Image

ആഹാരം കഴിക്കലും കഴിപ്പിക്കലും (സാം നിലമ്പള്ളില്‍)

Published on 30 September, 2021
ആഹാരം കഴിക്കലും കഴിപ്പിക്കലും (സാം നിലമ്പള്ളില്‍)

പാട്ടും ഡാന്‍സും സാഹിത്യരചനയുംപോലെ പാചകവും ഒരു കലയാണ്. എല്ലാവര്‍ക്കും അങ്ങനെയൊരു കലാവൈഭവം ഉണ്ടായിരിക്കണമെന്നില്ല. പാചകവിദഗ്ധരെ കണ്ടിട്ടില്ലെ, അവര്‍ എന്തുണ്ടാക്കിയാലും വിശേഷവിഭവം തന്നെ ആയിരിക്കും. ആയിരം പേര്‍ക്കും അയ്യായിരം പേര്‍ക്കും സദ്യ ഒരുക്കുന്നവരുണ്ട്. എല്ലാവരും സംതൃപ്തിയോടെ കഴിച്ചിട്ടു പോകും. വീട്ടില്‍ ഭാര്യ നാലുപേര്‍ക്ക് ഉണ്ടാക്കുന്ന ആഹാരം രുചിയില്ലെന്നുപറഞ്ഞ് വലിച്ചെറിയുന്ന ഭര്‍ത്താക്കന്മാരെ നമുക്കറിയാം. എന്തുകൊണ്ടാണ് അവളുണ്ടാക്കിയ ആഹാരം ഭര്‍ത്തവിനും മക്കള്‍ക്കും രുചിക്കാഞ്ഞത്? പാചകവിദഗ്ധര്‍ ഉപയോഗിക്കുന്ന ചേരുവകള്‍ തന്നെയാണ് അവളും ചേര്‍ത്തത്. പിന്നെ എവിടെയാണ് കുഴപ്പംപറ്റിയത്?

പാചകം ചെയ്യുന്ന വ്യക്തിക്ക് പ്രധാനമായും വേണ്ടത് ക്ഷമയാണ്. ധൃതിപിടിച്ച് എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍ അത് ശരിയാകണമെന്നില്ല. ചേരുവകള്‍ ചേര്‍ക്കുന്നതിന് ഒരു കണക്കുണ്ട്. നല്ല പാചകക്കാരിക്ക് അതറിയാം. എന്തെങ്കിലും ഒരു ചേരുവ കൂടുകയോ കുറയുകയോ ചെയ്താല്‍ രുചിക്കും വ്യത്യാസം വരും. അതിന്റെ ഫലമായിട്ടായിരിക്കും ഭര്‍ത്തവ് ആഹാരം പ്‌ളെയിറ്റോടെ വലിച്ചെറിഞ്ഞത്. കുടുംബത്തില്‍ സമാധാനവും സന്താഷവും നിലനിറുത്താന്‍ സ്ത്രീ വിചാരിച്ചാല്‍ സാധിക്കും. ഭര്‍ത്താവിന്റെ ഹൃദയത്തിലേക്കുള്ള വഴി അവന്റെ വയറ്റില്‍ കൂടിയാണെന്ന് ഒരു സിനിമയില്‍ ജയറാം പറയുന്നത് കേട്ടിട്ടുണ്ട്. രുചികരമായ ഭക്ഷണം ഉണ്ടാക്കി ഭര്‍ത്താവിനെ ഊട്ടുന്നവളെ വിട്ട് അവന്‍ കള്ളുഷാപ്പില്‍ അഭയം തേടില്ല. മല്ലിയും മുളകും ചേര്‍ക്കുന്നതിനോടൊപ്പം അവളുടെ സ്‌നേഹവും കൂടി കലര്‍ത്തിയാല്‍ ഭക്ഷണം അതിരുചികരമായിരിക്കും.

ഈ പുതിയ കാലത്ത് ഭര്‍ത്താക്കന്മാരും അടുക്കളയില്‍ കയറി ഭാര്യമാരെ സഹായിക്കാറുണ്ട് ; നല്ലതുതന്നെ, അങ്ങനെതന്നെ വേണം. പണ്ടത്തെ പുരുഷന്മാര്‍ അടുക്കളയെന്നൊരു മുറി കണ്ടിട്ടുണ്ടാവില്ല. അന്നൊക്കെ പാചകവും വളരെ പ്രയാസം നിറഞ്ഞതായിരുന്നു. വിറകടുപ്പും, അരകല്ലും ആട്ടുകല്ലും ഉരലും കിണറ്റില്‍ നിന്നുള്ള വെള്ളം കോരലും ഇതെല്ലാ കൂടി വീട്ടമ്മയുടെ നടുവൊടിക്കുന്ന പരിപാടിയായിരുന്നു. അന്ന് അടുക്കള സഹായത്തിന് ജോലിക്കാരെ കിട്ടുമായിരുന്നു; ഇന്നത് സാധ്യമല്ല. ആഹാരവും ആണ്ടിലൊരിക്കല്‍ വസ്ത്രവും മാസം പത്തോ അന്‍പതോ രൂപയും കൊടുത്താല്‍ അടുക്കള ജോലിക്ക് ആളെ കിട്ടുമായിരുന്നു. ആ സ്ഥാനത്ത് ഇപ്പോള്‍ മാസം പതിനായമോ പതിനയ്യായിരമോ കൊടുക്കേണ്ടിവരും. എന്നാല്‍പോലും സഹായത്തിന് ആളെ കിട്ടാന്‍ പ്രയാസമാണ്. 

ഇന്നിപ്പോള്‍ ഗ്യാസും ഇലക്ട്രിസിറ്റിയും അരക്കാനും പൊടിക്കാനും മിക്‌സിയും ഗ്രൈന്‍ഡറും മറ്റുപകരണങ്ങളും ഉള്ളതുകൊണ്ട് ഭക്ഷണമുണ്ടാക്കല്‍ പണ്ടത്തെപ്പോലെ പ്രയാസമുള്ള കാര്യമല്ല. അതുകൊണ്ടാണ് ഭര്‍ത്താക്കന്മാര്‍ ഭാര്യയെ സഹായിക്കാന്‍ തീരുമാനിക്കുന്നത്. തന്നെയുമല്ല അണുയുഗത്തിലെ വീടുകളില്‍ അംഗസംഘ്യയും കുറവാണ്.

ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് എനിക്ക് എറണാകുളത്ത് ഫ്‌ളാറ്റ് ഉണ്ടായിരുന്നപ്പോള്‍ അവിടെയാണ് നാട്ടില്‍ പോകുമ്പോള്‍ താമസിച്ചിരുന്നത്. എന്റെ തൊട്ടടുത്ത ഫ്‌ളാറ്റില്‍ ഒരുസ്ത്രീ ജോലിക്ക് വരുമായിരുന്നു. രാവിലെ എട്ടുു മണിക്കു വന്ന് പതിനൊന്നാകുമ്പോഴേക്കും ജോലികളെല്ലാം ചെയ്ത് അവര്‍ സ്ഥലംവിടും. ആറായിരം രൂപയാണ് അന്ന് അവള്‍ക്ക് കൊടുത്തിരുന്നത്. അതുകഴിഞ്ഞ് വേറെ രണ്ടു വീടുകളില്‍ കൂടി ആ സ്ത്രീ ജോലിക്ക് പോകുമായിരുന്നു. ഇങ്ങനെ രണ്ടും മൂന്നും വീടുകളില്‍ പോയി ജോലിചെയ്യുന്നവര്‍ ഇപ്പോള്‍ പട്ടണങ്ങളിലുണ്ട്. ആ ഫ്‌ളാറ്റിലെ അധികം പേര്‍ക്കും വേലക്കാരില്ലായിരുന്നു. വേലക്കാരുണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് ഞാന്‍ സ്വയമായിട്ടാണ് ആഹാരമുണ്ടാക്കി കഴിഴിച്ചിരുന്നത്.

ആഹാരം കഴിക്കുന്നത് വീട്ടിലുള്ളവര്‍ എല്ലാവരും ഒന്നിച്ചിരുന്നാകണം. അല്ലാതെ ആദ്യം ഭര്‍ത്താവ് കഴിച്ച് പിന്നെ മക്കളും അവസാനം ഭാര്യയും കഴിക്കുന്നത് ശരിയായ കാര്യമല്ല. എല്ലാവരും ചേര്‍ന്നിരുന്ന് ചില്ലറ വര്‍ത്തമാനവും പറഞ്ഞ് ആഹാരം കഴിച്ചാല്‍ കറിക്ക് രുചിയില്ലെങ്കില്‍കൂടി അറിയുകയില്ല. കുടുംബബന്ധം അരക്കിട്ടുറപ്പിക്കാന്‍ ഒന്നിച്ചിരുന്നുള്ള ആഹാരം കഴിക്കല്‍ സഹായിക്കും.
നാട്ടില്‍ പോകുമ്പോള്‍ ബന്ധുവീടുകളിലോ കൂട്ടുകാരുടെ ഭവനങ്ങളിലോ സന്ദര്‍ശ്ശനത്തിന് ചെല്ലുകയാണെങ്കില്‍ നമ്മളെ ആഹാരം കഴിപ്പിക്കാതെ അവര്‍ വിടുകയില്ല.

 ചിലവീടുകളില്‍ നമുക്കുമാത്രം വിളമ്പിതന്നിട്ട് വീട്ടുകാര്‍ നമ്മള്‍ കഴിക്കുന്നത് നോക്കിനില്‍ക്കും, വിളമ്പിതന്ന് സഹായിക്കാനാണ്. ഞാന്‍ അങ്ങനെ കഴിക്കുന്ന കൂട്ടത്തിലല്ല. എല്ലാവരും കൂടിയിരിക്കാന്‍ ഞാന്‍ ആവശ്യപ്പെടും, തീരെക്കുറഞ്ഞത് ഗൃഹനാഥനെങ്കിലും
അയ്യോ അച്ചായന്‍ കുറെ കഴിഞ്ഞേ ഊണുകഴിക്കാറുള്ളു. സൂസമ്മ പറയും. അങ്കിള് കഴിച്ചാട്ടെ. എന്നാ ഞാനും പിന്നെക്കഴിക്കാം. ഞാന്‍ എഴുന്നേല്‍ക്കും. ഇതാണ് എന്റെ പതിവ്.

പണ്ട് നാട്ടിലായിരുന്നപ്പോള്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയത് ഓര്‍മ്മയുണ്ട്. സംസാരിച്ചിരിക്കുമ്പോള്‍ സുഹൃത്തിന്റെ ഭാര്യ ചായ ഇടാമെന്നുപറഞ്ഞ് അകത്തേക്കു പോയി. അല്‍പസമയം കഴിഞ്ഞ് അവള്‍ എന്തോ മറച്ചു പിടിച്ച് ബെഡ്ഡ്‌റൂമില്‍ നിന്ന് അടുക്കളയിലേക്ക് പോകുന്നതു കണ്ടു. അതവരുടെ കുഞ്ഞിന്റെ പാല്‍കുപ്പിയാണെന്ന് ഒരുനിമിഷം ഞാന്‍ കണ്ടു. അതില്‍ ബാക്കി വന്ന പാല്‍കൊണ്ട് ചായ ഇടാനാണ് പുറപ്പാടെന്നു മനസിലാക്കിയ ഞാന്‍ ഇപ്പോള്‍ ചായ വേണ്ടെന്നപറഞ്ഞ് അവിടെ നിന്നിറങ്ങി. അതില്‍പിന്നെ ഒരു വീട്ടില്‍ നിന്നും ചായയും കാപ്പിയും കുടിക്കാറില്ല. എല്ലാവരും അങ്ങനെ ചെയ്യുമെന്നല്ല ഉദ്ദേശിച്ചത്. എന്നാലും ഒരു മനം മടുപ്പ്. ഏതെങ്കിലും വീട്ടില്‍ ചെന്നാല്‍ ചായ ഇടാമെന്നു പറഞ്ഞാല്‍ അയ്യോ ഞാന്‍ ചായയും കാപ്പിയുമൊന്നും കുടിക്കാറില്ല എന്നുപറഞ്ഞ് രക്ഷപെടുകയേയുള്ളു.

അടുക്കളയാണ് വീട്ടിലെ എളുപ്പം അഴുക്കുപിടിക്കുന്ന സ്ഥലം. ചില വീടുകളിലെ അടുക്കള എരുത്തിലിനേക്കാള്‍ വൃത്തികെട്ടതാണ്. രുചികരമായ ആഹാരം ഉണ്ടാക്കുന്നതിനൊപ്പം അടുക്കളയും വൃത്തിയായി സൂക്ഷിക്കണം. ഇന്നിപ്പോള്‍ വിറകടുപ്പും കരിയുമൊന്നും ഇല്ലാത്തതുകൊണ്ട് പാചകം ചെയ്യുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കാന്‍ പ്രയാസമില്ല. ചില കുലസ്ത്രീകളുടെ അടുക്കള ലിവിങ്ങ്‌ റൂമിനേക്കാള്‍ വൃത്തിയും അടുക്കും ഉള്ളതാണെന്ന് കണ്ടിട്ടുണ്ട്. അവരുടെ സ്വഭാവ വിശേഷമാണ് അതു കാണിക്കുന്നത്. വൃത്തിയുള്ള വീട് അവിടെ താമസിക്കുന്നവര്‍ക്കും മനോസുഖം നല്‍കുമെന്ന് ആരോ പറഞ്ഞത് ഓര്‍ക്കുന്നു. വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് ഭാര്യയുടെമാത്രം ജോലിയല്ല, ഭര്‍ത്താക്കന്മാര്‍ക്കും ചെയ്യാവുന്ന കാര്യമാണ്. വെറുതെ സോഫയിലിരുന്ന് കലിന്മേല്‍ കാലുംവച്ച് ടീവിയും കണ്ടുകൊണ്ട് സൂസമ്മേ ഒരുചായ എന്ന് ഓര്‍ഡറിടുന്ന ഭര്‍ത്താവിൻറെ മോന്തക്ക് ചൂടുവെള്ളം കോരിയൊഴിക്കാന്‍ അവള്‍ ധൈര്യംകാണിക്കണം.

കേരളത്തിലെ യുവാക്കളെല്ലാം ഇപ്പോള്‍ പൊണ്ണത്തടിയന്മാരാണ്. കൊടവയറും കൊഴുപ്പും അതിമാംസവും അവരെ വിരൂപരാക്കുന്നു. തമിഴ്മാട്ടില്‍ നിന്ന് വരുന്ന ചിക്കനും ബീഫും വയറുനിറയെ കഴിച്ച് ചെറുപ്പത്തിലെ ഹൃദ്രോഗവും മറ്റ് അസുങ്ങളും വരുത്തി വെയ്ക്കുന്നു. അമേരിക്കയിലെ മലയാളികളായ സ്ത്രീപുരുഷന്മാരും ഒട്ടും പിന്നിലല്ല. ഇവിടുത്തെ വിശേഷം അവര്‍ ജോലിചെയ്യുന്നു വിഷാംശമില്ലാത്ത ആഹാരം കഴിക്കുന്നു എന്നുള്ളതാണ്. ആഹാരം മിതമായി കഴിക്കുന്നത് ആരോഗ്യം നലനിര്‍ത്താന്‍ സഹായിക്കും. വയറ്റില്‍ കാല്‍ഭാഗം സ്ഥലം ശൂന്യമായി ഇട്ടേക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നുവെച്ചാല്‍ വയറുനിറയെ ആഹാരം കഴിക്കരതെന്ന്. മൂക്കുമുട്ടെ തിന്നരുതെന്നും പറയും.
Join WhatsApp News
abdul punnayurkulam 2021-10-05 13:08:31
If families eat together , play together will stay together. If so, not much complaint about cooking, but almost everything.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക