Image

അവാർഡ് അഹിതങ്ങളും അ - വിഹിതങ്ങളും സാഹിത്യ അക്കാദമിയുടെ നേർക്കും : ആൻസി സാജൻ

Published on 25 September, 2021
അവാർഡ് അഹിതങ്ങളും അ - വിഹിതങ്ങളും സാഹിത്യ അക്കാദമിയുടെ നേർക്കും : ആൻസി സാജൻ
യുദ്ധങ്ങൾക്ക് നവീനായുധങ്ങൾ ഉപയോഗിക്കുന്നത് ഹിംസിച്ച് വിജയം നേടാനാണ്. പുരാണങ്ങൾ വായിക്കുമ്പോൾ പോലും യുദ്ധാവശ്യത്തിന് പരസ്പരം തൊടുക്കുന്ന "വെപ്പണുകൾ " കണ്ട് നാം അന്തംവിട്ടിരുന്ന് പോകും. അന്താരാഷ്ട്ര വൈരങ്ങൾ അവിടെ നിൽക്കട്ടെ. എഴുത്തുകാരുടെയും സാഹിത്യ പ്രവർത്തകരുടെയും പരസ്പര അസഹിഷ്ണുതകൾ കണ്ടും നമുക്ക് അന്ധാളിക്കാം. സോഷ്യൽ മീഡിയ എന്ന അത്യപാരതയിലൂടെ എഴുത്തുകലയിലേർപ്പെടുന്നവർ അങ്കം വെട്ടുന്നതും ഒന്നാന്തരം കാഴ്ചയാണ്.
പറഞ്ഞു വരുന്നതെന്തെന്നു വെച്ചാൽ കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് വിതരണത്തിലും അപചയങ്ങളുണ്ടെന്ന ആരോപണത്തിന് പ്രസിഡന്റ് വൈശാഖൻസാർ നൽകിയ മറുപടിയും അതിനിടവന്ന സാഹചര്യങ്ങളും ഇപ്പോഴത് ഉണ്ടാക്കുന്ന വിവാദങ്ങളുമാണ്. എല്ലാം തൊടുത്തു വിടുന്നത് ഫേസ്ബുക്ക് എന്ന വിക്ഷേപണ പേടകത്തിലൂടെയും.
എച്ചുമുക്കുട്ടി എന്ന സാഹിത്യകാരി തന്റെ പുസ്തകം അവാർഡ് നിർണ്ണയ റേറ്റിംഗിൽ 5-ാം സ്ഥാനത്തെത്തിയെന്ന വാർത്ത കണ്ട് നിഷ്കളങ്കമായി സന്തോഷിച്ചു കൊണ്ടുള്ള ഒരു പോസ്റ്റ് ഫേസ്ബുക്കിൽ നാട്ടിയതാണ് തുടക്കം. (സുതാര്യത ലക്ഷ്യമാക്കി ആദ്യ പരിഗണനകളിൽപെട്ട പുസ്തകങ്ങളുടെ ലിസ്റ്റ് 'സാഹിത്യചക്രവാളം' എന്ന അക്കാദമി 
മുഖ പ്രസിദ്ധീകരണത്തിൽ കൊടുത്തിരുന്നു. അതിന്റെ കോപ്പിയും ചേർത്താണ് മേപ്പടി എഴുത്തുകാരി മുഖപുസ്തകത്തിലൂടെ സന്തോഷം പ്രകടിപ്പിച്ചത്.)
എച്ചുമിക്കുട്ടിയുടെ സുഹൃദ് പട്ടികയിലുള്ളവർ പോസ്റ്റിനു ചുവട്ടിൽ അവരവരുടെ ഇഷ്ടവും അഭിപ്രായങ്ങളും എഴുതി വച്ചു. അതിൽ ഒരു സാഹിത്യ നിരൂപകന്റെ അഭിപ്രായമാണ് വൈശാഖൻ സാർ ചോദ്യം ചെയ്യുന്നത്.
കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നിർണയത്തിലെ പുറത്തു പറയാൻ കൊള്ളാത്ത കഥകൾ അറിഞ്ഞാൽ ഈ സന്തോഷം (അതോ സങ്കടമോ ) മാറും എന്നാണ് എഴുതിയിരുന്നത്. ഇതേ രീതിയിലുള്ള അഭിപ്രായപ്രകടനങ്ങൾ മുൻപും വന്നിട്ടുണ്ടെന്നും അങ്ങനെയുള്ള എല്ലാവർക്കും കൂടി അക്കാദമി അധ്യക്ഷൻ എന്ന നിലയിൽ പ്രതികരിക്കുന്നുവെന്നുമാണ് വൈശാഖൻസാർ പറയുന്നത്. പുറത്തു പറയാൻ കൊള്ളാത്ത അത്തരം കഥകൾ പുറത്തു പറയുക എന്നതാണ് ഒരു ബുദ്ധിജീവിയുടെ ധാർമ്മിക ദൗത്യം എന്ന് പ്രസിഡന്റ് ഓർമ്മപ്പെടുത്തുന്നു. അതറിയാൻ ജനങ്ങൾക്കും അക്കാദമി അധ്യക്ഷനായ അദ്ദേഹത്തിനും അവകാശമുണ്ടെന്നും വൈശാഖൻ പറയുന്നു. സാമൂഹിക പ്രതിബദ്ധതയുണ്ടെങ്കിൽ ഫേസ്ബുക്ക് വായനക്കാരോടും മേൽപ്പറഞ്ഞ എഴുത്തുകാരിയോടും ആ കഥകൾ വെളിപ്പെടുത്തണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അക്കാദമിയുടെ ചരിത്രത്തിലാദ്യമായാണ് ചുരുക്കപ്പട്ടികയും മറ്റും പ്രസിദ്ധപ്പെടുത്തി ആവശ്യത്തിലധികം സുതാര്യത, നടപടികളിൽ വരുത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഘട്ടം ഘട്ടമായുള്ള അവാർഡ് നിർണ്ണയ നടപടികൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അവാർഡ് കിട്ടാത്തവരും കൂടാതെ സർവ പുച്ഛക്കാരും ആയവരുടെ പുലഭ്യം പതിവാണെന്നും വൈശാഖൻ ചൂണ്ടിക്കാട്ടുന്നു.
എന്തായാലും മറ്റു പ്രമുഖരും ഏറ്റുപിടിച്ചതോടെ ഇതും ഒരു ചെറിയ വെടിക്കെട്ടായി മാറാനിടയുണ്ട്.
ബോറടിയും ആശങ്കകളും തിങ്ങിനിറയുന്ന ഇക്കാലത്ത് ദിനം പ്രതി ഓരോരോ ചിരിപ്പെരുന്നാളുകൾ കൊടികേറട്ടെ. നമുക്ക് ആസ്വദിക്കാം.
ജില്ലതിരിച്ചുള്ള , സംഘടന തിരിഞ്ഞുള്ള ,
നാലുപേർ ചേർന്നിരുന്നുള്ള
അവാർഡ് വിതരണങ്ങളും ഏറ്റുവാങ്ങലുകളും നടക്കുമ്പോഴും കണ്ട് ചിരിക്കാമെന്നല്ലാതെ അതുകൊണ്ട് പ്രത്യേകിച്ച് ദോഷങ്ങളൊന്നും ഉണ്ടാവില്ല. പോട്ടേന്നു വെക്കാം. എഴുതുന്നതിനൊക്കെയും , എഴുതാനിരിക്കുന്നതിനൊക്കെയും അവാർഡുകൾ കിട്ടുന്നവരുണ്ട്. അതൊക്കെ കിട്ടിക്കോട്ടെ . എന്നാലും സാഹിത്യ അക്കാദമി പോലെയുള്ള സ്ഥാപനങ്ങളെ അതിന്റെയൊക്കെ കൂട്ടത്തിൽ കൂട്ടുന്നത് നല്ലതാണോ..?
കെ പി കേശവമേനോൻ, തകഴി ശിവശങ്കരപ്പിള്ള, ലളിതാംബിക അന്തർജനം, ഉറൂബ്, എം ടി, പൊൻകുന്നം വർക്കി, ജീ ശങ്കരക്കുറുപ്പു,എം കെ സാനു, കെ എം തരകൻ, പി വത്സല എന്നീ പ്രഗത്ഭരായ  എഴുത്തുകാരാണ് കാലാകാലങ്ങളിൽ സാഹിത്യ അക്കാദമി ഭരിച്ചത്.അവാർഡ് കൊടുക്കുന്നത് കാശ് വാങ്ങി കീശ വീർപ്പിച്ചും രാഷ്ട്രീയപ്രേരിതക്കച്ചവടമായും   ഓരോരുത്തരുടെ ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും ചൂടപ്പം ചുടുമ്പോലെ ചുട്ടുകൊടുക്കുമ്പോലെയുമാണ് എന്നു എവിടെയെങ്കിലുമിരുന്നു ആരെങ്കിലും പറയുമ്പോൾ നാളിതുവരെ സാഹിത്യഅവാർഡുകൾ കൊടുത്തുവന്ന മേൽപ്പറഞ്ഞ എല്ലാ അദ്ധ്യക്ഷന്മാരും അങ്ങനെയാണ് എന്നല്ലേ ചെളിവാരി എറിഞ്ഞത്?
എത്രയോ  ധിഷണാശാലികൾ അഭിമാനപൂർവ്വം ഏറ്റുവാങ്ങുന്ന അവാർഡിനെയാണ്‌ ഇങ്ങനെ പുച്ഛിച്ചത്.
നിരുത്തരവാദപരമായ ഇത്തരം ആരോപണങ്ങൾ ഒരു തലമുറയ്ക്കും ഭൂഷണമല്ല.
മലയാള ഭാഷയോടും എഴുത്തുകാരോടും വായനക്കാരോടും ചെയ്യുന്ന അനീതിയാണത്.സാഹിത്യഅക്കാദമിയുടെ പുരസ്കാരത്തെ  ഇത്തരം "കേഡിലിസ്റ്റി'ൽ 
പെടുത്തുന്നത് എന്തിനാണ്!
മലയാളത്തിൽ വർഷംതോറും പിറവി കൊള്ളുന്ന എല്ലാ പുസ്തകങ്ങളും ചേർത്ത് ഒരു വിലയിരുത്തൽ ഒരിക്കലും സാധ്യമാവില്ല. സമിതിക്ക് മുന്നിൽ വരുന്നവയെ നിക്ഷ്പക്ഷമായി വിലയിരുത്തുക, അംഗീകാരങ്ങൾ നൽകുക എന്ന സുതാര്യതയാണ് ഏറ്റം മുഖ്യം. 

Join WhatsApp News
Sudhir Panikkaveetil 2021-09-26 02:55:02
അമ്പത് വര്ഷം മുമ്പ് എഴുതിയ രചനകൾ വരെ പരിഗണിച്ചതായി കാണുന്നു. അതുകൊണ്ട് ഇപ്പോൾ അവാർഡ് കിട്ടാതിരുന്നവർ കാത്തിരിക്കുക ചിലപ്പോൾ അമ്പത് വര്ഷം കഴിയുമ്പോൾ ഒരാൾ വന്നു അവർക്കൊക്കെ അവാർഡ് കൊടുക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക