിരുന്നു പൈലി. ഏറെ നാളുകളുടെ പരിശ്രമത്തിന് ശേഷം വന്ന വിജയത്തിൽ നിന്നുദിച്ച ആത്മസംതൃപ്തി ഏതൊരാളിലേപ്പോലെ പൈലിയുടെ മുഖത്തും തെളിഞ്ഞു കാണാമായിരുന്നു. എല്ലാം രാത്രികളിലും കുരിശുവരയ്ക്കുമ്പോൾ ഈ വിഷയം വെച്ചു പുണ്യാളനോട് പ്രാർത്ഥിക്കുന്ന സെലിനാമ്മ അപ്പോഴും പറഞ്ഞു.

"എല്ലാം വിശുദ്ധ അന്തോണീസ് പുണ്യാളന്റെ കൃപ…"

-സിസിൽ മാത്യു കുടിലിൽ                            


വി. അന്തോണീസ് പുണ്യാളന്റെ കൃപ [കഥ: സിസിൽ മാത്യു കുടിലിൽ]
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക