Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 25 September, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍  അനുവദിച്ചു. ഹോട്ടലുകളില്‍ ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. തീയേറ്ററുകള്‍ തല്‍ക്കാലം അടഞ്ഞു തന്നെ കിടക്കും . ഹോട്ടലുകളില്‍ ബാറുകളിലും  ആകെ സീറ്റുകളുടെ പകുതി ആളുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളു ഇവര്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം. ഇന്‍ഡോര്‍ നീന്തല്‍ കുളങ്ങള്‍ , ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ എന്നിവയ്ക്കും ഈ നിബന്ധനകളോടെ പ്രവര്‍ത്തിക്കാം 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കിലും പ്രവേശനം അനുവദിക്കും. 
*****************************
രാജ്യത്ത് പുതിയ സഹകരണ നയം വൈകാതെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. 2002ല്‍ വാജ്പേയ് സര്‍ക്കാര്‍ മുന്നോട്ടുവച്ച സഹകരണ നയമാണിത്. സഹകരണം സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ എന്ന വിഷയത്തില്‍ തര്‍ക്കത്തിനില്ലെന്നും സംസ്ഥാനങ്ങളെ സഹായിക്കാനാണ് സഹകരണ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും അമിത്ഷാ അഭിപ്രായപ്പെട്ടു. 
******************************
ഇടതു യുവ നേതാക്കളായ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ഇരുവര്‍ക്കുമൊപ്പം അടുത്ത അനുയായികളും കോണ്‍ഗ്രസില്‍ ചേരും. നേരത്തെ തന്നെ കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ ചര്‍ച്ച നടത്തിയിരുന്നു.
*****************************
സംസ്ഥാന വനിതാ കമീഷന്റെ പുതിയ അധ്യക്ഷയായി പി സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. പാര്‍ട്ടി സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രടറിയുമാണ്. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു.
***************************
ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിനിടെ ചേര്‍ന്ന 'ക്വാഡ്' രാഷ്ട്ര നേതാക്കളുടെ യോഗത്തില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനം. ദക്ഷിണേഷ്യയിലെ 'ഭീകരരുടെ പ്രതിനിധി'യെന്നാണ് യു.എസ് ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന 'ക്വാഡ്'യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. അതിര്‍ത്തികളില്‍ അടക്കം ആക്രമണത്തിന് പദ്ധതിയിടുന്ന ഭീകര സംഘങ്ങള്‍ക്ക് അടക്കം ഒരു സഹായവും നല്‍കരുതെന്നും യോഗം ആവശ്യപ്പെട്ടു. 
***********************
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണ അറിയിച്ചു.  ബൈഡനുമായുള്ള കുടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ  വര്‍ദ്ധന്‍ ശ്രിംഗ്ളയാണ് ഇക്കാര്യം പറഞ്ഞത്.
****************************
നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ഇനി യോഗം വിളിക്കേണ്ട ആവശ്യമില്ലെന്ന തീരുമാനത്തില്‍ സിപിഎം. മതനേതാക്കളുടെ യോഗമോ അല്ലെങ്കില്‍ സര്‍വ്വ കക്ഷിയോഗമോ ഒന്നും വേണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. വിഷയത്തില്‍ ഇരു മുന്നണികളും നിലപാട് വ്യക്തമാക്കി കഴിഞ്ഞു. മുഖ്യമന്ത്രിയും പാലാ രൂപതാധ്യക്ഷന്‍ മാര്‍ കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ അപലപിച്ചു. വിവിധ മതസംഘടനകളും ഈ പ്രസ്താവനയ്ക്കെതിരാണ് ഈ സാഹചര്യത്തിലാണ് ഇനിയും യോഗം വിളിച്ച് പാലാ രൂപതാധ്യക്ഷന്റെ പ്രസ്താവനയെ അപലപിക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചത്. 
*****************************
രാജ്യത്തുടനീളം അതിരൂക്ഷമാകുന്ന നാര്‍ക്കോട്ടിസത്തിനും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന ഭീകരവാദത്തിനുമെതിരെ പൊതുസമൂഹ മനഃസാക്ഷി ഉണര്‍ത്തുവാന്‍ ദേശീയ തലത്തില്‍ 'സേവ് ദ പീപ്പിള്‍' ക്യാംപെയ്ന്‍ സംഘടിപ്പിക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
***********************
സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാംപിളുകള്‍ പരിശോധിച്ചു. 14.50 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക