Image

പക തീരാത്ത ആണധികാര ബോധങ്ങളും, ചോര വറ്റാത്ത പെൺ ഹൃദയങ്ങളും

അനിൽ പെണ്ണുക്കര Published on 02 October, 2021
പക തീരാത്ത ആണധികാര ബോധങ്ങളും, ചോര വറ്റാത്ത പെൺ ഹൃദയങ്ങളും
പ്രണയം ഒരു മനുഷ്യന് ആരെയും കൊല്ലാനുള്ള ലൈസൻസിന്റെ പേരൊന്നുമല്ല, പ്രണയത്തിന്റെ തത്വശാസ്ത്രങ്ങളിൽ മാനസികമായ വേദനകൾ പകരുന്നത് പോലും നിരോധിക്കപ്പെട്ടിട്ടുള്ളതാണ്.

പാലായിൽ കോളേജ് പരിസരത്തു വച്ച് പെൺകുട്ടിയെ പ്രണയപ്പക മൂത്ത കാമുകൻ കഴുത്തറുത്ത് കൊന്നു എന്ന വാർത്ത കണ്ട് ഞെട്ടിയവരാണ് നമ്മൾ മലയാളികൾ. പ്രണയപ്പകയെന്നും, വയസ്സ് കുറവായിരുന്നെന്നും, പേപ്പർ ബ്ലേഡ് കൊണ്ടാണ് കൊന്നതെന്നും, എന്തിന് പെൺകുട്ടിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് വരെ നമ്മുടെ മാധ്യമങ്ങൾ കുഴി തോണ്ടി പുറത്തെടുത്തതാണ്. എല്ലായിടത്തും പൊടിപ്പും തൊങ്ങലും പോലെ പ്രണയമുണ്ടായിരുന്നു, ഒരു അരും കുറ്റവാളിയെ പാവം കാമുകനാക്കി മാറ്റാൻ ശ്രമിക്കുന്ന മാധ്യമങ്ങളുടെ അഴുക്കുപുരണ്ട അധർമ്മ ബോധമുണ്ടായിരുന്നു.

ഇതിൽ എവിടെയാണ് പ്രണയമുള്ളത് ?
പ്രണയം എങ്ങനെയാണ് പകയാകുന്നത്?
ആത്മാർത്ഥമായ പ്രണയം എന്നെഴുതേണ്ട പ്രണയം എന്നെഴുതിയാൽ മതി അത്‌ തന്നെ ആത്മാർത്ഥതയുള്ളതാണ് എന്ന് പഠിപ്പിച്ച കാമുകന്മാരുള്ള ഈ ലോകത്ത് അഭിലാഷിനെ പോലെ മനോരോഗമുള്ള മനുഷ്യരുടെ ഒരു നേരത്തെ അവിവേകത്തെ എങ്ങനെയാണ് മാധ്യമങ്ങളെ നിങ്ങൾ പ്രണയവുമായി കൂട്ടിക്കെട്ടുന്നത്. ഒരാൾ പറ്റില്ല എന്ന് പറഞ്ഞാൽ അതിനെ അംഗീകരിക്കാനുള്ള മിനിമം യോഗ്യതയെങ്കിലും നമ്മുടെ ആൺകുട്ടികൾക്കുണ്ടാവാൻ വീടുകളിൽ നിന്ന് തന്നെ അച്ചടക്കങ്ങൾ പഠിപ്പിക്കേണ്ടതാണ്. പെണ്ണെന്താണെന്നും, അവർക്കും വ്യക്തിത്വമുണ്ടെന്നും, അവരാരും അടിമകൾ അല്ലെന്നും പെണ്ണുങ്ങൾ തന്നെയായ അമ്മമാർ ആൺകുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്.

അഭിലാഷ് അറുത്തിട്ടത് ഒരിക്കലും പ്രണയത്തിന്റെ പൂക്കളല്ല ആണത്തത്തിന്റെ, അധികാര ബോധത്തിന്റെ ഒരു മറ മാത്രമാണ്, അതിനെ പ്രണയമെന്ന് കാൽപ്പനികവൽക്കരിക്കുന്നതിനോട് ആദ്യം വിയോജിക്കുക. പക എന്ന് തിരുത്തുക അല്ലെങ്കിൽ ബദൽ വാക്കുകൾ കണ്ട് പിടിയ്ക്കുക. ഇത്രയും ക്രൂരമായ ഒരു കൃത്യത്തിന് അയാൾക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുക. ഇനിയും ഇതുപോലൊന്ന് ഉണ്ടാവാതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾ വേണ്ടത് ചെയ്യുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക